26 April Friday

"ഈ പ്രോസസ്‌ പറയുന്ന പോലെ ഈസി അല്ല, അതാണ്‌ ഡോക്‌ടർ അല്ലാത്ത മുഖ്യമന്ത്രിയും, നഴ്‌സ്‌ അല്ലാത്ത ആരോഗ്യ മന്ത്രിയും ഒരു സൂപ്പർ പവർ ടീമുണ്ടാക്കിയിരിക്കുന്നത്'

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ബ്രിട്ടനിൽനിന്ന്‌ സിന്ധു എൽദോ എഴുതുന്നു.

അതേ... വൈകി വന്ന തീരുമാനം... ബ്രിട്ടനിൽ അടിയന്തിരാവസ്ഥ !! പക്ഷെ അതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ??

ഏകദേശം മൂന്നാഴ്ച മുൻപ് ജോലി സ്ഥലത്തു വച്ചൊരു പത്ര വാർത്ത കണ്ടാണ് ഞാൻ താമസിക്കുന്ന പോർട്സ്മൂത്തിൽ ഒരു കോവിഡ് രോഗ ബാധിത എയർപോർട്ടിൽ നിന്ന് സർജറിയിൽ നേരിട്ട് എത്തിയെന്നും ആ സർജറി ക്ളോസ് ആയെന്നും മനസ്സിലാക്കിയത്. അന്ന് ആ പത്രവാർത്തയും കൊണ്ട് നേരെ പോയത് എന്റെ ക്ലിനിക്കൽ മാനേജരുടെ അടുത്തേക്കാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഈ വാർത്തയുടെ അടിസ്ഥാനത്തിൽ എടുക്കേണ്ട മുൻകരുതൽ, വ്യക്തിപരമായ കൺസേൺ അറിയിച്ചു.വിസിറ്റേഴ്സ് നെ ബാൻ/ലിമിറ്റ് ചെയ്യുക, റിസ്ക് അസസ്‌മെന്റ് ഹാൻഡ് ജെൽ, മറ്റ് പി പി ഇതിനെ കുറിച്ചൊക്കെ സംസാരിച്ചു.. അപ്പോൾ എനിക്ക് അൽപ്പം വട്ടുണ്ടോ എന്ന അർത്ഥത്തിൽ എന്നെ അവർ നോക്കി ചിരിച്ചു. ഡോണ്ട് വറി, ഇതങ്ങനെ വല്ല്യ സീരിയസ് അസുഖം ഒന്നുമല്ല .. സില്ലി ഗേൾ എന്നൊക്കെ പറഞ്ഞു ചുമലിൽ തട്ടി അഭിനന്ദിച്ചു.. !

ദിവസങ്ങൾ കടന്നു പോയി... ഒന്നും സംഭവിച്ചില്ല.. ആരും മൈൻഡ് ചെയ്തില്ല.. അടുത്ത സ്ഥലത്തുള്ള പലരും വൈറസ് ബാധിതരായി.. ഇല്ല.. അനക്കമില്ല.. ഈ കഴിഞ്ഞ ദിവസം... അവർ അവിടുത്തെ സന്ദർശകരെ ബാൻ ചെയ്തു. ഒരു യൂണിറ്റിൽ എല്ലാർക്കും പനി.. ചിലരെ ഹോസ്പിറ്റലിൽ വിട്ടു, ആ യൂണിറ്റ് ഐസൊലേഷൻ ചെയ്തു... ഇപ്പോൾ വന്ന പനി പടരുമോന്നുള്ള ചെറിയൊരു ആകുലത വന്നിട്ടുണ്ട്.. ഇനി ആകുലതകൾ കൂടും..

