29 March Friday

പീഡനം അനുഭവിക്കുന്നവർക്ക്‌ അഭയം നൽകാൻ ഒരു നിയമമുണ്ടാക്കുമ്പോൾ അതിൽ മതവിവേചനം പാടില്ല: മുരളി തുമ്മാരുകുടി

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2019

എവിടെയും പീഡനം അനുഭവിക്കുന്നവർക്ക് അഭയം നൽകുന്ന ഒരു രാജ്യം തന്നെ ആയിരിക്കണം ഇന്ത്യ എന്നാണ് തന്റെ ആഗ്രഹമെന്നും നമ്മുടെ നയവും നിയമങ്ങളും അത്തരത്തിൽ ആയിരിക്കുകയും വേണമെന്നും ഐക്യരാഷ്‌ട്രസഭാ ദുരന്തനിവാരണ സംഘം തലവൻ മുരളി തുമ്മാരുകുടി. മറ്റു രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ആളുകൾ അവിടെ നിന്നും അഭയം തേടി എത്തിയാൽ തീർച്ചയായും അവർക്ക് അത് നൽകണം. മതത്തിന്റെ പേരിൽ പീഡനങ്ങൾ അനുഭവിക്കുന്നവർക്ക് അഭയം നല്കാൻ വേണ്ടി ഇന്ത്യ ഒരു നിയമം ഉണ്ടാക്കിയപ്പോൾ അതിൽ മതത്തിന്റെ പേരിൽ തന്നെ ഒരു വിവേചനം ഉണ്ടായത് ഒട്ടും ശരിയായ കാര്യമല്ലെന്നും  അദ്ദേഹം പറഞ്ഞു.

പോസ്‌റ്റ്‌

വർഷാവസാനം ആയതിനാൽ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറെ തിരക്കുള്ള സമയമാണ്.

ഓഫിസിലുള്ള പതിവ് പരിപാടികൾ കൂടാതെ പുതിയ മാനേജ്‌മെന്റ്, അത് കൊണ്ടുവരുന്ന റീസ്ട്രക്ച്ചറിങ്ങ്, കേരളത്തിലേക്ക് തന്നെ കഴിഞ്ഞ ഒരാഴ്ചക്കകം രണ്ടു പ്രാവശ്യം സന്ദർശനം നടത്തിയതിന്റെ തിരക്ക് അങ്ങനെ പലതും. അതുകൊണ്ടാണ് സിറ്റിസൺഷിപ്പ് ബില്ലിനെപ്പറ്റിയും അതിനെ ചൊല്ലി നടക്കുന്ന സമരങ്ങളെപ്പറ്റിയും ഒന്നും എഴുതാൻ പറ്റാതിരുന്നത്.

‘കൊടുങ്കാറ്റിൽ ആന പാറിയ കഥ പറയുന്പഴാ അവന്റെ അമ്മായിയപ്പന്റെ കോണകം പാറിയ കഥ’ എന്നുള്ള ഉപമ തീർച്ചയായും പ്രസക്തമാണ്.

എന്തായാലും തിരക്ക് തന്നെയാണ് കാര്യം.

സിറ്റിസൺഷിപ്പ് അമെൻഡ്മെന്റ് ആക്ടിനെ പറ്റി തീർച്ചയായും അഭിപ്രായം ഉണ്ട്. ഒരു രാജ്യത്തെ പൗരത്വം ഉപേക്ഷിച്ച് അഭയാർഥികളായി ഓടിപ്പോകേണ്ടിവരുന്നവരെ, തലമുറകളായി ഒരു രാജ്യത്ത് ജീവിച്ചിട്ടും അവിടെ പൗരത്വം ലഭിക്കാത്തവരെ, പൗരത്വം ഇല്ലാത്തതിനാൽ തൊഴിൽ അവസരങ്ങൾ മാത്രമല്ല അടിസ്ഥാനമായ മനുഷ്യാവകാശം വരെ നഷ്ടപ്പെടുന്നവരെ ഒക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ എത്ര പ്രധാനപ്പെട്ട ഒരു വിഷയമാണിത് എന്ന് എനിക്ക് ശരിക്ക് അറിയാം. എപ്പോഴെങ്കിലും വിശദമായി എഴുതാം.

