19 April Friday

"രോഗബാധിതരായി ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുവീണപ്പോഴും മോഡിയുടെ ചിത്രം പതിച്ച വാക്‌സിന്‍ കയറ്റുമതി ചെയ്തു': കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021

കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രാജ്യമാകെ രോഗം പടരുകയാണ്. രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ വാക്‌സിന്റെ കാര്യത്തില്‍ കൈമലര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നില്ലെന്നും, വിതരണത്തില്‍ വിവേചനം കാട്ടുന്നതായും പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഡോ. എ ആര്‍ ഷാനവാസിന്റെ കുറിപ്പ്

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചു വാര്‍ത്തകളും അവയോടനുബന്ധിച്ച് കേന്ദ്രത്തോടുള്ള കുറച്ചു ചോദ്യങ്ങളും.

1) പോയിന്റ് ഒന്നും അതിന്റെ ചോദ്യങ്ങളും.

  • വാക്‌സിന്‍ നിര്‍മ്മിതിയുടെ ആദ്യഘട്ടത്തില്‍  ഇന്ത്യ 5.6 കോടി കോവിഷീല്‍ഡ് വാക്സിന്‍ യൂണിറ്റിന് 210 രൂപയ്ക്കും ഒരു കോടി ഡോസ് കോവാക്‌സിന്‍ യൂണിറ്റിന് 309.75 രൂപയ്ക്കും വാങ്ങി. ആകെ ഏകദേശം 6.6 കോടി  വാക്സിനുകള്‍.
  • 2021 മാര്‍ച്ച് വരെ ഇന്ത്യ 1486 കോടി ചെലവില്‍ 6.5 കോടി വാക്സിനുകള്‍ കയറ്റുമതി ചെയ്തു.
  • അതിന് ശേഷം കേന്ദ്ര ആരോഗ്യ ബജറ്റിലൂടെ സര്‍ക്കാര്‍  2 കോടി കോവാക്‌സിന്‍, 10കോടി കോവിഷീല്‍ഡ് എന്നിവ യൂണിറ്റിന് 157.50 രൂപയ്ക്ക് വാങ്ങാന്‍ തുടങ്ങി.

 

? പിഎം കെയര്‍സ് വഴി വളരെ ഉയര്‍ന്ന വിലയ്ക്ക് വാക്‌സിനുകള്‍ വാങ്ങുകയും പിന്നീട് അവയെല്ലാം കയറ്റുമതി ചെയ്യുകയും ചെയ്തത് എന്തു കൊണ്ട്?
? ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ഈ വാക്‌സിനുകള്‍ എന്ത് വിലയ്ക്കാണ് കയറ്റുമതി ചെയ്തത്? വാങ്ങിയതിനേക്കാള്‍ വില കുറച്ചാണ് കയറ്റുമതി ചെയ്തത് എന്ന അണിയറ വാര്‍ത്ത ശരിയാണ് എങ്കില്‍ മോഡിയുടെ പി ആര്‍ വര്‍ക്കിന് വേണ്ടി കോടി കണക്കിന് രൂപ വെറുതെ പൊടിച്ചു കളഞ്ഞതല്ലേ?
? രോഗബാധിതരായി ആയിരക്കണക്കിന് മനുഷ്യര്‍ ഇവിടെ മരിച്ചുവീഴുമ്പോള്‍, അത് കണ്ട് ഭയന്ന് ഇന്ത്യക്കാര്‍ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇടിച്ചു കയറി തിക്കി തിരക്കി നിന്ന് തളര്‍ന്ന് വീഴുമ്പോള്‍, മോഡിയുടെ ചിത്രം പതിച്ച വാക്‌സിനുകള്‍ അന്യ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ പിഎം കെയര്‍സ് ഫണ്ട് പ്രധാനമന്ത്രി മോഡിയുടെ അന്തര്‍ദ്ദേശീയ പിആര്‍ വര്‍ക്ക് ചെയ്യാന്‍ വേണ്ടി ഉള്ളതാണോ?
? സ്വന്തം രാജ്യത്ത് വിതരണത്തിനായി ഉപയോഗിക്കുന്നതിന് പകരം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ആയിരുന്നു എങ്കില്‍ ഇത്ര ഉയര്‍ന്ന വില നല്‍കി ധൃതി കൂട്ടി വാക്‌സിനുകള്‍ വാങ്ങിയത് എന്തിനാണ്?
? കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോ പതിപ്പിച്ച് കോവിഡ് വാക്സിന്റെ ക്രെഡിറ്റ് എടുക്കാന്‍ നടക്കുന്ന മോഡി,  എന്ത് കൊണ്ടാണ് കോവിഡ് വാക്സിന്‍ ഷോര്‍ട്ടേജ് കാരണമുള്ള കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തത്?

