28 March Thursday

ആറ്‌ സീറ്റിൽ വിജയിച്ച എസ്‌എഫ്‌ഐയെ ഒരു സീറ്റ്‌ നേടിയ എബിവിപി തോൽപ്പിച്ചെന്ന്‌ ജനം ടിവിയും സംഘപരിവാറും; വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019

കൊച്ചി > കൊച്ചി സർവ്വകലാശാല സെനറ്റ്‌ തെരഞ്ഞെടുപ്പിൽ 1 സീറ്റ്‌ ജയിച്ചതിന്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്‌ക്ക്‌ വൻവിജയമെന്ന വ്യാജച്രചാരണവുമായി സംഘപരിവാർ. കൊച്ചി സർവ്വകലാശാല യൂണിയനിലേക്ക്‌ ഈ വർഷം തെരഞ്ഞെടുപ്പുപോലും നടന്നിട്ടില്ലാത്തപ്പോഴാണ്‌ സെനറ്റ്‌ തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളിൽ ജയിച്ചുകൊണ്ടിരുന്ന 1 സീറ്റ്‌ നിലനിർത്തിയത്‌ ഉയർത്തിക്കാട്ടി ദേശീയതലത്തിൽ സംഘപരിവാർ വലിയ പ്രചാരണം നടത്തുന്നത്‌.

കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ ആകെ ഏഴു സീറ്റുകളാണുള്ളത്. ഇതിൽ നാല് സീറ്റുകളിൽ എസ്എഫ്ഐയും രണ്ട് സീറ്റിൽ കെഎസ്‌യുവും ഒന്നിൽ എബിവിപിയുമാണ് വർഷങ്ങളായി വിജയിച്ചു പോരാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചതും. എബിവിപിയുടെ ദേശീയ നേതാവായ ശ്യാം രാജുൾപ്പടെയുള്ളവർ മുൻ കാലങ്ങളിൽ കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ അംഗമായിരുന്നു. അക്കാദമിക്‌ കൗൺസിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ രണ്ട്‌ സീറ്റിലും എസ്‌എഫ്‌ഐ പ്രതിനിധികൾ വിജയിച്ചിരുന്നു.

മൊത്തം പോൾ ചെയ്ത 5863 വോട്ടുകളിൽ എസ്എഫ്ഐ 2706 വോട്ടുകൾ നേടിയപ്പോൾ എബിവിപിക്ക് 924 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്. എസ്‌എഫ്‌ഐയെ തോൽപ്പിച്ച്‌ സർവ്വകലാശാല വിദ്യാർഥി യൂണിയനിലേക്ക്‌ എബിവിപി വിജയിച്ചു എന്നരീതിയലാണ്‌ ജനം ടിവി അടക്കമുള്ള മാധ്യമങ്ങളും, സംഘപരിവറിന്റെ സോഷ്യൽമീഡിയ വിങും പ്രചരണം നടത്തുന്നത്‌. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സംഘപരിവാറിന്റെയും ജനം ടിവിയുടെയും വ്യാജപ്രചരണത്തെ തുറന്നുകാട്ടുകയാണ്‌ ഗവേഷകനായ പി കെ കണ്ണൻ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ. തെരഞ്ഞെടുപ്പിന്റെ വിശദവിവരങ്ങളും കണ്ണൻ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു.

പി കെ കണ്ണന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

"കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം" എന്ന തലക്കെട്ടോടെ ഒരു വാർത്ത ജനം ടിവി റിപ്പോർട് ചെയ്തത് ശ്രദ്ധയിൽപ്പെടാനിടയായി. ജനം ടി വിയുടെ ഈ വാർത്ത പുറത്തു വന്നതോടെ സംഘപരിവാർ സൈബർ ടീമുകൾ "കൊച്ചിൻ യൂണിവേഴ്‌സിറ്റി എ ബി വി പി പിടിച്ചടക്കി" എന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചു. ഭാരതീയം പോലുള്ള സംഘപരിവാർ ഫേസ്‌ബുക്ക് പേജുകളാണ് നുണ പ്രചരണത്തിന് നേതൃത്വം നൽകിയത്.

