20 April Saturday

എന്താണ് ഇടതുപക്ഷം? ...സുബിന്‍ ഡെന്നിസ് എഴുതുന്നു

സുബിന്‍ ഡെന്നിസ്Updated: Thursday Jul 28, 2022

 

'ഭൂപരിഷ്‌കരണം നടപ്പാക്കും, കര്‍ഷകര്‍ക്ക് കൃഷിഭൂമി കൊടുക്കും എന്നതായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. എന്നാല്‍ അധികാരത്തിലെത്തിയതിനു ശേഷം കോണ്‍ഗ്രസ് ഈ വാഗ്ദാനത്തില്‍ നിന്നും പിന്നാക്കം പോയി. ഇന്ത്യയില്‍ ഏറ്റവും ഭേദപ്പെട്ട രീതിയില്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലല്ല ഭൂപരിഷ്‌കരണം നടന്നത്.  കശ്മീരില്‍ ഫ്യൂഡല്‍ വിരുദ്ധ നിലപാടുണ്ടായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലും മറ്റു മൂന്നിടത്തും കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുമാണ് ഭൂപരിഷ്‌കരണം നടന്നത്'

 

ഫേസ്‌ബുക്ക് കുറിപ്പ്



കോണ്‍ഗ്രസ് ഇടതുപക്ഷമോ?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം എന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവകാശപ്പെട്ടത് ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ടല്ലോ. ഇടതുപക്ഷം എന്താണ് എന്നതിനെപ്പറ്റി വ്യക്തതയുണ്ടെങ്കില്‍ ഈ അവകാശവാദത്തിന്റെ സാധുത പരിശോധിക്കുക എളുപ്പമാകും എന്നതിനാലാണ് ഈ കുറിപ്പെഴുതുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍, റഷ്യയെ ഒഴിച്ചുനിര്‍ത്തിയാല്‍ യൂറോപ്പില്‍ ഏറ്റവുമധികം ജനസംഖ്യ ഉണ്ടായിരുന്ന രാജ്യമായിരുന്നു ഫ്രാന്‍സ്.  അവിടെ 1789 മുതല്‍ വര്‍ഷങ്ങളോളം നീണ്ട ബഹുജന സാമൂഹ്യ വിപ്ലവം ഉണ്ടായി. രാജാവിനെ അധികാരത്തില്‍ നിന്നും താഴെയിറക്കി. ഫ്യൂഡല്‍ ഉപരിവര്‍ഗത്തിന്റെയും കത്തോലിക്കാ പൗരോഹിത്യത്തിന്റെയും സവിശേഷാധികാരങ്ങള്‍ അവസാനിപ്പിച്ചു. അടിയായ്മയ്ക്ക് അന്ത്യം കുറിച്ചു; കര്‍ഷകര്‍ക്ക് ഭൂമി ലഭിച്ചു. രാജ്യത്തെ ഉന്നത സര്‍ക്കാരുദ്യോഗങ്ങള്‍ ഫ്യൂഡല്‍ പ്രഭുവര്‍ഗത്തില്‍ നിന്നല്ലാത്തവര്‍ക്കും തുറന്നുകൊടുക്കപ്പെട്ടു. ''മനുഷ്യന്റെയും പൗരന്റെയും അവകാശങ്ങള്‍'' വിളംബരം ചെയ്യപ്പെട്ടു. രാജ്യത്തെ ഭൂമിയുടെ പത്ത് ശതമാനം കയ്യാളിയിരുന്ന കത്തോലിക്കാ സഭയുടെ സ്വത്ത് ദേശസാല്‍ക്കരിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി ജനപ്രീതിയാര്‍ജിച്ച ''സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം'' എന്ന മുദ്രാവാക്യം ലോകമെമ്പാടും വിമോചനമാഗ്രഹിക്കുന്ന ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ഭാവനകള്‍ക്ക് തീപിടിപ്പിച്ചു. പിന്നീടുള്ള ദശകങ്ങളില്‍ യൂറോപ്പില്‍ ഒട്ടനവധി രാജ്യങ്ങളില്‍ കേവല രാജവാഴ്ചയും അടിയായ്മയും അവസാനിക്കുന്നതിന് ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങളും യുദ്ധം നയിച്ച ഫ്രഞ്ച് സൈന്യവും വലിയ പങ്കുവഹിച്ചു.


