26 April Friday

ചെലവേറുന്ന അതിജീവനം: കൊറോണക്കാലത്തെ മുതലാളിത്തം...ശ്രീകാന്ത്‌ പി കെ എഴുതുന്നു

ശ്രീകാന്ത്‌ പി കെUpdated: Wednesday Mar 18, 2020

ശ്രീകാന്ത്‌ പി കെ

ശ്രീകാന്ത്‌ പി കെ

കെൻ ലോച്ച് സംവിധാനം ചെയ്ത "ഡാനിയൽ ബ്ലേയ്ക്ക്" എന്ന സിനിമ പലരും കണ്ടു കാണും.അദ്ദേഹത്തിന്റെ തന്നെ 'സോറി വി മിസ്ഡ് യൂ' എന്ന ചിത്രം 2019-ലെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു.

ഡാനിയൽ ബ്ലെയ്ക് എന്ന 59-കാരൻ കാർപ്പന്റർക്ക് ഒരു ഹാർട്ട് അറ്റാക്ക് വരുന്നതും അദ്ദേഹത്തിന്റെ കാർഡിയോളജിസ്റ്റ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് തിരികെ ജോലിയിലേക്ക് പ്രവേശിക്കാൻ പെർമിഷൻ നൽകാതിരിക്കുകയും,അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ എംപ്ലോയ്‌മെന്റ് സപ്പോർട്ട് അലവൻസ് പല കാരണങ്ങളാൽ നിഷേധിക്കപ്പെടുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.ജോബ് സീക്കേഴ്‌സ് അലവൻസ് ലഭിക്കാൻ അവശനായ ഡാനിയൽ ബ്ലെയ്ക് നടത്തുന്ന പല ശ്രമങ്ങൾക്കുമിടയിൽ തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ തന്റെ വീട്ടിലെ ഫർണിച്ചറുകളടക്കം വിൽക്കുകയും ചെയ്ത ഡാനിയൽ ഒടുവിൽ മറ്റൊരു ഹാർട്ട് അറ്റാക്കിൽ മരണപ്പെടുന്നതുവരെ തനിക്കവകാശപ്പെട്ട അലവൻസുകളും ക്ലെയിമുകൾക്കായി ഓഫീസുകൾ കയറിയിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.ഡാനിയലിന് സുഹൃത്തായി ലഭിച്ച സിംഗിൾ മദർ കൂടിയായ കെയ്റ്റിയുടെ ജീവിത പ്രാരാബ്ദങ്ങളിൽ കൂടി പോയ ചിത്രം ഒരു മുതലാളിത്ത വ്യവസ്ഥതിക്കകത്ത് എങ്ങനെയാണ് ഭരണകൂടം ഒരു തൊഴിലാളിക്ക് അവകാശപ്പെട്ട വെൽഫെയർ പെൻഷനുകൾ പോലും മുടന്തൻ ന്യായങ്ങളാൽ നിഷേധിക്കുകയും അവരുടെ ജീവിതത്തെ ദുസ്സഹമാക്കുകയും ചെയ്യുന്നതെന്ന് തുറന്ന് കാട്ടുന്നുണ്ട്.

ഇന്ന് മറ്റൊരു വീഡിയോ കണ്ടു.അമേരിക്കൻ സെനറ്റിൽ ഡോക്ടർമാരും ആശുപത്രി ഉടമകളുമായി ഡെമോക്രാറ്റ് സെനറ്റർ കൊറോണ ടെസ്റ്റ് നടത്താൻ എത്ര പണം ചെലവാകും എന്ന് ചോദിക്കുന്ന വീഡിയോ.

ടെസ്റ്റുകൾക്കും ഐസൊലേഷനുമൊക്കെയായി ചെലവാക്കുന്ന തുക മറുപടിയായി ലഭിക്കുന്നത് അവർ ഒരു വൈറ്റ് ബോർഡിൽ എഴുതി ക്യാമറയെ കാണിക്കുന്നുണ്ട്.ഒരാൾക്ക് മാത്രം ആയിരത്തി മുന്നൂറു ഡോളറിലധികം ടെസ്റ്റുകൾക്ക് മാത്രമായി ചിലവാകുമെന്നും ഒരു കുടുംബത്തിന് ചുരുങ്ങിയത് നാലായിരം ഡോളർ ചിലവ് വരുന്ന പരിപാടിയാണ് കൊറോണ ടെസ്റ്റിങ് എന്ന് സെനറ്റിൽ ഡോക്ടർമാർ തന്നെ സമ്മതിക്കുന്നു.

40% അമേരിക്കക്കാർക്കും 400 ഡോളർ പോലും അപ്രതീക്ഷിത ചെലവായി താങ്ങാൻ പറ്റാത്ത, മെഡിക്കൽ ട്രീറ്റ്മെന്റ് പലപ്പോഴും സാധ്യമല്ലാത്ത ഒരു സമൂഹത്തിലാണ് കൊറോണ വൈറസിന്റെ വെറുമൊരു ടെസ്റ്റിന് മാത്രമായി ആയിരത്തി മുന്നൂറിലധികം ഡോളർ ചെലവാകുന്നതെന്ന് സെനറ്റർ അവിടെ പറയുന്നുണ്ട്.