പക്ഷെ പി പി ഇ ആയി പ്ലാസ്റ്റിക് ഏപ്രൺ, ഗ്ലവ്സ്, അത്യാവശ്യം വന്നാൽ മാത്രം സർജിക്കൽ മാസ്ക്.. അവിടെ ജോലി ചെയ്യേണ്ടി വരുന്ന നഴ്സ് മാരുടെ, കെയർ സ്റ്റാഫിന്റെ, ക്ളീനേഴ്‌സിന്റെ മാനസിക അവസ്ഥ.. ഊഹിക്കുക... !!അവർ ജോലി കഴിഞ്ഞു വീടെത്തുമ്പോൾ, വീട്ടിലുള്ളവർ, കുഞ്ഞുങ്ങൾ ഒക്കെ റിസ്ക് കാറ്റഗറിയിൽ ഉള്ളവരെങ്കിൽ, (സ്വന്തം വീടുകളിൽ, ചെറിയ കുട്ടികൾ ഉള്ളവർക്ക് ഐസൊലേഷൻ അതി കഠിനം.!) ജീവിതം അത്രമേൽ ബുദ്ധിമുട്ടാണ് ഹെൽത് കെയർ സ്റ്റാഫിന്. ഇതുപോലെ പലയിടത്തും സ്ഥിതി ഇത് തന്നെ.. ഇതൊക്കെ മുൻകൂട്ടി കണ്ടാണ് നമ്മുടെ അഭിപ്രായങ്ങൾ നേരത്തെ പറഞ്ഞത്...

ഇപ്പോൾ മരണം 335 കടന്നു.. ഇതൊഴിവാക്കാമായിരുന്നു.. കൃത്യമായി പ്ലാനിങ് നടത്തിയിരുന്നെങ്കിൽ ഉള്ള റിസോർസ്സുകൾ ഉപയോഗിച്ചു, ഇത്രയും പണ ചിലവില്ലാതെ, കൺട്രോൾ ചെയ്യാമായിരുന്നു.. വിലപ്പെട്ട മൂന്നാഴ്ചകൾ.. വിലപ്പെട്ട ജീവനുകൾ, നമ്മുടെ ആരോഗ്യ പ്രവർത്തകർ.. പ്രൊട്ടക്ഷൻ ഇല്ലാതെ ജോലി ചെയ്ത് ഇന്ന് പലരും ജീവൻ നിലനിർത്താൻ വെന്റിലേറ്ററിൽ, കൂടാതെ മറ്റെന്തെങ്കിലും അസുഖം വന്നാൽ പോലും ഇപ്പോൾ ഈ ബാധ കാരണം ബെഡ് ഇല്ല, മണിക്കൂറുകൾ പോലും കാത്തിരിക്കണം ഫോണിൽ ഒന്ന് ഡോക്ടറെ കിട്ടാൻ.. കഴിഞ്ഞ ദിവസം ഒരു നഴ്സ് പറഞ്ഞതാണ് അവരുടെ അടുത്ത വീട്ടിലെ 90 വയസ്സുള്ള അപ്പച്ചൻ വീണു തലപൊട്ടി, ആബുലൻസ് വിളിച്ചപ്പോ ഒന്നും ആ നേരത്ത് കിട്ടിയില്ല, കൊച്ചുമകൻ ഓടി വന്നു ഡോറിൽ തട്ടി വിളിച്ചു, ഇവർ പോയി ഡ്രസിങ് ചെയ്തു എന്ന്. പ്രിയപെട്ടവരെ നമുക്ക് നമ്മുടെ പ്രായമായ ഇവിടുത്തെ അയൽവക്കം കാരെ ഇടക്ക് ഇടക്ക് ഒന്ന് വിളിക്കാം... സുഖമാണോ എന്ന് തിരക്കാം, നമുക്ക് ഉള്ളതിൽ നിന്നും അവർക്ക് വേണമെങ്കിൽ ഫുഡ്‌, മരുന്നകൾ ഒക്കെ അവരുടെ വാതിൽ പടിയിൽ വച്ചിട്ട് പോരാം,.. കരുതാം.. അങ്ങനെ ഓരോരുത്തരും അടുത്ത വീട്ടിലെ അവസ്ഥ അറിയാൻ ശ്രമിച്ചാൽ, നേരിടാം നമുക്കൊരുമിച്ചു... !!! ഇതും കടന്നു പോകും.. !

