19 April Friday

കേരളം ഇറ്റലിയാകാതിരിക്കാന്‍ ഇപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയും, ഇപ്പോഴേ കഴിയൂ... അനുപമ മോഹന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

കോവിഡ് 19 ബാധിച്ച് രണ്ടായിരത്തിലേറെ ആളുകളാണ് ഇറ്റലിയില്‍ മാത്രം മരണപ്പെട്ടത്. അത്രയേറെ ആ രാജ്യത്ത് രോഗം വ്യാപിച്ചിരിക്കുന്നു. പത്തും നൂറുമായി മരണസംഖ്യ ഉയര്‍ന്നുവന്നപ്പോഴും വേണ്ടത്ര ജാഗ്രത ഇറ്റലിയിലും ഉണ്ടായിരുന്നില്ല. പിന്നീട് കേസുകള്‍ പതിനായിരം കടന്നു. അന്നുവരെ അഭിമുഖീകരിക്കാത്ത സാഹചര്യവും വന്നു. എല്ലാവരെയും മതിയായി ചികിത്സിക്കുക എന്നത് അസാധ്യമായി മാറുകയും ചെയ്‌തു.

ഈ അനുഭവം മുന്‍നിര്‍ത്തി കൊറോണ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴേ ജാഗരൂകണമെന്ന് ഓര്‍മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ അനുപമ മോഹന്‍. കൊറോണ ബാധിത രോഗികളുടെ എണ്ണം പെരുക്കപ്പട്ടിക പോലെ കൂടുന്നത് തടയാന്‍ സാധ്യമായ അവസാന ഘട്ടമാണിത്. രോഗം വ്യാപിക്കുന്ന തോത് താമസിപ്പിക്കാനും, ഒരു സമയത്തെ രോഗികളുടെ പരമാവധി എണ്ണം (പീക്ക്) കുറയ്ക്കാനും ഇപ്പോള്‍ നമുക്ക് കഴിയും. ഇപ്പോഴേ കഴിയൂ. ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നതിലും അധികം രോഗികളെ ഉണ്ടാക്കാതിരിക്കുക എന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ നമുക്ക് ചെയ്യാവുന്നത്. അതിന് രോഗം പടരാനുള്ള അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അതുപോലെ പാലിക്കണം. മുന്‍കരുതലുകളെ ഗൗരവമായി തന്നെ നടപ്പിലാക്കണം.-അനുപമ പറയുന്നു.

അനുപമ മോഹന്റെ കുറിപ്പ്-പൂര്‍ണരൂപം

നിങ്ങളോ, അടുത്ത വീട്ടിലെ കുഞ്ഞിന്റെ അമ്മൂമ്മയോ? ഒഴിവാക്കാവുന്ന ഒരു ദുരന്തം.

പൊളിറ്റിക്കല്‍/മോറല്‍ ഫിലോസഫിയിലെ ചില ചോദ്യങ്ങളുണ്ട്. അത്ര പെട്ടന്നോ എളുപ്പമോ  ശരിപക്ഷം കണ്ടെത്താനാവാത്തവ. ഒരുപക്ഷേ കേവല ശരിപക്ഷം ഇല്ലാത്തവ. ഉദാഹരണത്തിന്, ലക്ഷങ്ങളെ കൊല്ലുന്ന ക്യാന്‍സറിന് വാക്‌സിന്‍ കണ്ടെത്താം, പക്ഷേ നിരപരാധിയായ ഒരാളെ കൊല്ലണം - നിങ്ങള്‍ എടുക്കുന്ന ചോയിസ് എന്താവും ? അത്തരം ചോദ്യങ്ങള്‍ മാത്രം നിറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാരും ആരോഗ്യരംഗത്തെ പ്രൊഫഷണലുകളും.

കോവിഡ്- 19 കേസുകള്‍ പത്തുകളും നൂറുകളും ആയിരുന്ന ആദ്യ ദിവസങ്ങളില്‍ ആര്‍ക്കും ഒരു ചോദ്യവുമില്ലായിരുന്നു. എല്ലാ രോഗികള്‍ക്കും പരമാവധി കെയര്‍ നല്‍കുക. അത് അനായാസമായിരുന്നു. പിന്നീട് ഒരാഴ്ച്ച കൊണ്ട് കേസുകള്‍ ആയിരങ്ങളായി. സംവിധാനം ബുദ്ധിമുട്ടി തുടങ്ങി. എങ്കിലും കൊറോണ കേസുകള്‍ എല്ലാം തന്നെ ചികിത്സിച്ചു തന്നെ തുടര്‍ന്നു. അടുത്തയാഴ്ച്ചയായി, കേസുകള്‍ പതിനായിരം കടന്നു. അന്നുവരെ അഭിമുഖീകരിക്കാത്ത സാഹചര്യവും വന്നു. എല്ലാവരെയും മതിയായി ചികിത്സിക്കുക എന്നത് അസാധ്യമായി. അതിനും മാത്രം വെന്റിലേറ്ററുകളും അതിതീവ്ര പരിചരണ യൂനിറ്റുകളും മറ്റും രാജ്യത്തില്ല. ഓര്‍ക്കുക, കൊറോണ കേസുകള്‍ മാത്രമല്ല, മറ്റ് ഗുരുതര രോഗികളും പതിവ് എണ്ണത്തില്‍ നിലവിലുണ്ട്. ഇവിടെയാണ് ഒരു സാധാരണ മനുഷ്യനും ഒരിക്കലും ഉത്തരം നല്‍കാന്‍ ആഗ്രഹിക്കാത്ത ആ ചോദ്യം ഉയരുന്നത്.
ആരെ രക്ഷിക്കും, ആരെ മരണത്തിനു വിടും ?

