20 April Saturday

സഭ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിയ്ക്കുക: സമൂഹം ഒപ്പമുണ്ടാകും

കെ ജെ ജേക്കബ്ബ് Updated: Friday Jun 9, 2017

 കെ ജെ ജേക്കബ്

കെ ജെ ജേക്കബ്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയതിന്റെ വെളിച്ചത്തില്‍ ക്രിസ്ത്യന്‍സഭയ്ക്ക് അഭികാമ്യമായ സമീപനത്തെപ്പറ്റി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്ബ് (ഡെക്കാന്‍ ക്രോണിക്കിള്‍) എഴുതുന്നു...ഫേസ്‌‌ബുക്കില്‍ നിന്ന്

തലശ്ശേരി മെത്രാനായിരുന്ന വള്ളോപ്പിള്ളി പിതാവ് എണ്‍പതുകളില്‍ തുടങ്ങിവച്ച കത്തോലിക്കാ സഭയുടെ മദ്യവര്‍ജ്ജന പ്രസ്‌ഥാനത്തെയും അതിന്റെ കാരണങ്ങളെയും ഫലങ്ങളെയും അടുത്തുനിന്നു കാണാനുള്ള അവസരം അന്ന് സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ അമരക്കാരനായിരുന്ന പിണറായി വിജയന് ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ആയിരിക്കണം പൂര്‍ണ്ണ മദ്യനിരോധനം എന്ന സഭയുടെ ഇപ്പോഴത്തെ നിലപാടിനോട് വിയോജിക്കുമ്പോഴും അക്കാര്യം ആദരവോടെ ചെയ്യുന്നത്.

സത്യത്തില്‍ പൂര്‍ണ്ണ മദ്യനിരോധനം എന്ന ഉട്ടോപ്യന്‍ ആവശ്യത്തില്‍നിന്നും സഭയ്ക്ക് രക്ഷപ്പെടാനുള്ള ഒരു എക്സിറ്റ് റൂട്ട് കൂടി ഇട്ടാണ് ഇന്നലെ മുഖ്യമന്ത്രി മദ്യനയം പ്രഖ്യാപിച്ചത്. സാക്ഷരതാ പ്രസ്‌ഥാനം പോലെ മദ്യവര്‍ജ്ജനത്തെക്കുറിച്ചുള്ള വലിയ പ്രചാരണ പരിപാടിയില്‍ ചേരാന്‍ അദ്ദേഹം എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്.

ഈ ക്ഷണം സ്വീകരിച്ച് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് അമിതമദ്യപാനത്തില്‍നിന്നും, മദ്യപാനാസക്തിയില്‍നിന്നും മനുഷ്യരെ രക്ഷപ്പെടുത്താനുള്ള പ്രായോഗിക വഴികളാണ് സഭ തിരയേണ്ടത്. അല്ലാതെ പൂര്‍ണ്ണ മദ്യനിരോധനം എന്ന നിലപാട് എടുത്തു സമൂഹത്തിന്റെ മുന്‍പില്‍ നിന്നാല്‍ ഇന്നലത്തെ ചാനല്‍ ചര്‍ച്ചകളില്‍ സംഭവിച്ചതുപോലെ വലിയ നാണക്കേടുണ്ടാകും. ആവുന്ന കാലംവരെ പരുക്കന്‍ ഖദര്‍ ളോഹ സ്വയം കഴുകിയുടുത്തിരുന്ന, അഡ്‌മിഷനോ നിയമനത്തിനോ ഒരു രൂപ വാങ്ങാതെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ആശുപതികളും നടത്തിയിരുന്ന വള്ളോപ്പിള്ളി പിതാവും അദ്ദേഹത്തെപ്പോലുള്ള വലിയ മനുഷ്യരും ഉണ്ടാക്കിവച്ച പ്രതിച്ഛായയയുടെ മുകളില്‍ കയറി യാത്രചെയ്യാന്‍ മാത്രം യോഗ്യതയുള്ളവരല്ല ഇന്നത്തെ പല പിതാക്കന്മാരും.

അതുകൊണ്ടുതന്നെ 'എന്റെ ഇടവകപ്പള്ളിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ തുകയുടെ പത്തുശതമാനം ഞാനാണ് കൊടുത്തതെന്ന്' ഒരു ബാറു മുതലാളി പറയുമ്പോള്‍, പോപ്പും മെത്രാന്മാരും ബിയര്‍ കുടിക്കുന്ന ഫോട്ടോ മറ്റൊരാള്‍ എടുത്തുവീശുമ്പോള്‍, സഭയുടെ വൈനറികളുടെ കണക്കെടുത്തു ഇനിയൊരാള്‍ നാട്ടുകാരോട് പറയുമ്പോള്‍ തിരിച്ചൊന്നും പറയാനില്ലാതെ പ്രതിരോധത്തിലാകും. മദ്യപാനികളോടും മദ്യവ്യവസായവ്യാപാരികളോടുമുള്ള സഭയുടെ നിലപാട് എന്തെന്ന് ചോദ്യം വന്നാല്‍ പ്രത്യേകിച്ചൊന്നും ഇല്ല എന്ന് മാത്രമല്ല, അവരുടെ സൗജന്യം പറ്റിയിട്ടുമുണ്ടെന്നു വന്നാല്‍ വാദത്തിന്റെ പൊള്ളത്തരം ആളുകള്‍ക്ക് പെട്ടെന്ന് പിടികിട്ടും. പോപ്പിന്റെ ഫോട്ടോ ശരിയായുള്ളതല്ല, ഫോട്ടോഷോപ്പ് ആണ്, തങ്ങള്‍ക്കും ഇത് ഹാജരാക്കാന്‍ പറ്റും എന്ന തറനിലവാരത്തിലുള്ള വാദത്തോട് പ്രതികരണം വളരെ രൂക്ഷമായിരിക്കും.

