24 April Wednesday

'വെള്ളിയാഴ്‌ചവരെ കോൺഗ്രസ്‌, ഞായറാഴ്‌ച ബിജെപി; കളം മാറ്റാൻ കാത്തുനിൽക്കുന്നവർക്ക്‌ എന്തിനാണ്‌ വോട്ട്‌ ചെയ്യുന്നത്‌'

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019

ഗുജറാത്തിലെ മാനവദർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ ജവഹർ ചാവ്ഡ ഒറ്റ ദിവസംകൊണ്ട്‌ രാജിവച്ച്‌ ബിജെപി മന്ത്രസഭയിൽ അംഗമായി. കോൺഗ്രസ്സ് സ്‌ഥാനാർത്ഥിയായി വിജയിച്ച ജവഹർ ചാവ്ഡ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ വീണ്ടും ജനവിധി തേടും. ഗുജറാത്തിൽ മാത്രമല്ല, കേരളത്തിലെയും കോൺഗ്രസ്സ് നേതാക്കളുടെ അവസ്‌ഥ ഏതാണ്ടിതുതന്നെയാണ്. ബെറ്റർ ഡീൽ കിട്ടിയാൽ കളം മാറ്റാൻ കാത്തുനിൽക്കുന്നവരാണ് മിക്കവരും. ലോക്സഭയിലേക്കാണോ അതല്ല റിസോർട്ടിലേക്കാണോ തങ്ങളുടെ ജനപ്രതിനിധികളെ അയക്കേണ്ടത് എന്ന ചോദ്യമാണ് കേരളത്തിലെ വോട്ടർമാർക്കുമുന്നിലുള്ളത്. ജിതിൻ ഗോപാലകൃഷ്‌ണന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ്സ് പാർടിയുടെ സുപ്രധാന വർക്കിങ് കമ്മിറ്റി മീറ്റിംഗ് മാർച്ച് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കാനിരിക്കുകയാണ്. കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും അടവുകൾക്കും രൂപം നൽകുന്ന അതിപ്രധാനമായ യോഗമാണിത്. മാനവദർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ ജവഹർ ചാവ്ഡയ്ക്കായിരുന്നു കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി മീറ്റിങ്ങിന്റെ വേദിയുടെ മുഖ്യ ചുമതല. കഴിഞ്ഞ കുറേ ആഴ്ചകളായി വർക്കിങ് കമ്മിറ്റി സംഘാടനത്തിനുള്ള ഓട്ടത്തിലായിരുന്നു ഇദ്ദേഹം. ഒബിസി വിഭാഗത്തിൽ പെടുന്ന അഹിർ കമ്മ്യൂണിറ്റിയിലെ പ്രധാന നേതാവുകൂടിയായ ചാവ്ഡ എന്നാൽ ഈ വെള്ളിയാഴ്ച പൊടുന്നനെ കോൺഗ്രസ് പാർടിയിൽ നിന്നും എംഎൽഎ സ്‌ഥാനത്തുനിന്നും രാജിവെക്കുകയായിരുന്നു. രാജിവെച്ച് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്ന ജവഹർ ചാവ്ഡ ഒരുദിവസത്തിനകം വിജയ് രൂപാനി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താണ് വീണ്ടും വാർത്തയിൽ നിറയുന്നത്. ഇന്നലെ നടന്ന സത്യപ്രതിജ്ഞയിൽ ഗുജറാത്ത്‌ മുഖ്യമന്ത്രിക്കൊപ്പമുള്ള ചാവ്ഡയുടെ ചിത്രങ്ങളാണ് ചുവടെ.

മാനവദർ മണ്ഡലത്തിൽ നിന്നും നാലുതവണ കോൺഗ്രസ്സ് സ്‌ഥാനാർത്ഥിയായി വിജയിച്ച ജവഹർ ചാവ്ഡ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ വീണ്ടും ജനവിധി തേടും. കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി മീറ്റിങ്ങിന്റെ സ്റ്റേജ് മാനേജുചെയ്യാൻ ഇനി വേറെ ആളെ നോക്കാനുള്ള വെപ്രാളം മാത്രമേ ഗുജറാത്തിലെ കോൺഗ്രസ്സിനുള്ളൂ. ബിജെപിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അവരെ സംബന്ധിച്ച് വലിയ വിഷയമുള്ള കാര്യമല്ല. മാസത്തിൽ ഒന്നുവീതം അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതുകൊണ്ട് വീണ്ടും വീണ്ടും ഞെട്ടേണ്ട കാര്യമില്ലല്ലോ. ജവഹർ ചാവ്ഡ രാജിവച്ചതിന് മണിക്കൂറുകൾക്കുശേഷം മാത്രമാണ് മുതിർന്ന കോൺഗ്രസ്സ് എംഎൽഎ പുരുഷോത്തം സബരിയ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഏതാനും മാസങ്ങൾക്കുമുൻപ്, കോൺഗ്രസ്സ് എംഎൽഎയായിരുന്ന കുൻവാർജി ബവലിയയും ബിജെപിയിൽ ചേർന്ന് കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോൺഗ്രസ്സ് യുവ എംഎൽഎ ആശാ പട്ടേൽ ബിജെപിയിൽ ചേർന്നത് ആഴ്ചകൾക്ക് മുൻപുമാത്രമാണ്.

ഗുജറാത്തിൽ മാത്രമല്ല, കേരളത്തിലെയും കോൺഗ്രസ്സ് നേതാക്കളുടെ അവസ്‌ഥ ഏതാണ്ടിതുതന്നെയാണ്. ബെറ്റർ ഡീൽ കിട്ടിയാൽ കളം മാറ്റാൻ കാത്തുനിൽക്കുന്നവരാണ് മിക്കവരും. ലോക്സഭയിലേക്കാണോ അതല്ല റിസോർട്ടിലേക്കാണോ തങ്ങളുടെ ജനപ്രതിനിധികളെ അയക്കേണ്ടത് എന്ന ചോദ്യമാണ് കേരളത്തിലെ വോട്ടർമാർക്കുമുന്നിലുള്ളത്.

നിങ്ങളുടെ വോട്ട് പാഴായിപ്പോകാൻ ഇടവരുത്തരുത്. ഏതു നിമിഷവും ബിജെപിയിലേക്ക് ചാടാൻ വെമ്പിനിൽക്കുന്ന ഖദറിട്ട കോമാളികൾക്കാവരുത് കേരളത്തിൽ നിങ്ങളുടെ വോട്ട്. മതനിരപേക്ഷത സംരക്ഷിക്കാൻ, സംഘപരിവാറിനെ തുറന്നെതിർക്കാൻ ഇടതുപക്ഷത്തിനാകണം നിങ്ങളുടെ വോട്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top