***
ഇറ്റലിയില്‍ ഇപ്പോള്‍ യുദ്ധകാലത്തെ എന്നപോലെ രോഗികളെ അതിജീവന സാധ്യത പ്രകാരമാണ് പരിഗണിക്കുന്നത്. പരമാവധി സാധ്യമായ ചികിത്സ ആര്‍ക്കൊക്കെ നല്‍കണം എന്നത് സംബന്ധിച്ച് ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. പ്രായം, ശരാശരി ആയുസില്‍ ഇനിയും ശേഷിക്കുന്ന വര്‍ഷങ്ങള്‍, മറ്റ് രോഗാവസ്ഥ സങ്കീര്‍ണതകള്‍ (ഉദ: ശ്വാസകോശ രോഗങ്ങള്‍, ചില കാന്‍സറുകള്‍) എന്നിങ്ങനെ പല ഘടകങ്ങളും അതിജീവന സാധ്യതയും പരിഗണിച്ചാണ് വെന്റിലേറ്റര്‍ ഉള്‍പ്പെടെ അനുവദിക്കുന്നത്. ആദ്യം വരുന്നവര്‍ക്ക് പരമാവധി ചികിത്സ എന്ന നയം പിന്തുടര്‍ന്നാല്‍ കൂടുതല്‍ അതിജീവന സാധ്യതയുള്ള പലരേയും മരണത്തിന് വിടേണ്ടിവരും എന്നതുകൊണ്ടാണ് ഈ യുദ്ധകാലാടിസ്ഥാന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയത്.

ഒരുകണക്കിന്, 36ഉം 48ഉം മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഒരാശ്വാസമാണ്. കഠിനമായ ജോലിഭാരത്തിനൊപ്പം ജീവന്മരണ തീരുമാനങ്ങളുടെ ദൈവവേഷം കൂടി ചെയ്യേണ്ടല്ലോ.
പക്ഷേ അവരുടെയും, ചികിത്സ ലഭിക്കുന്നവരുടെയും കുറ്റബോധം ഊഹിക്കാനാവുമോ ? ഒരു മരണം, ആ മരണത്തിലൂടെ ലഭിച്ച ചികിത്സ.. എത്ര നീറിയാവും മനസാക്ഷിയുള്ള മനുഷ്യര്‍ അതിജീവിക്കുക..!
ഒഴിവാക്കാമായിരുന്നോ ആ അവസ്ഥ ?
പറ്റുമായിരുന്നു. അതാണ് ഏറ്റവും ഹൃദയഭേദകം.

***
കേരളം ഇപ്പോള്‍ നില്‍ക്കുന്നത് രോഗബാധിതര്‍ പത്തുകളില്‍ ഉള്ള സ്ഥാനത്താണ്. ഇവിടെയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതും. കൊറോണ ബാധിത രോഗികളുടെ എണ്ണം പെരുക്കപ്പട്ടിക പോലെ കൂടുന്നത് തടയാന്‍ സാധ്യമായ അവസാന ഘട്ടമാണിത്. രോഗം വ്യാപിക്കുന്ന തോത് താമസിപ്പിക്കാനും, ഒരു സമയത്തെ രോഗികളുടെ പരമാവധി എണ്ണം ( പീക്ക് ) കുറയ്ക്കാനും ഇപ്പോള്‍ നമുക്ക് കഴിയും. ഇപ്പോഴേ കഴിയൂ.
ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നതിലും അധികം രോഗികളെ ഉണ്ടാക്കാതിരിക്കുക എന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ നമുക്ക് ചെയ്യാവുന്നത്. അതിന് രോഗം പടരാനുള്ള അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അതുപോലെ പാലിക്കണം. മുന്‍കരുതലുകളെ ഗൗരവമായി തന്നെ നടപ്പിലാക്കണം.
*സാമൂഹ്യ അകലം പാലിക്കണം.
*വ്യക്തി ശുചിത്വം കൃത്യമായി സൂക്ഷിക്കണം.
*കൂടിച്ചേരലുകള്‍ ഒഴിവാക്കണം.
*സോപ്പോ, ഹാന്‍ഡ് സാനിറ്റൈസറോ ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ കൈകള്‍ വൃത്തിയായി കഴുകുക.
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും കര്‍ച്ചീഫ് / ടിഷ്യൂ കൊണ്ട് പൊത്തിപ്പിടിക്കുക.
*പരസ്പര സ്പര്‍ശങ്ങള്‍ ഒഴിവാക്കുക.
*സ്ഥിരം തൊടുന്ന പ്രതലങ്ങള്‍ ക്ലീനര്‍ ഉപയോഗിച്ച് തുടയ്ക്കുക.
*പനി, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ ദിശ (1056, 0471 2552056) നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
*കേരളത്തിന് പുറത്തുനിന്ന് വരുന്നവര്‍ ദിശയുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
*സര്‍ക്കാര്‍, ലോകാരോഗ്യ സംഘടന കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക.
*സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക.
*അമിതമായ ഭയം, വിദേശികളോടോ അന്യരോടോ വെറുപ്പ് എന്നിവ ഒഴിവാക്കുക.
*ഉത്തരവാദിത്ത പൗരത്വം നിറവേറ്റുക.
***
മറ്റൊരാളുടെ മരണം ഒഴിവാക്കാന്‍ നമ്മള്‍ എന്തൊക്കെ ചെയ്യും ?
കഴിയുന്നത് എന്തും ചെയ്യും , അല്ലേ ?
ഇവിടെ നമ്മള്‍ ചെയ്യേണ്ടത് അകന്നു നില്‍ക്കുകയാണ്.
Stay together, by staying apart.
Let's break the chain.
#BreakTheChain 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top