10 June Saturday

നോട്ട് അസാധുവാക്കല്‍ , നഷ്ടം 'രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടി', ശ്രദ്ധനേടി മാധ്യമ പ്രവര്‍ത്തകന്റെ വിശകലനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2016

തിരുവനന്തപുരം > കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതുമൂലമുള്ള ദുരിതം രാജ്യമൊട്ടുക്ക് തുടരുകയാണ്. ജനങ്ങള്‍ അസാധുവായ പണം മാറാനും ആവശ്യസാധനങ്ങള്‍ ഉള്‍പ്പടെ വാങ്ങാനായി പണം പിന്‍വലിക്കാനുമായി ജോലി ഉപേക്ഷിച്ച്  ബാങ്കുകളുടെ മുന്നില്‍ ക്യൂ നില്‍ക്കുന്നു. മോഡിയുടെ പ്രഖ്യാപനത്തെ സ്തുതി പാടിയ  ബിജെപി നേതാക്കളും സംഘപരിവാര്‍ പ്രവര്‍ത്തകരും പറയുന്ന തരത്തില്‍ ഈ പ്രഖ്യാപനം ഉണ്ടാക്കിയ ലാഭം എന്ത് നഷ്ടം എന്ത്. നോട്ടു പിന്‍വലിക്കല്‍ രാജ്യത്തിന് എത്ര മാത്രം നഷ്ടം സൃഷ്ടിച്ചെന്നും ലാഭം ലഭിച്ചെന്നുമുള്ള കണക്ക് അവതരിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്റെ വിശകലനം ശ്രദ്ധനേടുന്നു.

മാതൃഭൂമി ചാനലിലെ ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. 53 ദിവസത്തെ സാമ്പത്തിക അടിയന്തിരാവസ്ഥയാണ് നോട്ട് പിന്‍വലിക്കുന്നത് മൂലം ഉണ്ടാകുന്നത്.  പരമാവധി കുറച്ച് ,ശരാശരി അയ്യായിരം കോടിയുടെ പ്രതിദിന നഷ്ടം കണക്കാക്കിയാല്‍ത്തന്നെ പ്രഖ്യാപനം രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടിയുടെ (265000കോടി) നഷ്ടമുണ്ടാകുമെന്ന് ഹര്‍ഷന്‍ പറയുന്നു.

ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

രണ്ടായിരത്തപ്പതിനഞ്ച് സെപ്തംബര്‍ രണ്ടിലെ ദേശീയ പണിമുടക്ക് ഇരുപത്തയ്യായിരം (25000കോടി ) കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഒറ്റ ദിവസത്തെ പണിമുടക്ക് ഇത്ര ഭീമമായ നഷ്ടമുണ്ടാക്കിയെങ്കില്‍ 53 ദിവസത്തെ സാമ്പത്തിക അടിയന്തിരാവസ്ഥ വരുത്തിവയ്ക്കുന്ന നഷ്ടം എത്ര വലുതായിരിയ്ക്കും. പരമാവധി കുറച്ച് ,ശരാശരി അയ്യായിരം കോടിയുടെ പ്രതിദിന നഷ്ടം കണക്കാക്കിയാല്‍ത്തന്നെ രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടിയുടെ (265000കോടി) നഷ്ടമുണ്ടാകും. ഈ നടപടികൊണ്ട് രണ്ടുലക്ഷത്തിനാല്‍പ്പത്താറായിരത്തി മുന്നൂറ് കോടി (246300കോടി) രൂപയുടെ കള്ളപ്പണവും നാനൂറ് കോടിയുടെ (400കോടി ) കള്ളനോട്ടുമാണ് ഇല്ലാതാവുമെന്ന് കരുതുന്നത്.

മൊത്തം രണ്ടുലക്ഷത്തി നാല്‍പ്പത്താറായിരത്തി എഴുനൂറുകോടി (246700കോടി). കുറഞ്ഞത് രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടിയുടെ (265000 കോടി) പൊതു നഷ്ടവും പുതിയ നോട്ടച്ചടിയ്ക്കാന്‍ പന്തീരായിരം കോടി (12000കോടി) വേറെയും നൂറ്റിയിരുപതുകോടി ജനതയുടെ രണ്ടുമാസത്തെ(?!) ദുരിതവും കുഴഞ്ഞുവീണും ചികിത്സകിട്ടാതെയും ചത്തൊടുങ്ങാന്‍ കുറെ പൌരന്‍മാരെയും ചെലവഴിച്ച് നടത്തുന്ന ഈ യുദ്ധത്തിന്റെ ലാഭക്കണക്ക് എന്തായിരിയ്ക്കുമെന്ന് സത്യം സത്യമായും എനിയ്ക്ക് പിടികിട്ടുന്നില്ല.

