19 April Friday

'അങ്ങനെ തീരില്ല അത്രയേറെ എണ്ണാനുണ്ട്'-അമേരിക്കയിലെ എണ്ണല്‍ അനുഭവവുമായി ഉമേഷ്‌ പി നരേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 7, 2020

 ഉമേഷ്‌ പി നരേന്ദ്രന്‍

ഉമേഷ്‌ പി നരേന്ദ്രന്‍

''പതിനാറുകോടിയോളം വോട്ടുകളാണ് എണ്ണേണ്ടത്. ഓരോ വോട്ടും പ്രസിഡന്റു തെരഞ്ഞെടുപ്പിന്റേതു മാത്രമല്ല. സിറ്റി മേയറും കൗൺസിലർമാരും വരെയുള്ള ലോക്കൽ ആളുകളെ വരെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സ്റ്റേറ്റ് മുഖ്യമന്ത്രിയെയും എല്ലാ മന്ത്രിമാരെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെയും പോലീസ് ഐജിയെയും എം പിയെയും എം എൽ എയും പഞ്ചായത്തു പ്രസിഡന്റിനെയും പഞ്ചായത്തു മെമ്പറെയും ഒക്കെ തെരഞ്ഞെടുക്കുന്ന ഒറ്റ ബാലറ്റ് പേപ്പർ ഒന്ന് ആലോചിച്ചു നോക്കൂ.''...ഉമേഷ്‌ പി നരേന്ദ്രന്‍ എഴുതുന്നു.

പത്തിരുപത്തഞ്ചു കൊല്ലം മുമ്പുള്ള കഥയാണ്. ആദ്യമായി അമേരിക്കയിൽ വന്ന കാലം.ബോസ്റ്റണിലാണു ജീവിതം.വണ്ടിയും വള്ളവും ഒന്നുമില്ല സ്വന്തമായി.   ട്രെയിനിലും ബസ്സിലുമാണു സഞ്ചാരം.   48 ഡോളർ കൊടുത്ത് ഒരു മന്ത്‌ലി പാസ് വാങ്ങിയിട്ടുണ്ട്. അതു കൊണ്ട് ഏതു ട്രെയിനിലും ബസ്സിലും എത്ര വേണമെങ്കിലും യാത്ര ചെയ്യാം.   "ശല്യം വേണ്ടാ സരണി മുഴുവൻ വണ്ടിയിൽ തന്നെ പോകാം." എന്നും ഓഫീസിൽ പോകുന്നതു കൂടാതെ ശനിയും ഞായറും ഞങ്ങൾ ഈ ഫ്രീ റൈഡ് മുതലാക്കാൻ കാണുന്ന ട്രെയിനിലും ബസ്സിലും ഒക്കെ സഞ്ചരിച്ചു പോന്നു.

അങ്ങനെയിരിക്കുമ്പോൾ  കൂടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരി സ്ത്രീ ഡിന്നറിനു വീട്ടിലേക്കു വിളിച്ചു. അവരുടെ വീട്ടിൽ പോകണമെങ്കിൽ ലോംഗ് ഡിസ്റ്റൻസ് ട്രെയിനിൽ പോകണം. അവിടെ ഇറങ്ങിയാൽ അവർ കാറിൽ വന്നു കൊണ്ടുപൊയ്ക്കോളും.   

അങ്ങോട്ടു പോകേണ്ട ട്രെയിൻ സ്റ്റേഷനിൽ ഞങ്ങൾ മൂന്നു പേർ നേരത്തേ തന്നെ എത്തി.   ടിക്കറ്റെടുക്കാൻ നല്ല ലൈൻ. പോകേണ്ട സ്ഥലത്തേക്കുള്ള ഒരു ടിക്കറ്റിനു  രണ്ടേകാൽ ഡോളർ. ഒരുത്തനെ ടിക്കറ്റെടുക്കാൻ വിട്ടു.  ഞാനും വേറൊരുത്തനും കൂടി ഇങ്ങനെ സ്റ്റേഷനും കണ്ടു നിന്നു.

സീസൺ  ടിക്കറ്റ് ഉള്ളതു കൊണ്ട് ലോക്കൽ ട്രെയിനിൽ എത്രയാ ടിക്കറ്റ് ചാർജ് എന്ന് അറിഞ്ഞിട്ടില്ല. അവിടെ ദൂരം കൂടുന്നതനുസരിച്ച് ചാർജ് കൂടുകയും ഒന്നുമില്ല. ഒരു സോണിൽ മുഴുവൻ ഒരു ചാർജാണ്. ഒരു ടിക്കറ്റിന് 70 സെന്റ്.

