26 April Friday

ലൈംഗികാക്രമണ കേസ് : സിവിക് ചന്ദ്രനെ രക്ഷപ്പെടുത്താന്‍ നേൃതൃത്വം നല്‍കിയവര്‍ മാപ്പ് പറയണം- അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Apr 23, 2023

സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡന പരാതിയിന്മേല്‍ പാഠഭേദം ആഭ്യന്തര സമിതിയെന്ന പേരിലുണ്ടാക്കിയ കമ്മറ്റിയേയും
റിപ്പോര്‍ട്ടിനേയും ലേബര്‍ കമീഷണര്‍ നിയമപരമായി റദ്ദു ചെയ്ത പശ്ചാത്തലത്തില്‍, സമിതിയില്‍ അംഗങ്ങളായിരുന്ന് ലൈംഗികാക്രമണ കേസില്‍ നിന്ന് സിവിക് ചന്ദ്രനെ രക്ഷപ്പെടുത്താനും പരാതിക്കാരിക്ക് നീതി നിഷേധിക്കാനും നേതൃത്വം നല്‍കിയ പാഠഭേദം എഡിറ്റര്‍ മൃദുലാ ദേവി, ആക്റ്റിവിസ്റ്റ് പി ഇ ഉഷ, എഴുത്തുകാരി ഡോ. ഖദീജ മുംതാസ്, ഒപ്പം പാഠഭേദം ഭാരവാഹികള്‍ എന്നിവര്‍ അതിജീവിതയോടും കേരളത്തിലെ സ്ത്രീ സമൂഹത്തോടും മാപ്പു പറയണമെന്ന ആവശ്യവുമായി  'അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ സമിതി' സമിതി അംഗങ്ങള്‍ ഫേസ്ബുക്കിലൂടെ ആവശ്യമുന്നയിച്ചിരിക്കുന്നു.


 ലേബര്‍ കമീഷണറുടെ വിധി പ്രകാരം, അതിജീവിത ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്‌ബു‌ക്ക് കുറിപ്പില്‍ സമിതി വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റ്



സിവിക് ചന്ദ്രന്‍ നടത്തിയ ലൈംഗികാതിക്രമങ്ങളെ വെള്ളപൂശാന്‍ അദ്ദേഹത്തെ ന്യായീകരിക്കുന്നവര്‍ ശ്രമിച്ചിരുന്നത് പാഠഭേദം നൈതിക വേദി എന്ന സ്ഥാപനം Sexual harasment at work place prevention, prohibition, redressal Act - 2013പ്രകാരം നടത്തി എന്ന് പറയപ്പെടുന്ന ഇന്റേണല്‍ കമ്മിറ്റിയുടെ (IC) എന്‍ക്വയറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ആ റിപ്പോര്‍ട്ടാവട്ടെ പ്രതിക്ക് അനുകൂലമായിരുന്നു. രണ്ട് ലൈംഗികാതിക്രമ കേസുകളിലും
ജാമ്യ ഹരജി പരിഗണിക്കുമ്പോള്‍ സിവിക് ചന്ദ്രനെ സംരക്ഷിക്കാന്‍പ്രതിഭാഗം ഉപയോഗിച് ഒരായുധം ഈ IC റിപ്പോര്‍ട്ടായിരുന്നു. അതിനെ ചലഞ്ച് ചെയ്യുന്നുണ്ട് എന്ന്  പ്രോസിക്യൂഷനും അതിജീവിതയുടെ അഭിഭാഷകരും സെഷന്‍സ് കോടതിയില്‍ പറഞ്ഞിട്ടും കോടതി അത് അവഗണിച്ചു.

കാരണമായി കോടതി വ്യക്തമാക്കിയത്  'മൂന്ന് ലേഡീസ് നടത്തിയ
അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതി കുറ്റവാളിയെന്ന് കണ്ടെത്തുന്നില്ല' എന്നതായിരുന്നു. ഈ IC റിപ്പോര്‍ട്ട് വഴി കേരളത്തിന്റെ പൊതുസമൂഹത്തില്‍ സ്ത്രീപക്ഷത്തു നിലകൊള്ളുന്ന ഒരു വിഭാഗത്തിന്റെ പിന്തുണ അതിജീവിതക്ക് നഷ്ടപ്പെടാനും ഇടയാക്കി.

കാരണം, ഈ അന്വേഷണ കമ്മററിയില്‍ അംഗങ്ങളായിരുന്ന മൂന്ന് സ്ത്രീകളും കേരളത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളും പലപ്പോഴും നിലപാടുകള്‍ വഴി സ്ത്രീപക്ഷത്ത് നിലകൊള്ളുന്നവരുമായിരുന്നു. പാഠഭേദം IC റിപ്പോര്‍ട്ടിനെ ചലഞ്ച് ചെയ്ത് അതിജീവിത അപ്പീലന്യായക്കാരിയായി കോഴിക്കോട് റീജിയണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ മുമ്പാകെ നടപടിക്രമം IR 2077/2022 ആയി അപ്പീല്‍ ബോധിപ്പിച്ചതിന്റെ വിധി 7-03-2023ന് വരികയുണ്ടായി.

