19 April Friday

കൊറോണ: കേരളം വീണ്ടും ഒന്നാമതെത്തുമ്പോള്‍- മുരളി തുമ്മാരുകുടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിപ്പോള്‍ കേരളത്തില്‍ നിന്നാണ്.എന്താണ് ഇത് കാണിക്കുന്നത് ?.കേരളത്തിന്റെ കോവിഡ് തന്ത്രം പാളുകയാണോ?.സ്വാഭാവികമായ ചോദ്യമാണ്.അതിന് ഉത്തരം പറയുന്നതിന് മുന്‍പ് കുറച്ചു പഴയ കാര്യങ്ങള്‍ ഓര്‍ക്കാം'

ഫേസ്‌ബുക്ക് കുറിപ്പ്


കൊറോണ: കേരളം വീണ്ടും ഒന്നാമതെത്തുമ്പോള്‍

കേരളത്തിലെ കൊറോണ കേസുകള്‍ വീണ്ടും കൂടുകയാണ്.

രണ്ടായിരത്തി ഇരുപത്തി ഒന്ന് മെയ് പന്ത്രണ്ടാം തിയതി നാല്‍പ്പത്തി മൂവായിരം എത്തിയ കേസുകള്‍ പതിനായിരത്തിന്റെ താഴെ  എത്തിയതിന് ശേഷം വീണ്ടും ഇരുപതിനായിരത്തിന് മുകളില്‍ എത്തി.ഇന്ത്യയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഇപ്പോള്‍ കേരളത്തില്‍ നിന്നാണ്.

എന്താണ് ഇത് കാണിക്കുന്നത് ?

കേരളത്തിന്റെ കോവിഡ് തന്ത്രം പാളുകയാണോ  ?

സ്വാഭാവികമായ ചോദ്യമാണ്.

അതിന് ഉത്തരം പറയുന്നതിന് മുന്‍പ് കുറച്ചു പഴയ കാര്യങ്ങള്‍ ഓര്‍ക്കാം.

ഇതാദ്യമായിട്ടല്ല കേരളം കോവിഡിന്റെ കാര്യത്തില്‍ ഒന്നാമതെത്തുന്നത്.രണ്ടായിരത്തി ഇരുപത് ജനുവരി മുപ്പതിന് ആദ്യമായി ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കണ്ടെത്തിയത് കേരളത്തില്‍ ആയിരുന്നു.

രണ്ടായിരത്തി ഇരുപത് മാര്‍ച്ചില്‍ ഇന്ത്യയില്‍ പലഭാഗങ്ങളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൂടി വന്നപ്പോള്‍ വീണ്ടും കേരളം ഒന്നാമതെത്തി. അയല്‍ സംസ്ഥാനം കേരളവുമായിട്ടുള്ള അതിര്‍ത്തി അടച്ചിടാന്‍ ശ്രമിക്കുന്നത് വരെ ആയി കാര്യങ്ങള്‍

ഒക്ടോബര്‍ 2020ല്‍ വീണ്ടും കേരളം ഒന്നാമതെത്തി

ജനുവരി  2021ല്‍ വീണ്ടും കേരളം ഒന്നാമതെത്തി

ഇപ്പോള്‍ ഇതാ ജൂലൈ രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ വീണ്ടും

നമ്മുടെ തന്ത്രം വീണ്ടും വീണ്ടും പിഴച്ചതാണോ ?

അല്ല.

അതിന്റെ കാരണം അറിയണമെങ്കില്‍ എന്താണ് കൊറോണയെ നേരിടാനുള്ള തന്ത്രം എന്നറിയണം.

കൊറോണക്ക് വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ കൊറോണയെ നേരിടാനുള്ള തന്ത്രം കൊറോണ പകരുന്നത് പരമാവധി കുറക്കുകയും ഓരോ പ്രദേശത്തും ലഭ്യമായ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുമുകളില്‍ രോഗികളുടെ എണ്ണം എത്തുന്നത് തടയുകയും ചെയ്യുക എന്നതായിരുന്നു.

