25 April Thursday

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നൊന്നുണ്ടോ?; സത്യവും മിഥ്യയും തിരിച്ചറിയാം

വെബ് ഡെസ്‌ക്‌Updated: Friday Nov 6, 2020

കോവിഡ് വന്ന ഏതാണ്ട് പത്തു ശതമാനത്തോളം ആളുകളിൽ നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നു കണക്കാക്കപ്പെടുന്നു. പക്ഷെ അതു മുഴുവൻ നേരത്തേ പറഞ്ഞ "ലങ്ങ് ഫൈബ്രോസിസ്" അല്ല.ഇൻഫോ ക്ലിനികിൽ ഡോ. ഷമീർ വി കെ എഴുതിയത്‌.

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ

"ഇതിപ്പോ അനുവാദം ഇല്ലാതെ വീട്ടിൽ കയറിക്കൂടി ഒഴിയാൻ പറയുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടി ആയി പോയല്ലോ"

കോവിഡിനെ കുറിച്ച് ആരാണ്ട് പറഞ്ഞതാണ്. ഏതായാലും കോവിഡ് ഒരു നടയ്ക്ക് പോകില്ലെന്ന് ഉറപ്പിച്ച സ്ഥിതിക്ക് കോവിഡുമായി ഒത്തു പോകാൻ നമ്മൾ തീരുമാനിച്ചല്ലോ. ഈ സാഹചര്യത്തിലാണ് കോവിഡാനന്തര സങ്കീർണതകളെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നത്. ഇവിടെ ഉദ്ദേശിക്കുന്നത് കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ അല്ല, മറിച്ച് ആരോഗ്യ പ്രശ്നങ്ങൾ മാത്രം.

▪️കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നൊന്നുണ്ടോ?

പല രോഗങ്ങളും ചികിത്സയും ഒക്കെ സാമൂഹ്യ മാധ്യമങ്ങളുടെ സൃഷ്ടി ആണെന്നിരിക്കെ സത്യവും മിഥ്യയും തിരിച്ചറിയാൻ പാടു പെടുകയാണല്ലോ സാധാരണക്കാർ. അതുകൊണ്ട് ഇങ്ങനെ ഒരു സംശയം സ്വാഭാവികം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നൊന്നുണ്ട് എന്നു തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. നമ്മുടെ നാട്ടിലും കോവിഡ് മുക്തമായ പലരും പല വിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.

▪️"കോവിഡ് വന്ന പത്തിൽ ഒരാൾക്ക് വളരെ മാരകമായ ലങ്ങ് ഫൈബ്രോസിസ് എന്ന രോഗം കാണുന്നു" സത്യമാണോ?

ഈയിടെ വളരെ പ്രചാരം കിട്ടിയ ഒരു വാട്സ്ആപ്പ് ശബ്ദസന്ദേശം ആയിരുന്നു ഇത്. ആ സന്ദേശത്തിൽ പറയുന്ന ശ്വാസകോശ രോഗം കോവിഡിന്റെ അനന്തര ഫലങ്ങളിൽ ഒന്നു തന്നെയാണ്. പക്ഷേ പതിവ് പോലെ സന്ദേശത്തിന്റെ വൈറലീകരണത്തിന് വേണ്ടി ആയിരിക്കാം ശതമാനം വല്ലാതെ കൂട്ടിപ്പിടിച്ചു.

▪️അപ്പോൾ യഥാർത്ഥ ശതമാനം?