മാർക്കറ്റിനെ കേന്ദ്ര സ്ഥാനത്ത് നിർത്തി കൊണ്ട് മനുഷ്യൻ പരിഗണനാ വിഷയമാകാത്ത ഒരു ഉൽപാദന വ്യവസ്ഥയ്ക്കകത്ത് ആ മുതലാളിത്ത വ്യവസ്ഥയുടെ ഏറ്റവും ഉയർന്ന രൂപം നിലനിൽക്കുന്ന രാജ്യത്തിനകത്ത് പോലും ജനസംഖ്യയുടെ പാതിയോളം മനുഷ്യർ ആ വ്യവസ്ഥിതിയുടെ തന്നെ ഇരകളാണെന്ന സത്യമാണ് ഇതിലൂടെ തുറന്നു കാട്ടപ്പെടുന്നത്.ഇറ്റലിയിൽ നടക്കുന്നതെന്തെന്ന് ഇനിയും പറയണമെന്ന് തോന്നുന്നില്ല.

മുഴുവനായും സ്വകാര്യ മേഖല കയ്യടക്കിയ ആരോഗ്യ രംഗത്ത് അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടത്തിന് പോലും ലക്ഷങ്ങളുടെ പണച്ചെലവാണ്.

കേരളത്തിൽ ഐസൊലേഷൻ വിധേയമാകുന്ന മനുഷ്യർക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയും,മരുന്നുകളും,ഭക്ഷണവും,എന്തിന് വായിക്കാൻ പുസ്തകങ്ങളും വരെ എന്ന വിവരം എത്രമാത്രം ഒരു അമേരിക്കൻ പൗരനെ ആശ്ചര്യം കൊള്ളിക്കുമെന്നത് Niko jr എന്ന അമേരിക്കൻ വ്ലോഗറുടെ കേരള സന്ദർശനത്തിന്റെ വീഡിയോ കണ്ടാൽ മനസ്സിലാകും.

ഒരു വ്യവസ്ഥിതി മൂല്യപരമായി മനുഷ്യനെ ഏത് തട്ടിൽ കാണുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് പുറത്തുവന്ന രണ്ട് അന്തർദേശീയ വാർത്തകൾ.

തണലിന്റെ ലാഭം നിലച്ചാൽ മരം വെട്ടി വിൽക്കുന്ന മുതലാളിത്ത ലാഭക്കൊതിയുടെ മറ്റൊരു വാർത്തയാണ് കൊറോണ പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കുവാൻ ജർമൻ ഗവണ്മെന്റിന്റെ സഹകരണത്തോടെ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജർമൻ കമ്പനിയായ CureVac-ന് വൻ തോതിൽ പണം വാഗ്ദാനം ചെയ്ത് തങ്ങളുടെ കുത്തക ഉറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതായി ജർമൻ പത്രങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നത്.ലോകം മുഴുക്കെ മനുഷ്യർ ഈ മഹാമാരിയിൽ നിന്നുമുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതമാകുന്ന സമയത്തും മുതലാളിത്ത ഭരണകൂടത്തിന് അതിൽ നിന്നും ലഭിക്കുന്ന ലാഭത്തിൽ മാത്രമാണ് കണ്ണ്.

കൂടെ മറ്റൊരു വാർത്ത കൂടിയുണ്ട്.ഇതേ അമേരിക്ക കാലങ്ങളായി ശത്രു സ്ഥാനത്ത് നിർത്തി ഉപരോധിക്കുന്ന ക്യൂബയിൽ നിന്നാണത്.

കൊറോണ ബാധിത യാത്രികരുള്ള ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിന് നങ്കൂരമിടാനുള്ള അഭ്യർഥന സൗഹൃദ രാഷ്ട്രങ്ങൾ നിരസിച്ച് കരയ്ക്കടുക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസമായി കടലിൽ ഒറ്റപ്പെട്ടുപോയ ബ്രിട്ടീഷ് കപ്പലിനേയും യാത്രക്കാരേയും ക്യൂബൻ സർക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

'വിപ്ലവത്തിന്റെ മാനുഷികമൂല്യങ്ങളിലൂടെ ഉയര്‍ത്തെണ്ണീറ്റവരാണ് ഞങ്ങള്‍. ആഗോളവിപത്തിനെ നേരിടന്നുതിനുവേണ്ടി, ആരോഗ്യം എന്നത് മനുഷ്യാവകാശമാണെന്ന് മനസിലാക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണമിത്.' -ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്ന വാചകങ്ങളാണ്.അന്യ സംസ്‌ഥാനത്തു നിന്നും തൊഴിലാളികളായി വന്ന നമ്മുടെ അതിഥികൾ എന്ന് പിണറായി വിജയൻ പറയുന്നതിലും ക്യൂബൻ മണ്ണിലും പങ്കുവെക്കുന്ന രാഷ്ട്രീയത്തിന്റെ ഒരു സൗഹൃദമുണ്ട്.

കൊറോണ പ്രതിരോധവും പ്രവർത്തനങ്ങളും കണിശമായും നടക്കേണ്ടതുണ്ട്.കൂട്ടത്തിൽ രണ്ട് വ്യവസ്ഥിതികൾ ഏത് തരത്തിൽ മനുഷ്യനെ പരിഗണിക്കുന്നു എന്നതും പ്രശ്നവൽക്കരിക്കേണ്ടുന്ന ഒരു സമയമാണിത്.വിപണി കേന്ദ്രീകൃതമായ ഒരു ഉൽപാദന വ്യവസ്ഥയിൽ നിന്ന് മാനവിക കേന്ദ്രീകൃതമായ ഒരു ഉൽപാദന വ്യവസ്ഥിതിയിലേക്കുള്ള ഒരു ഭാവി കൂടി ചർച്ചാ പരിഗണനയായി മാറേണ്ടുന്ന ഒരു സമയം കൂടിയാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top