29 March Friday

"കേരളം വെറും പൊളിയല്ല, പൊപ്പൊളിയാണ്'; കോവിഡ് പ്രതിരോധത്തിനുള്ള പുത്തൻ സാങ്കേതികവിദ്യ ലോക മാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Apr 16, 2020

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ലോകത്ത് എവിടെയുമുണ്ടായിട്ടുള്ള പുരോഗതിയും കണ്ടെത്തലുകളും കേരളം ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫേയ്‌സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്ട്‌സ് അപ്പിലൂടെയും ഇ-മെയിലൂടെയും ഫോൺകോളിലൂടെയും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് വിവര വിശകലനത്തിന് സർക്കാർ മുൻകൈ എടുക്കുകയും ചെയ്തു. എന്നാൽ ഏറെപ്രയോജനകരമായ ഈ നടപടിയെ പ്രതിപക്ഷം എതിർത്തപ്പോൾ സാങ്കേതിക രംഗത്ത് പരിജ്ഞാനമുള്ളവർ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. 

കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റ് അസി. പ്രൊഫസറായ ഡോ.പി വിവേക് എഴുതുന്നു

സംഗതി കേരളം വെറും പൊളിയല്ല പൊപൊളി ആണ്.

പല വികസിത രാജ്യങ്ങളും എങ്ങനെ ആരോഗ്യ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കോവിഡിനെ നേരിടാൻ ഒരുക്കാം എന്ന് എന്നാലോചിച്ചു പരക്കം പായുമ്പോൾ നമ്മൾ അതിന് മാതൃകയായി എന്ന് മാത്രമല്ല, ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ എങ്ങനെ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താം എന്ന് ആലോചിക്കുകയും തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്ത സർക്കാരും അതിലെ ഡാറ്റാ സെക്യൂരിറ്റി സംബന്ധിച്ച് സംശയമുന്നയിച്ച് പ്രതിപക്ഷവും കേരളത്തെ വേറെ ലെവലാക്കി കളഞ്ഞു. SprinkIr ന്റെ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉയർന്നുവന്ന വിവാദം പൊതുവിലും ഏറ്റവും ചുരുങ്ങിയത് യുവജനങ്ങൾക്കിടയിലെങ്കിലും സർക്കാറിന് അനുകൂലമായ അഡൈ്വടെസ്‌മെൻറ് ആവും എന്നുതന്നെയാണ് ഞാൻ കരുതുന്നത്.

കുറച്ച് വെബ്‌സൈറ്റുകൾ ഉണ്ടാക്കുകയും സോഷ്യൽ മീഡിയയിൽ കുറെ പോസ്റ്റുകൾ ഇടുകയും എക്‌സെൽ ഷീറ്റ് ഉപയോഗിച്ച് കണക്കുകൂട്ടുകയും അല്ലാതെ സാങ്കേതിക രംഗത്തെ പുതിയ സാധ്യതകളും ഉപയോഗിക്കാത്ത തനി പഴഞ്ചൻ സംവിധാനമായി സർക്കാറിനെ കണ്ട ഞാൻ അടക്കമുള്ളവരുടെ മൂക്കത്ത് വിരൽ വെപ്പിച്ചു കളഞ്ഞു ഈ തീരുമാനം. വിശദാംശങ്ങളിലേക്ക് വരാം...

SprinkIr എന്താണ്?

പരമ്പരാഗത മലയാളി-അമേരിക്കൻ സോഫ്റ്റ്വെയർ എൻജിനീയറുടെ ക്ലീഷേ കഥ തന്നെയാണ് SprinkIr ന് പിറകിലുമുള്ളത്. പോണ്ടിച്ചേരിയിൽ നിന്ന് എൻജിനീയറിങ് ബിരുദം എടുത്ത മാവേലിക്കരകാരൻ രാഗി തോമസ് ഇന്ത്യൻ കമ്പനിയായ ടാറ്റയിൽ ജോലിക്ക് പ്രവേശിക്കുന്നു. അവർ ഓൺ സൈറ്റ് പ്രൊജക്ടിനായി അമേരിക്കയിലേക്ക് അയക്കുന്നു. അവിടെനിന്നും അമേരിക്കൻ കമ്പനിയിലേക്ക് ചാടുന്നു. വിവിധ കമ്പനികളിൽ പ്രവർത്തിച്ച് ഉണ്ടാകുന്ന അനുഭവത്തിൽ നിന്നും വിജയിക്കുമെന്ന് ഉറപ്പുവരുത്തിയ പുതിയ ഒരു ഐഡിയ യുമായി സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു. കസ്റ്റമർ മാനേജ്‌മെൻറ്, സോഷ്യൽ മീഡിയ, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങി ഉയർന്നുവരുന്ന പുതിയ സാധ്യതകൾ മുന്നിൽ കണ്ട് 2009ലാണ് SprinkIr ആരംഭിച്ചത്.

