26 April Friday

"സിറിൽ അമർച്ചന്ദിനെക്കുറിച്ച്‌ കോൺഗ്രസുകാർ കേട്ടിട്ടില്ലെങ്കിൽ പി ചിദംബരത്തോട് ഒന്ന് ചോദിക്കണം; അറിയാത്തത് പോലെ നടിച്ചാലല്ലേ ഉച്ചത്തിൽ നിലവിളിക്കാനൊക്കൂ'

വെബ് ഡെസ്‌ക്‌Updated: Sunday Aug 23, 2020

ഏതായാലും ഇങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ച് കേട്ടിട്ടേയില്ല എന്നൊക്കെ പറയുന്ന കോൺഗ്രസുകാർ പി ചിദംബരത്തോട് ഒന്ന് ചോദിക്കണം. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക നിയമങ്ങളിൽ കൊണ്ടുവന്ന പല മാറ്റങ്ങളെയും സംബന്ധിച്ച് സർക്കാരിനെയും സെബിയെയും ഉപദേശിച്ച സ്ഥാപനമാണ് അവിഭക്ത അമർച്ചന്ദ്‌ മംഗൽദാസ്. റിഷഭ് ഷ്രോഫിന്റെ വിവാഹത്തിലടക്കം പങ്കെടുത്ത അടുപ്പം ആ കുടുംബവുമായി ചിദംബരത്തിനുണ്ട്. വി ആർ വിമൽ കൃഷ്‌ണന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ഗുജറാത്ത്കാരനായ അമർച്ചന്ദ്‌ നേമിച്ചന്ദ്‌ ഷ്രോഫ് 1910-ൽ മംഗൽദാസുമായി ചേർന്ന് അമർച്ചന്ദ്‌ മംഗൽദാസ് എന്ന ലോ സ്ഥാപനം തുടങ്ങി. ആദ്യകാലത്ത് സുപ്രീം കോടതി ഉൾപ്പടെ കോടതികളിൽ കേസ് നടത്തുക (ലിറ്റിഗേഷൻ) ആയിരുന്നു പ്രധാന പരിപാടി.

1990കളിൽ ഉദാരവത്കരണം വന്നതോടെ കോർപ്പറേറ്റ് ലോ, ക്യാപ്പിറ്റൽ മാർക്കറ്റ്സ് തുടങ്ങിയ മേഖലകൾ വളരെ ആകർഷകമായി മാറി. ആ മേഖലയിൽ അമർച്ചന്ദ്‌ മംഗൽദാസ് ഇന്ത്യയിൽ ഏറ്റവും വലിയ സ്ഥാപനമായി. ഉദാഹരണത്തിന് ഐസിഐസിഐ ബാങ്ക് അക്കാലത്ത് ഇവരുടെ വലിയ ഒരു ക്ലയന്റ് ആയിരുന്നു. ഇന്ത്യയിൽ ഏതാണ്ട് എല്ലാ വലിയ കമ്പനികളും പല ഘട്ടങ്ങളിലായി ഈ നിയമ സ്ഥാപനത്തിൻ്റെ സേവനം തേടിയിട്ടുണ്ട്.

അമർച്ചന്ദ്‌ ഷ്രോഫിന്റെ മക്കളായ സിറിൽ ഷ്രോഫ്, ഷാർദുൽ ഷ്രോഫ് എന്നിവരാണ് ഫേമിലെ പ്രധാന പാർട്‌ണർമാരായിരുന്നു. ഇവരുടെ ഭാര്യമാരായ വന്ദന ഷ്രോഫ്, പല്ലവി ഷ്രോഫ് എന്നിവരും ഫേമിൽ പാർട്ണർമാരാണ്. ഇവരുടെ അമ്മയായ ഭാരതി ഷ്രോഫിനും പ്രസ്തുത സ്ഥാപനത്തിൽ ഓഹരി ഉണ്ടായിരുന്നു.

ഭാരതി ഷ്രോഫ് മരിച്ചപ്പോൾ അവരുടെ വില്പത്രത്തെ സംബന്ധിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് 2015-ൽ സ്ഥാപനം സിറിൽ അമർച്ചന്ദ്‌, ഷാർദുൽ അമർച്ചന്ദ്‌ എന്നിങ്ങനെ പിരിഞ്ഞു. ഇതിൽ സിറിൽ അമർച്ചന്ദ്‌ ആണ് ഇപ്പോഴത്തെ വിവാദത്തിൽ ഉള്ളത്.

2015 മാർച്ച് 18-നാണ് സിറിൽ അമൽ ചന്ദ് മംഗൾ ദാസ് എന്ന സ്ഥാപനം നിലവിൽ വരുന്നത്. സിറിലിനും വന്ദനയ്ക്കും രണ്ടു മക്കൾ - (റിഷഭ്, പരിധി). ഇതിൽ പരിധി വിവാഹം ചെയ്‌തിരിക്കുന്നത് ഗൗതം അദാനിയുടെ മകനെയാണ്.

