26 April Friday

ലോകചരിത്രം കോവിഡ് 19ന് മുന്‍പും പിന്‍പും എന്ന് വായിക്കേണ്ടി വന്നേക്കാം; പ്രതിസന്ധിയുടെ ''വിജയികള്‍'' ഇനി ചരിത്രമെഴുതും

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

കണ്ണൻ

കണ്ണൻ

വികസിത രാജ്യങ്ങളും ആരോഗ്യമേഖലയില്‍ വലിയ നൂതന സാങ്കേതിക സംവിധാനങ്ങളുള്ള രാജ്യങ്ങളും കോറോണയുടെ മുന്നില്‍ പകച്ചുനില്‍ക്കുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് . അതില്‍ നിന്നൊരു കാര്യം മനസ്സിലാക്കുന്നത് ഈ രാജ്യങ്ങളൊക്കെ ജീവിതജന്യ രോഗങ്ങള്‍ക്കും നൂതന ശാസ്ത്രക്രിയകള്‍ക്കും മിടുക്കരാണ് , പക്ഷേ ഇവര്‍ക്കൊന്നും പെട്ടെന്നുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഉള്ള സംവിധാനങ്ങളോ കൃത്യമായ പദ്ധതികളൊ ഒന്നും ഇല്ല എന്നുമാണ്‌. മറ്റൊന്നുകൂടി ഇതിനോട് ചേര്‍ത്തുവായിക്കണം , ഇവിടങ്ങളിലെ ആരോഗ്യ മേഖല കയ്യടക്കി വെച്ചിരിക്കുന്നത് സ്വകാര്യ മേഖലയിലെ വമ്പന്മാരാണ് .

ആഗോളവല്‍ക്കരണത്തിന്റെ വാതിലുകള്‍ പതിയ അടഞ്ഞുവന്നെക്കാം . രാജ്യങ്ങള്‍ അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം പര്യാപ്തതയുടെ പുതിയ പരീക്ഷങ്ങളിലേക്ക് നീങ്ങും:
കണ്ണന്‍ എസ് ദാസ് എഴുതുന്നു


ഫെയ്‌സ്‌ബുക്ക് പോസ്റ്റ്



*കോവിഡ് 19 : ചിലപ്പോള്‍ ലോക ചരിത്രം കോവിഡ് 19ന്  മുന്‍പും പിന്‍പും എന്ന് വായിക്കേണ്ടി വന്നേക്കാം ?*

എല്ലാം ഇപ്പോള്‍ കോവിഡിനെ ചുറ്റിയാണ് തീരുമാനിക്കപ്പെടുന്നത്. രാഷ്ട്ര തീരുമാനം മുതല്‍, വാര്‍ത്തകള്‍ ,തൊഴിലിടങ്ങളിലെ ക്രമീകരണങ്ങള്‍, കുടുംബജീവിതം ഒക്കെ നിയന്ത്രിക്കപ്പെടുന്നതില്‍ കോവിഡ് 19  നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കൊറോണ വൈറസ് അവിടുന്ന് ഇന്ന് ലോകത്തെ ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലും മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കുകയാണ്.തുടക്കത്തില്‍ താല്‍ക്കാലികമായി 2019 നോവല്‍ കൊറോണ വൈറസ് (2019-nCoV) എന്ന് പേരിട്ടിരുന്ന ഈ വൈറസിന് ഇപ്പോള്‍ SARS-CoV-2 എന്ന് International Committee of Taxonomy of Viruses (ICTV) നാമകരണം ചെയ്തു. കൊറോണ വൈറസ് രോഗം 2019 (COVID-19) എന്ന രോഗത്തിന് കാരണക്കാരന്‍ ആണീ വൈറസ്.