എന്താണ് ക്ലൗഡ് സാങ്കേതികവിദ്യ ?

കമ്പ്യൂട്ടിംഗ് റിസോഴ്‌സുകൾ ഇൻറർനെറ്റ് സഹായത്തോടെ ആവശ്യാനുസരണം ലഭ്യമാകുന്നതാണ് ക്ലൗഡ് സാങ്കേതികവിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്. അതു ചിലപ്പോൾ മെമ്മറി ആവാം സോഫ്റ്റ്വെയറുകൾ ആവാം പ്ലാറ്റ്‌ഫോമുകളും ആകാം. ഉദാഹരണത്തിന് നമുക്ക് സംസ്ഥാനത്തെ എല്ലാ സ്‌കൂൾ കുട്ടികൾക്കും വേണ്ടി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തണം എന്ന് വിചാരിക്കുക. ഒരു തവണ മാത്രം നടക്കുന്ന ഈ മത്സരത്തിനു വേണ്ടി നമ്മൾ സോഫ്റ്റ്വെയർ ഉണ്ടാകണം; ഇതിനുള്ള വിവരങ്ങൾ ശേഖരിക്കാൻ സെർവർ സെറ്റ് ചെയ്യണം; അതിനുവേണ്ടി സാങ്കേതികവും അടിസ്ഥാനപരവുമായ സൗകര്യങ്ങൾ ഒരുക്കണം. എന്നാൽ ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെങ്കിൽ ക്വിസ് മൽസരത്തിന് ഉപയോഗിക്കാൻ തയ്യാറാക്കിയ (Ready to use) ഏതെങ്കിലും ഒരു സോഫ്റ്റ്വെയർ നമുക്ക് സർവീസ് ആയി ഉപയോഗപ്പെടുത്താം. നമ്മുടെ ആവശ്യത്തിന് അത് കസ്റ്റമൈസ് ചെയ്യാം. അതിന് ആവശ്യമായിവരുന്ന മെമ്മറി അവരിൽനിന്ന് ലഭ്യമാക്കാം. എത്രയാണ് ഈ ആവശ്യത്തിനു വേണ്ടി ഉപയോഗപ്പെടുന്നത് എന്നതിനുള്ള വാടക നമ്മൾ നൽകിയാൽ മതി. യാതൊരു സാങ്കേതിക പ്രശ്‌നവും നമ്മൾ അറിയേണ്ടതില്ല. ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനുള്ള ചെലവ് മാത്രം കൊടുത്താൽ മതി. പണ്ട് ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ള വൈദ്യുതി ഉല്പാദിപ്പിക്കുന്നത് മാറി ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടാവുകയും ഓരോരുത്തരും ഉപയോഗിക്കുന്ന വൈദ്യുതിക്ക് അനുസരിച്ച് വാടക കൊടുക്കുകയും ചെയ്തതുപോലെ സാങ്കേതിക രംഗത്ത് വന്ന വലിയൊരു മാറ്റമാണ് ക്ലൗഡ് സാങ്കേതിക വിദ്യ. വ്യാപകമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാനും ഇടത്തരം കമ്പിനികൾക്കു മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുവാനും ഈ സാങ്കേതിക വിദ്യ വലീയ സഹായകമായി.

Data analytics എന്തിന്?

