30 March Thursday

ചൈനയില്‍ വെറും 9 കൊറോണ കേസ്; കൊറോണയ്ക്കെതിരെ വേണ്ടത് ചൈനീസ് സ്ലോഗന്‍: ഫര്‍സാന അലി

ലെനി ജോസഫ്Updated: Sunday Apr 25, 2021

കോട്ടയം > ''ഇന്ന് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും ഒന്‍പത് പുതിയ കേസുകളാണ്. ഇന്ത്യയില്‍ ഇന്നുമാത്രം 3.46 ലക്ഷം കേസുകള്‍.
ന്യൂസിലന്‍ഡിലേക്കും ഇസ്രയേലിലേക്കും നോക്കി അതിശയിക്കാതെ, ഇത്രയേറെ ജനങ്ങളുള്ള ഒരു രാജ്യം കൊറോണയെ കീഴ്‌പ്പെടുത്താന്‍ സ്വീകരിച്ച സ്ലോഗന്‍ ആണ് നമ്മളും പിന്തുടരേണ്ടത്. ''-- ചൈനയില്‍ പ്രവാസിയായ മലയാളി കഥാകൃത്ത് ഫര്‍സാന അലി ശനിയാഴ്ച ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍.

കഴിഞ്ഞദിവസം  ഫോണില്‍ വിളിച്ച സുഹൃത്തില്‍ നിന്ന് ചൈനയില്‍ ജീവിതം സാധാരണനിലയിലായതിന്റെ സന്തോഷവും  'നീ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന ചോദ്യത്തിന് ' ജീവനുണ്ട്, ജീവിതമില്ല' എന്നു 'കോമഡി മോഡി'ല്‍ നല്‍കിയ മറുപടിയും പങ്കുവച്ചാണ് ഗൗരവമുള്ള കാര്യം ഫര്‍സാന പറയുന്നത്.  

ചൈനയില്‍ 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ ലക്കും ലഗാനുമില്ലാതെ കോവിഡ് കേസുകളുണ്ടായി മരണം പതിവായപ്പോള്‍ 'വീട്ടില്‍ അടങ്ങിയിരിക്കുക' എന്ന ഒരൊറ്റ മരുന്ന് മാത്രമാണ് ജനങ്ങള്‍ക്ക് ചൈനീസ് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചത്. അനുസരിക്കാത്തവരെ പൊലീസ് പിടിച്ചുകെട്ടി വീട്ടിലേക്കിട്ടു. അപ്പാര്‍ട്‌മെന്റുകളുടെ കതകുകള്‍ അയണ്‍ ബാറുകള്‍ വച്ച്  ഉള്ളില്‍ നിന്നു തുറക്കാന്‍ പറ്റാത്ത വിധത്തിലാക്കി. സ്‌കൂളുകള്‍ അടച്ചു. പക്ഷേ അവശ്യവസ്തുക്കള്‍ക്കായി ആരും ബുദ്ധിമുട്ടിയില്ല; എല്ലാം കയ്യെത്തും ദൂരത്തുണ്ടായി.

ജനങ്ങള്‍ മാനസികമായി ഏറെ ബുദ്ധിമുട്ടിയെങ്കിലും സ്വയരക്ഷക്കും അതുവഴി രാജ്യത്തിനും വേണ്ടിയാണെന്ന ബോധ്യം സാവകാശം അവരിലുണ്ടായി. കേവലം രണ്ടു മാസത്തെ കഠിനമായ അനുസരിക്കലിന്റെ ഫലമായാണ് ചൈന കൊറോണയില്‍നിന്നു രക്ഷപെട്ടത്. ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോഴും ചൈനയില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത് കേട്ട അന്നത്തെ നിസ്സംഗതയാണ് മലയാളികളില്‍. ചൈനയുടെ അത്ര അകലെയല്ല ഡല്‍ഹി എന്ന് മാത്രം ഓര്‍മ്മിപ്പിക്കട്ടെ-- ഫര്‍സാന കുറിച്ചു.

'നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഗവണ്‍മെന്റിനെ  അനുസരിക്കുന്ന ശീലമില്ലല്ലോ. ലോക്ക്ഡൗണ്‍ പറഞ്ഞാല്‍ പോലും അതു വൃത്തിയില്‍ ചെയ്യില്ല. ഫെയ്ക്ക് കോവിഡ് റിപ്പോര്‍ട്ടുണ്ടാക്കി എത്ര ഇന്ത്യക്കാര്‍ ഇങ്ങോട്ടേക്ക്  (ചൈനയിലേക്ക്) വന്നു ! രണ്ടു വര്‍ഷത്തേക്ക് നിങ്ങളുടെ സ്ഥിതിഗതികള്‍ മാറാന്‍ ചാന്‍സില്ല..' പാത്രം കൊട്ടല്‍ ആഹ്വാനം ചെയ്യപ്പെടും മുന്നേ, കൊറോണയുടെ തുടക്കകാലത്ത് ചൈനക്കാരി സുഹൃത്തു പറഞ്ഞ വാക്കുകളും  ഫര്‍സാന പങ്കുവെക്കുന്നു.

'വുഹാന്‍ ലാബില്‍ നിന്നു ചൈന മനഃപൂര്‍വം പുറത്തേക്ക് വിട്ടതാണ് കൊറോണ വൈറസ് എന്ന തിയറിയുമായി ദയവു ചെയ്ത് കമന്റ് ബോക്‌സ് നിറയ്ക്കാതിരിക്കുക. ഞാന്‍ തിരിഞ്ഞു നോക്കില്ല' എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കോവിഡ് പൊട്ടിപ്പുറപ്പെടും മുമ്പ് ചൈനയില്‍ നിന്ന്   അവധിക്കു നാട്ടിലേക്കു പോന്നതാണ് ഫര്‍സാന. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ചൈനയിലേക്ക് വിലക്കുള്ളതിനാല്‍ ഇന്ത്യയില്‍ കുടുങ്ങിയിരിക്കുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top