തങ്ങള്‍ സര്‍ക്കാരില്‍നിന്നും ലൈസന്‍സ് എടുത്തു നികുതിയും കൊടുത്താണ് വൈനറികള്‍ നടത്തുന്നത് എന്നതൊരു പ്രതിരോധമാകില്ല, ആ സൗകര്യം തന്നെയാണ് സര്‍ക്കാര്‍ മറ്റുള്ളവര്‍ക്കും നല്‍കുന്നത്: ലൈസന്‍സും നികുതിയുമുള്ള, നിയമാനുസൃതമായ മദ്യ ഇടപാട്. ഒരു കൂട്ടര്‍ക്കുമാത്രമായി പ്രത്യേക സൗജന്യം നല്‌കുക നടപ്പുള്ള കാര്യമല്ലല്ലോ.

മദ്യം നിരോധിച്ചതോടെ മയക്കുമരുന്ന് വ്യാപകമായി എന്ന യാഥാര്‍ഥ്യം സഭ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതിനു സര്‍ക്കാര്‍ ഏജന്‍സികള്‍ ഇല്ലേ എന്ന ചോദ്യം ന്യായമാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ല എന്നതാണ് സത്യം. ന്യായമായ ഏതൊരു കാര്യവും നിരോധിക്കപ്പെടുമ്പോള്‍ അതിനെ സര്‍ക്കാര്‍ ഏജന്‍സികള്‍വച്ച് പ്രതിരോധിക്കുക എന്നത് അപ്രായോഗികമായ കാര്യമാണ്; അതാണ് അനുഭവം.

മറ്റു കുറ്റകൃത്യങ്ങളോ എന്നൊരു അച്ചന്‍ ചോദിക്കുന്നുണ്ടായിരുന്നു . പിടിച്ചുപറിയും കൊലപാതകവും ഒക്കെ അനുവദിക്കുമോ എന്നതാണ് വ്യംഗ്യം. മദ്യപാനം കുറ്റമാണ് എന്ന് വിശ്വസിക്കാന്‍ വ്യക്തിപരമായി ഓരോരുത്തര്‍ക്കും അവകാശമുണ്ട്. പക്ഷെ സഭയ്ക്ക് അങ്ങിനെയൊരു കാഴചപ്പാടുള്ളതായി അറിയില്ല. 'മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ നിങ്ങള്‍ പറഞ്ഞു ഇതാ ഭോജനപ്രിയനും മദ്യപാനിയും, ചുങ്കക്കാരുടെയും പാപികളുടെയും സുഹൃത്തുമായവന്‍. എങ്കിലും വിജ്ഞാനം അതിന്റെ പ്രവൃത്തികള്‍കൊണ്ട് സാധൂകരിക്കപ്പെടുന്നു' 'മത്തായി 11: 19 ) എന്നാണ് തന്നെപ്പറ്റിയുള്ള അന്നത്തെ പുരോഹിതരുടെ നിലപാടിനെക്കുറിച്ച് കര്‍ത്താവുതന്നെ പറയുന്നത്. കുറ്റം ഏത് എന്ന് നിശ്ചയിക്കാനുള്ള അവകാശം സമൂഹം അതിനായുണ്ടാക്കിവച്ചിരിക്കുന്ന സംവിധാനത്തിനുതന്നെ നല്കുകയായിരിക്കും ഉചിതം, സ്വന്തം നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ആ നിലപാടുതന്നെ അടിസ്‌ഥാനമില്ലാത്തതായാല്‍ പ്രത്യേകിച്ചും.

സഭയെക്കുറിച്ച് സമൂഹത്തിനുള്ള മനോഭാവം മാറിയിരിക്കുന്നു എന്ന യാഥാര്ഥ്യം ഉള്‍ക്കൊള്ളുക; മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിക്കുക. മദ്യത്തെ അകറ്റിനിര്‍ത്താനുള്ള ആത്മാര്തഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക; സര്‍ക്കാര്‍ ഒപ്പമുണ്ടാകും എന്ന് മുഖ്യമന്ത്രി പറയാറുള്ളത് മുഖവിലയ്ക്ക് എടുക്കുക; സമൂഹവും ഒപ്പമുണ്ടാകും.

വിജ്ഞാനം അതിന്റെ പ്രവൃത്തികള്‍കൊണ്ടാണ് സാധൂകരിക്കപ്പെടേണ്ടത്; മുട്ടായുക്തികള്‍കൊണ്ടല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top