 എവിടെ ഒക്കെ പരിചരണം വേണ്ടി വരുന്ന  രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ മുകളില്‍ എവിടെ ഒക്കെ പോയിട്ടുണ്ടോ അവിടെ ഒക്കെ കോവിഡ് കൊണ്ടുള്ള മരണ നിരക്ക് ഏറെ ഉയര്‍ന്നിട്ടുണ്ട്. ഐ സി യു കിട്ടാതെ, ഓക്‌സിജന്‍ കിട്ടാതെ എന്തിന് ആശുപത്രിയില്‍ ഒരു ബെഡ് പോലും കി്ട്ടാതെ ആളുകള്‍ ബുദ്ധിമുട്ടുന്നത് നാം കണ്ടു.

നാലു പ്രാവശ്യം ഒന്നാമതായിട്ടും ഒരിക്കലും ഓക്‌സിജന്‍ ഇല്ലാതെ ആളുകള്‍ മരിക്കുന്ന, അല്ലെങ്കില്‍ ഐ സി യു കിട്ടാത്ത അവസ്ഥ കേരളത്തില്‍ ഉണ്ടായിട്ടില്ല.

ഇത് ഒന്നാം തരംഗത്തില്‍  കോവിഡ് കൈകാര്യം ചെയ്ത തന്ത്രത്തിന്റെ വിജയം തന്നെയാണ്.

കോവിഡിനെ നമ്മള്‍ കൈകാര്യം ചെയ്തത് എത്രമാത്രം ശരിയായിരുന്നു എന്നറിയാന്‍ കണക്കുകള്‍ വേറെയും ഉണ്ട്.  

കോവിഡിന്റെ തരംഗങ്ങള്‍ ഒന്നും രണ്ടും ഒക്കെ വന്നിട്ടും ഇപ്പോഴും മരണ നിരക്ക് കേരളത്തില്‍ ഒരു ശതമാനത്തിലും കുറവാണ്.

കോവിഡ് മൂലം സംഭവിച്ച എല്ലാ മരണങ്ങളും കണക്കില്‍ പെടുത്തിയിട്ടില്ല എന്നുള്ള ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു മരണക്കണക്ക് ഉണ്ട്.

കോവിഡ് കാലത്തുണ്ടാകുന്ന മരണങ്ങള്‍ കോവിഡ് മൂലമാണോ അല്ലയോ എന്ന് വേര്‍തിരിക്കുന്നതില്‍ ശാസ്ത്രീയവും പ്രയോഗികവുമായ പല പ്രശ്‌നങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ  ഈ കോവിഡ് കാലത്ത് മൊത്തം എത്ര മരണം ഉണ്ടായി (കോവിഡ് മൂലവും അല്ലാതേയും). അത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എത്ര കൂടുതല്‍ (അല്ലെങ്കില്‍ കുറവ്) ആയിരുന്നു എന്നതാണ് രാജ്യങ്ങള്‍ കോവിഡ് പ്രതിരോധം എത്രമാത്രം ഫലപ്രദമായിരുന്നു എന്നതിനെ അളക്കാന്‍ ഉപയോഗിക്കുന്ന ഒരു അളവ്.

രണ്ടായിരത്തി ഇരുപതില്‍ രണ്ടായിരത്തി പത്തൊമ്പതിനെ അപേക്ഷിച്ച് കേരളത്തില്‍ മൊത്തം മരണങ്ങളുടെ എണ്ണം ഇരുപത്തി മൂവായിരം കുറവായിരുന്നു !.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം മെയ് വരെ ഉള്ള മൊത്തം മരണ സംഖ്യ അതിനു മുന്‍പുള്ള വര്‍ഷവുമായി താരതമ്യപ്പെടുത്തിയുള്ള കണക്കുകള്‍ വന്നിട്ടുണ്ട്.

ഇവിടെയും കേരളത്തില്‍ മൊത്തം മരണം അതിനു മുന്‍പുള്ള കാലത്തേ പോലെ തന്നെ നില്‍ക്കുന്നു. അതായത് കോവിഡ് മൂലം അധിക മരണങ്ങള്‍ ഉണ്ടായപ്പോഴും മറ്റു കാരണങ്ങള്‍ കൊണ്ടുള്ള മരണസംഖ്യ കുറഞ്ഞതിനാല്‍ മൊത്തം മരണ നിരക്ക് കൂടിയിട്ടില്ല. ഇതല്ല മറ്റു പ്രദേശങ്ങളിലെ സ്ഥിതി.

ഇതും വരും കാലത്ത് ചര്‍ച്ച ചെയ്യപ്പെടും.