കോവിഡ്-19 ന്റെ  സാഹചര്യത്തില്‍ നമ്മുടെ ആവശ്യങ്ങളുടെ മുന്‍ഗണനാ പട്ടികകള്‍ മാറുകയാണ്. ഇന്ന് നമുക്കെല്ലാവര്‍ക്കും (ഭൂരിപക്ഷം ആളുകള്‍ക്കും ) വൃത്തിയായി കൈ കഴുകാന്‍ അറിയാം. മുന്‍പ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം അറിയാമായിരുന്ന ഒന്നായിരുന്ന ഒന്നിനെ ജനകീയ വല്‍ക്കരിക്കാന്‍ ഇതിനായി.അതുപോലെ ചില കര്‍ശന നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ആളുകള്‍ അനിയന്ത്രിതമായി നടത്തിക്കൊണ്ടിരുന്ന പ്രകൃതി ചൂഷണങ്ങള്‍ക്ക് അല്‍പകാലത്തേക്കെങ്കിലും ഒരു സാവധാനം വന്നു , വാഹങ്ങളുടെ ഉപയോഗം കുറഞ്ഞത് മൂലം കാര്‍ബണ്‍ എമിഷന്‍ കുറവ് വന്നിട്ടുണ്ടാകാം (ആഗോള ദുരന്തങ്ങള്‍, പ്രത്യേകിച്ച് സമ്പദ്വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്നവ, carbon emissions താല്‍ക്കാലികമായി കുറയ്ക്കാറുണ്ട് എന്ന് മുന്‍ അനുഭവങ്ങള്‍).


ആളുകളുടെ ധൂര്‍ത്തും അനാവശ്യ ചിലവുകള്‍ക്കും ഒരു പരിധിവരെ കുറവ് വന്നിട്ടുണ്ട്. ഇതൊക്കെ ആശ്വാസത്തിന് പറയാമെങ്കിലും കൊറോണ ഈ ലോകത്തിനേല്‍പ്പിക്കുന്ന ആഘാതം വലുതാണ്. അത് നിരവധി ആളുകളുടെ മരണത്തിനും, ഓഹരി വിപണിയുടെ തകര്‍ച്ചമുതല്‍ ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കും തൊഴില്‍ നഷ്ടങ്ങള്‍ക്കും കാരണമാകുന്നു. ലോകത്തിലെ സാമ്പത്തിക സ്ഥിതി ഏതാണ്ട് കൂപ്പുകുത്തിയ അവസ്ഥയാണ് .

വികസിത രാജ്യങ്ങള്‍ , ആരോഗ്യമേഖലയില്‍ വലിയ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങള്‍ പോലും കോറോണയുടെ മുന്നില്‍ പകച്ചുനില്‍ക്കുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതില്‍ നിന്നൊരു കാര്യം മനസ്സിലാക്കുന്നത് ഈ രാജ്യങ്ങളൊക്കെ ജീവിതജന്യ രോഗങ്ങള്‍ക്കും നൂതന ശസ്ത്രക്രിയകള്‍ക്കും മിടുക്കരാണ്. പക്ഷേ ഇവര്‍ക്കൊന്നും പെട്ടെന്നുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളോ കൃത്യമായ പദ്ധതികളൊ ഒന്നും ഇല്ല. മറ്റൊന്നുകൂടി ഇതിനോട് ചേര്‍ത്തുവായിക്കണം, ഇവിടങ്ങളിലെ ആരോഗ്യ മേഖല കയ്യടക്കി വെച്ചിരിക്കുന്നത് സ്വകാര്യ മേഖലയിലെ വമ്പന്മാരാണ് .

ആഗോളവല്‍ക്കരണത്തിന്റെ വാതിലുകള്‍ പതിയ അടഞ്ഞുവന്നെക്കാം .രാജ്യങ്ങള്‍ അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം പര്യാപ്തതയുടെ പുതിയ പരീക്ഷണങ്ങളിലേക്ക് നീങ്ങും. സര്‍ക്കാരുകളെയും കമ്പനികളെയും സമൂഹങ്ങളെയും സാമ്പത്തിക അച്ചടക്കത്തിലേക്കും അതിന്റെ സുരക്ഷിത കരുതലുകളിലേക്കും കൂടുതല്‍ ചിന്തിപ്പിക്കും .അത് പൊടുന്നനെ ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനും അതിന്റെ അനന്തര ഫലങ്ങളെ ദീര്‍ഘകാലത്തേക്ക് നേരിടാനുള്ള ശേഷി ശക്തിപ്പെടുത്താന്‍ അവരെ നിര്‍ബന്ധിതരാക്കും .