ഫ്രഞ്ച് വിപ്ലവത്തിന്റെ നേതൃത്വം അക്കാലത്ത് ഉയര്‍ന്നുവന്ന ബൂര്‍ഷ്വാസി എന്ന വര്‍ഗത്തിനായിരുന്നു. മുതലാളിമാരും കച്ചവടക്കാരും അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളും മറ്റും ഉള്‍പ്പെട്ടതായിരുന്നു ഈ വര്‍ഗം. ഫ്രഞ്ച് വിപ്ലവത്തിന് ഏറ്റവും നിര്‍ണായകമായ നേതൃത്വം കൊടുത്ത ജാക്കൊബിന്‍ ക്ലബ് ഉള്‍പ്പെടെ വിപ്ലവത്തിന്റെ ഭാഗമായ വിവിധ ധാരകള്‍ തമ്മിലും വിപ്ലവത്തെ എതിര്‍ത്ത പിന്തിരിപ്പന്‍ ഉപരിവര്‍ഗവും തമ്മിലും സംഘര്‍ഷമുണ്ടായി. ഇവരില്‍ വിവിധ വിഭാഗങ്ങള്‍ പല ഘട്ടങ്ങളില്‍ അധികാരത്തില്‍ വന്നു. ഭൂപ്രഭുത്വത്തിനും രാജാധികാരത്തിനും മതാധികാരത്തിനും എതിരായ വിപ്ലവത്തെ, പാരിസിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട തൊഴിലാളികളും കൈത്തൊഴിലുകള്‍ ചെയ്തിരുന്നവരും ചെറുകിട കച്ചവടക്കാരും ചെറുകിട സംരംഭകരും ഉള്‍പ്പെടുന്ന സാധാരണക്കാര്‍ (Sansculottes - പണക്കാര്‍ ധരിച്ചിരുന്ന തരത്തിലുള്ള വിലപിടിച്ച കാല്‍ശരായി ധരിക്കാന്‍ കെല്‍പ്പില്ലാത്തവര്‍) പിന്തുണയ്ക്കുകയും അധികാരം പിടിച്ച ബൂര്‍ഷ്വാസിയെ കൂടുതല്‍ മാറ്റങ്ങള്‍ക്കായി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്ക് സമത്വവും അധികാരവും ഉറപ്പുവരുത്തുക ബൂര്‍ഷ്വാസിയുടെ ലക്ഷ്യമായിരുന്നില്ല.

ഫ്രഞ്ച് വിപ്ലവം മുന്നോട്ടു പോകണം എന്നാഗ്രഹിച്ചവര്‍ ഫ്രഞ്ച് ദേശീയ അസംബ്ലിയില്‍ പ്രസിഡന്റിന്റെ ഇരിപ്പിടത്തിന്റെ ഇടതുവശത്തും വിപ്ലവത്തെ എതിര്‍ക്കുന്നവര്‍ വലതുവശത്തും ഇരുന്നു തുടങ്ങിയതോടെയാണ് ''ഇടതുപക്ഷം'', ''വലതുപക്ഷം'' എന്നീ രാഷ്ട്രീയ സംജ്ഞകള്‍ ഉണ്ടായത്.

സമൂഹം കൂടുതല്‍ തുല്യതയുടെ ദിശയിലേയ്ക്ക് മുന്നേറണം എന്നാഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇടതുപക്ഷം. ഇതിന് എതിരു നില്‍ക്കുന്നവരാണ് വലതുപക്ഷം.

സോഷ്യലിസം, കമ്മ്യൂണിസം


ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്യൂഡല്‍ ജന്മിവര്‍ഗത്തിന്റെ അധികാരം തകര്‍ത്ത് മുതലാളിവര്‍ഗം അധികാരം പിടിച്ചെടുത്തു. പക്ഷേ അപ്പോഴും സമൂഹത്തില്‍ ഭൂരിഭാഗം വരുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും രാഷ്ട്രീയവും സാമ്പത്തികവുമായ തുല്യത അന്യമായിത്തന്നെ തുടര്‍ന്നു. പിന്നീടുള്ള ദശകങ്ങളില്‍ കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെയുള്ള രാഷ്ട്രീയാധികാരം ഉണ്ടാകണമെന്നും സാമ്പത്തികനിലയുടെ കാര്യത്തില്‍ ഈ ജനവിഭാഗങ്ങളും സമ്പന്ന വര്‍ഗങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കണമെന്നും വാദിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് ഇടതുപക്ഷം. വലതുപക്ഷം ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. ലാഭക്കൊതിയില്‍ അധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥിതിയില്‍ സാമ്പത്തിക അസമത്വം ഇല്ലാതാക്കുക സാധ്യമല്ലെന്നും പകരം തുല്യത ലക്ഷ്യമായിക്കാണുന്ന ഒരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കണമെന്നും വാദിച്ച ഇടതുപക്ഷക്കാര്‍ സോഷ്യലിസ്റ്റുകള്‍ എന്നറിയപ്പെട്ടു. അവര്‍ ലക്ഷ്യമിട്ട സാമൂഹ്യ വ്യവസ്ഥിതിയെ അവര്‍ സോഷ്യലിസം എന്നു വിളിച്ചു.