കോവിഡ് വാക്‌സിന്‍ കണ്ടു പിടിച്ചതിന് ശേഷം ലോകത്തെവിടെയും  കോവിഡ് സ്ട്രാറ്റജിയില്‍ ഒരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്.

പുതിയതായി ഉണ്ടാകുന്ന പരിചരണം ആവശ്യമായ കേസുകളുടെ എണ്ണം കുറച്ചു നിര്‍ത്തി ആരോഗ്യ സംവിധാനങ്ങളുടെ പരിധിയില്‍ നിര്‍ത്തുന്നതിനോടൊപ്പം പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് അത്.

അതില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ, മുന്നണി പോരാളികളെ, പ്രായമായവരെ, മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ ഒക്കെ ഏറ്റവും വേഗത്തില്‍ വാക്്‌സിനേറ്റ് ചെയ്യുക എന്നതാണ്.

ഇതാണ് നമ്മള്‍ പിന്തുടരുന്നതും, വിജയകരമായി പ്രവര്‍ത്തികമാക്കുന്നതും.

ഇനി ബാക്കിയുള്ളത് ഏറ്റവും വേഗത്തില്‍ ജനസംഖ്യയില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ്. ഇതാണ് സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. വാക്‌സിനുകള്‍ ലഭ്യമാകുന്ന മുറക്ക് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും വേഗത്തില്‍ അത് ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെയും തന്ത്രത്തില്‍ മാറ്റത്തിന്റെ ആവശ്യമൊന്നുമില്ല. ഓരോ തവണയും കേസുകള്‍ കൂടുകയും മറ്റിടങ്ങളില്‍  കുറയുകയും ചെയ്യുമ്പോഴും കേരളം ഒന്നാമതായി എന്നുള്ള വാര്‍ത്തകളും തന്ത്രം പാളി എന്നുള്ള മുറവിളികളും ഒക്കെ ഉയരുമ്പോഴും നമ്മുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം ശാസ്ത്രത്തിലൂന്നി മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ചെയ്യേണ്ടത്. സംശയത്തിന്റെ കാര്യം ഒന്നുമില്ല.

പിന്നെ എന്തുകൊണ്ടാണ് കേരളത്തില്‍ കേസുകളുടെ എണ്ണം കുറയാത്തത് ?

കൊറോണ കേസുകള്‍ അമിതമായി വര്‍ധിക്കാതെ സൂക്ഷിച്ച നമ്മുടെ പ്രതിരോധത്തിന്റെ വിജയമാണ് അതിന് കാരണം.

ഐ സി എം ആറിന്റെ ഏറ്റവും പുതിയ സിറോ സര്‍വ്വേ അനുസരിച്ചും ഇന്ത്യയില്‍ കൊറോണയുടെ ആന്റിബോഡി കേരളത്തില്‍ പകുതി ആളുകളിലും ഇല്ല. അതായത് രണ്ടായിരത്തി ഇരുപത് ജനുവരി മുപ്പതിന് കേരളത്തില്‍ എത്തിയ കൊറോണ വൈറസ് ഇപ്പോഴും നമ്മുടെ ജനസംഖ്യയുടെ പകുതിയിലും എത്താതെ നോക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊരു നിസ്സാര കാര്യമല്ല.

പക്ഷെ ഇത്തരത്തില്‍ ഒന്നരക്കോടി ആളുകളോളം രോഗം ബാധിക്കാത്തവര്‍ ആയി ബാക്കി നില്‍ക്കുകയും വാക്സിനേഷന്‍ എല്ലാവരിലും എത്താതിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും രോഗികളുടെ എണ്ണം കൂടും. മൂന്നാമത്തെ തരംഗം ഉണ്ടാകും. കേരളത്തെ പോലെ തന്നെ കേസുകള്‍ അടിച്ചൊതുക്കുന്നതില്‍ ഏറെ വിജയം വരിച്ച ദക്ഷിണ കൊറിയയില്‍ അഞ്ചാമത്തെ തരംഗവും എത്തി എന്ന് ഓര്‍ക്കുക.

