കൊച്ചി> കുടുംബശ്രീയുടെ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ "തിരികെ സ്‌കൂളിൽ' പദ്ധതിക്കെതിരെ കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ വീഡിയോയിലെ വിവരങ്ങളാകെ തെറ്റാണെന്ന് ഫാക്‌ട് ചെക്കേഴ്‌സ്. ഫേസ്‌ബുക്കിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കാതെയിരിക്കാനായി ഫേസ്‌ബുക്ക് മാതൃകമ്പനി ഉപയോഗപ്പെടുത്തുന്ന സാങ്കേതികതയായ ഇൻഡിപെൻഡന്റ് ഫാക്‌ട് ചെക്കേഴ്‌സ് ആണ് ഈ വീഡിയോയിലെയും പൊള്ളത്തരം തുറന്നുകാട്ടിയത്. പദ്ധതിയെ തകർക്കാൻ മനപ്പൂർവം കെട്ടിച്ചമച്ചതാണ് ഈ വീഡിയോയിലെ വിവരങ്ങൾ എന്നു ഇതോടെ വ്യക്തമായി.
കുടുംബശ്രീയുടെ തിരികെ സ്‌കൂളിൽ ക്യാമ്പയിൽ പ്രചരണങ്ങളുടെ വസ്‌തുതയറിയാം എന്ന വീഡിയോയാണ് കള്ളമാണെന്ന് ഇപ്പോൾ തെളിഞ്ഞത്. സിപിഎമ്മിന്റെ ഈ കുതന്ത്രം തിരിച്ചറിയുക, അറിയാത്തവരെ അറിയിക്കുക എന്ന ക്യാപ്‌ഷനോടെയായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരുന്നത്. തിരികെ സ്‌കൂളിൽ ക്യാമ്പയിന് പിന്നിൽ സിപിഐ എമ്മിന്റെ ഗൂഢലക്ഷ്യങ്ങളാണ് എന്ന തരത്തിലായിരുന്നു വീഡിയോ. ചില മാധ്യമങ്ങളും വീഡിയോയിലെ കാര്യങ്ങൾ വസ്‌തുതകളാണെന്ന തരത്തിൽ വാർത്തകളും ചമച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ തെറ്റായ വിവരങ്ങളാണ് പങ്കുവച്ചത് എന്നതിന്റെ പേരിൽ നീക്കം ചെയ്യപ്പെട്ടത്.
പാട്ടും കഥപറച്ചിലും പഠിത്തവുമൊക്കെയായി കുടുംബശ്രീ അംഗങ്ങൾ ആഹ്ളാദപൂർവ്വം പങ്കെടുത്ത ‘ തിരികെ സ്കൂളിൽ ’എന്ന പദ്ധതിക്കെതിരെയാണ് കോൺഗ്രസുകാർ കുത്തിത്തിരിപ്പും കൊണ്ടിറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..