28 May Tuesday

വിക്രം സിനിമയും സിപിആറും... ഡോ. ഷിംന അസീസ്‌ എഴുതുന്നു

ഡോ. ഷിംന അസീസ്‌Updated: Sunday Jun 5, 2022

ഡോ. ഷിംന അസീസ്‌

ഡോ. ഷിംന അസീസ്‌

ഒരു അപകടസ്ഥലത്ത് CPR അറിയുന്ന ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ കുറേക്കൂടെ ഫലപ്രദമായി ഇത് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ എല്ലാവരും ഒരുപോലെ CPR പഠിച്ച്‌ വെക്കുന്നത്‌ എന്ത് കൊണ്ടും നല്ലതാണ്‌. ആർക്കറിയാം, ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് നമുക്കാണെങ്കിലോ... ഡോ. ഷിംന അസീസ്‌ എഴുതുന്നു.

തിയറ്ററുകളിൽ തകർത്തോടുന്ന വിക്രം സിനിമയിൽ ഒരിടത്ത് രക്ഷകനായെത്തിയതോടെ CPR എന്ന Cardio Pulmonary Resuscitation കൂടുതൽ ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണല്ലോ... കുഴഞ്ഞ്‌ വീണ് മരണങ്ങൾ വാർത്തകളിൽ വരുമ്പോഴും വീണ ആളെ രക്ഷിക്കാൻ CPR അറിയാവുന്ന ഒരാളെങ്കിലും അടുത്തുണ്ടായിരുന്നെങ്കിൽ എന്ന്‌ നമ്മളോരോരുത്തരും ആഗ്രഹിക്കുന്നതാണ്.

പലരുടെയും ധാരണ ഒരു ഡോക്ടർക്കോ മെഡിക്കൽ പ്രൊഫഷണലിനോ മാത്രം ചെയ്യാൻ പറ്റുന്നൊരു കോമ്പ്ലിക്കേറ്റഡ് പണി ആണിതെന്നാണ്... എന്നാൽ അങ്ങനെയല്ല, ഏതൊരാൾക്കും ഏതാനും മണിക്കൂറുകളുടെ പരിശീലനം കൊണ്ട് തന്നെ സ്വായത്തമാക്കാവുന്നൊരു സ്കിൽ ആണിത്. ധാരാളം സന്നദ്ധസംഘടനകൾ CPR പരിശീലനം നൽകാറുണ്ട്. നിങ്ങളുടെ നാട്ടിലെ വൊളണ്ടിയർ ഗ്രൂപ്പുകളിൽ അന്വേഷിച്ചാൽ CPR ക്ലാസുകൾ നടക്കുന്നതെവിടെ എന്ന വിവരം ലഭിക്കും. ഒരു നാട്ടിൽ കുറച്ചധികം ആളുകൾ ഇത് പഠിക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അവിടെ വച്ച് തന്നെ ക്ലാസുകൾ സംഘടിപ്പിക്കാനും സാധിക്കും.

ഓൺലൈനിൽ CPR പഠിക്കാൻ സഹായിക്കുന്ന ധാരാളം വെബ്സൈറ്റുകളും വീഡിയോസുമെല്ലാം ലഭ്യമാണെങ്കിലും പറ്റുന്നതും നേരിട്ട് പ്രാക്റ്റിക്കൽ എക്സ്പീരിയൻസോടെ ഒരു തവണ ഇത് പഠിച്ചെടുക്കുന്നതാണ് നല്ലത്. നേരിട്ടുള്ള ക്ലാസിലാവുമ്പോൾ ഇതിനായി പ്രത്യേകം നിർമ്മിക്കപ്പെട്ട ഡമ്മി ശരീരം ഉപയോഗിച്ച് കൃത്യമായ രീതിയിൽ എളുപ്പം ഇത് പഠിച്ചെടുക്കാം.