ഭിത്തിയിൽ ടിക്കറ്റുവിവരം എഴുതി വെച്ചിരിക്കുന്നു.

1 ടിക്കറ്റ് : $0.70
2 ടിക്കറ്റുകൾ: $1.40
3 ടിക്കറ്റുകൾ: $2.10
...
എന്നിങ്ങനെ.

"ഇതെന്തിനാ ഇങ്ങനെ എഴുതിയിരിക്കുന്നത്?  ഒരെണ്ണത്തിന്റെ എഴുതിയാൽ പോരേ?"  എന്നു ഞാൻ.

"ചിലപ്പോൾ അഞ്ചെണ്ണം മേടിച്ചാൽ ചാർജ് കുറവുണ്ടാകും."

"അല്ലെങ്കിൽ നമ്മുടെ നാട്ടിലെപ്പോലെ അഞ്ചെണ്ണം വാങ്ങിയാൽ വല്ല സ്റ്റീൽ ഗ്ലാസ്സും ഫ്രീയായി കൊടുക്കുമായിരിക്കും."

ഞങ്ങൾ വിലവിവരപ്പട്ടികയുടെ അവസാനം നോക്കി.

...
20 ടിക്കറ്റുകൾ : $14.00

"ഡാ, കുറവൊന്നുമില്ല. ഇരുപതെഴുപത് ആയിരത്തി നാനൂറ്"

ഞങ്ങൾക്കു കാര്യം മനസ്സിലായി. 6 ടിക്കറ്റു വാങ്ങാൻ വരുന്നവന് എത്ര കാശു കൊടുക്കണം എന്നു കൺഫ്യൂഷൻ വരാൻ പാടില്ല.  

"ഏഴാറു നാല്പത്തിരണ്ട് എന്നു ഗുണനപ്പട്ടിക ഇവന്മാരൊന്നും പഠിച്ചിട്ടില്ലേ?"

"ചിലപ്പോൾ ഇല്ലായിരിക്കും. അക്ഷരാഭ്യാസമില്ലാത്തവരും ചിലപ്പോൾ ഉണ്ടായിരിക്കും...അല്ലാ, വണ്ടി വരാറായല്ലോ.  ലവനെ കാണുന്നില്ലല്ലോ"

ടിക്കറ്റു മേടിക്കാൻ പോയവൻ വെറും കൈയോടെ ഓടി വന്നു. "ടിക്കറ്റു വാങ്ങണ്ടാന്ന്. ട്രെയിനിൽ കണ്ടക്ടർ വരുമ്പോൾ വാങ്ങിച്ചാൽ മതിയെന്ന്."

"ഒള്ളതാണോഡേ?  കണ്ടക്ടറു തന്നെയാണോ ട്രെയിനിൽ? റ്റീറ്റീയി അല്ല?  ഇനി  ടിക്കറ്റെടുക്കാത്തതിനു ജെയിൽ പോകേണ്ടി വരുമോ?  ഗോതമ്പുണ്ട തിന്നേണ്ടി  വരുമോ?"

"ഏയ്, ഇവിടെയൊക്കെ ബർഗർ ആയിരിക്കും..."

ഞങ്ങൾ മൂന്നു പേരും ട്രെയിനിൽ കയറി.  കണ്ടക്ടർ വന്നപ്പോൾ ടിക്കറ്റില്ല എന്നു നെഞ്ചു വിരിച്ചു പറഞ്ഞു.  പോകേണ്ട സ്ഥലം പറഞ്ഞു.

"മൂന്നു ഡോളർ 25 സെന്റ്," കണ്ടക്ടർ ഉവാച.

'മൂന്നേകാലോ?,"  ഞങ്ങൾ ഞെട്ടി.  "രണ്ടേകാൽ എന്നാണല്ലോ സ്റ്റേഷനിൽ എഴുതി വെച്ചിരുന്നത്."

"രണ്ടേകാൽ ടിക്കറ്റിന്റെ വില.  ഒരു ഡോളർ ട്രെയിനിൽ നിന്നു വാങ്ങുന്നതിനു സർചാർജ്."