അപ്പോള്‍  നമ്മള്‍ ശ്രദ്ധിക്കേണ്ടത് കേസുകള്‍ കൂടുന്നോ, അടുത്ത തരംഗം ഉണ്ടാകുന്നോ എന്നതല്ല. ആശുപത്രി സംവിധാനങ്ങളുടെ പരിധിക്ക് താഴെ കേസുകള്‍ നിറുത്തുക, പരമാവധി വേഗത്തില്‍ വാക്‌സിനേഷന്‍ ആളുകളില്‍ എത്തിക്കുക, ജനസംഖ്യയുടെ ഭൂരിഭാഗത്തിനും പ്രതിരോധ ശേഷി ഉണ്ടാക്കുക എന്നതാണ്.

വാക്സിനേഷന്‍ ഏറെ എത്തിയിട്ടുള്ള സ്ഥലങ്ങളിലും (ഉദാഹരണം യു കെ) കേസുകള്‍ വര്‍ധിക്കുന്നുണ്ട്, പക്ഷെ മരണ നിരക്ക് ഏറെ കുറഞ്ഞു. ജനജീവിതം ഏറെക്കുറെ പഴയത് പോലെ ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.നിയന്ത്രണങ്ങള്‍ ഏറെ നീക്കി. വിദ്യാഭ്യാസം സ്‌കൂളുകളിലേക്ക് എത്തി. ആളുകള്‍ യാത്രകള്‍ ആരംഭിച്ചു.

ഇതായിരിക്കണം ഇനി നമ്മുടെ ലക്ഷ്യം.

കൊറോണ കേരളത്തിന്റെ ജീവിതത്തെ ബാധിച്ചിട്ട് പതിനെട്ട് മാസത്തോളം ആയി. വിദ്യാര്‍ത്ഥികളുടെ പഠനവും പരീക്ഷയും ഒക്കെ ഒരു കണക്കില്‍ നടത്തുന്നുണ്ടെങ്കിലും വിദ്യ അഭ്യസിക്കുന്നതിനപ്പുറത്ത് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടതൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല. പുതിയതായി സ്‌കൂളില്‍ എത്തുന്നവര്‍ എന്താണ് വിദ്യാലയം എന്ന് അറിയുന്നുപോലുമില്ല. ഒരു തലമുറയുടെ മുഴുവന്‍ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുന്നുണ്ട്. പതിറ്റാണ്ടുകളോളം ഇതിന്റെ പ്രത്യാഘാതം നമുക്ക് ചുറ്റും ഉണ്ടാകും.

ഇത് നമുക്ക് മാറ്റിയെടുക്കണം.ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളില്‍ വരുന്ന ഒരു സംവിധാനം നമുക്ക് ഉണ്ടാക്കിയെടുക്കണം. സുരക്ഷിതമായി സാധിക്കുന്നതില്‍  ഏറ്റവും വേഗത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ തിരിച്ചു വിദ്യാലയങ്ങളില്‍ എത്തിക്കണം.

സാമ്പത്തികമായ വെല്ലുവിളി ചുറ്റിലും ഉണ്ട്. തിരിച്ചു വരുന്ന പ്രവാസികള്‍ ലക്ഷക്കണക്കിന്, തിരിച്ചു പോകാന്‍ പറ്റാത്തവരും അതുപോലെ തന്നെ. ടൂറിസം രംഗം മരവിച്ചു കിടക്കുന്നു. അതിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍, ഓട്ടോ ഡ്രൈവര്‍ മുതല്‍ റിസോര്‍ട്ട് ഉടമസ്ഥര്‍ വരെ. അവരുടെ പിടിച്ചു നില്‍ക്കാനുള്ള കഴിവിന്റെ അവസാനത്തിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒക്കെ വ്യാപാരികള്‍ പൊട്ടിക്കരയുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.

കോട്ടയത്തെ ടൂറിസ്റ്റ് ബസ് ഉടമയെപ്പോലെ  ചിലരെങ്കിലും ആത്മഹത്യ വരെ ചെയ്യുന്നു.കൊറോണമൂലം ആളുകള്‍ അമിതമായി മരിക്കുന്നത് ഒഴിവാക്കുന്നതോടൊപ്പം നമ്മുടെ സാമ്പത്തിക രംഗം മരിച്ചു പോകാതെ നോക്കേണ്ട ആവശ്യമുണ്ട്. ഇതിനെ ഒരു പൊലീസ് പ്രശ്‌നമായി മാത്രം  കാണരുത്. ഓരോ മാസവും കൃത്യമായി ശമ്പളം മേടിക്കുന്നവര്‍ മാത്രം ഈ വിഷയത്തില്‍ തീരുമാനം എടുത്താല്‍ സ്ഥിരവരുമാനം ഇല്ലാത്തവരുടെ  പ്രശ്‌നങ്ങളോ വികാരങ്ങളോ ശരിയായ തരത്തില്‍ മനസ്സിലാക്കപ്പെടില്ല.

