19 April Friday

'പ്രതികരണ ശബ്ദങ്ങള്‍ ഇല്ലാതാക്കലാണ് ചിന്മയ മാനേജ്‌മെന്റിന്റെ ഉദ്ദേശ്യം'; ചിന്മയ സ്‌കൂളില്‍ നിന്നും അന്യായമായി പുറത്താക്കപ്പെട്ട ലൈബ്രേറിയന്റെ തുറന്ന കത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018

കൊച്ചി > അന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി കണ്ണൂര്‍ ചാലയിലെ ചിന്മയ വിദ്യാലയത്തിലെ ലൈബ്രേറിയന്‍ രംഗത്ത്.  ചിന്മയ വിദ്യാലയത്തിലെ ലൈബ്രേറിയാനായിരുന്നു സീമ  അഭിലാഷിനെയാണ് അന്യായമായ കാരണങ്ങള്‍ നിരത്തി പിരിച്ചു വിട്ടത്.  ശമ്പള സ്‌കെയിലില്‍ സ്ഥിരം നിയമനമായി 2009 ല്‍ ജോലിയില്‍ പ്രവേശിച്ച തന്നെ അന്യായമായി പുറത്താക്കുകയായിരുന്നുവെന്ന് സീമ പറഞ്ഞു. ചിന്മയ മാനേജ്‌മെന്റിന്റെ ക്രൂര നടപടികളും മാനസീക പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി  വന്നതായും സീമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‌ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചിന്മയ മിഷന്‍ അധികൃതര്‍ക്ക് ഒരു തുറന്ന കത്ത്
....................................

സ്വാമി ചിന്മയാനന്ദന്‍ ഏറെ ബഹുമാന്യനാണ്. ഏവരും ഇഷ്ടപ്പെടുന്ന, സ്‌നേഹത്തോടെ മാത്രം കാണുന്ന ആദരണീയവ്യക്തിത്വം. എന്നാല്‍ വേദനയോടെ പറയട്ടെ, സ്വാമിജിയുടെ പേരിലുള്ള ചിന്മയ മിഷന്റെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് നടത്തുന്ന കണ്ണൂര്‍ ചിന്മയ വിദ്യാലയ മാനേജ്‌മെന്റിന്റെ തൊഴില്‍ പീഢനത്തിന് വിധേയയായ ഒരാളാണ് ഞാന്‍. ആരാധ്യനായ ചിന്മയാനന്ദ സ്വാമിയുടെ പേരിനുപോലും കളങ്കം ചാര്‍ത്തുന്ന രീതിയില്‍ കണ്ണൂര്‍ ചിന്മയ മിഷന്റെ പേരില്‍ സെക്രട്ടറി കെ.കെ.രാജന്റെ സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴില്‍മാനസിക പീഡനങ്ങളില്‍ ചിലത് മാത്രം മിഷന്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

2009 ഒക്ടോബര്‍ ഒന്നിനാണ് കണ്ണൂര്‍ ചാലയിലെ ചിന്മയ വിദ്യാലയത്തില്‍ ലൈബ്രേറിയനായി ഞാന്‍ ജോയിന്‍ ചെയ്യുന്നത്. ശമ്പള സ്‌കെയിലില്‍ സ്ഥിരം നിയമനമായിരുന്നു എന്റേത്.

ആദ്യത്തെ മൂന്നു നാല് വര്‍ഷങ്ങള്‍ മാനേജ്‌മെന്റിന്റെ പ്രിയപ്പെട്ട ആളായിരുന്നു ഞാന്‍. സ്‌കൂള്‍ പരിപാടികളിലെ അനൗണ്‍സറും സംഘാടകയുമൊക്കെയായിരുന്നു. അതിനുശേഷം പ്രിന്‍സിപ്പല്‍ സുഗീതാ രാജന്റെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള പീഡനം തുടങ്ങി. യൂണിയന്‍ മെമ്പര്‍ഷിപ്പ് എടുത്ത ശേഷമായിരുന്നു ഇത്. ഒരിക്കല്‍ ക്ലാസ് ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ കുട്ടികള്‍ക്കൊപ്പം ഇരുന്നിടത്തുനിന്ന് എന്നോട് എഴുന്നേറ്റ് പോകാന്‍ പറഞ്ഞു. 40 വര്‍ഷമായി ലൈബ്രറി ടീച്ചര്‍ കുട്ടികളുടെ ക്ലാസ് ഫോട്ടോയില്‍ ഇരിക്കാറുണ്ട്. ഞാനും മൂന്നുവര്‍ഷം ഇരുന്നതാണ്. ഒരു അധ്യാപകനെ വിളിച്ച് എന്നോട് ഫോട്ടോ സെഷനില്‍ ഇരിക്കാന്‍ പാടില്ലെന്ന് പറയിക്കുകയായിരുന്നു. എന്റെ കുട്ടികളുടെയും മറ്റധ്യാപകരുടെയും മുന്നില്‍ ഞാന്‍ അപമാനിതയായ നിമിഷങ്ങള്‍.

