25 April Thursday
മുത്തുകൃഷ്ണന്‍: ജെഎന്‍യു കാമ്പസില്‍ നിന്ന് രണ്ടു കുറിപ്പുകള്‍

'തോറ്റു മടങ്ങരുതായിരുന്നു നീ'

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2017

"മുഷിഞ്ഞ തുണിസഞ്ചി കൈയില്‍ ചുരുട്ടിപ്പിടിച്ച് സ്വന്തം മകന്റെ മൃതദേഹം ഏറ്റുവാങ്ങിയ ഒരച്ഛനെ ഞാന്‍ കണ്ടു'' ജെ.എന്‍.യു. എന്ന സ്വപ്നവുമായി വന്ന് ആ സ്വപ്നം പാതിയില്‍ ഉപേക്ഷിച്ച് പോയ മുത്തുകൃഷ്ണന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ അച്ഛന്‍ ജീവന്തം എത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന അശ്വതി അശോക്‌ ഫേസ്‌ബുക്കില്‍  കുറിച്ചു.

"ഇവിടുത്തെ വ്യവസ്ഥ നിനക്കൊന്നും വാഗ്ദാനം ചെയ്യുന്നതായിരിക്കില്ല, വ്യവസ്ഥയോടുള്ള പോരാട്ടത്തില്‍നിന്നലാതെ... ഈ ഇടങ്ങള്‍ നമ്മുടേത് കൂടിയാണ്, അതിനെ ജീവിതം കൊണ്ട് നേരിടുക. ചെറിയ പിഴവുകള്‍ മതിയായേക്കും നമുക്കിവിടം വിട്ട് പുറത്തിറങ്ങാന്‍... ആ പിഴവുകള്‍ക്കിടം നല്കാതിരിക്കുക.''ജെഎന്‍യു വിദ്യാര്‍ഥി അജിത്‌കേരളവര്‍മ്മ എഴുതുന്നു.

ഒപ്പമുണ്ടായിരുന്നവന്റെ വേര്‍പാടിന്റെ വെളിച്ചത്തില്‍ ഇരുവരും എഴുതിയ കുറിപ്പുകള്‍ താഴെ:

Aswathi Asok

മുഷിഞ്ഞ തുണിസഞ്ചി കൈയില്‍ ചുരുട്ടിപ്പിടിച്ച് സ്വന്തം മകന്റെ മൃതദേഹം ഏറ്റുവാങ്ങിയ ഒരച്ഛനെ ഞാന്‍ കണ്ടു. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് ജെ.എന്‍.യു. എന്ന സ്വപ്നവുമായി (ജെ.എന്‍.യു.വില്‍ പഠിക്കണമെന്ന ലക്ഷ്യത്തോടെ മൂന്നോ നാലോ തവണ പ്രവേശനപ്പരീക്ഷ എഴുതിയ, ഡെല്‍ഹിയിലെ തന്റെ പഠനത്തിനു വേണ്ടി ജോലി ചെയ്തു സമ്പാദ്യമുണ്ടാക്കിയ ഒരു വിദ്യാര്‍ഥിയുടെ ദൃഢനിശ്ചയമായിരുന്നു അതെന്നോര്‍ക്കണം) വണ്ടി കയറിയ ഒരു വിദ്യാര്‍ഥി ഒരു വെള്ളത്തുണിയില്‍ പൊതിയപ്പെട്ട് തിരിച്ചു പോകുന്നതും കണ്ടു. ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അതും വളരെ "inclusive" എന്ന് നമ്മളെല്ലാം കരുതുന്ന ഒരു ക്യാമ്പസില്‍. തോറ്റു മടങ്ങരുതായിരുന്നു. ജീവിതം കൊണ്ടു പോരടിച്ചു കാണിക്കണമായിരുന്നു. സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കണമായിരുന്നു. തെക്കേ ഇന്ത്യയിലെ സ്വന്തം ഗ്രാമത്തില്‍ വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്കു മുഴുവന്‍ പ്രചോദനമാകണമായിരുന്നു.