പത്തൊമ്പതാം നൂറ്റാണ്ടില്‍ പല തരത്തിലുള്ള സോഷ്യലിസ്റ്റ് ധാരകള്‍ ഉയര്‍ന്നുവന്നു. അതില്‍ ഏറ്റവും ശക്തമായ ധാരയാണ് ജര്‍മന്‍ ചിന്തകനും വിപ്ലവകാരിയുമായിരുന്ന കാള്‍ മാര്‍ക്സ് തുടക്കമിട്ട മാര്‍ക്‌സിസം. ചരിത്രത്തെ പൊതുവിലും മുതലാളിത്തത്തെ പ്രത്യേകമായും ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് മാര്‍ക്സിസം ചെയ്തത്. വര്‍ദ്ധിക്കുന്ന അസമത്വം മുതലാളിത്ത വികസനത്തിന്റെ സ്വാഭാവികമായ ഫലമാണ് എന്ന് മാര്‍ക്സ് തെളിയിച്ചു. മുതലാളിത്തത്തെ അട്ടിമറിച്ച് തൊഴിലാളികള്‍ അധികാരത്തിലിരിക്കുന്ന സോഷ്യലിസം എന്ന വ്യവസ്ഥിതിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ഗവിഭജനം ഇല്ലാത്ത കമ്മ്യൂണിസം എന്ന സാമൂഹ്യവ്യവസ്ഥയും കെട്ടിപ്പടുക്കണം എന്ന് മാര്‍ക്സും സഖാക്കളും വാദിച്ചു. ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന് അറിയപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടില്‍

കാലമേറെയെടുത്താണ് മുതലാളിത്ത ലോകത്ത് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം എന്ന ആവശ്യം പോലും അനുവദിക്കപ്പെട്ടത്. ബ്രിട്ടനില്‍ 1928-ലും ഫ്രാന്‍സില്‍ 1945-ലുമാണ് എല്ലാവര്‍ക്കും വോട്ടവകാശം ലഭിച്ചത്.

അതേസമയം സാമ്പത്തികമായ അസമത്വം മുതലാളിത്ത ലോകത്ത് അതിഭീമമായിത്തന്നെ തുടര്‍ന്നു. അതിനിടെ റഷ്യ ഉള്‍പ്പെടെ കുറെ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തി സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ സ്ഥാപിച്ചു. ആ രാജ്യങ്ങളില്‍ സാമ്പത്തിക അസമത്വം വലിയ തോതില്‍ കുറഞ്ഞു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോഴേയ്ക്കും ലോകമെമ്പാടും സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തിയും സ്വാധീനവും പൂര്‍വാധികം വര്‍ദ്ധിച്ചിരുന്നു. സോഷ്യലിസ്റ്റുകള്‍ അധികാരത്തിലെത്തും എന്ന ഭയം മൂലം തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കാനും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ആരോഗ്യപരിരക്ഷയും ഉള്‍പ്പെടെയുള്ള ക്ഷേമരാഷ്ട്ര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും വികസിത മുതലാളിത്ത രാജ്യങ്ങളും നിര്‍ബന്ധിതരായി.



എന്നാല്‍ ഇത് ഏറെക്കാലം നീണ്ടുനിന്നില്ല. സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുക എന്നത് മുതലാളിത്ത വികസനത്തിന്റെ സ്വാഭാവികമായ പ്രവണതയാണ് എന്ന് മുമ്പ് പരാമര്‍ശിച്ചല്ലോ. ഇതിന്റെ ഫലമായിത്തന്നെ 1970-കളോടെ ധനമൂലധനം (finance capital) പൂര്‍വാധികം ശക്തിയാര്‍ജ്ജിക്കുകയും നവലിബറലിസം എന്ന നയം സ്വീകരിക്കാന്‍ മുതലാളിത്തരാജ്യങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്തു. മുതലാളിത്തലോകം അതനുസരിച്ച് നീങ്ങി. ട്രേഡ് യൂണിയനുകളെ ആക്രമിച്ചു, പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു, ക്ഷേമരാഷ്ട്ര സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്തി. ഈ നയങ്ങള്‍ നടപ്പാക്കിയവരും അതിനെ അനുകൂലിക്കുന്നവരും വലതുപക്ഷമാണ് എന്നുകാണാന്‍ ബുദ്ധിമുട്ടില്ലല്ലോ.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇടതുപക്ഷമാണോ?