കോവിഡ് വന്ന ഏതാണ്ട് പത്തു ശതമാനത്തോളം ആളുകളിൽ നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നു കണക്കാക്കപ്പെടുന്നു. പക്ഷെ അതു മുഴുവൻ നേരത്തേ പറഞ്ഞ "ലങ്ങ് ഫൈബ്രോസിസ്" അല്ല. ചെറിയ ക്ഷീണം മുതൽ ഓക്സിജൻ ചികിത്സ കൂടാതെ ജീവിതം നില നിർത്താൻ കഴിയാത്ത ശ്വാസകോശരോഗം വരെ അതിൽ പെടുന്നു. ശതമാനം പറയുമ്പോൾ ഒന്നു കൂടി ഓർക്കണം. കൃത്യമായ കണക്കുകൾ ഇനിയും വരാൻ ഇരിക്കുന്നേ ഉള്ളൂ. ഒരു പുതിയ രോഗത്തിന്റെ ദീർഘകാല പ്രശ്നങ്ങളെ കുറിച്ച് ആധികാരികമായി പറയാനുള്ള സമയം ആയില്ലല്ലോ. മാത്രവുമല്ല എല്ലാവർക്കും അറിയുന്നതു പോലെ കോവിഡ് എന്നു പറയുന്നത് അതു വന്നവർക്ക് തന്നെ പലതാണ്. ചിലർക്ക് സമ്പർക്കം കാരണം സ്രവം പരിശോധിച്ചപ്പോൾ കിട്ടിയ ഒരു പോസിറ്റീവ് ഫലം മാത്രം ആണെങ്കിൽ ചിലർക്ക് അതു മരണവുമായുള്ള മൽപ്പിടുത്തം ആയിരുന്നു. പലരും ഒരു പ്രശ്നവും ഇല്ലാതെ വീട്ടിൽ വിശ്രമിച്ചപ്പോൾ ചിലർ അത്യാസന്ന വിഭാഗത്തിൽ ശ്വാസമെടുക്കാൻ വെന്റിലേറ്റർ സഹായം തേടുകയായിരുന്നു. അതുകൊണ്ട് തന്നെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും പലർക്കും പലതായിരിൽകുമെന്ന് ഊഹിക്കാമല്ലോ.

▪️നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ കോവിഡിന്റെ മാത്രം കുത്തകയാണോ? മറ്റു അണുബാധകൾ ഇങ്ങനെ പെരുമാറാറില്ലേ?

ഉണ്ട്, ഒരാൾക്ക് അതികഠിനമായ അണുബാധ ഉണ്ടാവുകയും അയാൾ അത്യാസന്ന നിലയിൽ ആവുകയും ചെയ്‌താൽ രോഗമുക്തിക്ക് ശേഷവും പല വിധ ആരോഗ്യ പ്രശ്നങ്ങൾ നില നിൽക്കാം. പലരും മാസങ്ങൾക്കു ശേഷമാണ് പഴയ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചു പോകുന്നത്. കോവിഡ് ന്യൂമോണിയ വന്നു ഗുരുതര സ്ഥിതിയിൽ ആകുന്ന ഒരാൾ ഇങ്ങനെ പൂർവസ്ഥിതിയിൽ എത്താൻ സമയം എടുക്കുന്നത് ആസ്വാഭാവികമല്ല. പക്ഷേ കോവിഡിനെ വ്യത്യസ്തമാക്കുന്ന ഘടകം വലിയ സങ്കീർണതകൾ ഒന്നും ഉണ്ടാക്കാതെ ചെറിയൊരു പനിയോ ചുമയോ വന്ന് സുഖം പ്രാപിച്ച ചിലരിലും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതാണ്. ഗുരുതര രോഗം വന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ കൂട്ടരുടെ അനുപാതം കുറവാണെങ്കിലും നിസ്സാരമെന്നു പറഞ്ഞു തള്ളിക്കളയാൻ കഴിയാത്ത എണ്ണം ആളുകളിൽ ഇങ്ങനെ സംഭവിക്കുന്നുണ്ട് എന്നതാണ് കണക്കുകൾ കാണിക്കുന്നത്.

▪️കോവിഡ് ആരോഗ്യ പ്രശ്നങ്ങൾക്കും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയിലെ വേർതിരിവ് എവിടെയാണ്?