ആഗോള സാമ്പത്തിക ഭരണത്തിന്റെ രാഷ്ട്രീയം , നിലവിലെ പ്രതിരോധചങ്ങാത്തങ്ങള്‍ ഒക്കെ തലമേല്‍ മാറിമറിയും . പടിഞ്ഞാറന്‍ രാഷ്ട്രീയത്തിന്റെ തീട്ടൂരങ്ങള്‍ക്കു ചെവികൊടുക്കാത്ത ഒരു രാഷ്ട്രീയം ഉരുത്തിരിഞ്ഞു വന്നേക്കാം.

മുതലാളിത്ത സമ്പദ്വ്യവസ്ഥ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമല്ലെന്ന് ഈ അവസ്ഥയിലൂടെ അതിന്റെ പ്രയോക്താക്കള്‍ക്കും കൂടി മനസിലായി. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ കാണുന്നത് പോലെ പൊതുമേഖലയില്‍ ആരോഗ്യ സംരക്ഷണം നിലനിര്‍ത്തണം എന്നതിന്റെ ആവശ്യകതയിലേക്ക് കാര്യങ്ങള്‍ ഉറപ്പിച്ചു വിരല്‍ ചൂണ്ടുന്നു .




കേരളത്തില്‍ നിലവിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാത്രകയാണ് . സമൂഹത്തിന്റെ താഴേ തട്ടിലേക്ക് പോലും കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നുണ്ട്. പഞ്ചായത്തിലെ വാര്‍ഡ് തലം മുതല്‍ അതിന് വേരുകള്‍ ഉണ്ട് . അതുകൊണ്ട് തന്നെ സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തങ്ങള്‍ കൃത്യമായി സമൂഹത്തിലെ എല്ലാവരിലേക്കും എത്താന്‍ സാധ്യമായ പരമാവധി നിലയ്ക്കും സാധിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ മുതല്‍ , ബോധവല്‍ക്കരണം വരെയും സാധ്യമാകും.

കേരളത്തില്‍ 1996 ലെ ഇടതുമുന്നണി സര്‍ക്കാര്‍ 1997 മുതല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം മറ്റു മേഖലകളോടൊപ്പം ആരോഗ്യരംഗത്തും വലിയ മാറ്റത്തിന്റെ സാധ്യത തുറന്നു തന്നിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രാദേശിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് അനുസൃതമായി താഴെത്തട്ടില്‍ നിന്നു തന്നെ മുന്‍ഗണനാക്രമം നിശ്ചയിച്ച് ആരോഗ്യാസൂത്രണം നടത്താനും പൊതുജന സഹകരണത്തോടെ വിഭവസമാഹരണം നടത്തി സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനും പുതിയ സാഹചര്യം പശ്ചാത്തലമൊരുക്കി.

ഈ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയ്ക്ക് വീണ്ടും ഒരുണര്‍വ് വന്നിട്ടുണ്ട് . ഇന്ന് ആരോഗ്യ മേഖലയുടെ വികസനം മുന്നില്‍ കണ്ടാണ് ആര്‍ദ്രം മിഷന്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് . പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ വരെ നൂതനമായ സംവിധാനങ്ങള്‍ ഒരുക്കിയും , സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കി . മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യരംഗത്ത് വളരെയധികം മുന്നിലാണെന്നതില്‍ തര്‍ക്കമില്ല.