ഭൂപരിഷ്‌കരണം നടപ്പാക്കും, കര്‍ഷകര്‍ക്ക് കൃഷിഭൂമി കൊടുക്കും എന്നതായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. എന്നാല്‍ അധികാരത്തിലെത്തിയതിനു ശേഷം കോണ്‍ഗ്രസ് ഈ വാഗ്ദാനത്തില്‍ നിന്നും പിന്നാക്കം പോയി. ഇന്ത്യയില്‍ ഏറ്റവും ഭേദപ്പെട്ട രീതിയില്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയ കേരളം, പശ്ചിമ ബംഗാള്‍, തൃപുര, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലല്ല ഭൂപരിഷ്‌കരണം നടന്നത്. കശ്മീരില്‍ ഫ്യൂഡല്‍ വിരുദ്ധ നിലപാടുണ്ടായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലും മറ്റു മൂന്നിടത്തും കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുമാണ് ഭൂപരിഷ്‌കരണം നടന്നത്. കേരളത്തിലാകട്ടെ,ഭൂപരിഷ്‌കരണ നടപടികളെ എതിര്‍ക്കാന്‍ ഫ്യൂഡല്‍ ശക്തികളുമായി കൂട്ടുപിടിച്ച് വിമോചനസമരം നയിക്കുകയും പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. (''നെഹ്രൂവിയന്‍ സോഷ്യലിസം'' എന്ന കാപട്യത്തിന്റെ കാലത്താണ് ഇതൊക്കെ നടന്നത് എന്നത് ഓര്‍ക്കുക.) ഫ്രഞ്ച് വിപ്ലവകാലം മുതല്‍ ഇടതുപക്ഷത്തിന്റെ വളരെ അടിസ്ഥാനപരമായ നിലപാടാണ് ജന്മിത്തത്തോടുള്ള എതിര്‍പ്പ്. ആ കടമ്പ പോലും കടക്കാന്‍ വിസമ്മതിച്ചകോണ്‍ഗ്രസാണ് ഇന്ന് ''ഇടതുപക്ഷം'' ആണെന്ന് സ്വയം അവകാശപ്പെടുന്നത്! എന്തൊരു തമാശയാണെന്ന് നോക്കൂ. ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കും മതാധികാരത്തിനും ഇന്നും ഓശാന പാടുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്നതും ഓര്‍ക്കാം..

അതുപോട്ടെ, നെഹ്രുവിന്റെ ഭരണകാലം മുതല്‍ കുറെ ദശകങ്ങളില്‍ ഇന്ത്യ കുറെയധികം പൊതുമേഖലാ വ്യവസായങ്ങള്‍ സ്ഥാപിച്ചു. (സ്വന്തമായി വന്‍കിട നിക്ഷേപം നടത്താന്‍ അന്ന് കെല്‍പ്പില്ലാതിരുന്ന ഇന്ത്യന്‍ മുതലാളിവര്‍ഗവും അന്ന് ആവശ്യപ്പെട്ടത് പൊതുമേഖലയില്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെന്നാണ്.) അതോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്ന രീതിയിലുള്ള നയങ്ങളും സ്വീകരിച്ചു.

നവലിബറലിസം


എന്നാല്‍ 1980-കളോടെ ഇന്ത്യന്‍ മുതലാളിവര്‍ഗം കൂടുതല്‍ ശക്തിയാര്‍ജിച്ചു. അവര്‍ പഴയ നിലപാട് മാറ്റി. ഇനി പൊതുമേഖലയില്‍ വ്യവസായങ്ങള്‍ വേണ്ട; ജനങ്ങളുടെ പണം ഉപയോഗിച്ചുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ക്ക് തീറെഴുതിത്തരണം എന്നതായി മുതലാളിവര്‍ഗത്തിന്റെ ആവശ്യം. ഇന്ത്യന്‍ വിപണി തങ്ങള്‍ക്ക് തുറന്നു തരണം എന്ന് മുതലാളിത്തരാജ്യങ്ങളും അവര്‍ തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണങ്ങളായിക്കാണുന്ന ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശങ്ങള്‍ സന്തോഷപൂര്‍വം നടപ്പാക്കാന്‍ തയ്യാറുള്ള മന്‍മോഹന്‍ സിംഗിനെയും കൂട്ടരെയും കോണ്‍ഗ്രസ് അധികാരത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു. പൊതുമേഖലാ വ്യവസായങ്ങളെ മനഃപൂര്‍വം നശിപ്പിച്ചിട്ട് ആ ന്യായം പറഞ്ഞ് സ്വകാര്യവല്‍ക്കരണം ആരംഭിച്ചു. തൊഴിലുത്പാദനത്തിന്റെ വളര്‍ച്ച മന്ദഗതിയിലായി. തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം കുത്തനെ കുറഞ്ഞു.