ആരാണ് കാരണമെന്നോ എന്താണ് കാരണമെന്നോ വിധിക്കാന്‍ ഞാനാളല്ല. ഒന്നോ രണ്ടോ പേരുകളിലേക്ക് ചുരുക്കാനുമാവില്ലെന്ന് കരുതുന്നു. ഞാനുള്‍പ്പെടുന്ന ഈ വ്യവസ്ഥിതിയാണ് കാരണമെന്നു തന്നെ വിശ്വസിക്കുന്നു. സര്‍ഗാത്മകതയുടെ ഇടങ്ങളാകണ്ട കലാലയങ്ങള്‍ നിരാശയുടെ പടുകുഴികളാകുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

മുത്തു കൃഷ്ണന്റെ അച്ഛന്‍ ജീവന്തം ഡല്‍ഹി ആശുപത്രിയില്‍

മുത്തു കൃഷ്ണന്റെ അച്ഛന്‍ ജീവന്തം ഡല്‍ഹി ആശുപത്രിയില്‍

തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും വരുന്ന ഒന്നാം തലമുറ പഠയിതാവായ, ഭാഷാപരമായ പരിമിതികളുള്ള ഒരു ദളിത് വിദ്യാര്‍ഥിയെ ഉള്‍ക്കൊള്ളാനാവുന്ന വിധം, അവനില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന വിധം വിശാലമാകേണ്ടിയിരിക്കുന്നു നമ്മുടെ ക്യാമ്പസിടങ്ങള്‍. ജനനവും, കുടുംബ പശ്ചാത്തലവും, ലിംഗവും, ജാതിയും, മതവും, ഭാഷയും, പ്രദേശവും എല്ലാം ഒരാളുടെ പ്രിവിലേജിനെ നിര്‍ണയിക്കുന്ന ഘടകങ്ങളായിരിക്കേ, ഇത്തരം പ്രിവിലേജുകളില്ലാതെ വരുന്നവരെ എങ്ങനെ ഉള്‍ച്ചേര്‍ക്കാമെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരുന്നു. പ്രവേശനപ്പരീക്ഷകളിലെ സംവരണമോ, deprivation പോയിന്റുകളോ മാത്രം മതിയാകില്ല അതിന്. യാന്ത്രികമായി പറയാവുന്ന 'institutional mechanism'വും തികയാതെ വരും. 'ഒറ്റയ്ക്കല്ല' എന്ന തോന്നല്‍ ഓരോരുത്തരിലും ഉളവാക്കാനാവുന്ന വിധം, 'എനിക്കും സാധിക്കു'മെന്ന ആത്മവിശ്വാസം ജനിപ്പിക്കും വിധം സൗഹാര്‍ദപരവും, സര്‍ഗാത്മകവും, പോസിറ്റീവുമായ ഒരു അക്കാദമിക സംസ്ക്കാരവും, കലാലയാന്തരീക്ഷവും സൃഷ്ടിക്കുക എന്നത് മാത്രമായിരിക്കും പരിഹാരം.

Ajith Keralavarma

ഇവിടുത്തെ വ്യവസ്ഥ നിനക്കൊന്നും വാഗ്ദാനം ചെയ്യുന്നതായിരിക്കില്ല, വ്യവസ്ഥയോടുള്ള പോരാട്ടത്തില്‍നിന്നലാതെ... ഈ ഇടങ്ങള്‍ നമ്മുടേത് കൂടിയാണ്, അതിനെ ജീവിതം കൊണ്ട് നേരിടുക. ചെറിയ പിഴവുകള്‍ മതിയായേക്കും നമുക്കിവിടം വിട്ട് പുറത്തിറങ്ങാന്‍... ആ പിഴവുകള്‍ക്കിടം നല്കാതിരിക്കുക.

