20 April Saturday

അടുക്കള ബജറ്റ് താളം തെറ്റി, ഏറ്റവും വലിയ ദുരിതം സ്ത്രീകള്‍ക്ക്: പി എസ് ശ്രീകല

പി എസ് ശ്രീകലUpdated: Thursday Nov 17, 2016

നോട്ടുകളുടെ മൂല്യമില്ലാതാക്കിയ നടപടിയോടെ താളം തെറ്റിയ കുടുംബങ്ങളില്‍ സ്ത്രീകളാണ് ഏറ്റവും വലിയ ദുരിതമനുഭവിക്കേണ്ടി വരുന്നതെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല. അക്കാദമികമായ സാമ്പത്തിക വൈദഗ്ധ്യമൊന്നുമില്ലാതെതന്നെ അടുക്കളയുടെ ബഡ്ജറ്റ് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നവരാണ് സ്ത്രീകള്‍. പണമിടപാടിലെ 86 ശതമാനം കയ്യടക്കിയിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ചുളുങ്ങിയ നോട്ടുകളുമായി അന്തിക്കഞ്ഞിക്ക് അരി വാങ്ങാന്‍ നിന്നവരെ ബാങ്കുകള്‍ക്കു മുന്നിലെ നീണ്ട നിരയിലേക്ക് കൊണ്ടുനിര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 'പാവങ്ങള്‍ക്കു പ്രശ്നമൊന്നുമില്ല, പണക്കാര്‍ക്കാണ് ഉറക്കമില്ലാത്തത്' എന്നു പറയുന്ന പ്രധാനമന്ത്രി ഏതു ജനവിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നും ശ്രീകല ചോദിച്ചു.

പി എസ് ശ്രീകലയുടെ പ്രതികരണം പൂര്‍ണ്ണരൂപം:

കള്ളപ്പണമില്ലാതാക്കാനെന്ന പേരില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനോട് യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. സാമ്പത്തിക വിദഗ്ദ്ധരും ഭരണാധികാരികളും രാഷ്ട്രീയക്കാരും പ്രതികരിക്കുന്നുണ്ട്. ബാങ്കുകള്‍ക്കു മുന്നിലെ നീണ്ട നിരകളും ആവശ്യത്തിന് പണം അനുവദിക്കാത്തതു കൊണ്ടുള്ള ബുദ്ധിമുട്ടും പ്രതിസന്ധിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഉയര്‍ന്ന അക്കത്തിലുള്ള നോട്ടുകളായ അഞ്ഞൂറും ആയിരവും പിന്‍വലിച്ച് പകരം രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കിയതിലെ യുക്തിരഹിതമായ വൈരുധ്യവും ചര്‍ച്ചാ വിഷയമാണ്.

'പാവങ്ങള്‍ക്കു പ്രശ്നമൊന്നുമില്ല, പണക്കാര്‍ക്കാണ് ഉറക്കമില്ലാത്തത് ' എന്നു പറയുന്ന പ്രധാനമന്ത്രി ഏതു ജനവിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്? പട്ടിണി കാരണം ദുരിതമനുഭവിച്ചിരുന്ന കുടുംബങ്ങളുടെ നേരിയ ആശ്വാസങ്ങളെപ്പോലും ചവിട്ടിയരച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നോട്ടുകളുടെ മൂല്യമില്ലാതാക്കിയതോടെ ഏറ്റവും വലിയ ദുരിതമനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. പണമിടപാടിലെ 86 ശതമാനം കയ്യടക്കിയിരുന്നത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു. ഈ നോട്ടുകള്‍ പുതുമണം മാറാത്ത കെട്ടുകളായി സൂക്ഷിക്കുകയായിരുന്നില്ല ഇന്ത്യയിലെ പാവങ്ങള്‍.

അക്കാദമികമായ സാമ്പത്തിക വൈദഗ്ധ്യമൊന്നുമില്ലാതെതന്നെ അടുക്കളയുടെ ബഡ്ജറ്റ് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നവരാണ് സ്ത്രീകള്‍. അവര്‍ ചുളുങ്ങിയ നോട്ടുകളുമായി അന്തിക്കഞ്ഞിക്ക് അരി വാങ്ങാന്‍ നിന്നവരാണ്. അവരെ ബാങ്കുകള്‍ക്കു മുന്നിലെ നീണ്ട നിരയിലേക്ക് നിര്‍ത്തി അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ചിരിക്കുന്നു. തുച്ഛമായ വരുമാനം കൊണ്ട് ജീവിച്ചിരുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയായി. വീട്ടിലേക്കുള്ള വരുമാനം കുറഞ്ഞു. മത്സ്യവില്‍പനക്കാര്‍, പച്ചക്കറി വില്‍ക്കുന്നവര്‍, ചെറിയ തോതിലുള്ള വഴിയോരക്കച്ചവടം നടത്തി അത് ദിവസത്തെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നവര്‍, ലോട്ടറി ക്കച്ചവടക്കാര്‍, തൊഴിലുറപ്പു പദ്ധതിയില്‍ ജോലി നോക്കുന്നവര്‍, മറ്റ് കൂലിപ്പണിക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ വരുമാനമാണ് ഒട്ടുമിക്കകുടുംബത്തിലെയും സാമ്പത്തിക സ്രോതസ്.

സാമ്പത്തികമായി ദരിദ്രരും പാവങ്ങളുമായവരുടെ കുടുംബങ്ങളില്‍ പുരുഷന്റെ വരുമാനത്തെക്കാള്‍ സ്ത്രീയുടെ വരുമാനമാണ് വീട്ടു ചെലവുകള്‍ക്കാധാരം. നോട്ടുകള്‍ വെറും കടലാസുകഷണം മാത്രമായതോടെ അതും കയ്യില്‍ പിടിച്ച് തേങ്ങുന്ന, നിലവിളിക്കുന്ന കോടിക്കണക്കിനുസ്ത്രീകളുടെ നാടായി ഇന്ത്യ....  വായ്പാ വെട്ടിപ്പുകാരായ സമ്പന്ന വ്യവസായികളുടെ 7016 കോടി എഴുതിത്തള്ളുന്നതിനിടയില്‍ ഈ തേങ്ങലും നിലവിളിയും അന്തരീക്ഷത്തില്‍ അലിയുകയാണ്. നമ്മുടെ ഭരണകൂടത്തിനു മുന്നില്‍ സമ്പന്നരേയുള്ളൂ, പാവങ്ങളില്ല എന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top