20 April Saturday

അധികമായാൽ അമൃതും വിഷം: ഫോൺ, ഗെയിമിങ്, ഇന്റർനെറ്റ് 'അഡിക്റ്റ്' ആകാതെ രക്ഷനേടാം

കാവേരി പ്രതാപ് Updated: Thursday Apr 9, 2020

കാവേരി

കാവേരി

കോവിഡിനെ പ്രതിരോധിക്കാൻ ഒരു മീറ്ററെങ്കിലും അകലം പാലിച്ച് കഴിയുമ്പോഴും സുഹൃത്തുക്കളെയും ബന്ധുക്കളെയും, അവർ ലോകത്ത് എവിടെയാണെങ്കിലും നമ്മൾ അടുത്തു കാണുന്നു. എങ്ങനെയൊക്കെ നോക്കിയാലും,ഫോണും ഇൻറർനെറ്റും എന്നും നമ്മുടെ ഒരു അടുത്ത സുഹൃത്ത് തന്നെയാണ്. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ' നുമ്മ ചങ്ക് ബ്രോ.' എന്നാൽ അധികമായാൽ അമൃതവും വിഷം എന്നാണ്; കാവേരി പ്രതാപ് എഴുതുന്നു

കാവേരി പ്രതാപ് എഴുതിയ കുറിപ്പ്‌

നാടടച്ചിട്ട്‌ എല്ലാവരും വീടുകളിലിരിക്കുമ്പോൾ  മിക്കവർക്കും കൂടുതൽ കൂട്ട്  മൊബൈൽ ഫോൺ ആകുകയാണ്. എല്ലാവരുടെയും മൊബൈൽ ഫോൺ ഉപയോഗം കൂടിയിരിക്കുന്നു. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, ടെലഗ്രാം, നെറ്റ്ഫ്ളിക്സ്, യൂട്യൂബ്.. വീട്ടിലാണെങ്കിലും ലോകം മുഴുവൻ നമ്മുടെ കൺമുന്നിലുണ്ട്. മൊബൈലിൽ വിരലോടിക്കുന്നതനുസരിച്ച് എന്ത് വേണമെങ്കിലും കാണാം,കേൾക്കാം, ആസ്വദിക്കാം. ശാരീരികമായി നമ്മൾ ഏകാന്തത അനുഭവിക്കുന്നു എങ്കിലും  നമ്മുടെ ഫോണും  ഇൻറർനെറ്റും  ചുറ്റുമുള്ള കാഴ്ചകളെല്ലാം നമുക്ക്  കാണിച്ചുതരുന്നു.

കോവിഡിനെ പ്രതിരോധിക്കാൻ ഒരു മീറ്ററെങ്കിലും അകലം പാലിച്ച് കഴിയുമ്പോഴും സുഹൃത്തുക്കളെയും ബന്ധുക്കളെയും, അവർ ലോകത്ത് എവിടെയാണെങ്കിലും നമ്മൾ അടുത്തു കാണുന്നു. എങ്ങനെയൊക്കെ നോക്കിയാലും,ഫോണും ഇൻറർനെറ്റും എന്നും നമ്മുടെ ഒരു അടുത്ത സുഹൃത്ത് തന്നെയാണ്. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ' നുമ്മ ചങ്ക് ബ്രോ.' എന്നാൽ അധികമായാൽ അമൃതവും വിഷം എന്നാണ്.

അതുകൊണ്ട്  ഇന്റർനെറ്റ് എന്ന അമൃത് നിങ്ങൾക്ക് ആപത്താണോ എന്നറിയാനുള്ള വഴികളുണ്ട്. നിങ്ങളുടെ ഫോൺ, ഗെയിമിങ്, ഇന്റർനെറ്റ് (പിജിഐ) ഉപയോഗം നിങ്ങളുടെ വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ  കാര്യമായ ബുദ്ധിമുട്ടുണ്ടാക്കാൻ ഇടയുണ്ടെന്ന് തിരിച്ചറിയണം.

ഈ ചോദ്യങ്ങൾ സ്വയം ചോദിക്കൂ


1. നിങ്ങളുടെ ഫോൺ /ഗെയിമിംഗ്/ ഇൻറർനെറ്റ് (പിജിഐ) ഉപയോഗം നിങ്ങളുടെ നിയന്ത്രണത്തിലാണോ? അതായത് നിങ്ങൾക്കായി നിങ്ങൾ നിർണയിച്ച പരിമിത സമയം കഴിഞ്ഞാൽ പിജിഐ  ഉപയോഗം നിർത്താൻ സാധിക്കുന്നുണ്ടോ? അതോ നിങ്ങൾ നിങ്ങൾക്കായി അനുവദിച്ച സമയം നീട്ടുകയാണോ ചെയ്യുക?

2. നിങ്ങളുടെ ദിനചര്യകളോ പ്രധാനപ്പെട്ട ജോലിയോ, മുൻപ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളോ മാറ്റിവച്ചുകൊണ്ട് നിങ്ങൾ പിജിഐയിൽ  ഏർപ്പെടുന്നുണ്ടോ?