2) പോയിന്റ് രണ്ടും അതിന്റെ ചോദ്യങ്ങളും.

  • 50 % വാക്‌സിന്‍ വില നിയന്ത്രണം സ്വകാര്യ മരുന്നു കമ്പനികളെ ഏല്‍പ്പിച്ചു.

 

? സ്വന്തം ജനത കോവിഡ് ബാധിച്ച് ഇയ്യാം പാറ്റകളെ പോലെ നിസ്സഹായരായി മരിച്ചു വീഴുമ്പോഴും , കോര്‍പ്പറേറ്റുകളെ സഹായിക്കന്‍ വേണ്ടിയല്ലേ വാക്‌സിന്‍ വില നിയന്ത്രണം മരുന്നു കമ്പനികളെ ഏല്‍പ്പിച്ചത്?

? പെട്രോള്‍ ഡീസല്‍ വില നിയന്ത്രണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചതിന്റെ എല്ലാ തിക്ത ഫലങ്ങളും അനുഭവിക്കുന്ന ഒരു ജനതയോട് വാക്‌സിന്‍ വില നിയന്ത്രണം സ്വകാര്യ മരുന്നു കമ്പനികളെ ഏല്‍പ്പിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് പ്രത്യേകം പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാര്യമുണ്ടോ?

  • സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനവാല പറഞ്ഞത് ഒരു ഡോസ് വാക്സിന് 1470 രൂപയോളം നിര്‍മ്മാണ ചിലവ് ആകുന്നു എന്നാണ്. അതേ വിലക്ക് തന്നെ വാക്സിന്‍ കൊടുത്താല്‍ പോലും ഒരാള്‍ക്ക് രണ്ട് ഡോസ് ആകുമ്പോള്‍ 3000 രൂപ വേണം.

ഇത് വരെ വെറും 12 കോടി പേര്‍ക്ക് മാത്രമാണ് വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തിട്ടുള്ളത്. ഹേര്‍ഡ് ഇമ്മ്യൂണിറ്റി കിട്ടാനുള്ള 70% കവറേജ് നോക്കിയാല്‍ ഇനിയും 90 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ വേണം.
അപ്പോള്‍ 90 കോടി x 3000 രൂപ = 270 ലക്ഷം കോടി രൂപ!
ദാരിദ്ര്യരേഖക്ക് താഴെ ഇപ്പോഴും ഏകദേശം 70% ആളുകള്‍ ഉള്ള ഒരു രാജ്യമാണ് ഈ ഇന്ത്യ മഹാരാജ്യം എന്ന് ഓര്‍ക്കുക . അവരുടെ ഒരു മാസത്തെ വരുമാനം ഈ കോവിഡ് വാക്സിന്റെ ഒരു ഡോസിന്റെ വിലയെക്കാള്‍ കുറവാണ്.

? അപ്പോള്‍ ഈ ദരിദ്ര നാരായണന്‍മാര്‍ ചത്തൊടുങ്ങട്ടെ എന്നാണോ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?

3) പോയിന്റ് മൂന്നും അതിന്റെ ചോദ്യങ്ങളും.

  • 2021 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന  നാഷണല്‍ കോവിഡ് -19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ലിബറലൈസ്ഡ് ആക്‌സിലറേറ്റഡ് ഫേസ് 3 സ്ട്രാറ്റജി പ്രകാരം 18-45 വയസ്സുകാര്‍ക്ക് വാക്‌സിന്‍ നല്‍കും.