എ ബി വി പി 873 വോട്ടുകൾ നേടിയപ്പോൾ എസ് എഫ് ഐയ്ക്ക് 247 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചതെന്നാണ് സംഘപരിവാർ സൈബർ ടീം ജനം ടി വിയുടെ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പതിനായിരത്തോളം ഷെയറുകളാണ് സംഘപരിവാറിന്റെ ഈ ഗീബൽസിയൻ നുണക്ക് ലഭിച്ചത്. സംഘപരിവാർ പ്രസ്ഥാനമായ എ ബി വി പി കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലയിൽ എസ് എഫ് ഐ യുടെ നാലിരട്ടി വോട്ട് നേടി എന്നാണ് സംഘപരിവാർ അണികൾ പോലും തെറ്റിദ്ധരിക്കപ്പെട്ടതും പ്രചരിപ്പിച്ചു പോന്നതും. എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്ന് സംഘപരിവാർ പോസ്റ്റുകൾ കണ്ണടച്ച് ഷെയർ ചെയ്യുന്നവർ പോലും മനസ്സിലാക്കുന്നില്ല എന്നാണു ആ പോസ്റ്റുകൾക്ക് കുസാറ്റിലെ ഗവേഷക വിദ്യാർത്ഥി കൂടിയായ ഞാൻ കൊടുത്ത മറുപടിക്ക് കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്.

ജനം ടി വിയും മറ്റു സംഘപരിവാർ പ്രൊഫൈലുകളും പ്രചരിപ്പിക്കുന്നത് പോലെ കുസാറ്റിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചിരിക്കുകയാണ്. ഇപ്പോൾ നടന്നത് സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിലിലേക്കും സെനറ്റിലേക്കുമുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിനെയാണ് യൂണിയൻ തിരഞ്ഞെടുപ്പ് എന്ന രീതിയിൽ ജനം ടി വിയടക്കമുള്ള സംഘപരിവാർ മാധ്യമങ്ങൾ വാർത്ത കൊടുത്തത്.

സർവ്വകലാശാല അക്കാദമിക് കൗൺസിൽ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ എസ് എഫ് ഐ പ്രതിനിധികൾ മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സർവ്വകലാശാലാ അക്കാദമിക് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചിരുന്നു. അക്കാദമിക് കൗൺസിലിലെ ഗവേഷക വിഭാഗം പ്രതിനിധിയായി ഹിന്ദി വിഭാഗം ഗവേഷക ഐശ്വര്യ സി കെ എതിരില്ലാതെ വിജയിച്ചിരുന്നു. ഡിഗ്രി & പി ജി വിഭാഗം പ്രതിനിധിയായി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ഫയർ & സേഫ്റ്റി വിഭാഗം വിദ്യാർത്ഥി ആലാപ് എസ് പ്രതാപ് വൻ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സെനറ്റ് ഇലക്ഷനിലും ഭൂരിപക്ഷം പേരെ വിജയിപ്പിക്കാൻ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടുണ്ട്. സെനറ്റ് അംഗങ്ങളായി എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിയമ വിദ്യാർത്ഥിയുമായ ജിബിൻ ടി പി, എസ് എഫ് ഐ കുസാറ്റ് യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ഷിപ്പ് ടെക്‌നോളജി വിദ്യാർത്ഥിയുമായ പ്രജുൽ കെ വി, സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികളായ ബിനിൽ സി ഡി, ശിവനന്ദു പി എന്നിവരെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ എസ് എഫ് ഐ ക്ക് സാധിച്ചിട്ടുണ്ട്.

കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ ആകെ ഏഴു സീറ്റുകളാണുള്ളത്. ഇതിൽ നാല് സീറ്റുകളിൽ എസ് എഫ് ഐയും രണ്ട് സീറ്റിൽ കെ എസ് യുവും ഒന്നിൽ എ ബി വി പിയുമാണ് വർഷങ്ങളായി വിജയിച്ചു പോരാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചതും. എ ബി വി പി യുടെ ദേശീയ നേതാവായ ശ്യാം രാജുൾപ്പടെയുള്ളവർ മുൻ കാലങ്ങളിൽ കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ അംഗമായിരുന്നു.

ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് ഇത്തവണ എ ബി വി പിയുടെ പാനലിൽ മത്സരിച്ചത്. ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ ഏറെ പഠിക്കുന്ന ക്യാംപസാണ് കുട്ടനാട്ടിലേത്. പ്രിഫറൻസ് വോട്ടുകൾ കൂടുതൽ ലഭിക്കുന്ന സ്ഥാനാർത്ഥികൾ വിജയിക്കുന്ന രീതിയിലാണ് കുസാറ്റിൽ സെനറ്റ് ഇലക്ഷൻ വോട്ടിംഗ്. ഒറ്റ സീറ്റ് മാത്രം ലക്ഷ്യമിട്ട് മത്സരിക്കുന്ന എ ബി വി പിക്ക് പോൾ ചെയ്ത മൊത്തം വോട്ടിന്റെ ഏഴിൽ ഒന്ന് ലഭിക്കാൻ വലിയ പ്രയാസമില്ല. എന്നാൽ ഏഴു സീറ്റും ലക്ഷ്യമിട്ട് മത്സരിക്കുന്ന എസ് എഫ് ഐയുടെ വോട്ടുകൾ ഏഴായി സ്പ്ലിറ്റ് ചെയ്യപ്പെടുകയാണ് പതിവ്. ഒറ്റ സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ എ ബി വി പിയുടെ മൊത്തം വോട്ടുകളും ഒരാൾക്ക് തന്നെ ലഭിക്കുകയും അയാൾ വിജയിക്കുകയും ചെയ്യും. എന്നാൽ ഏഴു സീറ്റും വിജയിക്കണമെന്ന ഉദ്വേശ്യത്തോടെ മത്സരിക്കുന്ന എസ് എഫ് ഐക്ക് അവരുടെ മൊത്തം വോട്ടുകൾ വോട്ടുകൾ ഏഴായി സ്പ്ലിറ്റ് ചെയ്യപ്പെടുന്നത് മൂലം മൂന്നോ നാലോ സീറ്റുകൾ മാത്രമാണ് വിജയിപ്പിക്കുവാൻ കഴിയൂ. ഇത് തന്നെയാണ് ഇത്തവണത്തെ ഇലക്ഷനിലും സംഭവിച്ചത്.