Uk ആദ്യം ഹേർഡ് ഇമ്മ്യുണിറ്റി അത്ഭുതം ഉണ്ടാക്കും എന്ന് പറഞ്ഞിരുന്നു.. ഒന്നും നടന്നില്ല.. മരണ നിരക്ക് കുത്തനെ ഉയർന്നു. പിന്നെ സ്കൂളുകൾ അടക്കുന്ന കാര്യം ആലോചന തുടങ്ങി, ഒരാഴ്ച അങ്ങനെ കടന്നു പോയി, അവസാനം പൊതു ജനത്തോട് സോഷ്യൽ ഡിസ്റ്റൻസിങ് ആഹ്വാനം നടത്തി അതും എട്ട് നിലയിൽ പൊട്ടി.. ഒരു ചെറിയ വെയില് കണ്ടാൽ ഉള്ള തുണി പോലും ഉപേക്ഷിച്ചു ബീച്ചിലും നിരത്തിലും, പബ്ബിലും, റെസ്റ്റോറന്റ്ലും ജീവിതം ആഘോഷമാക്കുന്നവർക്ക്, അവധി കിട്ടിയാൽ ടൂറ് പോയി അടിച്ചു പൊളിക്കുന്നവർക്ക് എന്ത്‌ കോവിഡ്, എന്ത്‌ സോഷ്യൽ ഡിസ്റ്റൻസിങ്.. !! ഇങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി ബോറിസ് ജോൺസൺ എന്ന ദളപതിയും കൂട്ടരും, പ്രതിപക്ഷമുണ്ടോന്നു ചോദിച്ചാൽ ഉണ്ടെന്ന് പറയിക്കുന്ന ജെറമി കോബിൻ സഖ്യവും, ആരോഗ്യ മേഖല മേധാവികളും അവസാനം ഒറ്റ കാര്യത്തിൽ ഒന്നായി.. അടിയന്തിരാവസ്ഥ.. !! പക്ഷെ ഒരു കംപ്ലീറ്റ് ലോക് ഡൌൺ ഇല്ലെങ്കിൽ സംഗതി കൈവിട്ടു പോകും. ഇന്നത്തെ ലണ്ടൻ ട്യൂബിലെ തിരക്ക് കണ്ടോ??? എന്തിനാണ് ബ്രിട്ടനിൽ ഈ അടിയന്തിരാവസ്ഥ എന്നോർത്തുപോകുന്നു.

എൻ എച് എസ് സ്റ്റാഫുകൾ /പ്രൈവറ്റ് കെയർ സ്റ്റാഫുകൾ ഇപ്പോഴും പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കുന്നുണ്ട്. ഇവിടെ കമ്മ്യുണിറ്റി സ്‌പ്രെഡ്‌ എങ്ങനെ ആണ് കുറയുന്നത്??ലോകം മുഴുവൻ ലോക് ഡൌൺ മോഡലിൽ കോവിഡ് നിയന്ത്രിക്കാൻ നോക്കുമ്പോൾ ബ്രിട്ടന്റെ ഈ സ്ലോ ആൻഡ് സ്റ്റെഡി ഇവിടെ വിജയിക്കില്ല.

ഓരോരുത്തരും അവനവന്റെ ചുമതല ആയി ഏറ്റെടുക്കുക.. സ്വന്തം രാജ്യം ഒരു വെല്ലു വിളിയെ നേരിടുമ്പോൾ റെസ്പോണ്സിബിൾ ആകാം.. ! പക്ഷെ ഈ വിലപ്പെട്ട സമയത്തിനിടയിൽ നമ്മുടെ കൊറോണ ബാധിതരുടെ എണ്ണം പതിനായിരമായി കൂടി..

ഇവിടെ യുകെ യിൽ കൊറോണ ടെസ്റ്റ്‌ ചെയ്യുന്നത് വളരെ അടിയന്തിര ഘട്ടത്തിൽ മാത്രം.. അതു കൊണ്ട് വൈറസ് വ്യാപനം വൻ തോതിൽ കൂടി. ലക്ഷണങ്ങൾ കാണിക്കാത്തവരുള്ളത് കൊണ്ട് ആരോഗ്യ മേഖല പ്രവർത്തകരിൽ പലരും വെന്റിലേറ്ററിൽ/ഐസൊലേഷനിൽ ആകേണ്ടി വന്നു. അങ്ങനെ ആരോഗ്യ മേഖല പ്രവർത്തകർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള പി പി ഇ ക്ക് വേണ്ടി ഇവിടെ സമരം ചെയ്യേണ്ടിയും വന്നു.. ശബ്ദം ഉയർത്തേണ്ടി വന്നു.. അവസാനം ഇന്നലെ അവർ അതിനും ഒരു പരിഹാരം കണ്ടു.. ലണ്ടൻ പട്ടാളം ഇനി വരും ദിനങ്ങളിൽ ആവശ്യാനുസരണം എല്ലാവർക്കും പി പി ഇ കിറ്റുകൾ വിതരണം ചെയ്യുമത്രേ.. !!!