ശിശുമരണ നിരക്കും, മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനവും ഏറ്റവും കൂടുതല്‍ പ്രതീക്ഷിത ആയുസ് കേരളത്തിലെ ജനങ്ങള്‍ക്കാണ്. ഒരു ലക്ഷം പ്രസവത്തില്‍ മാതൃമരണ നിരക്ക് 46 ആക്കി കുറക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗിസൗഹൃദമാക്കുക, ആധുനിക സൗകര്യങ്ങളൊരുക്കി എല്ലാ ആവശ്യമായ ചികിത്സാ ജനങ്ങളിലെത്തിക്കുക, മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയാണ് ആര്‍ദ്രം മിഷനിലൂടെ ലക്ഷ്യം വക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച കെട്ടിടവും പശ്ചാത്തലവും ആണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.

 ഇതിന്റെയെല്ലാം പ്രതിഫലനമാണ് നിപ്പ പോലുള്ള മഹാമാരിയെ പോലും കൂടുതല്‍ ആളുകളിലേക്ക് പടരാതെ അതിനെ നിയന്ത്രിക്കുന്നതില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞത് .കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകരം സംസ്ഥാനത്തെ 42 ആശുപത്രികള്‍ക്ക് ലഭിച്ചത്.

ഈ രീതികളൊന്നും ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൃതമായി നടത്താന്‍ സാധിച്ചിട്ടില്ല. കേരളം കാണിച്ചുകൊടുത്ത മാത്രക നാളെ ലോകത്തിന്റെ തന്നെ ആരോഗ്യമേഖലയ്ക്ക് ക്രിയാത്മകമായി എങ്ങനെ ഇടപെടാം എന്നതിനുള്ള ഫലവത്തായ രീതി ആയി മാറിയേക്കാം . ഒന്നുമല്ലെങ്കില്‍ ലോകം അതിനെ കുറിച്ച് പഠിക്കാന്‍ എങ്കിലും ശ്രമിക്കും .


ഇങ്ങനെയുള്ള രീതികള്‍ അവലംബിച്ചാല്‍ ഇറ്റലി പോലുള്ള രാജ്യങ്ങള്‍ മറ്റുവഴികളില്ലാതെ ഏറ്റെടുത്തിരിക്കുന്ന 'selective distribution ഓഫ് Life saving systems ' എന്ന രീതികള്‍ ഒഴിവാക്കാന്‍ ആയേക്കും. അനിയന്ത്രിതമായി രോഗികള്‍ കൂടുകയും ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും തീവ്രപരിചരണം നല്‍കാന്‍ കഴിയാതെയും വരുമ്പോള്‍ പരിമിതമായ തീവ്രപരിചരണ ഉപകരണങ്ങളുടെ ഉചിതമായ വിഹിതവും വിതരണ നീതിയും നടപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകും. അങ്ങനെ വരുമ്പോള്‍ ചികിത്സാ വിജയത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രോഗികള്‍ക്ക് തീവ്രപരിചരണത്തിനുള്ള പ്രവേശനം നിലനിര്‍ത്തുകയും അല്ലാത്തവരെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യേണ്ടി വരും.

 വരുംകാലങ്ങളില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്ന ഒരു രീതിയായി മാറിയേക്കാം. അങ്ങനെ ആരാണ് മരിക്കേണ്ടത് ജീവിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ ആകുന്നു എന്ന ഒരു വലിയ ദുരവസ്ഥയാണ്. ഇനി തൊഴില്‍ മേഖലയിലേക്ക് നോക്കിയാല്‍ , 'WORK AT HOME' എന്ന രീതിയാണ് ചര്‍ച്ചചെയ്യപെടുന്നത്. മനുഷ്യശേഷിയുടെ ഉപയോഗ മൂല്യം കമ്പനികള്‍ക്ക് പഠിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുകയും , അത് അവര്‍ക്ക് മെച്ചമാണെന്ന് കണ്ടാല്‍ ആ രീതിയിലേക്കുള്ള ഒരു തൊഴില്‍ സംസ്‌കാരം രൂപപ്പെട്ടു വന്നേക്കാം.