ഞങ്ങൾ മൂന്നു പേരും തലയിൽ കൈ വെച്ചിരുന്നു പോയി.  ഇന്ത്യയിൽ നിന്നു വന്ന  സമയമാണ്.  ഓരോ ഡോളറിനെയും 35 കൊണ്ടു ഗുണിച്ച് രൂപയാക്കി കണക്കുകൂട്ടി  നടക്കുന്ന കാലം. ഒരു സെന്റിന്റെ നാണയം ഉരുണ്ടു വല്ല കക്കൂസുകുഴിയിലും പോയാൽ അതിലിറങ്ങി മുങ്ങിത്തപ്പി എടുത്തു കൊണ്ടു വരുന്ന കാലം.  35 പൈസയല്ലേ?   നാട്ടിൽ ഏഴു ഗ്യാസുമുട്ടായി വാങ്ങിക്കാം.

വെറുതേ മൂന്നു ഡോളർ  കൊണ്ടുക്കളഞ്ഞു. വീട്ടിലെത്തിയാൽ ടിക്കറ്റെടുക്കാതെ വന്ന മൂന്നാമനെ കൊന്നു  കളയാൻ ഞങ്ങൾ ബാക്കി രണ്ടു പേരും കൂടി രഹസ്യമായി തീരുമാനിച്ചു.

"മൂന്നു ടിക്കറ്റ്," ഞാൻ പറഞ്ഞു.

കണ്ടക്ടർ പോക്കറ്റിൽ നിന്ന് കാൽക്കുലേറ്റർ എടുത്തു.  പൊടി തുടച്ചു.  ഓൺ ചെയ്തു.  എന്നിട്ട് ഉറക്കെ പറഞ്ഞു കൊണ്ട് കുത്താൻ തുടങ്ങി.

"ത്രീ റ്റൈംസ് ത്രീ റ്റ്വെന്റിഫൈവ്..."

"നയൻ സെവന്റിഫൈവ്"," ഞങ്ങൾ മൂന്നു പേരും കൂടി കോറസ്സിൽ.

201  അക്കമുള്ള ഒരു സംഖ്യയുടെ ഇരുപത്തിമൂന്നാമത്തെ റൂട്ട് പണ്ടു ടെക്സസിൽ  എവിടെയോ വെച്ച് ശകുന്തളാദേവി അമ്പതു സെക്കന്റു കൊണ്ട് കണക്കുകൂട്ടിയപ്പോൾ  അവിടെയിരുന്നവരുടെ വായ് പൊളിഞ്ഞതു പോലെ കണ്ടക്ടറുടെ വായ് പൊളിഞ്ഞു.  കണ്ണു  തിരുമ്മി ഒന്നുകൂടി നോക്കി.  ഒന്നല്ല, മൂന്നു ശകുന്തളാ ദേവന്മാർ ഒരേ  സ്വരത്തിൽ!

കണ്ടക്ടർക്കു വിശ്വാസം വന്നില്ല.  കാൽക്കുലേറ്റർ എടുത്തു  കുത്തി.  ഉത്തരം അതു തന്നെയാണെന്ന് ഉറപ്പിച്ചു.  എന്നിട്ടു തലയുയർത്തി  ഞങ്ങളെ നോക്കി പറഞ്ഞു, "സ്മാർട്ട് ബോയ്സ്!"

അയാൾ അന്നു ഭാര്യയോടു  പോയി പറഞ്ഞത് ഞങ്ങൾക്ക് ഊഹിക്കാം.  "എടീ, ഇന്നു നടന്ന സംഭവം പറഞ്ഞാൽ നീ  വിശ്വസിക്കില്ല. നരുന്തു പോലെയുള്ള മൂന്ന് ഇന്ത്യൻ ചെക്കന്മാർ. എന്റെ  കാൽക്കുലേറ്ററിനെക്കാൾ ഫാസ്റ്റായി അവർ ഒരു കോമ്പ്ലിക്കേറ്റഡ് കണക്ക് ചെയ്തു. അതും മൂന്നു പേരും!"

"ഇവന്മാർക്ക് കണക്കു കൂട്ടാൻ അറിയാന്മേലെന്നു തോന്നുന്നു" ഞങ്ങളിൽ ഒരുത്തൻ പറഞ്ഞു.  

"ഇനി അറിയാമെങ്കിൽത്തന്നെ, ഭയങ്കര സ്ലോ ആണ്..."

=========================

അമേരിക്കക്കാർ കണക്കിനു മോശമാണെന്നും ബുദ്ധി കുറവുള്ളവരാണെന്നും  ഇന്ത്യക്കാരും ചൈനക്കാരും അവരെക്കാൾ ബുദ്ധി വളരെ കൂടിയ ആളുകളാണെന്നും  പൊതുവേ ഇവിടെയുള്ള ഇന്ത്യക്കാർക്കും ഒരു ധാരണയുണ്ട്.  അമേരിക്കയിൽ ബുദ്ധിയുള്ളവർ കുറവായതു കൊണ്ടാണ് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമൊക്കെ ഇത്രയും ആളുകൾക്കു സോഫ്റ്റ്വെയർ ജോലിയ്ക്ക് വിസ കൊടുത്തു കൊണ്ടുവരുന്നതെന്നും ഒരു തെറ്റിദ്ധാരണ പലർക്കുമുണ്ടു്.