പക്ഷേ, ഒരു കുടുംബ സ്ഥാപനമായി തുടങ്ങിയ അമർച്ചന്ദ്‌ പിളർപ്പിന് മുൻപ് തന്നെ അവരുടെ പാർട്ട്ണർ സ്ഥാനത്തേയ്ക്ക് കുടുംബത്തിന് പുറത്തുള്ള ഒരുപാട് ആളുകളെ കൊണ്ടുവന്നിരുന്നു. ഇപ്പോൾ സിറിൽ അമർചന്ദിൽ നൂറോളം പാർട്നർമാർ നിലവിലുണ്ട്. 3 പേർ ഒഴികെയുള്ളവർ കുടുംബത്തിന് പുറത്തുനിന്നുമുള്ള പാർട്നേഴ്സാണ്. ഈ പാർട്നേഴ്സിനെല്ലാം സ്വതന്ത്ര ചുമതലകളും ഉത്തരവാദിത്വങ്ങളുമുണ്ട്.

ഓരോ പാർട്‌ണറും ഓരോ മേഖലയിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ക്ലയന്റുകൾ അവരെ ഒരു മാറ്റർ കൈകാര്യം ചെയ്യാൻ നിയമിക്കുന്നത്. തിരുവനന്തപുരം എയർപോർട്ടിന്റെ ബിഡിങ് പോലുള്ള ഒരു വിഷയം സ്ഥാപനത്തിൻ്റെ “പ്രൊജക്ട്സ്“ ടീം ആയിരിക്കണം കൈകാര്യം ചെയ്‌തത്. അതിൽ “കോർപ്പറേറ്റ്“ പാർട്ട്ണർമാരായ സിറിലിനും വന്ദനയ്ക്കും റോൾ ഉണ്ടാകാൻ സാധ്യത ഇല്ല.

ഏതായാലും ഇങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ച് കേട്ടിട്ടേയില്ല എന്നൊക്കെ പറയുന്ന കോൺഗ്രസുകാർ പി ചിദംബരത്തോട് ഒന്ന് ചോദിക്കണം. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക നിയമങ്ങളിൽ കൊണ്ടുവന്ന പല മാറ്റങ്ങളെയും സംബന്ധിച്ച് സർക്കാരിനെയും സെബിയെയും ഉപദേശിച്ച സ്ഥാപനമാണ് അവിഭക്ത അമർച്ചന്ദ്‌ മംഗൽദാസ്. റിഷഭ് ഷ്രോഫിന്റെ വിവാഹത്തിലടക്കം പങ്കെടുത്ത അടുപ്പം ആ കുടുംബവുമായി ചിദംബരത്തിനുണ്ട്.

രസകരമായ മറ്റൊരു വസ്‌തുത: ഭാരതി ഷ്രോഫിന്റെ വിൽപ്പത്രം സംബന്ധിച്ച തർക്കത്തിൽ ഷാർദുൽ ഷ്രോഫിന്റെ വക്കീലായി കോടതിയിൽ പോയതും അവസാനം സ്ഥാപനം വിഭജിക്കാനുള്ള ഒത്തുതീർപ്പിൽ എത്തിച്ചതും (അങ്ങനെയാണ് ഈ സിറിൽ അമർച്ചന്ദ്‌ ഉണ്ടായത്) ചിദംബരമാണ്.

പണ്ട് ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ ചിദംബരത്തിൻ്റെ സഹോദരനെതിരെ ഇൻകം ടാക്സി ന് വേണ്ടി കേസ് വാദിച്ചതും തോറ്റു കൊടുത്തതും നളനീ ചിദംബരമായിരുന്നു. ആ ഓർമ്മയിലാവണം കോൺഗ്രസുകാരുടെ പുതിയ ആരോപണങ്ങൾ.

ഇൻഫോസിസിൻ്റെ ചെയർമാനായിരുന്ന നാരായണമൂർത്തി, ദീപക് പരേഖ് (HDFC) തുടങ്ങി വളരെ പ്രഗൽഭരായ വ്യക്തികൾ അടങ്ങിയ ഒരു ഉപദേശക സമിതിയുടെ കൂടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതും.

അവസാനമായി ഒരു കാര്യം കൂടി -

ടെണ്ടർ തുക എത്ര വയ്ക്കണം എന്ന് തീരുമാനിക്കുന്നതിൽ ലോ സ്ഥാപനത്തിന് റോൾ ഇല്ല. അവരെ അറിയിക്കാറുമില്ല. സമർപ്പിക്കുന്ന “ബിഡ്” ടെണ്ടറിലെ വ്യവസ്ഥകൾക്കും നാട്ടിലെ നിയമത്തിനും അനുസരിച്ചാണെന്ന് ഉറപ്പാക്കുക മാത്രമാണ് അവർ ചെയ്യുന്നത്.

ഇതൊന്നും അറിയാത്ത നിഷ്‌ക‌ളങ്കരല്ല കോൺഗ്രസുകാർ. അറിയാത്തത് പോലെ നടിച്ചാലേ അവർക്കുച്ചത്തിൽ നിലവിളിക്കാനൊക്കൂ. തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷമല്ലേ ഉള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top