സാധാരണക്കാർക്ക് സ്‌ഥിരമായി ചെയ്യേണ്ടിവരാത്ത ഒരു കാര്യമായത്‌ കൊണ്ടും എത്ര തന്നെ അറിയാമെങ്കിലും ഏറെ ജാഗ്രത വേണ്ട സമയത്ത്‌ മറന്ന്‌ പോകാൻ സാധ്യതയുള്ളത്‌ കൊണ്ടും ഇടക്കിടെ ഇൻസ്ട്രക്ഷനുകൾ വായിക്കുകയും വീഡിയോ കാണുകയുമൊക്കെ ചെയ്യുന്നത് നല്ലതാണ്. ആ ആവശ്യത്തിനായി സിപിആറിന്റെ അടിസ്ഥാന സ്‌റ്റെപ്പുകൾ വിവരിക്കുകയാണിവിടെ.

ആദ്യം വീണുകിടക്കുന്ന ആളുടെ ചുറ്റുപാടും നോക്കുക. വൈദ്യുതാഘാതം ഏറ്റോ മറ്റോ ആണ്‌ വ്യക്‌തിക്ക്‌ ഹൃദയസ്‌തംഭനം ഉണ്ടായതെങ്കിൽ അടുത്ത്‌ പൊട്ടിക്കിടക്കുന്ന കമ്പികൾ കണ്ടേക്കാം. ഇതിൽ നിന്ന്‌ നമുക്ക് ഷോക്കടിക്കാം. എപ്പോഴും സീൻ സേഫാണ്‌, അവരവർ സേഫാണെന്ന്‌ ആദ്യം ഉറപ്പിക്കുക.

ശേഷം, വീണ്‌ കിടക്കുന്ന ആളെ മലർത്തി കിടത്തി രണ്ട്‌ തോളിലും അമർത്തി തട്ടി വിളിക്കുക. പേരറിയാമെങ്കിൽ പേര്‌ തന്നെ ഉറക്കെ വിളിച്ച്‌ കൊണ്ട്‌ തട്ടുക. പ്രതികരിക്കുന്നുണ്ടോ എന്ന്‌ നോക്കുക. ഇല്ലെങ്കിൽ, ശ്വാസമുണ്ടോ എന്ന്‌ മൂക്കിന്‌ താഴെ വിരൽ വെച്ച്‌ നോക്കണം. ശേഷം കഴുത്തിന്‌ ഇരുവശത്തുമുള്ള കാരോട്ടിഡ്‌ ആർട്ടറി തൊട്ട്‌ പൾസ്‌ കിട്ടുന്നോ എന്ന്‌ നോക്കുക.

പൾസില്ല, ശ്വസനമില്ല എങ്കിൽ, ഉടൻ CPR- Cardio Pulmonary Resuscitation തുടങ്ങണം. ചെസ്‌റ്റ്‌ കമ്പ്രഷൻ ചെയ്‌ത്‌ കൊണ്ടാണിത് (നെഞ്ചിന്‌ മധ്യത്തിൽ അമർത്തൽ) തുടങ്ങേണ്ടത്. വെള്ളം കൊടുക്കുന്നതിനേക്കാളും വീശി കൊടുക്കുന്നതിനേക്കാളും ഒക്കെ പ്രാധാന്യം ഇതിനാണ്‌. എന്ത് വന്നാലും നെഞ്ചിലമർത്തുന്നത്‌ നിർത്താൻ പാടില്ല. അമർത്തി കൊണ്ട്‌ തന്നെ ഉറക്കെ സഹായത്തിനായി വിളിക്കണം. വണ്ടിയിൽ ആശുപത്രിയിലേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്യുമ്പോഴും കമ്പ്രഷൻ തുടരണം.