സത്യത്തിൽ,  സംഗതി നേരേ തിരിച്ചാണ്. ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ സയൻസിലും മറ്റു ശാസ്ത്രശാഖകളിലും അമേരിക്കക്കാർ നടത്തിയിട്ടുള്ള മുന്നേറ്റം ഇന്ത്യക്കാരെക്കാൾ വളരെ കൂടുതലാണ്.   

ശരാശരി  അമേരിക്കക്കാരന് ശരാശരി ഇന്ത്യക്കാരനെക്കാൾ മനക്കണക്കു ചെയ്യാൻ സ്കിൽ കുറവാന് എന്നത് ഒരു പരമാർത്ഥമാണ്. കിലോഗ്രാമിന് 6 രൂപ 35 പൈസ വെച്ച് 460 ഗ്രാം ശർക്കരയ്ക്ക് എത്ര വിലയെന്നൊക്കെ പഴയ പലചരക്കുകച്ചവടക്കാർ മനസ്സിൽ കണക്കുകൂട്ടുന്നത് എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അതുപോലെ പഴയ തലമുറക്കാർ ഭിന്നസംഖ്യകൾ കൈകാര്യം ചെയ്യുന്നതു പോലെ  ഇപ്പോഴുള്ളവർക്കു കഴിയാറില്ല.  കാൽക്കുലേറ്ററുകൾ വ്യാപകമായതോടു കൂടി ആളുകളുടെ  ഈ കഴിവു കുറഞ്ഞിട്ടുണ്ട്.16 വരെയും അതിനു മുകളിലും ഉള്ള ഗുണനപ്പട്ടിക പത്തിലേക്കു ചുരുങ്ങി.  

ഇന്ത്യക്കാരന്റെ മനക്കണക്കു ചെയ്യാനുള്ള ഈ സ്കില്ലിന്റെ കാരണം അതല്ലാതെ അവനു വഴിയില്ലായിരുന്നു എന്നതാണ്. വളരെ നേരത്തേ തന്നെ യന്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയ അമേരിക്കക്കാരൻ മനക്കണക്കു ചെയ്യാൻ തന്റെ തലയെ ഉപയോഗിച്ചില്ല എന്നതാണു സത്യം. ഇവിടെ പലചരക്കു കടയിലൊക്കെ തുക കൂട്ടാനും ബാക്കി കണ്ടുപിടിക്കാനും യന്ത്രങ്ങളുണ്ടു്. ചിലയിടത്ത് ബാക്കി ചില്ലറ തുക എണ്ണി കസ്റ്റമർക്കു കൊടുക്കുക വരെ ചെയ്യും. ഇത്തരം യന്ത്രങ്ങൾ മനുഷ്യന്റെ സ്കില്ലുകൾ കൂടുതൽ ഉപയോഗപ്രദമായ കാര്യങ്ങൾക്ക് സഹായകമായി.   

തനിക്കു ചെയ്യാൻ  പറ്റുന്ന ഒരു കാര്യം മറ്റൊരുത്തനു പറ്റാത്തപ്പോൾ മറ്റെയാളെ മോശമായി കരുതുന്നതു കൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. മനക്കണക്കു ചെയ്യാൻ പറ്റുക ഇവിടെ പലചരക്കുകടക്കാരനാകാനോ കണ്ടക്ടറാകാനോ ഒരു യോഗ്യതയല്ല താനും.

=========================

ഇത്രയും  പറഞ്ഞതിന് മറ്റൊരു  കാരണമുണ്ട്.  അമേരിക്കൻ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ വൈകുന്നതിനെപ്പറ്റി പല ട്രോളുകളും കണ്ടിരുന്നു. വോട്ടെണ്ണാൻ ഏതാനും ദിവസങ്ങൾ എടുക്കുന്നതിനെപ്പറ്റി. ഇന്ത്യയിലായിരുന്നെങ്കിൽ ഇപ്പോൾ മല മറിച്ചേനേ എന്ന രീതിയിലുള്ള കമന്റുകളും.

