25 April Thursday

"നമ്മുടെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞില്ല, ഓക്‌സിജൻ കിട്ടാതെ ആരും മരിച്ചില്ല'; ആടിനെ പട്ടിയാക്കുന്ന മലയാള മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

മധ്യ പ്രദേശ് സർക്കാർ അവിടുത്തെ ജനങ്ങൾക്ക് “പ്രതിരോധശേഷി ഉണ്ടാക്കിക്കൊടുത്തതു” പോലെ കേരളം ചെയ്‌തിരുന്നെങ്കിൽ ഏകദേശം 77,500 പേർ കേരളത്തിൽ അധികമായി മരിച്ചേനേ.ബംഗാളില്‍ നടന്ന അത്രയും ശതമാനം അധിക മരണങ്ങള്‍ കേരളത്തില്‍ നടന്നിരുന്നെങ്കില്‍ 38,400 പേരെങ്കിലും കേരളത്തില്‍ അധികമായി മരിച്ചേനേ.. സുബിൻ ഡെന്നീസ്‌ എഴുതുന്നു:

"കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ കുറവ് കേരളത്തിൽ' ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സിറോപ്രിവലൻസ് സർവേ ഫലത്തെപ്പറ്റി മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ തലക്കെട്ടാണ്.

മാതൃഭൂമിയിൽ വന്ന വാർത്ത

മാതൃഭൂമിയിൽ വന്ന വാർത്ത

ഇത് വായിച്ചാൽ തോന്നും, കോവിഡ് പ്രതിരോധം ഏറ്റവും മോശമായി നടന്ന സംസ്ഥാനമാണ് കേരളം എന്ന്. ഏറ്റവും കൂടുതൽ പേർക്ക് “പ്രതിരോധശേഷി ഉണ്ടാക്കിക്കൊടുത്ത” മധ്യപ്രദേശ് ആണ് ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തിയത് എന്നും തോന്നും. ഏത്? 2020 ഏപ്രിൽ മുതൽ 2021 മെയ് വരെ പതിവിലും 1.92 ലക്ഷം പേർ അധികമായി മരണമടഞ്ഞ മധ്യപ്രദേശ്. കോവിഡ് മൂലവും കോവിഡ് മൂലം ആശുപത്രികൾ സമ്മർദ്ദത്തിലായതോടെ മറ്റു രോഗങ്ങൾക്ക് ചികിത്സ ലഭിക്കാതെയും മറ്റും മധ്യപ്രദേശിൽ മരിച്ചവരുടെ സംഖ്യയാണ് 1.92 ലക്ഷം.

ഇതിനകം തന്നെ The Hindu, The Wire, Scroll.in തുടങ്ങി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ള രണ്ട് ഘടകങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, ഏറ്റവും മികച്ച രീതിയിൽ കോവിഡിനെതിരെ പ്രതിരോധം തീർത്തത് കേരളം തന്നെയാണ് എന്ന്.

1. Excess Deaths - അധിക മരണങ്ങൾ

ലോകത്ത് എല്ലായിടത്തും - അതായത് ഏറ്റവും കുറ്റമറ്റ രീതിയിലും വ്യാപകമായും ടെസ്റ്റുകളും റിപ്പോർട്ടിംഗും നടക്കുന്ന വികസിത രാജ്യങ്ങൾ ഉൾപ്പെടെ - എല്ലാ കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഫൈനാൻഷ്യൽ ടൈംസ്, ഇക്കോണമിസ്റ്റ്, ന്യൂയോർക്ക് ടൈംസ് എന്നിങ്ങനെ നിരവധി അന്താരാഷ്‌ട്ര മാധ്യമങ്ങൾ കഴിഞ്ഞവർഷം മുതൽ തന്നെ ഇതിനെപ്പറ്റി തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അപ്പോൾപ്പിന്നെ കോവിഡ് മൂലം സംഭവിച്ചിട്ടുള്ള മരണങ്ങളുടെ ശരിയായ കണക്ക് എങ്ങനെയാണ് കിട്ടുക? . ഇതിനാണ് അധിക മരണങ്ങളുടെ കണക്ക് ഉപയോഗിക്കുന്നത്. ഇതെങ്ങനെ കണക്കാക്കാം?.

കോവിഡിനു മുമ്പുള്ള ഏതാനും വർഷങ്ങളിൽ ഒരു രാജ്യത്ത്, അല്ലെങ്കിൽ സംസ്ഥാനത്ത് നടന്നിട്ടുള്ള മരണങ്ങളുടെ കണക്ക് എടുക്കുക. ഇന്ത്യയിൽ ജനനങ്ങളും മരണങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്ന സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഉണ്ട്. അതിൽ നിന്നും ഈ കണക്കുകൾ ലഭിക്കും. കോവിഡിനു മുമ്പുള്ള കാലത്തെ ശരാശരി മരണങ്ങളെക്കാൾ എത്ര കൂടുതൽ മരണങ്ങൾ കോവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ട് എന്നു നോക്കുക.