 മൂലധന ചിലവില്‍ തന്നെ വലിയ വ്യത്യാസം ഇതുവഴി കമ്പനികള്‍ക്ക് ഉണ്ടായേക്കാം , ഓഫീസിന് വേണ്ടി എടുക്കുന്ന സ്ഥലം മുതല്‍ തൊഴിലാളികളുടെ ഗതാഗതം, internet , ഫോണ്‍ ഒക്കെ തന്നെ ചിലവ് ചുരുക്കുന്നതിന്റെ വലിയ സാധ്യത കമ്പനികള്‍ക്ക് മുന്നില്‍ ചിന്തിക്കാന്‍ ഉള്ള അവസരമായി കൊറോണ കാലം എത്തിച്ചിരിക്കുന്നു . 'Work at Home' എന്നത് 'Always at WORK'' എന്ന സ്ഥിയിലേക്ക് കൊണ്ടുവന്നെത്തിച്ചേക്കാം . തൊഴില്‍ സ്വാതന്ത്ര്യങ്ങളും , അവകാശങ്ങളും പുതിയ രീതിയില്‍ എങ്ങനെ മാറ്റപ്പെട്ടേക്കാം എന്നത് കാത്തിരുന്നു കാണാം .


വീണ്ടും പറഞ്ഞുവരുന്നത് മുതലാളിത്ത വ്യവസ്ഥ , സ്വകാര്യ സാമ്പത്തവ്യവസ്ഥക്ക് മാത്രമേ ശക്തി കൂട്ടുന്നുള്ളു , അത് രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയിലെ ഇടത്തരം ആളുകള്‍ മുതല്‍ താഴോട്ടുള്ളവരെ കരുതുന്നുപോലും ഇല്ല എന്നത് വ്യക്തമായി. അത് മാത്രമല്ല,  മുതലാളിത്ത രാഷ്ട്രീയ വ്യവസ്ഥയില്‍ രൂപപ്പെട്ട രാഷ്ട്രീയ സൗഹൃദങ്ങള്‍ക്കു യാതൊരു വിധത്തിലുള്ള കടപ്പാടുകളോ പ്രതിബദ്ധതയോ രാജ്യങ്ങള്‍ തമ്മില്‍ ഇല്ലെന്ന് കൂടി വ്യക്തമാക്കി.

 അവിടെയാണ് കമ്മ്യൂണിസത്തില്‍ ഊന്നിയ സോഷ്യലിസ്റ്റ് ചിന്താഗതികളുടെ മേന്മയെ കാണിച്ചുതരുന്ന രീതിയില്‍ ആ രാഷ്ട്രീയ വ്യവസ്ഥയിലുള്ള രാജ്യങ്ങളായ ചൈനയും ക്യൂബയും മറ്റുള്ള രാജ്യങ്ങള്‍ക്കും ദുരന്തമുഖത്ത് ഒരു കൈത്താങ്ങായി മാറുന്നത്.ദുരന്ത സമയത്ത് അവരുയര്‍ത്തിപ്പിടിക്കുന്നത് മാനവിക ബോധമാണ് , മുതലാളിത്ത രാജ്യങ്ങള്‍ക്ക് ഇല്ലാതെ പോയതും .


മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ചിന്തയുടെ ശക്തിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് മനുഷ്യനെ ബാധിക്കാന്‍ സാധ്യതയുള്ള ഏതെല്ലാം കാരണങ്ങളാണോ, അവയ്ക്കെല്ലാം സാധ്യമായ പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടാണ് കൊറോണ എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ ജനപക്ഷത്തുനില്‍ക്കുന്ന ഒരു സര്‍ക്കാരുണ്ട് , അവര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ട് ;നമ്മള്‍ തളരില്ല. അതുറപ്പാണ്.

ഒരു കാര്യം ഉറപ്പാണ് COVID-19 പ്രതിസന്ധിയുടെ ''വിജയികള്‍'' ആയിരിക്കും ഇനി ചരിത്രം എഴുതുന്നത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top