26 April Friday

വർഗീയ കലാപത്തെ ചെറുത്ത കോൺഗ്രസ്സ് മുഖ്യൻ ആരാണ് ?...ദീപക് പച്ച എഴുതുന്നു

ദീപക് പച്ച Updated: Thursday Apr 11, 2019
"No riot can last for more than 24 hours unless the state wants it to continue"

ഭരണകൂടത്തിന്റെ ഒത്താശയില്ലാതെ ഒരു കലാപവും 24 മണിക്കൂറിൽ കൂടുതൽ നീളില്ല.

"Perception of Police Neutrality during Communal Riots" എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയും 1987 ലെ മീററ്റ് കലാപ കാലത്ത് അതിനെ ആവും വിധം ചെറുത്തു പോലീസ് സേനയിൽ ഉണ്ടാവുകയും ചെയ്ത വിഭൂതി എൻ റായ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണിക.

വർഗീയ കലാപങ്ങൾ ആളി പടരുന്നതിന് ഭരണകൂടവും ആ പ്രദേശത്തെ മുഖ്യ രാഷ്ട്രീയ പാർട്ടികളുമെല്ലാം ഉത്തരവാദികളാണ്. പണ്ട് തലശ്ശേരിയിൽ ഒരു കലാപം കെട്ടടങ്ങിയത് കേരളം ഇന്ന് ഭരിക്കുന്ന പിണറായി വിജയൻ എന്ന നേതാവിന്റെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെയും ഇടപെടലുകൾ കൊണ്ടാണെന്നു രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും. അതാണ് വർഗീയതയെ ചെറുക്കുന്ന രാഷ്ട്രീയത്തിന്റെ മിടുക്ക്.

സ്വാതന്ത്ര്യ പൂർവ ഇന്ത്യയിൽ ചെറുതും വലുതുമായി നിരവധി വർഗീയ കലാപങ്ങൾ നടന്നിട്ടുണ്ട്. മേല്പറഞ്ഞപോലെ തലശ്ശേരിയിൽ നടത്താൻ ശ്രമിച്ചു പരാജയപെട്ടതുപോലെ സംഘപരിവാർ ആസൂത്രത്തിമായി തന്നെയാണ് അവയിൽ ബഹുഭൂരിഭാഗവും നടത്തിയത്. അധികാരമുണ്ടായിട്ടും അതിനെ തടയാൻ കോൺഗ്രസ്സിന് കഴിയാതെ പോയത് അവരുടെ രാഷ്ട്രീയത്തിലും സംഘപരിവാർ വർഗീയ വിഷത്തിന്റെ ബീജങ്ങൾ ഉണ്ടായിരുന്നു.

കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്കുകൾ വച്ച് പരിശോധിച്ചാലുള്ള പത്ത് കലാപങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയിൽ സിഖ് വിരുദ്ധ കലാപത്തിൽ ഒഴികെ എല്ലാറ്റിലും സംഘപരിവാർ പങ്കുണ്ട്. പക്ഷേ 2002 ൽ നടന്ന ഗുജറാത്ത് കലാപം ഒഴികെ ബാക്കിയെല്ലാം നടന്നത് കോൺഗ്രസ്സിന്റെ ഭരണ കാലത്താണ് എന്ന് നിങ്ങളിൽ എത്രപേർ വിശ്വസിക്കും?.

പഞ്ചാബിലും ഡെൽഹിയിലുമായി 1984 ൽ നടന്ന സിക്ക് വിരുദ്ധ കലാപമാണ് ( 2800 ) ഏറ്റവും കൂടുതൽ പേർ മരിച്ച വർഗീയ കലാപം. അക്കാലത്തു കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസാണ് പഞ്ചാബിലും ഡൽഹിയിലും പ്രസിഡണ്ട് ഭരണം. ആ കലാപത്തിലെ കോൺഗ്രസ്സിന്റെ പങ്ക് അവർ തന്നെ നിഷേധിക്കുന്ന ഒന്നല്ല. ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായതായാണ് എന്ന അസ്വാഭാവികതയിൽ ആ കലാപം മാറ്റിയാലും കോൺഗ്രസ്സിന്റെ വർഗീയ കറ മാറില്ല.