ഇങ്ങനെയുള്ള അധിക മരണങ്ങൾ എല്ലാം കോവിഡ് മൂലം സംഭവിച്ചവ ആകില്ല. എന്നാൽ ഭൂരിഭാഗം അധികമരണങ്ങളും താഴെപ്പറയുന്ന രണ്ടു വിഭാഗങ്ങളിൽപ്പെടുന്നവയായിരിക്കും.

1. കോവിഡ് ബാധ ഉണ്ടായതുമൂലം മരിച്ചവർ.

2. കോവിഡ് കാരണം ആശുപത്രികളിൽ തിരക്കുകൂടിയതുകൊണ്ടും യാത്ര ബുദ്ധിമുട്ടായതുകൊണ്ടും മറ്റും കോവിഡ് അല്ലാത്ത രോഗങ്ങൾക്ക് ചികിത്സ കിട്ടാതെ മരിച്ചവർ.

അങ്ങനെ നോക്കുമ്പോൾ, കോവിഡ് കാലയളവിൽ സംഭവിച്ചിട്ടുള്ള അധിക മരണങ്ങൾ, കോവിഡിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ആഘാതങ്ങൾ (direct and indirect effect) മൂലം സംഭവിച്ച മരണങ്ങൾ ആയി കണക്കാക്കാം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അധിക മരണങ്ങളുടെ കണക്ക്, ‘ദ് ഹിന്ദു’ ദിനപ്പത്രം 2021 ജൂലൈ 27-ന് പ്രസിദ്ധീകരിച്ചിരുന്നു. 2020 ഏപ്രിൽ മുതൽ 2021 മെയ് വരെയുള്ള കണക്കാണ് ഇത്. (ചിത്രം 1 നോക്കുക).

ഇക്കാലയളവിൽ 35,087 കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്‌ത തമിഴ്‌നാട്ടിൽ അധികമരണങ്ങൾ 1.55 ലക്ഷം ആണ്.

കർണാടകത്തിൽ അധികമരണങ്ങൾ 1.26 ലക്ഷം. (കോവിഡ് മരണങ്ങളുടെ ഔദ്യോഗിക സംഖ്യ 29,090.)
ബംഗാളിൽ അധികമരണങ്ങൾ 1.20 ലക്ഷം. (കോവിഡ് മരണങ്ങളുടെ ഔദ്യോഗിക സംഖ്യ വെറും 10,787.)
ആന്ധ്ര പ്രദേശിൽ അധികമരണങ്ങൾ 1.95 ലക്ഷം. (കോവിഡ് മരണങ്ങളുടെ ഔദ്യോഗിക സംഖ്യ 10,930.)
മധ്യ പ്രദേശിൽ അധികമരണങ്ങൾ 1.92 ലക്ഷം. (കോവിഡ് മരണങ്ങളുടെ ഔദ്യോഗിക സംഖ്യ വെറും 8068.)
കേരളത്തിൽ അധിക മരണങ്ങൾ എത്രയാണെന്നല്ലേ? 4,178. കണ്ണുതുറന്ന് ഒന്നുകൂടി നോക്കിക്കോളൂ. 4,178.
കേരളത്തിൽ ഇക്കാലയളവിൽ (2021 മെയ് വരെ) കോവിഡ് മരണങ്ങളുടെ ഔദ്യോഗിക സംഖ്യ 9954. ഇതിനർത്ഥം, കോവിഡ് അല്ലാത്ത കാരണങ്ങളാൽ ഉണ്ടായ മരണങ്ങളുടെ എണ്ണം പതിവിലും കുറവാണ് എന്നാണ്. 2021 മെയ് മാസത്തിനു ശേഷം കൂടുതൽ കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് കണക്കിലെടുത്താലും പതിനായിരക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ കേരളത്തിനു സാധിച്ചു എന്നത് വ്യക്തമാകും.

അയൽ സംസ്ഥാനമായ കർണാടകത്തിൽ നടന്ന അത്രയും ശതമാനം അധിക മരണങ്ങൾ കേരളത്തിൽ നടന്നിരുന്നെങ്കിൽ 2020 ഏപ്രിൽ മുതൽ 2021 മെയ് വരെയുള്ള കാലയളവിൽ 63,000 പേർ കേരളത്തിൽ അധികമായി മരിച്ചേനേ. ശക്തമായ പ്രതിരോധമുയർത്തുക വഴി കേരളം രക്ഷിച്ച ജീവനുകളുടെ എണ്ണമാണിത്.