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പയറ്റിയ പരിപാടിയാണ് ഈ ഡാറ്റാ അനലിറ്റിക്‌സ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു വിവിധതരത്തിലുള്ള ഡാറ്റകൾ (പോസ്റ്റുകൾ, ബ്ലോഗുകൾ etc.) അപഗ്രഥിച്ച് ട്രെൻഡ് മനസ്സിലാക്കുന്നതിനും അതിനനുസരിച്ചുള്ള തന്ത്രങ്ങൾ മെനയുന്നതിനുമാണ് ഉപയോഗിച്ചത്. നമ്മുടെ കയ്യിൽ എത്തുന്ന വലിയ അളവിലുള്ള ഡാറ്റകൾ അപഗ്രഥിച്ച് അതിൽനിന്ന് അനുമാനങ്ങളിൽ എത്തുന്നതിനും ട്രെൻഡ് മനസ്സിലാകുന്നതാണ് ഡാറ്റാ അനലിറ്റിക്‌സ് ലോകത്താകമാനം ഉപയോഗിക്കുന്നത്. നിർമ്മിത ബുദ്ധി യുടെ സഹായത്തോടെ ഇത് ചെയ്തു തരുന്ന ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ നമുക്ക് ലഭ്യമാണ്.

SprinkIr കേരളത്തിനു വേണ്ടി നൽകുന്നത് എന്ത്?

ലോകത്തിലെ നമ്പർ വൺ ക്ലൗഡ് സർവർ പ്രൊവൈഡർ ആണ് ആമസോൺ. ആമസോൺ ക്ലൗഡ് സെർവറിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്വെയർ പ്ലാറ്റ്‌ഫോമാണ് ( സിറ്റിസൺ എക്‌സ്പീരിയൻസ് മാനേജ്‌മെൻറ്) കേരളത്തിനു വേണ്ടി ലഭ്യമാക്കുന്നത്. വിവിധ രൂപത്തിൽ ലഭിക്കുന്ന വിവരങ്ങൾ ശേഖരിക്കാനും അപഗ്രഥിക്കാനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. ഫേസ്ബുക്ക് ട്വിറ്റർ വാട്‌സപ്പ് ഇമെയിലുകൾ ഫോൺകോളുകൾ തുടങ്ങി പലരൂപത്തിൽ സർക്കാറിന് വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കും. ഇതിനെ അൺ സ്ട്രക്‌ചേർഡ് ഡാറ്റാ എന്നു വിളിക്കും. ആരോഗ്യപ്രവർത്തകരും ഉദ്യോഗസ്ഥരും നിർദ്ധിഷ്ട ഫോമിൽ വിവരങ്ങൾ ലഭ്യമാക്കുമായിരിക്കും.
ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് ഡാറ്റാ മോഡലിങ്ങ് നടത്തി സർക്കാറിന് ആവിശ്യമായ വിവിധതരം റിപോർട്ടുകൾ സംക്ഷിപ്ത വിവരങ്ങൾ ചാർട്ടുകൾ പ്രവചനങ്ങൾ മുതലായവ ലഭ്യമാക്കുകയാണ് ഇത്തരം അപ്ലിക്കേഷനുകളുടെ ജോലി. നിരീക്ഷണത്തിലുള്ള രോഗികളുടെ ദൈനംദിന വിവരങ്ങൾ, രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ വിവരങ്ങൾ എന്നിവ ശേഖരിക്കാനാണ് ആണ് ഇപ്പോൾ ആലോചി ച്ചിടുള്ളത് എന്ന് മനസ്സിലാക്കുന്നു.

എന്ത്‌കൊണ്ട് ഇത്തരം ഒരു അപ്ലിക്കേഷൻ ?