മുത്തു കൃഷ്ണന്‍ ഇനിയില്ല. അവന്‍ എന്തിനുവേണ്ടി മരിച്ചെന്നറിയില്ല... അത് ആത്മഹത്യ തന്നെയാണോ എന്ന് പോലും അറിയില്ല. അതിനോടനുബന്ധമായി പുറത്തുവരുന്ന നിരവധി ഊഹാപോഹങ്ങളല്ലാതെ... അത്തരം ഊഹാപോഹങ്ങളില്‍ അവന്റെ മരണത്തെ തളക്കാനും ഉദ്ദേശമില്ല, അത്തരം ചുരുക്കലുകള്‍ അവനോടും, ആരോപണങ്ങള്‍ നേരിടേണ്ടിവരുന്ന... ഒരുപക്ഷെ നിരപരാധികളായ ഒരുപാട് മനുഷ്യരോടുള്ള നീതികേടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്... അവന്‍ ഇനിയില്ല. മരണമായിരുന്നു പരിഹാരമെന്നും ഞാന്‍ കരുതുന്നില്ല. നിന്റെ മരണത്തില്‍ ദുഃഖിക്കുന്നവരും സന്തോഷിക്കുന്നവരുമുണ്ടാവും... ആ ദുഖവും സന്തോഷവുമല്ല ഉയരേണ്ടിയിരുന്നത്... മറിച്ച് നിന്റെ മരണത്തില്‍ കരയുന്നവരുടെ മുഖങ്ങളിലെ പുഞ്ചിരിയും, നിന്റെ ഉയര്‍ച്ചയില്‍ വിറളിപടരാത്ത ഒരു സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥയുമാണ് നിന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. മരണങ്ങള്‍ ഒരിക്കലും ഒരു മാതൃകയാവരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്... മറിച്ച്‌ ജീവിതങ്ങള്‍ പ്രേരണയാവുക തന്നെ വേണം... ചന്ദ്രഭാഗ ഹോസ്റ്റല്‍ മെസ്സില്‍ എപ്പോഴും പ്ലെസന്റ് ആയിരുന്നു നിന്റെ മുഖം തന്നെയായിരുന്നു ബാക്കിയാവേണ്ടിയിരുന്നത്.

ശരിയാണ് ഇവിടെ, അത് JNU ആയാലും, മറ്റ് ഏത് ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളായാലും, ഇന്ത്യയിലെ ഏതൊരു കോണുകളായാലും അവിടെ മാറ്റിനിര്‍ത്തലുകളുടെ ഒരു രാഷ്ട്രീയമുണ്ട്, പ്രബലമായിത്തന്നെ... അത് ചൂഷണത്തിന്റേതാണ്... വര്‍ഗ്ഗ, ജാതി, ഭാഷാ... വിവേചനങ്ങളുടേതാണ്. ഇവിടെ JNU വില്‍ അത് എത്ര പുരോഗമനം എന്നവകാശപ്പെട്ടാലും അത് അഡ്‌മിഷനില്‍ തുടങ്ങി തീന്മേശകള്‍ മുതലുള്ള പൊതു ഇടങ്ങളിലൂടെ ഓരോ നിമിഷത്തിലും നമ്മളെ പിന്തുടരുന്നുണ്ട്...viva പരീക്ഷകളില്‍ ജാതി തിരിച്ചു മാര്‍ക്കുകള്‍ നല്‍കുന്നതും, ആഗലേയ ഭാഷയില്‍ മിനുക്കിയെഴുതിയ പോത്തിന്‍ ചാണകങ്ങള്‍ വരെ ആഘോഷിക്കപ്പെടുന്നതും, ഇരുണ്ടതാടിമീശകള്‍ വച്ചപരന്ന മൂക്കുകളുള്ള ശരീരങ്ങള്‍ മാത്രം പലപ്പോഴും പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരാല്‍ തടയപ്പെടുന്നതും, ക്ലാസ് പ്രസന്റേഷനുകളില്‍ വിറളിപൂണ്ട മുഖങ്ങളിലേക്കുള്ള മെറിറ്റോക്രാറ്റിക് ബുദ്ധിജീവികളുടെ നോട്ടങ്ങളുണ്ടാവുന്നതും, ഹിന്ദിയറിയാത്തവന്‍ ഇന്ത്യയിലാണോ ജീവിക്കുന്നതെന്ന ചോദ്യങ്ങളും.... ഒക്കെ ഈ വ്യവസ്ഥയുടെ ഭാഗമാണ്.