മധ്യ പ്രദേശ് സർക്കാർ അവിടുത്തെ ജനങ്ങൾക്ക് “പ്രതിരോധശേഷി ഉണ്ടാക്കിക്കൊടുത്തതു” പോലെ കേരളം ചെയ്‌തിരുന്നെങ്കിൽ ഏകദേശം 77,500 പേർ കേരളത്തിൽ അധികമായി മരിച്ചേനേ.ബംഗാളില്‍ നടന്ന അത്രയും ശതമാനം അധിക മരണങ്ങള്‍ കേരളത്തില്‍ നടന്നിരുന്നെങ്കില്‍ 38,400 പേരെങ്കിലും കേരളത്തില്‍ അധികമായി മരിച്ചേനേ.
 

ഇതിനെപ്പറ്റി എത്ര മലയാളം മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചു? ഈ വിഷയത്തെപ്പറ്റി മലയാള മാധ്യമങ്ങളിലെ വാർത്തകളുടെ ക്ഷാമം രാഷ്‌ട്രീയ പാപ്പരത്തം മാത്രമല്ല കാണിക്കുന്നത്. നിലവാരമില്ലായ്‌മ കൂടിയാണ്. ഡേറ്റ ജേർണലിസം എന്നൊരു സാധനം തന്നെ മലയാള മാധ്യമരംഗത്ത് ഉണ്ടോ എന്ന് സംശയം തോന്നും.

2. Seroprevalence

കഴിഞ്ഞ വർഷം മുതൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെറോപ്രെവലൻസ് സർവേകൾ നടത്തുന്നുണ്ട്. കൊറോണാവൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം ജനസംഖ്യയിൽ എത്ര ശതമാനം പേരിലുണ്ട് എന്നതാണ് ഈ സർവേ വഴി കണ്ടെത്തുന്നത്.
ഈ ആന്റിബോഡികൾ ഒരാളുടെ ശരീരത്തിൽ ഉണ്ടാകുന്നത് പ്രധാനമായും രണ്ടു മാർഗങ്ങൾ വഴിയാണ്:

1. കോവിഡ്-19 ബാധിക്കുന്നതു വഴി.

2. വാക്സിനേഷൻ വഴി.

ഈ സർവേയുടെ ഗുണം എന്തെന്നുവച്ചാൽ, യഥാർത്ഥത്തിൽ ഇന്ത്യയിൽ എത്ര ശതമാനം പേർക്ക് കോവിഡ് വന്നിട്ടുണ്ട് എന്നറിയാം എന്നതാണ്.

ഏറ്റവും ഒടുവിൽ നടത്തിയ സെറോപ്രെവലൻസ് സർവേയുടെ ഫലം ഈയിടെയാണ് പ്രസിദ്ധീകരിച്ചത്. അതുപ്രകാരം, ഇന്ത്യയിൽ 67.6 ശതമാനം പേരുടെ ശരീരത്തിൽ കോവിഡ് ആന്റിബോഡിയുണ്ട്. ഇതിൽ 62 ശതമാനം പേരും വാക്സിനേഷൻ കിട്ടിയിട്ടില്ലാത്തവരാണ്. അതായത്, മഹാഭൂരിപക്ഷവും കോവിഡ് ബാധിച്ചതുമൂലം കോവിഡ് ആന്റിബോഡി ലഭിച്ചവരാണ്.

ഇന്ത്യയിൽ കോവിഡ് ആന്റിബോഡിയുള്ളവരുടെ ശതമാനം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം: 44.4 ശതമാനം. ഏറ്റവും കൂടുതലുള്ളത് മധ്യപ്രദേശ്: 79 ശതമാനം. രാജസ്ഥാൻ 76.2 ശതമാനം, ബിഹാർ 75.9 ശതമാനം, ഗുജറാത്ത് 75.3 ശതമാനം, ഉത്തർ പ്രദേശ് 71 ശതമാനം, കർണാടക 69.8 ശതമാനം എന്നിങ്ങനെ പോകുന്നു കണക്കുകൾ. (ചിത്രം 2 നോക്കുക. ഹിന്ദുസ്‌താൻ ടൈംസ് പ്രസിദ്ധീകരിച്ച ചാർട്ടാണ്.)

ഹിന്ദുസ്‌താൻ ടൈംസ്‌ പ്രസിദ്ധീകരിച്ച ചാർട്ട്‌

ഹിന്ദുസ്‌താൻ ടൈംസ്‌ പ്രസിദ്ധീകരിച്ച ചാർട്ട്‌

മാത്രവുമല്ല, കേരളത്തിൽ വാക്സിനേഷൻ ലഭിച്ച ആളുകളുടെ ശതമാനം അഖിലേന്ത്യാ ശരാശരിയെക്കാൾ കൂടുതലായതിനാൽ, വാക്സിനേഷൻ വഴി ആന്റിബോഡി ലഭിച്ചവരുടെ ശതമാനം കേരളത്തിൽ കൂടുതലാണെന്നും കോവിഡ് ബാധിച്ചതുമൂലം ആന്റിബോഡി ലഭിച്ചവരുടെ ശതമാനം കേരളത്തിൽ അഖിലേന്ത്യാ ശരാശരിയിലും കുറവാണെന്നും മനസ്സിലാക്കാം.