മൊത്തം വോട്ടുകൾ പരിശോധിച്ചാൽ എ ബി വി പിയെക്കാളും മൂന്നോ നാലോ ഇരട്ടി വോട്ടുകൾ സർവ്വകലാശാലയിൽ എസ് എഫ് ഐക്കുണ്ട്. പക്ഷേ പ്രിഫറൻസ് വോട്ടുകളുടെ അടിസ്ഥാനത്തിൽ വരുമ്പോൾ അത് മൊത്തം ഒരൊറ്റ സ്ഥാനാർത്ഥിയിൽ കേന്ദ്രീകരിക്കാറില്ലാ എന്ന് മാത്രം. മൊത്തം പോൾ ചെയ്ത 5863 വോട്ടുകളിൽ എസ് എഫ് ഐ 2706 വോട്ടുകൾ നേടിയപ്പോൾ എ ബി വി പിക്ക് 924 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്. മുസ്ലീം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫ്, ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റി എന്നിവരും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇവരുടെ പ്രിഫറൻസ് വോട്ടുകൾ കെ എസ് യു, എ ബി വി പി സ്ഥാനാർത്ഥികൾക്കാണ് ലഭിച്ചത്.

സെനറ്റ് ഇലക്ഷനിൽ വിജയിച്ചവർ ഇവരാണ്.

1. ബിനിൽ ജി ഡി (എസ് എഫ് ഐ) - 720
2. പ്രജുൽ കെ വി (എസ് എഫ് ഐ) - 720
3. ശിവനന്ദു പി (എസ് എഫ് ഐ) - 643
4. ജിബിൻ ടി പി (എസ് എഫ് ഐ) - 635
5. റഹ്മത്തുള്ള എം (കെ എസ് യു) - 720
6. അബ്ബാദ് ലുത്ഫി (കെ എസ് യു) - 695
7. അക്ഷയ് വിനോദ് (എ ബി വി പി) - 720

പ്രിഫറൻസ് വോട്ടുകളുടെ അടിസ്ഥാനത്തിൽ 720 വോട്ടുകൾ കിട്ടുന്ന സ്ഥാനാർത്ഥികൾ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് ചെയ്യാറ്. ഇവരുടെ അധികമായി വരുന്ന വോട്ടുകൾ അടുത്ത പ്രിഫറൻസ് ഉള്ള സ്ഥാനാർത്ഥിക്ക് ട്രാൻസ്ഫർ ചെയ്തു പോകുന്ന രീതിയാണ് കുസാറ്റ് സെനറ്റ് ഇലക്ഷന്റെ വോട്ടെണ്ണലിന്. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ് വിനോദ്, റഹ്മത്തുള്ള എം, ബിനിൽ ജി ഡി എന്നിവർ വിവിധ ഘട്ടങ്ങളിലായി 720 വോട്ട് നേടി വിജയിച്ചത്. അവസാനഘട്ട എലിമിനേഷനു മുമ്പായി കോട്ട തികച്ചത് ഇവർ മാത്രമാണ്. അങ്ങനെയാണ് അവസാനഘട്ട എലിമിനേഷൻ സമയത്ത്‌ അവശേഷിക്കുന്ന നാല് സെനറ്റ് സീറ്റുകളിലേക്ക് അഞ്ച് മത്സരാർത്ഥികൾ രംഗത്തുണ്ടായതും. പ്രജുൽ കെ വി, അബ്ബാദ് ലുത്ഫി, ശിവനന്ദു പി, ജിബിൻ ടി പി, മുഹമ്മദ് ഷെറിൻ എൻ ടി കെ എന്നിവരായിരുന്നു അവസാനഘട്ടത്തിൽ അവശേഷിച്ച മത്സരാർത്ഥികൾ.