സമൂഹത്തിലെ എക്കണോമിക് എന്‍ജിന്‍ പതുക്കെയെങ്കിലും ചലിപ്പിക്കാനും സമൂഹത്തിലെ എല്ലാ തുറയില്‍ ഉള്ളവര്‍ക്കും അവരുടെ ജീവിത വൃത്തി മിനിമം ലെവലില്‍ എങ്കിലും കൊണ്ടുപോകാന്‍ തരത്തില്‍ എങ്ങനെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് എന്ന് സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരെ വിശ്വാസത്തിലെടുത്ത് തീരുമാനിക്കേണ്ട സമയമായി.

കൊറോണക്കപ്പുറത്ത് ഒരു കാലം ഉണ്ട്. ലോകത്ത് കൊറോണയുടെ അടുത്ത് മേല്‍ക്കൈ നേടിയ നാടുകളിലൊക്കെ സാമ്പത്തികമായി പൊതുവെ വലിയ മുന്നേറ്റം ഉണ്ടാകുന്നുണ്ട്. ഏറെ തൊഴില്‍ അവസരങ്ങള്‍ കൂടുന്നുമുണ്ട്. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്, ഇത്തരത്തിലുള്ള അവസരങ്ങള്‍ നമുക്ക് ഉണ്ടാകുമോ?

 ഇങ്ങനെ ഉണ്ടായി വരുന്ന അവസരങ്ങള്‍ക്ക് നമ്മള്‍ എങ്ങനെയാണ് തയ്യാറെടുക്കുന്നത് ?. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം ഒരു എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഉണ്ടാക്കണം. മറ്റു നാടുകളില്‍ നിന്നുള്ള പാഠങ്ങള്‍ പഠിക്കണം, നമ്മുടെ തൊഴില്‍ രംഗവും സമ്പദ്വ്യവസ്ഥയും വേണ്ടത്ര വേഗതയില്‍ ഉണര്‍ന്നു വരാനുള്ള നയങ്ങള്‍ രൂപീകരിക്കണം.

പക്ഷെ അതിനിടക്ക് തരംഗങ്ങള്‍ ഇനിയുമുണ്ടാകും, കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിലും കൊറോണക്കേസുകളുടെ കാര്യത്തിലും ഒക്കെ ഇനിയും ഒന്നാമതാകും. കൊറോണയെപ്പറ്റിയുള്ള ആദ്യത്തെ ലേഖനത്തില്‍ പറഞ്ഞത് പോലെ കൊറോണ ഒരു നൂറു മീറ്റര്‍ ഓട്ടമല്ല. ഇടക്കെവിടെയെങ്കിലും നമ്മള്‍ ഒന്നാമതാണോ ഒമ്പതാമതാണോ എന്നുള്ളതൊന്നും അത്രമാത്രം പ്രസക്തമല്ല. നമ്മള്‍ തീര്‍ച്ചയായും ഈ കൊറോണക്കാലത്തിന്റെ അവസാനത്തെ പാദത്തില്‍ ആണ്.  നമ്മുടെ എല്ലാവരുടെയും കഴിവിനെയും ക്ഷമയുടെയും ഒക്കെ പരിധികള്‍ ടെസ്റ്റ് ചെയ്യപ്പെടുകയാണ്.  


ക്ഷമയോടെ പിടിച്ചു നില്‍ക്കുക എന്നതാണ് വ്യക്തിപരമായി നമ്മള്‍ ചെയ്യേണ്ടത്. നമ്മുടെ ചുറ്റുമുള്ളവരെ സാമ്പത്തികമായും മാനസികമായും വീണുപോകാതെ പിടിച്ചു നിര്‍ത്തേണ്ട സാമൂഹ്യ ഉത്തരവാദിത്തവും നമുക്കുണ്ട്.

സുരക്ഷിതരായിരിക്കുക. തുരങ്കത്തിനപ്പുറം പ്രകാശം ഉണ്ട്.

മുരളി തുമ്മാരുകുടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top