പതിനാറുകോടിയോളം വോട്ടുകളാണ് എണ്ണേണ്ടത്. ഓരോ വോട്ടും പ്രസിഡന്റു തെരഞ്ഞെടുപ്പിന്റേതു മാത്രമല്ല. സിറ്റി മേയറും കൗൺസിലർമാരും വരെയുള്ള ലോക്കൽ ആളുകളെ വരെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ പ്രെസിഡന്റിനെയും പ്രധാനമന്ത്രിയെയും സ്റ്റേറ്റ് മുഖ്യമന്ത്രിയെയും എല്ലാ മന്ത്രിമാരെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെയും പോലീസ് ഐജിയെയും എം പിയെയും എം എൽ എയും പഞ്ചായത്തു പ്രെസിഡന്റിനെയും പഞ്ചായത്തു മെമ്പറെയും ഒക്കെ തെരഞ്ഞെടുക്കുന്ന ഒറ്റ ബാലറ്റ് പേപ്പർ ഒന്ന് ആലോചിച്ചു നോക്കൂ.  ഇതു കൂടാതെ രാജ്യത്തിന്റെ ലെവലിലും സ്റ്റേറ്റിന്റെ ലെവലിലും ഇങ്ങു താഴെ സിറ്റിയുടെ ലെവെലിലും ഒക്കെ നിയമമാകാൻ പോകുന്ന പല പ്രോപ്പോസിഷനും അനുകൂലിച്ചോ എതിർത്തോ വോട്ടു ചെയ്യണം. വോട്ടെണ്ണൽ ഇതോരോന്നും നോക്കി അതു രേഖപ്പെടുത്തി വേണം മുന്നോട്ടു പോകാൻ.അത് ഓരോ സ്ഥലത്തും വ്യത്യസ്തമാണു താനും. ഇതിനെ ഒരു പ്രെസിഡന്റ് തെരഞ്ഞെടുപ്പായി മാത്രം കാണുന്നതാണു പ്രശ്നത്തിനു കാരണം.

രണ്ടാമതായി,  കൊറോണ ഇതിനെ നന്നായി ബാധിച്ചിട്ടുണ്ട്. കൊറോണ മൂലം പോസ്റ്റൽ വോട്ടുകളുടെ എണ്ണം വർദ്ധിച്ചു.  പേപ്പറുകൾ കൂടുതൽ കൈകാര്യം ചെയ്യേണ്ടി വന്നു.   പലരും തൊട്ട പേപ്പർ കൈകാര്യം ചെയ്യാൻ കൊറോണസമയത്ത് കൂടുതൽ മുൻകരുതലുകൾ വേണ്ടി വന്നു.   ഇതും വോട്ടെണ്ണലിന്റെ വേഗത കുറച്ചിട്ടുണ്ട്. ഇലക്ഷൻ ദിവസം വരെ വോട്ടു ചെയ്യാമായിരുന്നു. അന്നു പോസ്റ്റു ചെയ്ത വോട്ടുകൾ യഥാസ്ഥലത്ത് എത്താനുള്ള സമയം കൊടുക്കേണ്ടതുണ്ട്. ഇക്കൊല്ലം വോട്ടിംഗ് ശതമാനവും നന്നായി വർദ്ധിച്ചിരുന്നു.

പിന്നെ  നമ്മൾ ബൈഡൻ കാലിഫോർണിയയിൽ ജയിച്ചു, ട്രമ്പ് ടെക്സസിൽ ജയിച്ചു എന്നൊക്കെ പറയുന്നതു കൊണ്ട് അവിടുത്തെ വോട്ടെണ്ണൽ കഴിഞ്ഞെന്നു കരുതരുത്.   അവിടെയും ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. കാലിഫോർണിയയിൽ ഇനി എണ്ണാനുള്ള വോട്ടുകൾ  ബൈഡന്റെ ഇപ്പോഴുള്ള ലീഡിനെക്കാൾ കുറവാണ് എന്നേ ഇതിന് അർത്ഥമുള്ളൂ.  പ്രെസിഡന്റ് തെരഞ്ഞെടുപ്പൊഴികെയുള്ള മറ്റു പല കാര്യങ്ങളുടെയും തീരുമാനം വരാനിരിക്കുന്നതേ ഉള്ളൂ. ലീഡ് താരതമ്യേന കുറവുള്ള സ്റ്റേറ്റുകളുടെ കാര്യമാണ് നാം ഇപ്പോൾ കേൾക്കുന്നത്.

ഇന്ത്യയിൽ ഒരു നിയോജകമണ്ഡലത്തിലെ ഒരു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതുമായി ഇതിനെ താരതമ്യപ്പെടുത്താൻ പോലും പറ്റില്ല. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top