28 March Thursday

"ഇത്‌ വെറും രാഷ്ട്രീയമാണെന്ന് കരുതുന്നത് തെറ്റാണ്, അതിന് അത്യാവശ്യം നല്ല ഉദ്ദേശശുദ്ധിയും അതിലുമേറെ സമർപ്പണവും വേണം'; യുഎസിൽ നിന്ന്‌ ധ്വനി ഷൈനി

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020

"സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ യാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോൾ എയർപോർട്ടിൽ വച്ചും, രോഗലക്ഷണങ്ങൾ ഉണ്ടെന്നു പറയുമ്പോൾ വീട്ടിൽ വന്നും പൊതിഞ്ഞുപിടിച്ചു കൊണ്ടുപോയി ചികിത്സിയ്ക്കുന്നതും, കൈവിട്ടുപോയ രോഗികൾ നടന്ന വഴികൾ വരെ അടയാളപ്പെടുത്തി, ഒഴിവാക്കാൻ സഹായിയ്ക്കുന്നതും വെറും രാഷ്ട്രീയമാണെന്ന് കരുതുന്നത് തെറ്റാണ്. അതിന് അത്യാവശ്യം നല്ല ഉദ്ദേശശുദ്ധിയും അതിലുമേറെ സമർപ്പണവും വേണം'. ധ്വനി ഷൈനിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

അമേരിക്കയിലെ 1255 കൊറോണ രോഗികളിൽ, 85% പകർച്ചകളും, രോഗമുള്ളവരെ സമയത്തു ടെസ്റ്റ് ചെയ്യാതെയും, ചികിത്സയിലും മാറ്റിനിർത്തലിലും വന്ന അലംഭാവവുമാണെന്ന് NYtimes ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 700 എണ്ണം എങ്ങനെ എവിടെനിന്നു പടർന്നു എന്നുപോലും അറിയില്ല. നാളെ ഇവിടെ വച്ച് ഈ രോഗമെന്ന് സംശയം തോന്നിയാൽ, ആദ്യമേ ഒറ്റപ്പെട്ട് വീട്ടിൽ ഇരിയ്ക്കണം, ഫോൺ ചെയ്ത് പ്രൈമറി കെയർ ഡോക്ടറുടെ ഓഫിസിൽ അറിയിയ്ക്കണം.

അവർ അവരുടെ സമയം പോലെ തിരിച്ചു വിളിച്ച് മനസ്സിലാക്കി, പനിയടക്കം കൊറോണയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടെങ്കിൽ മാത്രം ടെസ്റ്റ് ചെയ്യാൻ നിർദേശിയ്‌ക്കും. ടെസ്റ്റിംഗ് സെന്ററുകളുടെയും കിറ്റുകളുടെയും അഭാവം മൂലം ദിവസങ്ങളോ ആഴ്ചയോളമോ എടുക്കും ഫലത്തിന്. രോഗം സ്ഥിരീകരിച്ചാൽ മാത്രം ചികിത്സ. അതുവരെ രോഗലക്ഷണമില്ലാത്ത മറ്റു കുടുംബാംഗങ്ങളുടെ കൂടെ വീട്ടിൽ. കൊറോണയുള്ള ഒരു സ്ഥലത്തുനിന്നു വന്നവരായാൽ പോലും ഇതാണ് രീതി. കൊറോണ ലക്ഷണങ്ങളിൽ പലപ്പോഴും പനി ഉണ്ടാവാറില്ലങ്കിൽ പോലും, പനി ഇല്ലാത്തതിന്റെ പേരിൽ ടെസ്റ്റ് ചെയ്യാൻ അനുവാദമില്ല.

അമേരിക്ക ചുരുങ്ങിയത് 35000 രോഗികളെ പ്രതീക്ഷിച്ചിരിയ്ക്കുകയാണ് വരും നാളുകളിൽ. നാളെ ഈ അസുഖം വന്നാൽ, ഈ വികസിത രാജ്യത്തിരുന്ന്, നമ്മുടെ കൊച്ചു കേരളത്തിലായിരുന്നെങ്കിൽ എന്ന് നെടുവീർപ്പെടേണ്ടി വരും.

സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ യാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോൾ എയർപോർട്ടിൽ വച്ചും, രോഗലക്ഷണങ്ങൾ ഉണ്ടെന്നു പറയുമ്പോൾ വീട്ടിൽ വന്നും പൊതിഞ്ഞുപിടിച്ചു കൊണ്ടുപോയി ചികിത്സിയ്ക്കുന്നതും, കൈവിട്ടുപോയ രോഗികൾ നടന്ന വഴികൾ വരെ അടയാളപ്പെടുത്തി, ഒഴിവാക്കാൻ സഹായിയ്ക്കുന്നതും വെറും രാഷ്ട്രീയമാണെന്ന് കരുതുന്നത് തെറ്റാണ്. അതിന് അത്യാവശ്യം നല്ല ഉദ്ദേശശുദ്ധിയും അതിലുമേറെ സമർപ്പണവും വേണം.

നമ്മൾ ഇതൊന്നും ഔദാര്യമല്ല അവകാശമാണെന്ന് പറയുമ്പോൾ, ഔദാര്യത്തിൽ പോലും ഇതൊന്നും ഇല്ല എന്ന് തെളിയിയ്ക്കുന്ന വമ്പൻ രാജ്യങ്ങളെ വെറുതെ ഒന്ന് നോക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top