ഈ സാഹചര്യത്തിലാണ് കൊച്ചിൻ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിനായി കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച "Statutes on Elections" (NO. 19811/P 2/73/H.Edn Dated, 7th September 1973) Clause 60 (പേജ് 14/26) പ്രകാരം മുഹമ്മദ് ഷെറിൻ എൻ ടി കെ പുറത്താവുന്നതും പ്രജുൽ കെ വി, അബ്ബാദ് ലുത്ഫി, ശിവനന്ദു പി, ജിബിൻ ടി പി എന്നിവരെ വിജയികളായി പ്രഖ്യാപിക്കുന്നതും.



60. Exclusion of candidate when two or more candidates have equal number of votes.—If at any time it becomes necessary to exclude a candidate and two or more candidates have the same number of votes and are lowest on the poll, regard shall be had to the original votes of each candidate, and the candidate for whom the lowest original votes are recorded shall be first excluded; and if their original votes are equal, the Returning Officer shall decide by lot which candidate shall be excluded.

http://www.cusat.ac.in/act/Statute1973-Election.pdf

"ഒന്നിൽ കൂടുതൽ സീറ്റുകളിലേക്ക് മത്സരം നടക്കുമ്പോൾ രണ്ടോ അതിൽ കൂടുതലോ മത്സരാർത്ഥികൾക്ക് തുല്യമായ വോട്ടു വന്നാൽ, ഒറിജിനൽ വോട്ടസ് (അതായത് ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ) കുറവുള്ള മത്സരാർത്ഥി പുറത്താകും."

ജിബിൻ ടി പി നേടിയത് 554 ഒറിജിനൽ വോട്ടുകളും മുഹമ്മദ് ഷെറിൻ എൻ ടി കെ നേടിയത് 440 ഒറിജിനൽ വോട്ടുകളും ആയിരുന്നു. അവരുടെ ഒറിജിനൽ വോട്ടുകളും തുല്യമായി വന്നിരുന്നെങ്കിൽ ഒരു പക്ഷെ നറുക്കെടുക്കേണ്ടി വരുമായിരുന്നു. എന്നാൽ ഇവിടെ അതിന്റെ ആവശ്യം വന്നില്ല. കുറഞ്ഞ വോട്ട് നേടിയ മുഹമ്മദ് ഷെറിൻ എൻ ടി കെ സ്വാഭാവികമായും പുറത്താവുകയും ചെയ്തു.

തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെ എസ് യു നവമാധ്യമങ്ങളിൽ ഉന്നയിക്കുന്ന ആരോപണമാണ് റീകൗണ്ടിങിന് സമ്മതിച്ചില്ല എന്നത്. അവസാന ഘട്ടത്തിൽ മുഹമ്മദ് ഷെറിൻ എൻ ടി കെ പുറത്തായപ്പോഴാണ് കെ എസ് യു റീകൗണ്ടിങ് ആവശ്യപ്പെട്ടത്. കെ എസ് യു വിന്റെ ആവശ്യം അംഗീകരിച്ച തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥൻ തൊട്ട് മുന്നത്തെ റൗണ്ട് റീകൗണ്ടിങ് നടത്താമെന്നു സമ്മതിച്ചെങ്കിലും എല്ലാ ബാലറ്റുകളും റീകൗണ്ടിങ് നടത്തണമെന്ന വിചിത്രമായ ആവശ്യമുന്നയിക്കാനാണ് കെ എസ് യു ശ്രമിച്ചത്. "Statutes on Elections" Clause 61 (പേജ് 14/26) പ്രകാരം തൊട്ട് മുന്നത്തെ റൗണ്ട് മാത്രമേ റീകൗണ്ടിങ് നടത്താനാവൂ എന്ന കാര്യം ഏതൊരു മത്സരാർത്ഥിക്കും അറിയാമെന്നിരിക്കെ ഇത്തരമൊരു ആവശ്യമുന്നയിച്ചത് തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മാറ്റാനാണ്.

61. Recounting.—(1) Any candidate or his agent may at any time during the counting of votes, either before the commencement or after the completion of any transfer of votes, request the Returning Officer to re-examine or recount the papers of all or any candidates (not being papers set aside at any previous transfer as finally disposed of) and the Returning Officer shall forthwith re-examine or recount the same accordingly.

വസ്തുതകൾ ഇതായിരിക്കെ അറിഞ്ഞുകൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് കെ എസ് യു വും സംഘപരിവാറും ചെയ്യുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചവർ തെറ്റു മനസ്സിലാക്കി അത് തിരുത്താനുള്ള കേവല മര്യാദയെങ്കിലും പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top