20 April Saturday

നോട്ട് അസാധു: 'കള്ളപ്പണക്കാരുടെ ആസ്ഥാന സംരക്ഷകരായി നിലകൊണ്ട് അതിനാടകീയത സൃഷ്ടിക്കുകയല്ല വേണ്ടത്'

ജെയ്‌ക് സി തോമസ്Updated: Monday Nov 14, 2016

ഭരണകൂടം നിങ്ങളെ ക്യുവില്‍ നിര്‍ത്തിയിരിക്കുകയാണ്..! ഡിഗ്രി പഠനകാലത്തു ഏറ്റവും കൂടുതല്‍ കയറി ഇറങ്ങിയ ക്ലാസ് മുറികളിലൊന്ന് എക്കണോമിക്സ് ഡിപ്പാര്‍ട്മെന്റിന്റേതു എന്നതില്‍ കവിഞ്ഞു ഒരടുപ്പവും സാമ്പത്തികശാസ്ത്രത്തോടു ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സമയത്തായിരുന്നു ആസിയാന്‍ കരാര്‍ ഒരു കൊലക്കയര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ക്യാംപസിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പരിപാടി സംഘടിപ്പിക്കുന്നത്, അപ്പോള്‍ മുതല്‍ ഒരു പൊളിറ്റിക്കല്‍ റീഡിങ്ങിന് ഉള്ള ശ്രമങ്ങള്‍ നടത്താറുണ്ട് എന്നതില്‍ കവിഞ്ഞു അവഗാഹമുള്ള ഒരു പഠനത്തിന്റെ അനുഭവസമ്പത്തു പോലുമില്ല. പക്ഷെ ഇന്ത്യന്‍ സമൂഹം ഇന്ന് ദുരിതങ്ങുളടെ, അനിശ്ചിതത്വങ്ങളുടെ നീണ്ട ക്യുവിലാണ്. രാഷ്ട്ര തീരുമാനങ്ങളെ കുറിച്ചും, ഭരണകൂട നയങ്ങളെ കുറിച്ചും തെല്ലും ആകുലപ്പെടാതെ, ഒഴുക്കിനൊപ്പം നീങ്ങുകയും, ആയാസരഹിതമായി വര്‍ത്തമാന കാല കാലുഷ്യങ്ങളോട് വിട ചൊല്ലി,'സ്വസ്ഥവും സ്വൈര്യവു'മായ ജീവിതം നയിച്ച രാഷ്ട്രീയ രഹിത ഹൃദയങ്ങളൊക്കെയും അലര്‍ച്ചയോളമെത്തുന്ന അങ്കലാപ്പോടെ തിരിച്ചറിയുന്നുണ്ട് ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ എങ്ങനെയാണ്, തങ്ങളുടേത് മാത്രമായിരുന്ന ജീവിതത്തെ ദുരിതകാഴ്ചകളുടെ ക്യുവിലേക്ക് വലിച്ചെറിയുന്നത് എന്ന്.

2012,ഫെബ്രുവരി മാസത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപം സ്വിസ് ബാങ്കിലുണ്ടെന്നു വിളിച്ചു പറഞ്ഞത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വ്യക്താക്കളോ എന്‍.ജി.ഓ കളോ ആയിരുന്നില്ല മറിച്ചു സി.ബി.ഐ. ആയിരുന്നു. ആ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം കള്ളപ്പണ നിക്ഷേപമുള്ള രാജ്യവും മറ്റൊന്നായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഡെമെനോട്ടീസഷന്‍ (കറന്‍സി നിരോധനം)നടപ്പിലാക്കിയതിനു പിന്നിലൂടെ ഒളിച്ചു കടത്തിയ താല്പര്യങ്ങളെ വൈകിയെങ്കിലും ഇന്ത്യന്‍ സമൂഹം തിരിച്ചറിയുകയാണ്. കള്ളനോട്ടും, കള്ളപ്പണവും രണ്ടു തന്നെയാണെന്ന വസ്തുത ഇതുമായി ബന്ധപെട്ടു ഉയര്‍ന്നു വന്ന പല ചര്‍ച്ചകളിലും വിസ്മരിക്കപ്പെട്ടു. കള്ളപ്പണമാവട്ടെ,സിംഹഭാഗവും ലിക്വിഡ് ക്യാഷിന്റെ രൂപത്തിലല്ലയെന്നത് അവിതര്‍ക്കിതമാണ്. ഈ കള്ളപ്പണത്തിന്റെ ഏറ്റവും ബൃഹത്തായ സുരക്ഷാകേന്ദ്രമാവട്ടെ സ്വിസ് ബാങ്കുമാണ്. 2011ല്‍ തന്നെ സ്വിസ്സ് ബാങ്കില്‍ നിക്ഷേപമുള്ള 782 പേരുകള്‍ ഇന്ത്യ ഗവണ്മെന്റിനു ലഭിച്ചിരുന്നു, അത്ഭുതങ്ങള്‍ക്കു തെല്ലും ഇടയില്ലാത്തവണ്ണം ആ സമയത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാര്‍ അത് വെളിച്ചം വീഴാതെ ഭദ്രമാക്കി സൂക്ഷിച്ചു. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി ലിസ്റ്റ് വെളിയില്‍ വിടാന്‍ നടത്തിയ വെല്ലുവിളി ഇന്ന്കാലത്തിന്റെ ചുവരില്‍ അവരെയും നോക്കി പല്ലിളിച്ചു് കാട്ടുന്നുണ്ട്.