മിനിറ്റിൽ 100-120 തവണ എന്ന വേഗതയിലാണ് CPR ചെയ്യേണ്ടത്. നെഞ്ചിന്‌ മധ്യഭാഗത്തായി ഒരു കൈപ്പത്തിക്ക്‌ മേൽ രണ്ടാമത്‌ കൈപ്പത്തി വെച്ച്‌ കൈ മടങ്ങാതെ കൈമുട്ടുകൾ ലോക്ക്‌ ചെയ്‌ത്‌ വെച്ച് രണ്ടിഞ്ച്‌ താഴ്‌ചയിൽ അമർത്തുക എന്നതാണ് രീതി. അമർത്തുന്ന വ്യക്‌തിയുടെ ചുമൽ രോഗിയുടെ നെഞ്ചിന്‌ മുകളിലായിരിക്കണം. തീരെ ചെറിയ കുട്ടികൾക്ക് CPR നൽകുമ്പോൾ കൈപ്പത്തിക്ക് പകരം വിരൽ ആണ് ഉപയോഗിക്കുക. നേരിട്ട് ഒരു ക്ലാസിൽ ചെന്ന് CPR ചെയ്യാൻ പഠിക്കുമ്പോൾ അവിടെ ഒരു ഡമ്മി ശരീരത്തിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുക എന്ന് പറഞ്ഞല്ലോ... നമ്മൾ ചെയ്യുന്ന വേഗവും, അമർത്തുന്ന പ്രഷറും ശരിയാണോ അല്ലയോ എന്നതിനനുസരിച്ച് ചുവപ്പ് പച്ച ലൈറ്റ് വഴി സിഗ്നൽ തരുന്ന സംവിധാനം ഈ ഡമ്മി ശരീരത്തിൽ ഉണ്ടാവാറുണ്ട്‌. അതുകൊണ്ട് തന്നെ കൃത്യമായ രീതി നമ്മൾ എളുപ്പം പഠിച്ചെടുക്കുകയും ചെയ്യും.

30 തവണ കഴിയുമ്പോൾ രണ്ട്‌ തവണ കൃത്രിമശ്വാസം നേരിട്ടോ ആമ്പ്യൂബാഗ്‌ ലഭ്യമെങ്കിൽ അങ്ങനെയോ നൽകണം.  അഞ്ച്‌ സൈക്കിൾ ഇത്‌ പോലെ ചെയ്‌തിട്ടും അനക്കമില്ലെങ്കിൽ AED (Automated External Defibrillator) ലഭ്യമെങ്കിൽ ഉപയോഗിക്കണം. ഇപ്പോൾ ആശുപത്രികളിൽ മാത്രമല്ല, പല ഷോപ്പിംഗ് മാളുകളിലും അതുപോലെ ആളുകൾ കൂടുന്നയിടങ്ങളിലും മറ്റും AED ലഭ്യമായി വരുന്നുണ്ട്. അപകടസ്ഥലത്ത് ലഭ്യമായ മോഡൽ മെഷീൻ ഉപയോഗിച്ച് പരിചയമില്ലാത്ത ഒരാൾക്കാണെങ്കിൽ പോലും അത് പ്രവർത്തിപ്പിക്കാൻ വേണ്ട മാർഗനിർദേശങ്ങൾ മെഷീന്‌ മുകളിൽ ലളിതമായി എഴുതിയിട്ടുണ്ടാകും.

ഷോക്കിന്‌ ശേഷവും അനക്കമില്ലെങ്കിൽ കമ്പ്രഷൻ തുടരുക. ആശുപത്രിയിലേക്ക്‌ എത്രയും പെട്ടെന്ന് നെഞ്ചിലമർത്തിക്കൊണ്ട്‌ തന്നെ ഷിഫ്‌റ്റ്‌ ചെയ്യുക. ഈ സമയത്തിനുള്ളിൽ ഫോൺ സ്‌പീക്കർ മോഡിലിട്ടോ മറ്റോ സഹായത്തിന്‌ ആളും വാഹനവുമെത്തിക്കാൻ ശ്രമിക്കണം. ഒരു അപകടസ്ഥലത്ത് CPR അറിയുന്ന ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ കുറേക്കൂടെ ഫലപ്രദമായി ഇത് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ എല്ലാവരും ഒരുപോലെ CPR പഠിച്ച്‌ വെക്കുന്നത്‌ എന്ത് കൊണ്ടും നല്ലതാണ്‌. ആർക്കറിയാം, ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് നമുക്കാണെങ്കിലോ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top