ഇതിനർത്ഥം ജനങ്ങൾക്ക് കോവിഡ് വരുന്നത് തടയുന്നതിൽ ഏറ്റവുമധികം വിജയിച്ച സംസ്ഥാനമാണ് കേരളം എന്നാണ്. മാതൃഭൂമി റിപ്പോർട്ട് കണ്ടാൽ തോന്നുക നേരെ തിരിച്ചും. ഇത് അറിവില്ലായ്‌മ മൂലമാണെന്നു തോന്നുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതുതന്നെയാണ് ഉദ്ദേശ്യം.

കോവിഡ് ആന്റിബോഡി ഏറ്റവും കുറവുള്ള സംസ്ഥാനമായിരിക്കുന്നതുകൊണ്ട് ഒരു പാർശ്വഫലമുണ്ട്. ഇനിയും കോവിഡ് വരാൻ സാധ്യതയുള്ള ആളുകളുടെ ശതമാനം ഏറ്റവും കൂടുതൽ കേരളത്തിലാണ് എന്നതാണ് ഈ പാർശ്വഫലം. ഇതിന് മറുമരുന്ന്, വേഗത്തിൽ എല്ലാവരെയും വാക്സിനേറ്റ് ചെയ്യുക എന്നതാണ്. എന്നാൽ കേന്ദ്രസർക്കാരിന്റെ പിടിപ്പുകേട് നിമിത്തം ഇന്ത്യയിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമല്ല. ഇതിന്റെ പരിണതഫലമാണ് കേരളത്തിൽ ഇപ്പോൾ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്.

എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം താരതമ്യേന പതുക്കെ മാത്രം വർദ്ധിച്ചതുകൊണ്ട് ഉണ്ടായ ഗുണം മേൽപ്പറഞ്ഞ പാർശ്വഫലത്തെ തീർത്തും നിഷ്പ്രഭമാക്കുന്നതാണ്. നമ്മുടെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞില്ല, ഓക്‌സിജൻ കിട്ടാതെയും ചികിത്സ കിട്ടാതെയും ആരും മരിച്ചില്ല എന്നതാണ് ഈ ഗുണം.

ഇന്ത്യയിൽ കോവിഡ് പ്രതിരോധം ഏറ്റവും മികച്ച രീതിയിൽ നടന്ന സംസ്ഥാനമാണ് കേരളം എന്നത് പകൽ പോലെ വ്യക്തമാണ്. ഈ പ്രതിരോധ നടപടികളുടെ ഭാഗമായിട്ടുള്ള നിയന്ത്രണങ്ങൾ ജനങ്ങൾക്ക് തീർച്ചയായും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, വരുമാനം കുറയാനിടയാക്കുന്നുണ്ട്. പക്ഷേ ഗംഗയിൽ ശവശരീരങ്ങൾ ഒഴുകിനടന്നതുപോലെ പെരിയാറ്റിലും ഭാരതപ്പുഴയിൽ ശവശരീരങ്ങൾ ഒഴുകിനടന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ, അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം 63,000 പേരുടെയെങ്കിലും ജീവൻ രക്ഷിച്ചെടുത്തു.

ഇന്ത്യയിൽ ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ ഉപജീവനമാർഗങ്ങൾക്ക് തടസ്സമുണ്ടാക്കേണ്ടിവരുന്ന അവസ്ഥ ഈയളവിൽ ഉണ്ടാവില്ലായിരുന്നു. ഓർക്കുക, കേന്ദ്രസർക്കാർ 25 ശതമാനം വാക്സിൻ സ്വകാര്യ മേഖലയ്‌ക്കായി നീക്കിവച്ചിട്ട് അത് മുഴുവൻ സ്വകാര്യ മേഖല വാങ്ങുന്നതുപോലുമില്ല.  സംസ്ഥാന സർക്കാരുകളാകട്ടെ, ആവശ്യത്തിന് വാക്‌സിൻ സ്റ്റോക്കില്ലാതെ നട്ടം തിരിയുന്നു.

ഇത്തരം കാതലായ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും സംസാരിക്കാൻ മലയാള മാധ്യമങ്ങൾക്ക് താത്പര്യമുള്ള ലക്ഷണമില്ല. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് അവർക്ക് താത്പര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top