കള്ളപ്പണത്തിലും, നികുതി തട്ടിപ്പിലും പല പരമ മാന്യന്മാരെയും സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ്സും, ബി.ജെ.പി യും ഒപ്പത്തിനൊപ്പമായിരുന്നു എന്നതാണ് ചരിത്രം. രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് മാത്രം 9,000 കോടി രുപ തട്ടിച്ച കേസിലെ പ്രതിയായിരുന്ന വിജയ മല്യ രണ്ടു തവണ നമ്മുടെ രാജ്യസഭയില്‍ എത്തി. 2002ല്‍ തന്റെ ജന്മനാടായ കര്‍ണാടകത്തില്‍ നിന്നും മല്ല്യയയെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എത്തിച്ചത് കോണ്‍ഗ്രസ് പിന്തുണ ആയിരിന്നുവെങ്കില്‍ 2010 ല്‍ രണ്ടാം തവണ മല്യയെ രാജ്യസഭയിലെത്തിച്ചു രാജ്യത്തിന്റെ മാനം സംരക്ഷിച്ചത് കള്ളപ്പണ വേട്ട നടത്തി സമ്പദ് സ്ഥിതി സംരക്ഷിക്കാന്‍ അര്‍ധരാത്രി തന്നെ ഇറങ്ങിത്തിരിച്ച, സംഘപരിവാര്‍ ആയിരുന്നു. ഇന്നും സ്വിസ് ബാങ്കിലെ 782 പേരുടെ ലിസ്റ്റ് രാജ്യത്തെ ഏതു ബാങ്ക് ലോക്കറിനെയും വെല്ലുന്ന സുരക്ഷയില്‍ മന്‍മോഹന്‍ കാലയളവിലെ എന്ന പോലെ തന്നെ മോഡി കാലത്തും ഒരേപോലെ സുരക്ഷിതമാണ്. സുഷമ സ്വരാജും, ആര്‍.എസ്.എസ്.നിയന്ത്രിക്കുന്ന ബി.ജെ.പി സര്‍ക്കാരും വിദേശത്തേയ്ക്ക് രക്ഷപ്പെടാന്‍, 'ഹ്യുമാനിറ്റേറിയന്‍ ഇന്റെര്‍വെന്‍ഷന്‍ ' നടത്തി സഹായിച്ച ലളിത് മോഡി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നില്ല എന്നും രാജ്യത്തെ സാമ്പത്തിക രംഗത്തെ അസ്ഥിരപ്പെടുത്തിയ കുറ്റത്തിന് ഫെമ (FEMA,Foreign exchange management act). നിയമ പ്രകാരം കുറ്റക്കാരനായിരുന്നുവെന്നും നേരം വെളുക്കാന്‍ പോലുമൊന്നു കാക്കാതെ യുദ്ധത്തിന് ഇറങ്ങിയ 56 ഇഞ്ച് നെഞ്ചളവിനു ഓര്‍ക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷെ സര്‍ജിക്കല്‍ അറ്റാക്കിലും,രാത്രി പ്രഖ്യാപനങ്ങളിലും ഭൂതകാലത്തിന്റെ നാവുകള്‍ അറുത്തെറിയാന്‍ ശേഷി പോരാത്തത് കൊണ്ട് ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.

