24 April Wednesday

അമേരിക്കക്ക് മുമ്പേ നടന്ന കേരളം ...പി രാജീവ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 2, 2019

ദളിത്‌ വിദ്യാഭ്യാസത്തില്‍ അമേരിക്കക്കും മുമ്പേ നടന്ന കേരളത്തെപ്പറ്റി പി രാജീവ് എഴുതുന്നു. ഫേസ്‌ബുക്ക് പോസ്റ്റില്‍ നിന്ന്:

ഈ രണ്ടു ചിത്രങ്ങൾ രണ്ടു ഭൂഖണ്ഡങ്ങളിലെ രണ്ടു രാജ്യങ്ങളിലെ രണ്ടു സംസ്ഥാനങ്ങളിലേതാണ്. ഊരുട്ടമ്പലം സ്കൂളിലേക്ക് പഞ്ചമിയെന്ന പെൺകുട്ടിയെയും കൊണ്ട് അയ്യൻകാളി പോകുന്നതാണ് ഒരു ചിത്രം. ഇത്തവണ സംസ്ഥാന ബജറ്റിന്റെ കവർ ചിത്രം ഇതായിരുന്നു. തിരുവിതാംകൂറിൽ നിയമമുണ്ടായിട്ടും ദളിത് കുട്ടികളെ സ്കൂളിൽ കയറ്റാൻ സമ്മതിച്ചിരുന്നില്ല. അങ്ങനെയാണ് പഞ്ചമിയെയും കൊണ്ട് അയ്യൻകാളി സ്കൂളിലേക്ക് പോകുന്നത്. അതിനെ എതിർത്ത തീവ്ര സവർണ്ണ വിഭാഗം ആയുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടു. സ്കൂൾ തന്നെ അഗ്നിക്കിരക്കാക്കി. അതിനെ തുടർന്ന് വ്യാപകമായ കലാപം അഴിച്ചുവിട്ടു. ദളിത് സ്ത്രീകൾ മാനഭംഗത്തിനിരയായി. പലരും ആക്രമണത്തിനിരയായി . കേരളത്തിലെ ആദ്യത്തെ പണിമുടക്കം തന്നെ വിദ്യാഭ്യാസ അവകാശത്തിനായിരുന്നു

ആദ്യത്തെ ചിത്രം 1957 സെപ്തംബർ 25 ന് അമേരിക്കയിലെ അർക്കൻസാസ് സെൻട്രൽ സ്കൂളിലേക്ക് ഒമ്പത് കറുത്ത വംശജരായ കുട്ടികൾ പട്ടാളത്തിന്റെ പിന്തുണയോടെ പോകുന്നതാണ് . 1954 ലാണ് അമേരിക്കൻ സുപ്രീം കോടതി ബ്രൗൺ v ബോർഡ് ഓഫ് എഡ്യുക്കേഷൻ കേസിൽ കറുത്ത വംശജർക്ക് വെളുത്ത വംശജർക്ക് ഒപ്പം പഠിക്കാൻ അനുവദിക്കാത്തത് ഭരണഘടന ലംഘനമാണെന്ന് വിധിച്ചു. എന്നാൽ, വിധി നടപ്പിലാക്കുന്നതിന് വെളുത്ത വംശജർ സമ്മതിച്ചില്ല . ആയുധങ്ങളുമായി അവർ കറുത്ത വംശജരെ ആക്രമിച്ചു. അർക്കൻസാസിലെ ഗവർണ്ണർ ഓർവൽ ഫ്ലാബസ് സേനയെ ഉപയോഗിച്ച് തന്നെ കുട്ടികളെ തടഞ്ഞു. ഇതിനെ തുടർന്ന് ഫെഡറൽ സർക്കാർ ഇടപ്പെട്ടു . അന്നത്തെ അമേരിക്കൻ പ്രസിഡണ് ഐസൻഹോവർ 1200 പട്ടാളക്കാരെ അയച്ചു. 1957 സെപ്തംബർ 23ന് ഒമ്പത് കറുത്ത വംശജരായ കട്ടികൾ ലിറ്റിൽ റോക്ക് സെൻട്രൽ സ്കൂളിലേക്ക് പ്രവേശിച്ചു. തോക്കുകളും ആയുധങ്ങളുമായി വന്ന വെളുത്ത വംശജർ ആക്രമണോത്സുകമായി. ആഫ്രിക്കയിലേക്ക് പോകൂ എന്ന് അലറി വിളിച്ച് അക്രമം അഴിച്ചുവിട്ടു. സ്കൂളിന്റെ മുകൾ നിലയിൽ നിന്നും കുട്ടികളെ ഒരു വിധം രക്ഷപ്പെടുത്തി കൊണ്ടുവന്നു. സെപ്തംബർ 25 ന് 9 കുട്ടികൾ പട്ടാളത്തിന്റെ പിൻബലത്തിൽ ആദ്യമായി ക്ലാസ് മുറിയിലെത്തി. പുതിയ ചരിത്രം. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ 1200 പട്ടാളക്കാർ ഒമ്പതു പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്ന ഈ ചിത്രം സമകാല കേരളത്തെ ഓർമ്മപ്പെടുത്തുന്നു.

എന്നാൽ, അതിന് എട്ടു വർഷം മുമ്പ് 1949 നവമ്പർ 26 ന് ഭരണഘടന അസംബ്ലി ഭരണഘടനക്ക് അംഗീകാരം നൽകുമ്പോൾ ദാക്ഷായണി വേലായുധൻ എന്ന ദളിത് യുവതിയുണ്ടായിരുന്നു. അവർ അതിനും മുമ്പ് 1935ൽ സവർണ്ണർക്കൊപ്പമിരുന്ന് പഠിച്ച് ബിരുദം നേടിയിരുന്നു . അതാണ് അമേരിക്കക്ക് മുമ്പ് സഞ്ചരിച്ച കേരളത്തിന്റെ സവിശേഷത .

ഇന്ന് പിന്നോക്കം വലിക്കാൻ പലരും ശ്രമിക്കുമ്പോൾ ചരിത്രത്തെ വീണ്ടെടുക്കൽ അനിവാര്യമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top