ഞാന്‍ ഇന്ന് ഒരു PhD ഗവേഷകനാണ്... രണ്ടാം വര്ഷം. ഇപ്പോള്‍ 31 വയസ്സ്. തൊഴിലാളി കുടുംബം, first generation post-secondary education, അവര്‍ണര്‍, ചോവന്‍, ബിരുദം വരെ പൂര്‍ണമായും പ്രാദേശികഭാഷയില്‍ പഠനം. ഇതെല്ലം കൂടിയ ഒരു സോഷ്യോകള്‍ച്ചറല്‍ കാപ്പിറ്റലും. ഉച്ചക്ക് ഭക്ഷണം കഴിക്കേണ്ട സമയത്തു ഭക്ഷണശാലയുടെ അടുത്തുവച്ചു "you had?" എന്ന് ചുരുക്കിചോദിച്ചപ്പോള്‍ പകച്ചുപോയതായിരുന്നു എന്റെ ആംഗലേയഭാഷ... ഇന്നും അതിനു വല്യ മാറ്റമൊന്നും ഉണ്ടായതായി അവകാശപ്പെടാനില്ല. ആദ്യമൊക്കെ വളരെ ഭയമായിരുന്നു. പിന്നീടത് ഇത്തരം ഇടങ്ങളോടുള്ള വെറുപ്പും... ഒരുതരം fully alienated ആയ അവസ്ഥ. പഠനസാമിഗ്രികള്‍ ഒന്ന് പ്രിന്റൗട്ട് എടുക്കാന്‍ പോലും പണമില്ലാത്ത ചില സമയങ്ങളില്‍ തികട്ടിവരുമായിരുന്നു ഈ സമ്പദ്‌വ്യവസ്ഥയോടുള്ള അറപ്പ്. ഏതു ബഹളത്തിനിടയിലും പഠനം നടത്താന്‍ കഴിയുന്ന സോഷ്യല്‍ കാപ്പിറ്റലൊക്കെ കിട്ടിയ രണ്ടും മൂന്നും നാലും അഞ്ചും ജനറേഷൻ ഹയര്‍ എഡ്യൂക്കേഷന്‍ ലെര്‍ണേഴ്‌സ് ആയ വലിയൊരു വിഭാഗത്തെ അവര്‍ തന്നെ എന്നെയും എന്നെപ്പോലുള്ളവരെയും ചേര്‍ത്തുവക്കുമ്പോള്‍ അതിന്റെ പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിനെ കുറിച്ച് പുച്ഛം തോന്നുമെങ്കിലും, അതിനെ അധികരിക്കുന്ന അപമാനഭാരം തന്നെയായിരുന്നു മുഴച്ചുനിന്നത്... ഇവിടം എത്രയും കൊഴിഞ്ഞുപോക്കുകളുണ്ടെന്നറിയാമോ? ജാതി, വര്‍ഗ്ഗ, ഭാഷാ പ്രമാണിത്വം മെറിറ്റിന്റെ രൂപത്തില്‍ പുറംതള്ളിയത് entry-level ഡിസ്ക്രിമിനേഷനേക്കാളും വളരെ അധികമായിരുന്നു. 'നല്ല സാഹചര്യങ്ങളില്‍' വളര്‍ന്നു അതിന്റെ ഭാഗമായി ലഭിച്ച നല്ല വിദ്യാഭ്യാസം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ യൂണിവേഴ്സിറ്റിയുടെ so-called എക്‌സലന്‍സി ആ പുറം തള്ളലുകളെ കണ്ടു ചിരിക്കുന്നുണ്ടാവാം. ആ പുറംതള്ളലുകളില്‍ നിന്നും രക്ഷപ്പെടുക എന്നതുതന്നെയാണ് നമ്മുടെ രാഷ്ട്രീയവ്യക്തി ജീവിതത്തിന്റെ ആദ്യത്തെ പ്രതിരോധവും.