സർക്കാറിന് മുന്നിൽ രണ്ടു വഴികളാണുള്ളത് ഒന്ന് ഏതെങ്കിലും കാലത്ത് ഒരു മരുന്ന് കണ്ടു പിടിക്കുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. അല്ലെങ്കിൽ എല്ലാ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരമാവധി അപകടരഹിതമായി കഴിയാവുന്ന ആളുകളെ സാമൂഹിക ജീവിതത്തിലേക്ക് പതുക്കെപ്പതുക്കെ കൊണ്ടുവരിക എന്നതാണ്. ഒന്നാമത്തെ വഴി കുറച്ചുനാളുകൾക്ക് അപ്പുറം പ്രായോഗികമല്ലെന്ന് എല്ലാവർക്കുമറിയാം. പിന്നെ രണ്ടാമത്തെ വഴി എങ്ങനെ നടപ്പിലാക്കും?. അതിന് ശാസ്ത്രീയമായി അപഗ്രഥിച്ച വിവരങ്ങൾ വേണം, ആരെയൊക്കെ ഇതു കൂടുതൽ ബാധിക്കുന്നു എന്ന് മനസ്സിലാക്കണം, ആരൊക്കെ കൂടുതൽ ശ്രദ്ധിക്കണം എന്ന് മനസ്സിലാക്കണം, മേഖലകൾ മനസ്സിലാക്കണം... അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് അറിയേണ്ടതുണ്ട്.

ഇത്തരം ചോദ്യങ്ങൾക്ക് ഡാറ്റകൾ കൃത്യമായി അപഗ്രഥിച്ച് വിവരങ്ങൾ നൽകുന്ന ഒരു സോഫ്റ്റ്വെയർ ലഭ്യമാകുമ്പോൾ അത് ഒഴിവാക്കി മറ്റെന്തു വഴിയാണ് മുന്നിൽ ഉള്ളത്? പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതു തന്നെയാണ് ഇത്തരം ഒരു അപ്ലിക്കേഷൻ നിർമാണം. ഇത് മനസിലാക്കിയാണ് ഇതിനുവേണ്ട ആമസോൺ ക്ലൗഡ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഏജൻസിയായ C- DIT നോട് ഗവൺമെന്റ് ആവിശ്യപെട്ടിട്ടുണ്ടാവുക.

ഈ ഡാറ്റ സുരക്ഷിതമാണോ?

സൈബർ ലോകത്തെ ഡാറ്റാ സെക്യൂരിറ്റി ചർച്ച ചെയ്താലും ചെയ്താലും തീരാത്ത പ്രശ്‌നമാണ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ നിൽക്കുന്ന സ്ഥലം മുതൽ ഒരോ രൂപയും എങ്ങനെ ചിലവാക്കുന്നു എന്നതടക്കം സകല വിവരങ്ങളും ഗൂഗിളിന്റെയും ഫെയിസ്ബുക്കിന്റെയും ഒക്കെ കയ്യിലുള്ള കാലത്താണ് നമ്മളിത് സംസാരിക്കുന്നത്. എന്നിട്ടും നമ്മളിതൊക്കെ ഉപയോഗിക്കുന്നു. എന്തുകൊണ്ട്? ആ കമ്പിനികളിൽ നമുക്കുള്ള വിശ്വാസ്യത കൊണ്ട്! ഫെയിസ്ബുക്കിൽ സീക്രട്ട് ഗ്രൂപ്പ് ഉണ്ടാക്കി നമ്മൾ വിവരങ്ങൾ പങ്കുവെക്കുന്നു, എന്ത് ധൈര്യത്തിൽ? ഫേസ്ബുക്ക് അത് സീക്രട്ട് ആയി വെക്കും എന്ന ഒറ്റ ധൈര്യത്തിൽ