പലർക്കും ഇങ്ങനെ ഒരു വേർതിരിവ് ഉണ്ടാവണമെന്നില്ല. കോവിഡ് അണുബാധ ഉണ്ടായ ബഹുഭൂരിപക്ഷം ആളുകളുടെയും ലക്ഷണങ്ങൾ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ അപ്രത്യക്ഷമാകും. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ തുടർച്ചയായി ആഴ്ചകളോ മാസങ്ങളോ നീണ്ടു നിൽക്കാം. മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്നവയെ ലോങ്ങ്‌ കോവിഡ് (ലോങ്ങ്‌ ഹോളേഴ്‌സ് ) എന്നു വിളിക്കും. അവരിൽ തന്നെ ലക്ഷണങ്ങൾ മൂന്നാഴ്ച മുതൽ 12 ആഴ്ച വരെ നീണ്ടു നിൽക്കുന്നവരെ പോസ്റ്റ്‌ അക്യൂട്ട് കോവിഡ് എന്നും 12 ആഴ്ചകൾക്ക് ശേഷവും പ്രശ്നം തുടരുന്നുണ്ടെങ്കിൽ ക്രോണിക് എന്നും തരം തിരിക്കാം. ചിലരിൽ കോവിഡ് വന്ന് ലക്ഷണങ്ങൾ പൂർണമായും അപ്രത്യക്ഷമായ ശേഷം പുതിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടലും ആവാം.

▪️എന്തൊക്കെയാണ് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ?

വിട്ടുമാറാത്ത ക്ഷീണം
കിതപ്പ്, ശ്വാസം മുട്ട്
നെഞ്ചു വേദന
ചുമ
ശരീര വേദന, തലവേദന
മാനസിക സംഘർഷം, വിഷാദം, ആകാരണമായ ഭയം, ആശങ്ക
ഏകാഗ്രതക്കുറവ്
ഉറക്കക്കുറവ്
മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട്

ഇവയൊക്കെയാണ് ഏറ്റവും സാധാരണയായി കാണുന്നത്.

▪️കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ അപകടകരം ആവാൻ തരമുണ്ടോ?

ചില സങ്കീർണതകൾ അപകടമാവാം. കോവിഡ് ശരീരത്തിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നെന്നും, പല അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതും കേട്ടു കാണും. ഇതേ പ്രശ്നം ചിലപ്പോൾ പ്രാരംഭ ലക്ഷണങ്ങൾ ഭേദപ്പെട്ട ശേഷവും സംഭവിക്കാം. ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാക്കുന്ന പൾമണറി എമ്പോളിസം, അപൂർവമായി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ലോങ്ങ്‌ കോവിഡിന്റെ ഭാഗമായി ഉണ്ടാകാം.
അപകടരമാവാൻ സാധ്യത ഉള്ള മറ്റൊരു പ്രശനം ആണ് കോവിഡ് കാരണം ഹൃദയപേശികളിൽ വരാൻ സാധ്യതയുള്ള ബലഹീനത. ശ്വാസം മുട്ട് മുതൽ ഹൃദയതാളത്തിൽ ഉണ്ടാകുന്ന വ്യതിയാനം വരെ ഇതു കാരണം ഉണ്ടാകാം.
കോവിഡ് ശ്വാസകോശങ്ങളിൽ ഉണ്ടാക്കിയ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസ്. നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്സിജൻ ചികിത്സ ഇല്ലാതെ ജീവൻ നില നിർത്താൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം. കോവിഡ് വന്ന പല പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമതീതമായി വർദ്ധിക്കുന്നതായി കാണാറുണ്ട്. നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിലും രക്തത്തിൽ പഞ്ചസാര കൂടാം. ഈ കൂട്ടരുടെ ഷുഗറിന്റെ അളവ് കോവിഡ് മുക്തമായ ശേഷവും നിയന്ത്രണമില്ലാതെ തുടരുന്നതായി കാണപ്പെടുന്നുണ്ട്.

▪️കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്ക് പരിശോധനകളും ചികിത്സയും ആവശ്യം ഉണ്ടോ?

