20 April Saturday

പാചകം ചെയ്യാത്ത വീടുകള്‍; പൊന്നാനിയിലെ പരീക്ഷണം കേരളം ചര്‍ച്ച ചെയ്യണമെന്ന് തോമസ് ഐസക്-കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

എല്ലാ വീട്ടിലും അടുക്കള എന്നാണ് നമ്മുടെ സങ്കല്‍പം. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ് പൊന്നാനി തൃക്കാവ് പ്രദേശത്തെ 10 വീട്ടുകാരുടെ ശൈലി. ഇവര്‍ ഇവരുടെ വീടുകളിലല്ല, പൊതുപ അടുക്കളയിലാണ് ഭക്ഷണം പാചകംചെയ്യുന്നത്. പൊതു അടുക്കള പ്രസ്ഥാനത്തെക്കുറിച്ചും, അതിന്റെ നടത്തിപ്പിനെക്കുറിച്ചും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി എം തോമസ് ഐസക് എഴുതുന്നു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ

പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാര്‍ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല. ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്. ടിഫിന്‍ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളില്‍ എത്തിക്കുന്നു. വീടുകളില്‍ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ. വീട്ടിലെ പാചകജോലിയും കുടുംബ ചെലവും കുറയും. മറ്റൊരു കുടുംബത്തിനു തൊഴിലുമാകും.

പൊന്നാനി പൊതു അടുക്കള പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിയായ മാജിത പറയുന്നു: 'ഇന്ന് ഞാന്‍ പോക്‌സോ കേസുകളിലെ സര്‍ക്കാര്‍ വക്കീലാണ്. ഈ പൊതു അടുക്കള തുടങ്ങുന്നതിന് മുന്‍പ്, ഉറക്കമുണര്‍ന്നാല്‍ നേരെ അടുക്കളയിലേക്ക് പ്രവേശിക്കുകയും ഊണിലും ഉറക്കത്തിലും വരെ അടുക്കളയില്‍ എന്തുണ്ടാക്കണം എന്ന ചിന്തയിലും ആയിരുന്നു ഞാന്‍. എന്റെ ജോലിയായ അഭിഭാഷക വൃത്തിയില്‍ ഒരിക്കലും മനസ്സുറപ്പിച്ച് നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ എന്റെ പങ്കാളി ഖലിമും എന്നോടൊപ്പം അടുക്കളയില്‍ പരമാവധി സമയങ്ങളില്‍ ഉണ്ടാകുമെങ്കില്‍ പോലും എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇലക്കറികളും മറ്റും ചേര്‍ത്തുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണം വല്ലപ്പോഴും പോലും ഉണ്ടാക്കി നല്‍കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. തിരക്കുകള്‍ക്കിടയില്‍ അടുക്കള ജോലി ഒരു എളുപ്പത്തില്‍ ക്രിയ ചെയ്യലായി മാറിയിരുന്നു. ഇപ്പോള്‍ എഴുന്നേറ്റാല്‍ ഒരു ചായയും ഇട്ട്, എന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ച ജോലിയിലേക്ക് എനിക്ക് നേരിട്ട് കടക്കാന്‍ കഴിയുന്നു. ഇരകളാക്കപ്പെട്ട നിരവധി പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥത പുലര്‍ത്തി ജോലിചെയ്യാന്‍ എന്നെ ഈ പ്രസ്ഥാനം സഹായിക്കുന്നു'. ഈ വാക്കുകളേക്കാള്‍ വലിയ സാക്ഷ്യം പൊതു അടുക്കള പ്രസ്ഥാനത്തിനു വേണ്ടതില്ല.

പൊന്നാനിയിലെ പൊതു അടുക്കളയിലൂടെ വിളമ്പുന്ന ഭക്ഷ്യസാധനങ്ങള്‍ നാലുപേരടങ്ങുന്ന വീട്ടില്‍ പാചകം ചെയ്യുകയാണെങ്കില്‍ എന്തു ചെലവു വരുമെന്നു കണക്കാക്കി നോക്കി. ഓരോ ദിവസം പൊതു അടുക്കളയിലേയ്ക്കു വാങ്ങുന്ന സാധനങ്ങളുടെ കണക്ക് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടുന്നുണ്ട്. നാലുപേരുടെ കുടുംബത്തിന് പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും മത്സ്യവും മറ്റും വേണ്ടി 5000 രൂപ ചെലവു വരും. പിന്നെ പാചകത്തിനുവേണ്ടി വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയവയ്‌ക്കൊക്കെ 1500 രൂപ ചെലവു വരും. അങ്ങനെ മൊത്തം 6500 രൂപ. ശരാശരി ഒരു ദിവസം ഒരാള്‍ക്ക് 55 രൂപ.