3. ഇതിനെ ചൊല്ലി വ്യക്തിജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ എത്രത്തോളം വലിയ പ്രശ്‌നങ്ങൾ ഉണ്ടായാലും പിജിഐ ഉപയോഗം താൽക്കാലികമായി പോലും നിർത്തിവയ്ക്കാൻ പറ്റാത്ത വിധം നിങ്ങൾ ഉപയോഗിക്കാറുണ്ടോ?

ഉപഭോക്താക്കളെ മൂന്നായി തിരിക്കാം 


1. മുകളിൽ പറഞ്ഞിരിക്കുന്നവ  അതിതീവ്രമായി അനുഭവപ്പെടുന്നവർ.

2. 'ഈ പറഞ്ഞതൊക്കെ അതിതീവ്രമല്ല, എങ്കിലും വ്യക്തിപരമായി ചിലപ്പോഴെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. മൊബൈൽ ഫോൺ മാറ്റിവെച്ചാൽ ഈ 'ലോക് ഡൗൺ' സമയത്ത് എന്ത് ചെയ്യും? 'എന്ന് ചിന്തിക്കുന്നവരാണ് രണ്ടാം വിഭാഗക്കാർ.

3. പിജിഐയിൽ അധിക സമയം ചെലവഴിക്കാത്ത, സ്വന്തം ഫോൺ എവിടെ വെച്ചു എന്ന് പോലും മറന്നു പോകുന്നവരാണ് അടുത്ത വിഭാഗം.ഫോണിനേക്കാൾ വലിയ കാര്യങ്ങൾ ചുറ്റും ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യർ പരിഹാരം ആഗ്രഹിക്കുന്നുവെങ്കിൽ വഴികളിതാ..

ഒന്നും രണ്ടും വിഭാഗക്കാർ പിജിഐ ഉപയോഗം മൂലം അവരുടെ ജീവിതത്തിൽ മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ പല അളവിൽ അനുഭവിക്കുന്നവരാണ്. ഇത് പരിഹരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, മാർഗങ്ങൾ സുലഭമാണ്.
അതി തീവ്രതയോടു കൂടിയാണ് നിങ്ങൾക്ക് ഇത് അനുഭവപ്പെടുന്നതെങ്കിൽ, നിങ്ങളെ സഹായിക്കാൻ പറ്റും. അമിത മൊബൈൽ ഫോൺ, ഗെയിമിങ്, ഇന്റർനെറ്റ്  ഉപയോഗത്തിൽനിന്ന് സ്വന്തമായി  പൊരുതാനുള്ള  മാർഗനിർദ്ദേശങ്ങൾ.
 
1.  എത്ര സമയം പിജിഐ  ഉപയോഗം വേണമെന്ന് നിങ്ങൾ തീരുമാനിക്കുക, ശേഷം ഒരു പുസ്തകത്തിൽ  സമയവും തീയതിയും കുറിച്ചിടുക. കൂടുതൽ സമയം നീക്കി വയ്ക്കാതെ നിങ്ങൾ നിങ്ങളെ തന്നെ നിയന്ത്രിക്കുക.

2. നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രവർത്തികളിൽ ഏർപ്പെടുന്ന  സമയം കൂട്ടുക.

3.കുടുംബാംഗങ്ങളോട് നേർക്കുനേർ സംസാരിക്കുക. സംസാരിക്കാൻ ഒന്നുമില്ല/ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ, അവരുടെ കൂടെ പോയിരുന്നു  ശ്രവിക്കുക- മെല്ലെ നിങ്ങളും അതിന്റെ ഭാഗമാകും

4. വീടിന്റെ മുറ്റത്തൊക്കെ ഒന്ന് ഇറങ്ങാം. നീലാകാശം, ചുറ്റുവട്ടത്തെ പച്ചപ്പ്..... കുറച്ചുനേരം അവിടെ നടക്കാം, ഇരിക്കാം.

5. പരീക്ഷണങ്ങൾ നടത്താം - എഴുതാം, വരയ്ക്കാം, ക്രാഫ്റ്റ് നിർമിക്കാം, പാചക പരീക്ഷണങ്ങൾ നടത്താം, പാട്ടുപാടാം, ഡാൻസ് കളിക്കാം, കഥകൾ പറയാം. അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. നിങ്ങളുടെ താൽപര്യ സാക്ഷാത്കാരത്തിനായി വഴി ഒരുക്കാം.

6. കുടുംബാംഗങ്ങളുമായി കളികളിൽ ഏർപ്പെടാം. പണ്ട് കളിച്ചിരുന്ന ഏണിയും പാമ്പും മുതൽ ഇന്നലെ കളിച്ചത് വരെ. അതു നിങ്ങളുടെ കുടുംബാന്തരീക്ഷത്തിന്  കുളിർമ  പകരാൻ സഹായിക്കും.

7.  ഒരുമിച്ച് വീടും പരിസരവും വൃത്തിയാക്കാം. വീട്ടുപകരണങ്ങളായ അലമാരി, സോഫ, മേശ, കസേര തുടങ്ങിയവ സ്ഥാനങ്ങൾ മാറ്റി നിങ്ങളുടെ വീടിന് ഒരു പുതിയ 'ലുക്ക്'  കൊണ്ടുവരാം.

(കോഴിക്കോട് സർവകലാശാല  കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ പ്രോഗ്രാമിലെ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് (റസി) ആണ് ലേഖിക)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top