പാഠഭേദം IC റിപ്പോര്‍ട്ട് റദ്ദ് ചെയ്തുകൊണ്ടുള്ള വിധി പകര്‍പ്പ്
അപ്പീലന്യായക്കാരിക്കും എതിര്‍കക്ഷികളായ 1. പ്രസിഡന്റ്, നൈതിക വേദി പാഠഭേദം, 2. സെക്രട്ടറി, നൈതിക വേദി പാഠഭേദം, 3. സിവിക് ചന്ദ്രന്‍ എന്നിവര്‍ക്കും രണ്ടാഴ്ചക്കകം ലഭിച്ചിട്ടുണ്ട്. ഈ വിധി കൈപ്പറ്റി ഏകദേശം ഒരു മാസം കഴിഞ്ഞിട്ടും നിയമ വിധേയമല്ലാത്ത ഒരു IC കോണ്‍സ്റ്റിറ്റിയൂട്ട് ചെയ്തതിനോ തെറ്റായ നടപടി ക്രമത്തിലൂടെ പ്രതിയെ വെള്ളപൂശാന്‍ ഒരു IC റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുത്തതിനോ ഇതുവരെ നൈതിക വേദി പാഠഭേദം എന്ന മാധ്യമ സ്ഥാപനമോ, വ്യാജ IC റിപ്പോര്‍ട്ടിന് ചുക്കാന്‍പിടിച്ച IC അംഗങ്ങളോ ക്ഷമചോദിക്കാനോ തെറ്റു തിരുത്താനോ തയ്യാറായിട്ടില്ല.

IC റിപ്പോര്‍ട്ട് ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ ശേഷം ആ ന്യായം പറഞ്ഞായിരുന്നു സിവിക്കിനെ എഡിറ്റര്‍ ആയി തിരിച്ചെടുത്തു എന്ന് നൈതികതയുമായി പുലബന്ധം പോലും കാണിക്കാന്‍ തയ്യാറാകാതിരുന്ന പാഠഭേദത്തിന്റെ എഡിറ്റോറിയലില്‍ അറിയിപ്പ് വന്നത്. മാറ്റി നിര്‍ത്തിയിരുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല എന്നത് നൈതികതയില്ലായ്മക്ക്  മറ്റൊരുദാഹരണം.

അപ്പീല്‍ നടത്തിപ്പ് വേളയില്‍ നൈതിക വേദി പാഠഭേദവും സിവിക് ചന്ദ്രനും എടുത്ത വിചിത്ര വാദങ്ങള്‍ ഇവയാണ്:

1 നൈതിക വേദി എന്ന സ്ഥാപനം നിലവിലില്ല.
2. പാഠഭേദത്തിന് ഓഫീസോ സ്റ്റാഫോ ഇല്ല.
3. തൊഴിലുടമയോ തൊഴിലാളിയോ ഇല്ല.
4. സിവിക് ചന്ദ്രന് ഈ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ല.
5. 2013ലെ നിയമം ഈ തൊഴില്‍ സ്ഥാപനത്തിന് ബാധകമല്ല.
6. IC നിയമപ്രകാരം നിര്‍മ്മിച്ചതല്ല. ഒരു പരാതി പരിഗണിക്കാന്‍ മാത്രം രൂപീകരിച്ചതാണ്. (ഇതായിരുന്നില്ല ജാമ്യ ഹരജിയിലെടുത്ത വാദം)
അപ്പീലന്യായക്കാരിയുടെയും എതിര്‍കക്ഷികളുടെയും വാദങ്ങള്‍ പരിഗണിച്ച് കോഴിക്കോട് റീജിയണല്‍ ലേബര്‍ കമീഷണര്‍ വിധിക്കകത്ത് നടത്തിയ

നിരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

1. 2013 ലെ നിയമത്തിന്റെ നിര്‍വചനത്തില്‍ തൊഴിലിടം എന്നതില്‍ നൈതിക വേദി പാഠഭേദം വരും.
2). നിയമത്തിലെ 2A അഗ്രീവ്ഡ് വുമണ്‍, 2 F തൊഴിലാളി നിര്‍വചനത്തില്‍ അതിജീവിതയും 2G പ്രകാരം തൊഴിലുട നിര്‍വചനത്തില്‍ സിവിക് ചന്ദ്രനും ഉള്‍പ്പെടും.