ആസ്സാം കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരിക്കുന്ന സമയത്താണ് ബംഗാളിൽ വേരുകളുള്ള മുസ്ലീങ്ങളെ കൂട്ടക്കുരുതി ചെയ്ത 1984 നെല്ലി കൂട്ടക്കൊല നടക്കുന്നത്. ഒദ്യോഗിക കണക്കുകൾ പ്രകാരം 2191 പേരാണ് മരിച്ചതെങ്കിലും 9000 ലധികം മുസ്ലീങ്ങൾ കൊലചെയ്യപ്പെട്ടു എന്നാണ് കരുതുന്നത്. അന്ന് ആസ്സാം പ്രസിഡന്റ് ഭരണത്തിലായിരുന്നു. പക്ഷേ കേന്ദ്രം ഭരിച്ചിരുന്നതും , കലാപത്തിന് മുൻപും ശേഷവും ആസ്സാം ഭരിച്ചതും കോൺഗ്രസ്സ് തന്നെയായിരുന്നു. ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗാഗോയിയുടെ പിതാവ് കേശബ് ചന്ദ്ര ഗാഗോയ് ആണ് അന്ന് കോൺഗ്രസ്സിന്റെ ആസ്സാമിലെ ഏറ്റവും വലിയ നേതാവും മുൻ മുഖ്യമന്ത്രിയും. പക്ഷേ കൂട്ടക്കൊലത്തടയാൻ കോൺഗ്രസ്സിനായില്ല.

നമ്മുടെ ഓർമ്മയിലെ ഗുജറാത്ത് കലാപം. അന്ന് ഗുജറാത്ത് ഭരിച്ചിരുന്നത് ബി.ജെ.പി ആയിരുന്നെകിലും കോൺഗ്രസ്സിനും ഉണ്ടായിരുന്നു 51 എം.എൽ.എ മാർ. സ്വന്തം എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ജീവൻ രക്ഷിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല.അല്ലെങ്കിൽ അവരതിന് ശ്രമിച്ചില്ല. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകൾ നമുക്കെല്ലാം അറിയാവുന്നതാണല്ലോ. ശേഷം രണ്ട് തവണ കേന്ദ്രം ഭരിച്ചിട്ടും പ്രതികൾക്കു അർഹതപ്പെട്ട ശിക്ഷ വാങ്ങിക്കൊടുക്കാൻ കോൺഗ്രസ്സിന് എന്ത് കൊണ്ടാണ് കഴിയാതെ പോയതെന്ന് നാം ആലോചിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഉത്തരമാണ് "ഖദറിന് അടിയിലെ കാക്കി നിക്കർ" എന്നത്.

രാമ ജന്മഭൂമി പ്രചാരണത്തിന്റെ ഭാഗമായി സംഘപരിവാർ ആദ്യം നടത്തിയ കലാപം എന്ന് വിശേഷിപ്പിക്കാവുന്നതാണ് 1989 ൽ ബിഹാറിൽ നടന്ന ഭഗൽപ്പൂർ കലാപം. ആയിരം പേർ കൊലചെയ്യപ്പെ ടുകയും 50000 ത്തോളം പേർക്ക് സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടിയും വന്ന കലാപകാലത്ത് ബീഹാർ ഭരിച്ചിരുന്നത് സത്യേന്ദ്ര നാരായൺ സിൻഹ എന്ന എക്കാലത്തെയും ബിഹാറിലെ വലിയ കോൺഗ്രസ്സ് നേതാവായിരുന്നു. കലാപം തടയാൻ ഗാന്ധിയുടെ പിന്മുറക്കാർ കാര്യമായി ഒന്നും ചെയ്തില്ല.