മുപ്പത്തിരലക്ഷത്തി അമ്പതിനായിരം കോടിയുടെ (3250000കോടി)കള്ളപ്പണം വിദേശത്തുള്ളത് കൊണ്ടുവരാനുണ്ട്. രണ്ടരക്കൊല്ലത്തെ ഭരണത്തിനിടയ്ക്ക് ഒരു പുണ്ണാക്കും കൊണ്ടുവന്നിട്ടില്ലഎന്ന് പറയില്ല. പക്ഷേ ആംനസ്റ്റി നടപടി വിജയമായില്ലെന്നും കൊണ്ടുവന്ന കാശ് പുണ്ണാക്ക് വാങ്ങാനേ തികയൂ എന്നും സാറമ്മാര് സമ്മതിയ്ക്കണം. പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ ഒരുലക്ഷത്തി പതിനാലായിരം കോടി (114000കോടി) ആരുടേതാണെന്ന് ചോദിച്ചപ്പോ പറയാന്‍ പേടിച്ച് സുപ്രീം കോടതിയില്‍ കേസുകളിയ്ക്കാന്‍ പോയത് അമ്പത്താറിഞ്ചിന്റെ  (56') ചങ്കൂറ്റം പണയം വച്ചിട്ടല്ലാരുന്നോ..?

വിയര്‍ത്ത കാശ് വീട്ടില്‍ കൊണ്ടുപോകാന്‍ പിന്നെയും വിയര്‍ക്കുന്നതിനെയാണ് രാജ്യസ്നേഹമെന്ന് വിശേഷിപ്പിയ്ക്കുന്നതെങ്കില്‍ രാജ്യം പൌരനോട് നീതി കാട്ടുന്നില്ലഎന്നതാണ് സത്യം. അത് പറയുകതന്നെ ചെയ്യും. ഡിസംബര്‍ മുപ്പതുകഴിഞ്ഞ് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാമെന്ന് വാചകമടിച്ച് പറ്റിയ്ക്കല്‍ കയ്യും കെട്ടി ഇരുന്നാലും രണ്ടു മാസം കൊണ്ട്ജനത ഈ പ്രശ്നം പരിഹരിയ്ക്കും. യുദ്ധവും ഭീകരാക്രമണവും പ്രകൃതിക്ഷോഭവും കലാപവുംഎമ്പിടി കിട്ടുള്ളവരാണ് ഇന്ത്യാക്കാര്‍. പക്ഷേ പൊരുത്തപ്പെടാനും അതിജീവിയ്ക്കാനും കരുത്തുള്ളവരാണ് .മുംബൈയില്‍ ബോംബുപൊട്ടി മൂന്നാംനാള്‍ ജനത അതുതെളിയിച്ചതാണ്. നയിച്ചൊണ്ടാക്കിയത് നേരംവെളുക്കുമ്പോ ഉരുള് കൊണ്ടുപോയെന്നറിഞ്ഞാലും
നാലാം നാള്‍ ഉരുളിന്റെ മുകളില്‍
വാഴ നടുന്ന മലയാളീം പുല്ല്പുല്ലുപോലെ അതിജീവിയ്ക്കും.

അപ്പോ ‘ഞങ്ങള്‍ രക്ഷിച്ചില്ലേന്നും’
‘എല്ലാം നല്ലതിനല്ലേ’
എന്നും ആശ്വസിപ്പിയ്ക്കരുത് ...പ്ളീസ്.
എന്താണ് നല്ലതെന്ന് തിരിച്ച് ചോദിയ്ക്കും.

തല വാടകയ്ക്ക് കൊടുത്തിട്ടില്ലാത്തവരും
ഭീരുക്കളല്ലാത്തവരും
ഭക്തരല്ലാത്തവരും
ലാഭക്കണക്ക് ചോദിച്ചുകൊണ്ടേയിരിയ്ക്കും.
......................?..........................
(തല്‍ക്കാലം എടിഎം മെഷീന്റെ വാവട്ടം വലുതാക്കാനും
അഞ്ഞൂറിന്റെ നോട്ട്
എത്തിയ്ക്കാനും നോക്ക് ..
ആദ്യം പണി ,പിന്നെ വാചകമടി..
അതുമതി.)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top