സംഘപരിവാരം രാജസ്ഥാന്‍ ഭരിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ 'സൂപ്പര്‍ സി.എം' എന്നറിയപ്പെട്ടത് ഏതെങ്കിലും ആര്‍.എസ്.എസ്.നേതാക്കന്മാര്‍ ആയിരുന്നില്ല കള്ളപ്പണക്കാരനായിരുന്നു ലളിത് മോഡി ആയിരുന്നു. കേസില്‍ പെട്ടപ്പോള്‍ ലളിത് മോഡിക്കായി ഹാജരായ 9 നിയമ വിദഗ്ധരില്‍ പ്രമുഖ സുഷമ സ്വരാജിന്റെ മകളായ ബാന്‍സുരി സ്വരാജ് ആയിരുന്നു എന്നത് ആര്‍.എസ്.എസ്. വളച്ചൊടിക്കുന്ന ചരിത്രത്തിലും ഫണം വിടര്‍ത്തി തന്നെ നില്‍ക്കുന്നുണ്ട്. ഇങ്ങനെ നിലയ്ക്കാതെ പെരുമഴ പോലെ കള്ളപ്പണക്കാരുടെ ആസ്ഥാന സംരക്ഷകരായി നിലകൊണ്ട അശ്ലീല ചിത്രങ്ങളുടെ മാത്രം ചരിത്രമാണ് ഭൂതകാലത്തിലത്രയും കോണ്‍ഗ്രസിനും, ബി.ജെ.പി.ക്കും സ്വന്തമായുള്ളത്. അതുകൊണ്ടു തന്നെ രാത്രി വാര്‍ത്താസമ്മേളേനം വിളിച്ചു പ്രഖ്യാപിച്ച 'കള്ളപ്പണ വിരുദ്ധ യുദ്ധം' മൂന്നാം കിട മെലോഡ്രാമ മാത്രമാണ്. അതിനാടകീയത സൃഷ്ടിച്ചു കൊണ്ട് ഒരു രാജ്യത്തെ ജനങ്ങളില്‍ ഭരണകൂട അനുകൂല പൊതുബോധ നിര്‍മ്മിതിക്ക് ഉതുകുന്നൊരു പ്ലാറ്റഫോം സൃഷ്ടിക്കല്‍.

അമിതാധികാര പ്രവണതയുടെ പ്രായോഗിക മുഖങ്ങളില്‍ ഏറ്റവും പുതിയത്, പക്ഷെ ഒരു സൂചകം കൂടിയാണ്. വരുന്ന അര്‍ദ്ധരാത്രികളിലൊന്നില്‍ മന്ത്രിസഭയെയും, നിയമനിര്‍മാണ സഭകളെയും, ജനാധിപത്യത്തെയും ആകെത്തന്നെ ഗാലറിയില്‍ ഇരുത്തി നടത്താന്‍ പോകുന്ന പലവിധ അടിയന്തിരാവസ്ഥകളുടെ അനകേമനേകം രൂപങ്ങളുടെ സൂചകം. അതുകൊണ്ടു സ്വിസ് നിക്ഷേപത്തെ വെളിയില്‍ എത്തിക്കട്ടെ, കള്ളപ്പണക്കാരുടെ പട്ടിക പുറത്തു വിടട്ടെ, മൗറീഷ്യസ് വഴിയുള്ള ഇടപാടുകള്‍ക്ക്‌ നിയന്ത്രണം ഉണ്ടാവട്ടെ, ലളിത് മോഡി മുതല്‍ വിജയ് മല്യ വരെയുള്ള സൂപ്പര്‍ സി.എം മാരെയും, മുന്‍ രാജ്യസഭാ എം.പി.മാരെയും തുറങ്കിലടക്കട്ടെ, അങ്ങനെ നമുക്ക് യുദ്ധം ആരംഭിക്കാം കള്ളപ്പണ നിര്‍മ്മാര്‍ജ്ജനത്തിനായി. കള്ളപ്പണം നിര്‍മ്മാര്‍ജനം ചെയ്യപ്പെടേണ്ടതാണ്. അതിനായുള്ള നടപടികളെ ജനങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്യും. പക്ഷെ, കായംകുളം കൊച്ചുണ്ണിയെയും ഇത്തിക്കര പക്കിയെയും ഇടവലം സ്വീകരിച്ചിരുത്തിയിട്ടു കള്ളന്മാരെ തുരത്തും എന്ന് പ്രഖ്യാപിച്ചാല്‍ അത് ആര്‍.എസ്.എസ്.ശാഖയില്‍ മാത്രം വേവുന്ന പരിപ്പാവും, ജനാധിപത്യത്തില്‍ അതിനു ഇടമുണ്ടാവുക ചവിറ്റു കൊട്ടയിലാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top