ഇന്ത്യയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോകവ്യാപാര സംഘടനയുടെ ഭാഗമാക്കിയതോടെ ഒട്ടനവധി കാര്‍ഷിക വിളകളുടെ വിലയിടിഞ്ഞു. ഗ്രാമീണ മേഖലയിലെ പൊതു നിക്ഷേപം വെട്ടിക്കുറച്ചു. സബ്സിഡികള്‍ വെട്ടിക്കുറച്ചു. കര്‍ഷകര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ കൊടുത്തിരുന്ന വായ്പകള്‍ വെട്ടിക്കുറച്ചു. ഇത്തരം നയങ്ങളുടെ ഫലമായി ഇന്ത്യയില്‍ നാലു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഈ കൂട്ടക്കുരുതിക്ക് ഏറ്റവും വലിയ ഉത്തരവാദിയായ മന്‍മോഹന്‍ സിംഗ് ആണ് ഇന്നും കോണ്‍ഗ്രസുകാരുടെ ഹീറോ. ''നെഹ്രൂവിയന്‍ സോഷ്യലിസ''ത്തിലേയ്ക്കെങ്കിലും തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വി.ഡി. സതീശന്‍ ആദ്യം തള്ളിപ്പറയേണ്ടത് മന്‍മോഹന്‍ സിംഗിനെയാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു 2020 നവംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ നടന്ന കര്‍ഷക സമരം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയായിരുന്നു ഈ സമരം പ്രധാനമായും. ഈ മൂന്നെണ്ണത്തില്‍ രണ്ടെണ്ണം, കോണ്‍ഗ്രസ് നടപ്പാക്കുമെന്ന് 2019 തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ എഴുതിവച്ചിരുന്നതാണ്! ചുരുക്കിപ്പറഞ്ഞാല്‍, കോണ്‍ഗ്രസ് ഇടതുപക്ഷമാണ്, നെഹ്രൂവിയന്‍ സോഷ്യലിസമാണ് പിന്തുടരുന്നത് എന്നൊക്കെ സതീശന്‍ കരുതുന്നുവെങ്കില്‍ പട നയിക്കേണ്ടത് സ്വന്തം പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിനെതിരെയാണ്.


അടിക്കുറിപ്പ്: ''നെഹ്രൂവിയന്‍ സോഷ്യലിസ''ത്തെ തകര്‍ത്ത് തരിപ്പണമാക്കിയ മന്മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തുപോലും  ഡെല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു.) എന്‍.എസ്.യു.ഐ.ക്കാര്‍ 'We are Nehruvian Socialists' എന്നു പറഞ്ഞ് പോസ്റ്ററൊട്ടിക്കുമായിരുന്നു. (കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ് എന്‍.എസ്.യു.ഐ.; അതായത് കെ.എസ്.യു.വിന്റെ ദേശീയ രൂപം.) ജെ.എന്‍.യു.വില്‍ ഇടതുപക്ഷ ആശയങ്ങളുടെയും സംഘടനകളുടെയും സ്വാധീനം മൂലം, മന്മോഹന്‍ സിംഗിന്റെ നയങ്ങളെ അനുകൂലിച്ചുകൊണ്ട് പ്രചാരണം നടത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ ആട്ടിയോടിക്കും. അതുകൊണ്ടാണ് എന്‍.എസ്.യു.ഐ.ക്കാര്‍ക്ക് ഇങ്ങനെ പോസ്റ്ററൊട്ടിക്കേണ്ടിവന്നത്. ഏതാണ്ട് സമാനമായ സ്ഥിതിയാണ് കേരളത്തിലും എന്നതിന്റെ ലക്ഷണമാണോ സതീശന്റെ അവകാശവാദം?



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top