15 July Tuesday

‘പെട്രോൾ വില വർധനക്കെതിരെ സമരം ചെയ്യാൻ കോൺഗ്രസുകാർക്ക് എന്താണ് ധാർമിക അവകാശം?’; ദീപക്‌ പച്ച എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021

കൊച്ചി > മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ തൊണ്ണൂറുകളിൽ ആരംഭിച്ച ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി എപിഎം സംവിധാനം ഉപേക്ഷിച്ചു എണ്ണ വില നിയന്ത്രണാധികാരം പൂർണമായും എണ്ണക്കമ്പനികൾക്ക് വിട്ടു കൊടുക്കാനുള്ള ശ്രമങ്ങൾ അക്കാലത്തു കേന്ദ്രം ഭരിച്ചിരുന്നു കോൺഗ്രസ് സർക്കാർ നടത്തിക്കോണ്ടിരുന്നു. അതിന്റെ ഫലമായി  2010 ജൂണിൽ യുപിഎ സർക്കാരാണ് പെട്രോൾ വിലയുടെ നിയന്ത്രണാധികാരം എണ്ണ കമ്പനികൾക്ക് കൊടുത്തത്. പെട്രോൾ വില വർധനക്കെതിരെയുള്ള കോൺഗ്രസ്‌ പ്രതിഷേധങ്ങളുടെ പൊള്ളത്തരങ്ങളെ കുറിച്ച്‌ ദീപക്‌ പച്ച എഴുതുന്നു.

പോസ്റ്റിന്റെ പൂർണരൂപം

പെട്രോൾ വില വർധനക്കെതിരെ സമരം ചെയ്യാൻ കോൺഗ്രസുകാർക്ക് എന്താണ് ധാർമിക അവകാശം?

ഇന്നത്തെ പോലെ എണ്ണ  വില പൂർണ്ണമായും കമ്പോളത്തിന്‌ വിട്ടുകൊടുക്കുന്ന  നയം നിലവിൽ വരും മുന്നേ  ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിലെ പെട്രോൾ/ഡീസൽ വിലനിർണ്ണയിച്ചിരുന്നത് അഡ്‌മിനിസ്‌ട്രേറ്റഡ്‌ പ്രൈസിങ്‌ മെക്കാനിസം (എപിഎം) എന്ന സംവിധാനം വഴി കേന്ദ്രസർക്കാരായിരുന്നു. 1973 ലെ എണ്ണ പ്രതിസന്ധിയെതുടർന്ന് 1974 ൽ സർക്കാർ നിയമിച്ച ഓയിൽ പ്രൈസ്‌ കമ്മിറ്റി (ഒപിസി) യുടെ നിർദ്ദേശത്തിന്റെ ഭാഗമായാണ് 1977 ൽ എപിഎം സംവിധാനം നിലവിൽവരുന്നത്.

ഓയിൽ കോർഡിനേഷൻ കമ്മിറ്റി (ഒസിസി) യുടെ നിയന്ത്രണത്തിലുള്ള ഓയിൽ പൂൾ അക്കൗണ്ട്‌ (ഒപിഎ) വഴിയാണ് എപിഎം സംവിധാനം പ്രവർത്തിച്ചിരുന്നത്. ഈ സംവിധാനം പ്രകാരം സർക്കാർ പെട്രോൾ/ഡീസൽ ഉൽപ്പന്നങ്ങളുടെ വില മുൻകൂട്ടി നിശ്ചയിക്കും.  പിന്നീട്  അന്താരാഷ്‌‌ട്ര‌മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലകൂടിയാൽ അതുവഴി എണ്ണക്കമ്പനികൾക്ക് ഉണ്ടാകുന്ന ലാഭക്കുറവ്  പരിഹരിക്കാൻ  ഈ അക്കൗണ്ടിൽ നിന്നും സർക്കാർ എണ്ണക്കമ്പനികൾക്ക് പണംകൊടുക്കും. ഇനി മറിച്ച് ക്രൂഡ്ഓയിൽ വിലകുറയുകയാണെങ്കിൽ കമ്പനികൾ അതുവഴിയുണ്ടാകുന്ന അധിക ലാഭം ഈ അക്കൗണ്ടിലേക്ക് കൊടുക്കണം. ഓയിൽ പൂൾ അക്കൗണ്ട്‌ (ഒപിഎ) വഴിയുള്ള ഈ സെറ്റിൽമെന്റ് എല്ലാ ആഴ്‌ചകളിലും നടക്കും.

അതായത് അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിൽ വിലയിൽ ഉണ്ടാകുന്ന വ്യതിയാനം ആഭ്യന്തര മാർക്കറ്റിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയെ ബാധിക്കാത്ത വിധം വില നിയന്ത്രിക്കാൻ ഒരുപരിധിവരെ സർക്കാരിന് ഇതുവഴി കഴിഞ്ഞിരുന്നു. ഇത്തരത്തിൽ സർക്കാർ വില നിയന്ത്രണം നടത്തിയിരുന്നത് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ എണ്ണ  വിലമാറ്റം മൂലം ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ അനിവാര്യമായ ഒന്നായിരുന്നു.

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ തൊണ്ണൂറുകളിൽ ആരംഭിച്ച ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി എപിഎം സംവിധാനം ഉപേക്ഷിച്ചു എണ്ണ  വില നിയന്ത്രണാധികാരം പൂർണമായും എണ്ണക്കമ്പനികൾക്ക് വിട്ടു കൊടുക്കാനുള്ള ശ്രമങ്ങൾ അക്കാലത്തു കേന്ദ്രം ഭരിച്ചിരുന്നു കോൺഗ്രസ് സർക്കാർ നടത്തിക്കോണ്ടിരുന്നു. അതിന്റെ ഫലമായി  2010 ജൂണിൽ യുപിഎ സർക്കാരാണ് പെട്രോൾ വിലയുടെ നിയന്ത്രണാധികാരം എണ്ണ കമ്പനികൾക്ക് കൊടുത്തത് (2014 ഒക്ടോബറിൽ ബിജെപി സർക്കാർ ഡീസൽ വിലയിൻ മേലുള്ള നിയന്ത്രണാധികാരവും കമ്പനിക്ക് കൊടുത്തു).

ഇന്ന് കാണുന്ന ഇന്ധന വില വർധനവെന്ന ഭൂതത്തെ തുറന്നു വിട്ടത് കോൺഗ്രസുകാരാണ്. അത് തെറ്റായിപ്പോയി എന്നെങ്കിലും സമ്മതിക്കാതെയുള്ള സമരങ്ങൾ വെറും നാടകങ്ങൾ മാത്രമാണ്. രാഷ്ട്രീയ സമീപനത്തിലെ ഈ ഇരട്ടതാപ്പിന്റെ ജാള്യത മറക്കാനാണ് ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരവും നടൻ ജോജു ജോർജ്ജിന് നേരെയുള്ള അക്രമണവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top