2002 ലെ ഗുജറാത്ത് കലാപ കാലത്ത് മോദിയായിരുന്നെകിൽ 1969 ൽ കോൺഗ്രസ്സ് നേതാവായിരുന്ന ഹിതേന്ദ്ര ദേശായി ആയിരുന്നു ഗുജറാത്ത്‌ മുഖ്യമന്ത്രി . രണ്ടു മാസത്തോളം നീണ്ട് നിന്ന ആ കലാപത്തിൽ 512 പേർ കൊല്ലപ്പെട്ടു. പോലീസും അധികാരവും ഉണ്ടായിട്ടും കലാപം തടയാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല.

1980 ൽ നടന്ന മൊറാദാബാദ് കലാപ ( 400 ) സമയത്ത് യു പി മുഖ്യൻ പേരുകേട്ട വി.പി സിംഗായിരുന്നു. (vഅതേ വി പി സിങ്ങിന് ഇടതുപക്ഷത്തിന്റെ കൂടെ പിന്തുണയോടെ പ്രധാനമന്ത്രിയായിരിക്കെ രഥയാത്ര നടത്തിയ അദ്വാനിയെ അറസ്റ്റ് ചെയ്യാൻ നെഞ്ചുറപ്പുണ്ടായി എന്നും മറന്നു കൂടാ).
346 പേരെ ദാരുണമായി കൊലപ്പെടുത്തിയ 1987 ലെ മീററ്റ് കലാപ സമയത്ത് യു.പി ഭരിച്ചത് കോൺഗ്രസ്സ് നേതാവ് വീർ ബഹാദൂർ സിംഗായിരുന്നു, 1985 ൽ 275 പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ നാളുകളിൽ അവിടം ഭരിച്ചത് കോൺഗ്രസ്സിന്റെ ഗുജറാത്തിലെ മുതിര്ന്ന നേതാവ് മാധവ് സിംഗ് സോളങ്കി ആയിരുന്നു ,
മഹാരാഷ്ട്രയിൽ 1984 ലെ ഭീവണ്ടി കലാപ കാലത്ത് ഭരിച്ച ശങ്കരരാവു ചവാനും, 1992 ലെ ബോംബെ കലാപകാലത്ത് ഭരിച്ച സുധാകരറാവു രാജുസിങ് നയിക്കും കോൺഗ്രസ്സ് മുഖ്യന്മാരായിരുന്നു.

പറയാൻ ഇനിയുമുണ്ട്. കലാപകാലത്ത് ഒരു ചെറു വിരലനക്കാതെ സംഘപരിവാർ തേർ വാഴ്ചയ്ക്ക് കീഴടങ്ങിക്കൊടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പാർട്ടിയുടെ ചരിത്രം.

കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ സംഘപരിവാരത്തിന്റെ വർഗീയ ഇടപെടലിനെ തടയാൻ കഴിയുമെന്ന് നിങ്ങൾ ഇനിയും വിശ്വസിക്കുന്നുണ്ടെകിൽ ആ അപരാധത്തിനു മാപ്പില്ല. കേരളവും മുൻകാലത്ത് ബംഗാളും പ്രതിരോധിച്ചതുപോലെ എന്തുകൊണ്ട് ഭരണമുണ്ടായിട്ടും കോൺഗ്രസ്സിന് സംഘപരിവാറിന്റെ വർഗീയ കലാപങ്ങളെ പ്രതിരോധിക്കാൻ ആയില്ല?. ഉത്തരം അവർ അധികാരത്തിൽ മാത്രം കണ്ണ് നട്ടിരിക്കുന്ന കുറുക്കന്മാർ മാത്രമാണ് എന്നത് തന്നെയാണ്.

ഇക്കഴിഞ്ഞ ശബരിമലവിഷയക്കാലത്ത് കേരളത്തിൽ ഒരു വർഗീയ കലാപം നടക്കാതെ പോയതിനു നമ്മൾ നന്ദി പറയേണ്ടത് കേരള മുഖ്യനും അദ്ദേഹത്തോപ്പം ചുവന്ന കൊടിപിടിക്കുന്ന കേരളത്തിലെ ലക്ഷങ്ങൾക്കും മാത്രമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top