അപ്പോൾ ഒരു സർക്കാരിനെ എന്താണ് ചെയ്യാൻ കഴിയുക? ഒന്ന് ഡാറ്റയുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ കരാർ ഡോക്യുമെന്റ് ഉണ്ടാക്കുക എന്നുള്ളതാണ്. ഈ ഡാറ്റയുടെ ഉടമസ്ഥതയും ഉപയോഗ അവകാശവും സർക്കാറിന് മാത്രമാണ്, അത് മറ്റാർക്കും കമ്പനി കൈമാറില്ല എന്ന് ഉറപ്പു വരുത്തൽ, കരാർ അവസാനിക്കുമ്പോൾ സർക്കാറിന് തിരിച്ചേൽപ്പിക്കൽ, എന്തിന് ഡാറ്റ ഉപയോഗിച്ചു എന്ന് അത് നൽകിയവരെ അറിയിക്കൽ തുടങ്ങി സെക്യൂരിറ്റി സംബന്ധിച്ച് എല്ലാ പ്രശ്‌നങ്ങളും കവർ ചെയ്യുന്ന കരാറാണ് തയ്യാറാക്കിയിട്ടുള്ളത്. പിന്നെ സർവറിന്റെ ഫിസിക്കൽ ലൊക്കേഷൻ നമ്മുടെ നാട്ടിൽ തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്; അതും ചെയ്തിട്ടുണ്ട്. മൂന്നാമത്തേത് കമ്പനിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക എന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടത് അതുതന്നെയാണ് എന്നാണ് എൻറെ പക്ഷം. അമേരിക്കൻ ബിസിനസ് രംഗത്ത് വിജയം കൈവരിച്ച ഒരു മലയാളി സംരംഭകൻ നാടിന് ഒരു സഹായം ചെയ്യാൻ എത്തുമ്പോ അതിനെ ആ അർത്ഥത്തിൽ കാണാൻ നമ്മൾ തയ്യാറാവണം. ലോകാരോഗ്യ സംഘടനയും നാസയും മൈക്രോസോഫ്റ്റുമടക്കം വിശ്വാസത്തിലെടുത്ത ഒരു മലയാളിയുടെ സ്ഥാപനത്തെ മലയാളികൾ അവിശ്വസിക്കുന്നത് കൊറച്ച് ക്രൂരമാണ്. അലമാരയിൽ വെറുതെ ഇരിക്കുന്ന ഒരു സാധനം വെറുതെയങ്ങ് എടുത്തു തരുകയല്ല ഇത്! സാങ്കേതികമായി പ്രവർത്തിപ്പിക്കാൻ വലിയ ചെലവു വരും അതാണ് അയാൾ ഈ നാടിനു നൽകുന്ന പിന്തുണ, നന്ദി പറഞ്ഞില്ലെങ്കിലും അപമാനിക്കരുത്. ഫോബ്‌സ് മാഗസിൻ ലോകത്തിലെ മികച്ച 100 പ്രൈവറ്റ് ക്ലൗഡ് കമ്പനികളെ കണ്ടെത്താൻ നടത്തിയ 'cloud 100' ൽ 28 ആം സ്ഥാനത്തെത്തിയ കമ്പനിയാണ് Sprinklr. കഴിഞ്ഞ നാലു വർഷവും അവരാലിസ്റ്റിൽ ഉണ്ട്താനും.

അപ്പോ പറഞ്ഞു വന്നത് കേരളത്തിന് നഷ്ടം ഉണ്ടായി എന്ന് സംശയിക്കാൻ പോയിട്ട് ലോട്ടറി ആണ് ഈ കിട്ടിയത് എന്നാണ് എന്റെ അഭിപ്രായം. സൗജന്യമായി ലഭിക്കുന്ന അടിയന്തര ആവിശ്യമുള്ള ഒരു ഉൽപ്പന്നത്തിന് ഇത്രയും ക്ലോസുകളോടെ കരാറുണ്ടാക്കിയ ഐടി ഡിപ്പാർട്ട്‌മെൻറ് നല്ല ജാഗ്രത കാണിച്ചു. ഒരു രൂപ പോലും സംസ്ഥാന ഖജനാവിന് ചെലവാക്കാതെ ഒരു വ്യക്തിയുടെ പോലും ഡാറ്റ ദുരുപയോഗം ചെയ്യപെടില്ല എന്ന് ഉറപ്പുവരുത്തിയ സർക്കാരാണ് നമ്മുടേത്. അതുമാത്രമല്ല ഫയലുകളുടെ സാങ്കേതികത്വങ്ങളിൽ കുടുങ്ങി വാർദ്ധക്യസഹജമായി മരിക്കേണ്ട ഈ പദ്ധതി എന്ന ധീരമായ തീരുമാനവുമെടുത്തു സർക്കാർ. മറ്റെല്ലാ കാര്യത്തിലും എന്നപോലെ ലോകം മാതൃകയാക്കാൻ പോകുന്ന ഒരു മികച്ച കേരളമോഡൽ തന്നെയാകും ഇതെന്ന് ഉറപ്പിക്കാം. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമ്മളെങ്ങനെ സർക്കാരിനെ വിശ്വസിച്ചോ അതുപോലെ ഈ കാര്യത്തിലും വിശ്വസിക്കാം 100%.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top