എന്നാല്‍ മേല്‍കണക്കില്‍ ഒരു പ്രധാനകാര്യം വിട്ടുകളഞ്ഞിട്ടുണ്ട്. പാചകക്കാരി സ്ത്രീയുടെ കൂലി. തൊഴിലുറപ്പുകൂലി ഇട്ടാല്‍പ്പോലും പ്രതിമാസം 8730 രൂപ വരും. ഇതടക്കം ഒരാള്‍ക്ക് പ്രതിദിന ഭക്ഷണച്ചെലവ് 127 രൂപ. എന്നാല്‍ പൊതു അടുക്കളയിലേയ്ക്ക് പ്രതിദിനം 70 രൂപവച്ചേ നല്‍കേണ്ടതുള്ളൂ.

പൊതു അടുക്കളയില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ഏതാണ്ട് 20000 രൂപയെങ്കിലും പ്രതിമാസം ലഭിക്കും. ഇത് അവരുടെതന്നെ സാക്ഷ്യം. അതുകൊണ്ട് കൂടുകയല്ലാതെ കുറയില്ല. ഇതിനുപുറമേ പാചകക്കാരിയുടെ കുടുംബത്തിന് സൗജന്യമായി ഭക്ഷണവും ഇതില്‍ നിന്നും ലഭിക്കും.

ചെലവു കുറയ്ക്കാനും ഗുണം കൂട്ടാനും മാര്‍ഗ്ഗങ്ങള്‍ ഏറെയുണ്ട്. പൊന്നാനിയില്‍ ഇപ്പോള്‍ രണ്ട് അടുക്കളകളായിട്ടുണ്ട്. പ്രദേശത്തുതന്നെ ഒട്ടേറെ പൊതു അടുക്കളകള്‍ ഉണ്ടായാല്‍ ഇവര്‍ക്ക് ഗുണമേന്മയേറിയ സാധനങ്ങള്‍ വാങ്ങി പാചകത്തിനു റെഡിയാക്കി നല്‍കാനും ഒരു തൊഴില്‍ ഗ്രൂപ്പ് ആരംഭിക്കാം. ഗുണമേന്മയേറിയ കറിമസാല പൗഡറുകളും അച്ചാറുകളും മാവും മറ്റും ഉണ്ടാക്കുന്നതിനു മറ്റൊരു തൊഴില്‍ ഗ്രൂപ്പാകാം. കേരള സര്‍ക്കാരിന്റെ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പൊതു അടുക്കളയോടു ബന്ധപ്പെടുത്തിയാല്‍ അവിടുത്തെ ജോലി ഭാരവും കുറയും. കൂടുതല്‍ വൃത്തിയും ഉറപ്പുവരുത്താനുമാകും.

പൊന്നാനിയിലെ പൊതു അടുക്കള അനുഭവം പങ്കുവയ്ക്കുന്നതിനു വിപുലമായൊരു സമ്മേളനമാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നു തോന്നുന്നു. എന്നാല്‍ സംഘാടകരില്‍ ഒരാളായ റ്റി.വൈ. അരവിന്ദാക്ഷന്റെ ആകസ്മിക മരണംപോലും അത് ഉപേക്ഷിച്ചു. പുറത്തുനിന്നും വന്നവരടക്കം ചെറിയൊരു കൂടിവട്ടം വേറൊരു വേദിയില്‍വച്ചു ചേര്‍ന്നു. ബാലുശ്ശേരിയിലെ അടുക്കള നടത്തുന്ന ഗിരിജാ പാര്‍വ്വതിയും കൂട്ടരും പൊന്നാനിയിലെ രണ്ട് അടുക്കളകളുടെ പ്രതിനിധികളുമുണ്ടായിരുന്നു. ഒരു കാര്യം തീര്‍ച്ച. കേരളം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടുന്ന ഒരു നൂതന പരീക്ഷണമാണ് പൊന്നാനിയിലെ പൊതു അടുക്കള.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top