സാധാരണ ലക്ഷണങ്ങൾ മാറേണ്ട സമയം ആയിട്ടും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നേരത്തെ പറഞ്ഞ പോലെ ചില ആളുകളിൽ സാധാരണ ജീവിതത്തിൽ നിന്ന് സ്വല്പം കാലം മാറി നിന്ന ശേഷം തിരിച്ചു കയറുന്നതിനിടയിലെ ഒരു ക്രമീകരണ പ്രശ്‍നം മാത്രം ആയിരിക്കാം. എന്നാൽ ചിലരിൽ വരാൻ പോകുന്ന അപകടകരമായ പ്രത്യാഘാതങ്ങളുടെ സൂചനയും ആവാം. ഇത് തിരിച്ചറിയാൻ വിദഗ്ദ്ധ സഹായം തേടുന്നത് നല്ലതാണ്. വിശ്രമസമയവും ചെറിയ വ്യായാമശേഷവും ഉള്ള ശരീരത്തിലെ ഓക്സിജന്റെ അളവ്, ഹീമോഗ്ലോബിൻ, നെഞ്ചിന്റെ എക്സ് റേ, ഇ സി ജി, ചിലപ്പോൾ സ്കാനിങ്, രക്തം കട്ട പിടിച്ചിട്ടുണ്ടാവാനുള്ള സാധ്യത പരിശോധിച്ചറിയുന്ന ഡി ഡൈമർ, സി ആർ പി, പോലത്തെ ടെസ്റ്റുകൾ ചിലപ്പോൾ വേണ്ടി വന്നേക്കാം.

▪️കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സ എന്താണ്?

സാധാരണ ജീവിതരീതികളിൽ നിന്ന് പൂർണമായി മാറിപ്പോയ രോഗികളെ ഘട്ടം ഘട്ടമായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എന്നതാണ് ഏറ്റവും പ്രധാനം. അവരുടെ ശരീരത്തിനും മനസ്സിനും ഒരേ പോലെ കരുത്ത് പകരുന്ന വരുന്ന പുനരധിവാസ ചികിത്സയായിരിക്കും ആവശ്യം. അതിൽ ഒന്നാമത്തേത് ശ്വാസകോശങ്ങളുടെ പുനക്രമീകരണമാണ്. ഇതിന് ശ്വസന വ്യായാമങ്ങളിലൂടെ സഹായിക്കും. ശ്വസനപേശികൾ പോലെ തന്നെ ശരീരത്തിലെ മറ്റു പേശികളെയും ചിട്ടയോടെയുള്ള വ്യായാമ മുറകൾ കൊണ്ട് പാകപ്പെടുത്തിയെടുക്കേണ്ടി വരും. രക്തം കട്ട പിടിക്കുന്നതു പോലെയുള്ള പ്രശ്നങ്ങൾക്ക് മരുന്നു കൊണ്ടുള്ള ചികിത്സ ആവശ്യമായി വരും. ശാരീരിക പ്രശ്നങ്ങളുടെ അത്ര തന്നെ പ്രാധാന്യമുള്ള മാനസിക പ്രശ്നങ്ങൾക്കും കൗൺസിലിംഗ് പോലെയുള്ള മാർഗങ്ങളും ചിലപ്പോൾ മരുന്നും നൽകേണ്ടി വരും.

ഗുണപാഠം

കോവിഡ് മനുഷ്യരിൽ ഉണ്ടാക്കാൻ പോകുന്ന ദുരന്തങ്ങളുടെ കണക്കെടുപ്പിനുള്ള സമയം ഇപ്പോഴും ആയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരം കാലത്തിനേ നൽകാൻ കഴിയൂ. ലഭ്യമായ അറിവുകൾ വെച്ച് കോവിഡിനെ ഒരു നിസ്സാരനായി തള്ളിക്കളയാൻ സാധ്യമല്ല എന്ന് ഉറപ്പിച്ചു പറയാം. പറ്റാവുന്ന മാർഗങ്ങളിലൂടെയെല്ലാം കോവിഡിനെ അകറ്റി നിർത്താൻ ശ്രമിക്കുന്നതു തന്നെ ബുദ്ധി.

എഴുതിയത്: ഡോ. ഷമീർ വി കെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top