3) നിയമാനുസ്യതമായി, നിയമത്തിലെ വകുപ്പ് 4 പ്രകാരമല്ല പാഠഭേദം IC രൂപീകരിച്ചത്. അതില്‍ മിനിമം 4 അംഗങ്ങള്‍ വേണം, ഒരു എക്‌സ്റ്റേണല്‍ അംഗം ഉണ്ടാവണം,ഒരു പ്രിസൈഡിംഗ് ഓഫീസര്‍ വേണം തുടങ്ങിയ പ്രാഥമിക കാര്യങ്ങള്‍ പോലും ഈ IC രൂപീകരണത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.

4) എംപ്ലോയര്‍ക്കെതിരായാണ് പരാതിയെങ്കില്‍ ഒരു കാരണവശാലും
സ്ഥാപനത്തിലെ IC യല്ല ആ പരാതി പരിശോധിക്കേണ്ടത്. മറിച്ച് ജില്ലാ കലക്ടര്‍ അധ്യക്ഷത വഹിക്കുന്ന ലോക്കല്‍ കമ്മിറ്റി ( LC) യാണ് അത്തരം കേസുകള്‍ പരിഗണിക്കേണ്ടത്.

5) അഗ്രീവ്ഡ് വുമണ്‍ എന്ന നിലക്ക് അതിജീവിതയില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാനോ അതിജീവിതക്ക് എതിര്‍ കക്ഷിയോട് എന്‍ക്വയറി പ്രൊസീഡിംഗ്‌സില്‍ ചോദ്യങ്ങള്‍ ചോദിക്കാനോ ഉള്ള അവസരം നല്‍കിയിട്ടില്ല. ഇപ്രകാരം നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലാത്തതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ട് റദ്ദ് ചെയ്ത് കൊണ്ടും ശരിയായ ഫോറം മുമ്പാകെ പരാതി ബോധിപ്പിക്കാന്‍ അപ്പീലന്യായക്കാരിയെ അനുവദിച്ചു കൊണ്ടുമാണ്
അപ്പീല്‍ അനുവദിച്ച് വിധി വന്നിരിക്കുന്നത്.

ഈ വിധി, അതിജീവിത നേരിട്ട നീതി നിഷേധത്തെ വെളിച്ചത്തു കൊണ്ടു വരാനും അവരുടെ നിയമ പോരാട്ടത്തിന് ശക്തി പകരാനും സഹായിക്കുന്നതാണ്.

ലൈംഗികാതിക്രമത്തിനെതിരെ പരാതിപ്പെട്ടതിന് അതിജീവിതയെ സാമൂഹ്യ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷയാക്കാനും പ്രതിയുടെ ഉന്നത സാമൂഹ്യ പദവി സംരക്ഷിക്കാക്കാനും വേണ്ടി പാഠഭേദവും അതിന്റെ സംവിധാനവും മൂന്ന് ഫെമിനിസ്റ്റുകളെ ഉപയോഗിച്ച് നടത്തിയ നീചമായ നീക്കമായിരുന്നു
വ്യാജ IC റിപ്പോര്‍ട്ട് എന്നതാണ് ഈ വിധിയിലൂടെ വ്യക്തമാവുന്നത്. ഫെമിനിസ്റ്റ് ലേബല്‍ ഉപയോഗിച്ച് കോടതിയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഇവര്‍ അതിജീവിതയോടും സ്ത്രീസമൂഹത്തോടും മാപ്പുപറയേണ്ടതുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു.

പാഠഭേദം IC റിപ്പോര്‍ട്ട് ലേബര്‍ കമ്മീഷണര്‍ റദ്ദാക്കിയ വിവരം ജനങ്ങളില്‍ നിന്ന് മറച്ചു വെച്ചതിനും വ്യാജ IC രൂപീകരിച്ചതിനു തന്നെയും പാഠഭേദം എഡിറ്റോറിയത് ടീം അതിന്റെ എഴുത്തുകാരോടും വായനക്കാരോടും അതിജീവിതയോടും കേരളത്തിലെ പൗരസമൂഹത്തോടും മാപ്പു പറയാന്‍ ബാധ്യസ്ഥരാണെന്ന് ഞങ്ങള്‍ കരുതുന്നു.

ലേബര്‍ കമീഷനില്‍ അതിജീവിതയ്ക്ക് വേണ്ടി കേസ് വാദിച്ച അഡ്വ. പി.എ. അബിജക്കും തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടിക്രമങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും മുന്‍കൈ പ്രവര്‍ത്തനങ്ങളും നല്‍കി നേതൃത്വപരമായ പങ്കുവഹിച്ച അഡ്വ. ജെ സന്ധ്യക്കും പൊരുതുന്ന സ്ത്രീ സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും. ലേബര്‍ കമീഷണറുടെ വിധി പ്രകാരം, അതിജീവിത ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം പൊതുജനങ്ങളെ അറിയിക്കുകയാണ്.

അതിജീവിതമാര്‍ക്കൊപ്പം
ഐക്യദാര്‍ഢ്യ സമിതി





ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top