 

? ഇപ്പോള്‍ തന്നെ രൂക്ഷമായ വാക്സിന്‍ ഷോര്‍ട്ടേജ് ഉള്ളപ്പോള്‍ വെറും 10 ദിവസം കൊണ്ട് ( മെയ് 1 മുതല്‍ ) എന്ത് മാജിക് കാണിച്ചാണ്  18-45 വയസ്സുകാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പോകുന്നത്? ഇപ്പോള്‍ നിലവിലെ പോളിസി പ്രകാരം തന്നെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ തികയുന്നില്ല . ഈ സാഹചര്യത്തില്‍ എങ്ങനെയാണു 18-45 ഗ്രൂപ്പുകാര്‍ക്ക് വാക്‌സിന്‍ നല്കാന്‍ കഴിയുക ? ഇതിനെ മോഡിയുടെ മറ്റൊരു തള്ളായി മാത്രം കണ്ടാല്‍ കുറ്റം പറയാന്‍ പറ്റുമോ?

4) പോയിന്റ് നാലും അതിന്റെ ചോദ്യങ്ങളും.

  • കോവിഡ് രോഗികള്‍ സീരിയസ് ആകുമ്പോള്‍ നല്‍കുന്ന റെംഡെസിവിര്‍ എന്ന വില കൂടിയ മരുന്നിന്റെ വയലുകള്‍ മുംബൈയില്‍ നിന്ന് വന്‍തോതില്‍  കടത്താനുള്ള ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓര്‍ക്കുക, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റെംഡെസിവിറിന്റെ കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

? മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നല്‍കാന്‍ ആണ് ഈ മരുന്ന് കടത്തിയത് എന്നാണ് അറസ്റ്റില്‍ ആയവര്‍ നല്‍കിയ മൊഴി. കേന്ദ്ര സര്‍ക്കാറിനോ സംസ്ഥാന സര്‍ക്കാരിനോ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കോ മാത്രം വാങ്ങാന്‍ അധികാരം ഉള്ള മരുന്നുകള്‍ എങ്ങനെയാണ് ഫഡ്നാവിസിനോ അല്ലെങ്കില്‍ ബിജെപി ക്കോ നല്‍കുന്നത്?

? ഇനി ഈ അറസ്റ്റില്‍ ആയവരുമായി ഒരു ബന്ധവുമില്ല എങ്കില്‍ എന്തിനാണ് അറസ്റ്റില്‍ ആയ മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ രക്ഷിക്കാന്‍ ഫഡ്നാവിസ് രാത്രി തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിയത്?എന്തിനാണ് പോലീസിന്റെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്?

5) പോയിന്റ് അഞ്ചും അതിന്റെ ചോദ്യങ്ങളും.

  • കോവിഡ് വാക്സിനേഷന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും, പിന്നീട് 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും, പിന്നെ 45 വയസ്സിന് മുകളില്‍ പ്രായവും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും, പിന്നെ  45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാപേര്‍ക്കും എന്നായിരുന്നു കേന്ദ്രത്തിന്റെ പ്രോട്ടോകോള്‍.

 

? അപ്പോള്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അനന്തിരവനും 23 വയസ്സുള്ള എഞ്ചിനിയറും ആയ തന്മയ് ഫഡ്നാവിസ് എങ്ങനെയാണ് 2 കോവിഡ് ഡോസും എടുത്തത്? അതും രൂക്ഷമായ വാക്സിന്‍ ഷോര്‍ട്ടേജ് ഉള്ളപ്പോള്‍?

6) പോയിന്റ് ആറും അതിന്റെ ചോദ്യങ്ങളും.

  • കോവിഡിന് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവിര്‍, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവക്ക് ജിഎസ്ടി നിരക്ക് 12 ശതമാനമാണ്. ശരീരത്തിന്റെ ഓക്‌സിജന്‍ അളക്കുന്ന ഓക്‌സിമീറ്ററുകള്‍ പോലുള്ള ഉപകരണങ്ങള്‍ക്കും വെന്റിലേറ്ററുകള്‍ പോലുള്ള ജീവന്‍ രക്ഷിക്കുന്ന നിര്‍ണായക ഉപകരണങ്ങള്‍ക്കും ജിഎസ്ടി നിരക്ക് 20 ശതമാനമാണ്. മാസ്‌കും സാനിറ്റൈസറിനും 18 % ആണ് ജിഎസ്ടി നിരക്ക്.