മുത്തു കൃഷ്ണന്റെ മൃതദേഹം ജന്മനാടായ സേലത്ത് എത്തിച്ചപ്പോള്‍

മുത്തു കൃഷ്ണന്റെ മൃതദേഹം ജന്മനാടായ സേലത്ത് എത്തിച്ചപ്പോള്‍

അതെ അത് വ്യവസ്ഥയുടെ ഭാഗമാണ്. വ്യവസ്ഥ ഇങ്ങനൊക്കെയാണ്... കോട്ടിട്ട സ്‌കൂളില്‍ പടിക്കുന്നവര്‍ സര്‍ക്കാര്‍ സ്ക്ക്കളിലെ കുട്ടികളെ നോക്കി പല്ലിളിക്കണം, കാറില്‍ വെട്ടിച്ചു പോകുന്നവര്‍ സ്ക്കൂള്‍ ബസ്സിലുള്ളവരെയും, സ്കൂള്‍ ബസ്സിലുള്ളവര്‍, നടന്നു പോവുന്നവരെയും, യൂണിഫോം ഉള്ളതിന്റെയും ഫീസ് അടച്ചതിന്റെയും, സ്റ്റാമ്പ് വാങ്ങിയതിന്റെയും പേരില്‍ മാത്രം ക്‌ളാസ്സിലിരിക്കുന്നവര്‍, ക്ലാസ്സ് മുറിക്കു പുറത്തുനിര്‍ത്തിയവരെ നോക്കിയും പല്ലിളിക്കണം. നമ്മളൊക്കെ ഇവിടെ PF ഫോം പൂരിപ്പിച്ചു കൊടുക്കാന്‍ സഹായം ചോദിച്ചുവരുന്ന താല്‍ക്കാലിക ജോലിക്കാരെയും മൊബൈലില്‍ വന്ന ആംഗലേയ ഭാഷയില്‍ വന്ന മെസ്സേജ് വായിച്ചുകൊടുക്കാന്‍ വന്ന സെക്ക്യൂരിറ്റി ജീവനക്കാരെയും പഠനം എപ്പോ വേണമെങ്കിലും നിര്‍ത്താവുന്ന JNU വിന്റെ വെളിമ്പറമ്പുകളില്‍ ടെന്റുകെട്ടി ജീവിക്കുന്ന കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ മക്കളെയും നോക്കില്‍ പല്ലിളിക്കണം. അതാണ് വ്യവസ്ഥ.

ഒരിക്കല്‍ ഇങ്ങനെ വ്യവസ്ഥയുടെ ഭാരം താങ്ങാതെ നില്‍ക്കുന്ന ഒരു സമയത്ത് എന്നോട് എന്റെയൊരു പഴയ സഖാവ് പറഞ്ഞു... ഇവിടം ഇന്ന് ഇങ്ങനെയൊക്കെയാണ്... അതിനോടടിച്ചു നില്‍ക്കുക, നിന്‍റെ പരാജയം നിന്റെയും നിന്റെ രാഷ്ട്രീയത്തിന്റെയും പരാജയമാണ്. ഇതുവരെ പൊരുതിയെത്തിയതല്ലേ... നിന്റെ വീഴ്ചകളാഘോഷിക്കപ്പെടും, നേട്ടങ്ങളവഗണിക്കപ്പെട്ടേക്കാം... ഇത് നിന്റേതുകൂടിയായ ഒരിടമാണ്. അതിനോട് പൊരുതിതന്നെ നില്‍ക്കുക. അത് നല്‍കിയ മോട്ടിവേഷന്‍ ആയിരുന്നു ഇതുവരെ മുന്‍പോട്ടു കൊണ്ടുപോയിരുന്നത്. കാലുകള്‍ ഇടറിക്കൊണ്ടേയിരിക്കുകയാണ്... വീണുപോയേക്കരുത്. 'നമുക്കു നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍ മാത്രമാണ്... നേടാനുള്ളതോ പുതിയൊരു ലോകവും' സംഘടിക്കുക... അതിനുകൂടെ ആ പോരാട്ടത്തിന് വേണ്ടി നമ്മള്‍ നമ്മളെത്തന്നെ സജ്ജനാക്കുക. 'പഠിക്കുക പോരാടുക'.