ഇവിടെയാണ് നമ്മൾ കേരളത്തിലെ ആരോഗ്യമന്ത്രാലയത്തെ, പ്രവർത്തന മികവിനെ, പ്ലാനിങ് കളെ, മാതൃക ആക്കണം എന്ന് പറയുന്നത്. ഒരു നല്ല ലീഡർ, ജന നായകൻ /നായകി ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയുന്നവരാകണം. പ്രത്യയകിച്ചും പകർച്ച വ്യാധികൾ വരുമ്പോൾ. ആരോഗ്യ രംഗത്തുള്ള, പരിചയ സമ്പന്നരായ, പ്രതിഭകളുടെ ബ്രെയിൻ ഡ്രെയിൻ...വളരെ അത്യാവശ്യമാണ്. കൂർമ്മ ബുദ്ധിയുപയോഗിച്ചു , ചെറിയ പഴുതുകൾ പോലും ലിസ്റ്റ് ഔട്ട്‌ ചെയ്ത് ഒരു കംപ്ലീറ്റ് പ്ലാനിങ് നടത്തി, റിസ്ക് അസ്സസ്മെന്റുകളും , പിന്നെ ഇമ്പ്ലിമെന്റേഷനും നടത്തിയാൽ ഉടൻ തന്നെയുള്ള റിഫ്ലെക്ഷൻ... ഇതാണ് നഴ്‌സിങ്... ഇതാവണമെടാ നഴ്‌സിങ്..!!

ശരിക്കും ഇത്തരം ഒരു പ്രോസസ് ഈ പറയുന്ന പോലെ ഈസി അല്ല.. അത്രമേൽ പ്രയാസം ഉണ്ട്‌.. അതാണ്‌ ഡോക്ർ അല്ലാത്ത മുഖ്യ മന്ത്രിയും, നഴ്സ് അല്ലാത്ത ആരോഗ്യ മന്ത്രിയും ഇത്രമേൽ സൂക്ഷ്മതയോടെ, വ്യക്തമായ പ്ലാനിങ് നടത്തി, അവർക്ക് ആവശ്യമുള്ള എല്ലാ ആരോഗ്യ മേഖല പ്രഗല്ഭരെയും ചേർത്തു ഒരു സൂപ്പർ പവർ ടീമുണ്ടാക്കിയിരിക്കുന്നത്.. ഒരാൾ മനസ്സിൽ ചിന്തിക്കുമ്പോൾ മറ്റെയാൾ അതു നടപ്പാക്കുന്നു.. അങ്ങനെ ഒരു റ്റീമിവിടെ ഇല്ലാത്തത് കൊണ്ടാണ് ഇവിടെ സ്ഥിതിഗതികൾ വഷളായത്... റിസ്ക്.. എടുക്കുക തന്നെ വേണം.. പക്ഷെ അതു മനുഷ്യ ജീവനുകളെ വച്ചു വിലപേശുന്നതാകുമ്പോൾ കണ്ണിലെ കൃഷ്ണമണി പോലെ അതി സൂക്ഷ്മമായി പഠിച്ചു, വിവരമുള്ളവർ/ഡോക്ടർ, നഴ്സ് ഒക്കെ പറയുന്നത് പോലെ കേൾക്കണം.. അല്ലെങ്കിൽ കണ്ണടച്ച് തുറക്കുന്ന മാത്രയിൽ ആറെന്ന അക്കത്തിൽ നിന്നു മൂന്നൂറെന്ന വലിയ അക്കത്തിലേക്ക് ജീവനുകൾ തൂക്കി വിൽപെടാം, നൂറു രോഗ ബാധിതരിൽ നിന്നും പതിനായിരം എന്ന കൊടുമുടിയിലേക്കും കടക്കാം... ! അതേ തിരഞ്ഞെടുപ്പ്.. നമ്മുടേതാണ്... !

To be or not to be is your choice !
#stayhome
#Selfisolation
#Weshallovercome.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top