 

? എന്ത് കൊണ്ടാണ് ലോകം മൊത്തം വിറങ്ങലിച്ചു നില്‍ക്കുന്ന ഈ മഹാമാരി നേരിടാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ക്ക് ഇത്ര ഉയര്‍ന്ന ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തിയത്? സ്വന്തം ജനങ്ങള്‍ ചത്തൊടുങ്ങിയാലും എങ്ങനെയും പണം ഉണ്ടാക്കണം എന്ന ഹീന ചിന്ത അല്ലെ ഇതിന് പുറകില്‍.

7) പോയിന്റ് ഏഴും അതിന്റെ ചോദ്യങ്ങളും.

  • വാക്സിന് രൂക്ഷമായ ക്ഷാമം ആണെന്ന് പറയപ്പെടുന്നു.

 

? 6.5 കോടി കോവിഡ് വാക്സിനുകള്‍ കയറ്റി അയച്ചത് കാരണമല്ലേ ഇപ്പോള്‍ രൂക്ഷമായ വാക്സിന്‍ ഷോര്‍ട്ടേജ് വരാന്‍ ഒരു കാരണം.

? വാക്സിന്‍ സബ്സിഡി നല്‍കിയ 3000 കോടി രൂപ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ആവര്‍ത്തിച്ച് ചോദിച്ചിട്ടും പിഎം കെയര്‍സ് ഫണ്ടില്‍ കോടികള്‍ ഉണ്ടായിട്ട് പോലും കൊടുക്കാത്തത് അല്ലെ രൂക്ഷമായ വാക്സിന്‍ ഷോര്‍ട്ടേജ് വരാന്‍ മറ്റൊരു കാരണം.

? വാക്സിന്‍ ഷോര്‍ട്ടേജ് മനഃപൂര്‍വം സൃഷ്ടിച്ച്, വാക്‌സിന്‍ വില നിയന്ത്രണം സ്വകാര്യ മരുന്നു കമ്പനികളെ ഏല്‍പ്പിച്ചു, അവര്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കി നല്‍കാന്‍ ഉള്ള അജണ്ട ആയിരുന്നു ഇതൊക്കെ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?

ഇനി ഇതൊക്കെ നടക്കുമ്പോള്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നറിയണ്ടേ?

► പ്രധാനമന്ത്രി ബംഗാളില്‍ ലക്ഷകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഇലക്ഷന്‍ പ്രചരണ റാലികള്‍ നടത്തുകയാണ്.
► കേന്ദ്ര ആഭ്യന്തര മന്ത്രി മാസ്‌ക് പോലുമില്ലാതെ സാമൂഹിക അകലം പാലിക്കാതെ ലക്ഷങ്ങള്‍ പങ്കെടുത്ത കുംഭമേളയില്‍ പങ്കെടുക്കുകയാണ്.
► കേന്ദ്ര ആരോഗ്യ മന്ത്രി ആകട്ടെ വ്യാജ്യ മരുന്നിന്റെ അപ്പോസ്തലനായ ബാബ രാംദേവിന്റെ ഫ്രോഡ് മരുന്നും (?) പൊക്കി പിടിച്ചു കൊണ്ട് നടക്കുകയാണ്.
► കേന്ദ്ര ധനകാര്യ മന്ത്രി ആകട്ടെ കോവിഡ് പോരാട്ടത്തിന്റെ കാര്യം തന്നെ മറന്ന് കണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാം ആക്രി വിലക്ക് തൂക്കി വില്‍ക്കുന്ന തിരക്കിലാണ്.

 

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചു വാർത്തകളും അവയോടനുബന്ധിച്ച് കേന്ദ്രത്തോടുള്ള കുറച്ചു...

Posted by Shanavas AR on Tuesday, 20 April 2021

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top