ഇവിടെ ഒരു സംവിധാനമുണ്ടാവേണ്ടതുണ്ട്. നമ്മള്‍ പല വര്‍ഗ്ഗസാമൂഹ്യസാംസ്കാരിക സാഹചര്യങ്ങളില്‍ ഉള്ളവര്‍ കടന്നുവരുന്ന ഒരു യൂണിവേഴ്സിറ്റി ആണ് ഇത് എന്ന് അവകാശപ്പെടുമ്പോഴും, അവരിവിടെ വന്ന് എങ്ങനെ കഴിയുന്നു എന്നതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു... മെറിറ്റിനെക്കുറിച്ചു ക്ളാസ്സെടുക്കാതെ അവരിതുവരെ വന്ന സാഹചര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ടിയിരിക്കുന്നു... അവരെ ഇവിടെനിന്നും പുറംതള്ളാതിരിക്കാന്‍ എന്തുചെയ്യണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു... അവരനുഭവിച്ചുവന്ന ജീവിതസായാഹചര്യങ്ങള്‍ അവര്‍ക്കു ഒരുപാട് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്... അതിനോട് ഇവിടെനിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം കൂടിചേര്‍ന്നാല്‍ നിങ്ങള്‍ നാളത്തെ ഒരു തലമുറയെ ആണ് വളര്‍ത്തിയെടുക്കുന്നത്... അതിനു വലിയ പ്രയത്നങ്ങളൊന്നും ആവശ്യമുണ്ടായിരിക്കില്ല... ചിലപ്പോള്‍ ഭാഷാപരമായി അന്യവത്ക്കരിക്കപ്പെട്ട് നില്‍ക്കുന്ന അവരോട് നിരന്തരം സംസാരിക്കാനുള്ള ഒരു മനസ്സുണ്ടായാല്‍ മതി, ക്ലാസ്സ് പ്രസന്റേഷനുകള്‍ക്കു മുന്‍പ് അവര്‍ക്ക് അവതരിപ്പിക്കാനായുള്ളതു അവരുടെ മുറിയില്‍പോയി ഒന്ന് കേട്ട് നോക്കിയാല്‍ മതിയാവും, സബ്മിഷന് മുന്‍പ് അവരെഴുതിയതു ഒന്ന് വായിച്ചു നോക്കിയാല്‍ മതിയാവും.

പ്രിയ അദ്ധ്യാപകരേ, നിങ്ങളും ഒന്നോര്‍ക്കുക, ഈ പ്രസ്റ്റീജ്യസ് യൂണിവേഴ്സിറ്റികളില്‍നിന്നും കോളേജുകളില്‍നിന്നും മാത്രം വരുന്നവരുടെ പ്രബന്ധങ്ങളല്ല നിങ്ങളെ അധ്യാപകരാക്കുന്നത്... ഇത്തരം യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെ വരുന്നവരെ അത്തരം പ്രബന്ധങ്ങള്‍ എഴുതുവാനുള്ള സാഹചര്യം ഉണ്ടാകുമ്പോഴാണ്. ഞങ്ങള്‍ക്ക് പലപ്പോഴും നിങ്ങളെ ഭയമാണ്... ഒരു പുഞ്ചിരി മതിയാവും, അല്ലെങ്കില്‍ ഒരു സുഖവിവരം തിരക്കല്‍ മതിയാവും, അല്ലെങ്കില്‍ വിട്ടുപോവുന്നു എന്ന് തോന്നുമ്പോള്‍ നിങ്ങളുടെ ഒരു കാള്‍ മതിയാവും ആ ഭയത്തെ മുറിക്കാന്‍. അതിനു നിങ്ങള്‍ എഴുതിയ പുസ്തകങ്ങളുടെയോ, ചെയര്‍ ചെയ്ത സെമിനാറുകളുടെയോ, ജേര്‍ണലുകളില്‍ അടിച്ചുവന്ന റിസര്‍ച്ച് പേപ്പറുകളുടെയോ ഒന്നും പിന്‍ബലം ആവശ്യമില്ല. മനസ്സില്‍ മനുഷ്യസ്‌നേഹത്തിന്റെ ഒരു കണികമാത്രം മതിയാവും.

ഇനി ഞാന്‍ എന്നോടുതന്നെ പറയാം, നിങ്ങളോടും... എല്ലാ ഇടങ്ങളും നമ്മുടെ കൂടിയാണ്. നമ്മുടേത് കൂടിയാവേണ്ടതാണ്....നമ്മള്‍ പുറത്തുപോവേണ്ടവരല്ല... പുറത്താക്കപ്പെടേണ്ടവരും അല്ല... ജീവിതം കൊണ്ട് മറുപടി പറയേണ്ടവരാണ്, പ്രേരണ നല്‍കേണ്ടവരാണ്. ആ മറുപടികള്‍ക്കും, പ്രേരണകള്‍ക്കും കോപ്പുകൂട്ടുക. പഠിക്കുക, പോരാടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top