മതപരമോ വംശീയമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ അവരുടെ രാജ്യത്ത് പീഡനം അനുഭവിക്കുന്നവർ സ്വന്തം രാജ്യം വിട്ടോടേണ്ട സാഹചര്യം ഉണ്ടായാൽ അവർക്ക് അഭയം കൊടുക്കുന്ന നയങ്ങൾ ലോകത്തെ അനവധി രാജ്യങ്ങളിൽ ഉണ്ട്. എങ്ങനെയാണ് ഈ തരം സാഹചര്യങ്ങളെ നേരിടേണ്ടത് എന്നതിനെ പറ്റി അന്താരാഷ്ട്ര കൺവെൻഷനുകൾ ഉണ്ട്. മറ്റു രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ആളുകൾ അവിടെ നിന്നും അഭയം തേടി എത്തിയാൽ തീർച്ചയായും അവർക്ക് അത് നൽകണം എന്ന് തന്നെയാണ് എൻറെ അഭിപ്രായം. ഇതിൽ നാടു വിട്ടോടിവരുന്നവരുടെ മതവും ഭാഷയും വംശീയതയും ഒന്നും വിഷയമാകരുത്. വ്യക്തിപരമായി പറഞ്ഞാൽ ഇങ്ങനെ വരുന്നവർ നമ്മുടെ അയൽരാജ്യക്കാർ ആകണം എന്ന നിർബന്ധത്തിന്റെ പോലും ആവശ്യമില്ല.

ലോകത്തെവിടെയും പീഡിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകിയ രാജ്യവും സംസ്കാരവും ആണ് ഭാരതം എന്നെല്ലാം നമ്മൾ ചരിത്രത്തിൽ വായിക്കുകയും ഇടക്കൊക്കെ മേനി പറയുകയും ചെയ്യാറുണ്ടെങ്കിലും സ്വാതന്ത്രാനന്തര ഇന്ത്യ ഇക്കാര്യത്തിൽ ഉള്ള നിയമങ്ങൾ ഉണ്ടാക്കുന്നതിലും അന്താരാഷ്ട്ര കൺവെഷനുകൾ അംഗീകരിക്കുന്നതിലുമെല്ലാം പുറകിലാണ്. ഒരു ലോകശക്തിയായി വളരുന്ന ഇന്ത്യയിൽ നിന്നും ലോകം ഇതിൽക്കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിൽ പീഡനങ്ങൾ അനുഭവിക്കുന്നവർക്ക് അഭയം നല്കാൻ വേണ്ടി ഇന്ത്യ ഒരു നിയമം ഉണ്ടാക്കിയപ്പോൾ അതിൽ മതത്തിന്റെ പേരിൽ തന്നെ ഒരു വിവേചനം ഉണ്ടായത് ഒട്ടും ശരിയായ കാര്യമല്ല.
തീർച്ചയായും എവിടെയും പീഡനം അനുഭവിക്കുന്നവർക്ക് അഭയം നൽകുന്ന ഒരു രാജ്യം തന്നെ ആയിരിക്കണം ഇന്ത്യ എന്നാണ് എൻറെ ആഗ്രഹം, നമ്മുടെ നയവും നിയമങ്ങളും അത്തരത്തിൽ ആയിരിക്കുകയും വേണം.

ഈ നിയമത്തിനെതിരെ ഇപ്പോൾ തന്നെ നമ്മുടെ നാട്ടിലെ ആളുകൾ, പ്രത്യേകിച്ചും യുവാക്കൾ, മതഭേദമന്യേ ഒരുമിച്ചു നിൽക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. പ്രതിഷേധങ്ങൾ ശ്രദ്ധിച്ച് സർക്കാർ നിയമം മാറ്റിയില്ലെങ്കിൽ ഈ കേസ് കോടതിയിൽ എത്തുന്പോൾ മതേതരമായ നമ്മുടെ ഭരണഘടനയുടെ അന്തഃസ്സത്തക്ക് ചേരാത്തതിനാൽ ഈ നിയമം റദ്ദാക്കപ്പെടും എന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ഈ ആഴ്ച മുതൽ നാട്ടിലുണ്ട്. സുഹൃത്തുക്കളെല്ലാം അനവധി പ്രതിഷേധ സമരങ്ങളിലാണ്, പങ്കെടുക്കാൻ ക്ഷണവും ഉണ്ട്. പക്ഷെ പ്രത്യക്ഷ സമരങ്ങളിൽ പങ്കെടുക്കാൻ എനിക്ക് ഔദ്യോഗികമായ പരിമിതികൾ ഉണ്ട്. പതിവുപോലെ അവധിക്കാലത്ത് പരമാവധി സുഹൃത്തുക്കളെ നേരിട്ട് കാണാൻ ശ്രമിക്കാം. കൃത്യം സ്ഥലവും സമയവും പരിപാടിയും വഴിയേ പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top