കേരള അണ്‍ എയിഡഡ് ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് യൂണിയന്‍ മെമ്പര്‍ഷിപ്പ് എടുത്തശേഷം, യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നുവെന്നും യൂണിയനിലേക്ക് ജീവനക്കാരെയും അധ്യാപകരെയും സംഘടിപ്പിക്കുന്നുവെന്നും പറഞ്ഞ് എന്നെ കണ്ണൂര്‍ തളാപ്പിലെ ചിന്മയ ബാലഭവനിലേക്ക് മാറ്റി.

പ്രതികാര നടപടികള്‍ ഓരോന്നായി തുടങ്ങുകയായിരുന്നു. ഹെഡ്മിസ്ട്രസ് ഗിരിജ മാഡത്തിന്റെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള പീഢനങ്ങള്‍. ഞാന്‍ വന്ന ദിവസം മുതല്‍ ഒരു പിരിയഡും ഫ്രീ നല്‍കാതെ അവര്‍ സബ്സ്റ്റിറ്റിയൂഷന്‍ ഇട്ടു. മാനേജ്‌മെന്റിന് വിരോധം ഉള്ളവര്‍ക്ക് സ്ഥിരം കൊടുക്കുന്ന പണി അങ്ങിനെ എനിക്കും കിട്ടി.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുതിയ ആരോപണം. ചാല ചിന്മയ സ്‌കൂളിലെ കുറച്ചു പുസ്തകങ്ങള്‍ കാണാനില്ല. അതിന്റെ പണം അടക്കണം. നോട്ടീസ് തന്നു. പിറ്റേന്ന് മറുപടി നല്‍കിയില്ലെങ്കില്‍ സൈന്‍ ചെയ്യാന്‍ വിടില്ല എന്നായി. മൂന്ന് ദിവസം പുറത്തു നിര്‍ത്തിച്ചു. സ്റ്റാഫ് റൂമില്‍ കയറ്റാതെ വരാന്തയിലെ കസേരയടക്കം എടുത്തുമാറ്റി. പ്രതിഷേധിച്ച് ഞാന്‍ നിലത്തിരുന്നു.

തുടര്‍ന്ന് മറ്റ് സ്റ്റാഫുകളോട് എന്നോട് മിണ്ടരുതെന്ന് വിലക്കി. ഞാന്‍ ആരോടെങ്കിലും സംസാരിക്കുന്നുണ്ടെങ്കില്‍ ഒളിഞ്ഞുനിന്ന് കേള്‍ക്കുവാന്‍ ആള്‍ക്കാരെ ഏര്‍പ്പാടാക്കി.

സ്‌കൂളില്‍ വന്ന ദിവസം പോലും ലീവ് മാര്‍ക്ക് ചെയ്യാന്‍ തുടങ്ങി. ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ മോശമായി സംസാരിച്ചെന്ന രീതിയിലാക്കിമാറ്റി. ലീവ് എടുക്കുന്ന ദിവസം എന്റെ ലൈബ്രറിയും മേശയും തെരയുക; അന്ന് ചിന്മയ സ്‌കൂളില്‍ പഠിച്ചിരുന്ന നാലാം ക്ലാസുകാരനായ മകനെ ഭീഷണിപ്പെടുത്തി എന്തുകൊണ്ട് ലീവ് എടുത്തു എന്ന് ചോദിക്കുക ഇതൊക്കെ ആയിരുന്നു ഗിരിജാ മാഡത്തിന്റെ പതിവ്. യൂണിയന്‍ സംബന്ധമായ എന്തെങ്കിലും പേപ്പറോ മെമ്പര്‍ഷിപ്പ് ഫോമോ കിട്ടുമോ എന്നതായിരുന്നു മേശ തെരയലിന്റെ ഉദ്ദേശ്യം. ഒന്നും കിട്ടാത്തപ്പോള്‍ അതില്‍നിന്ന് വൃത്തികെട്ട ബുക്കുകള്‍, വിസ്പര്‍ പാഡ് എന്നിവയൊക്കെ കിട്ടിയെന്ന് മറ്റ് അധ്യാപകരോട് പ്രചരിപ്പിച്ചു.

എനിക്ക് മാനസികരോഗമാണെന്നായിരുന്നു മറ്റൊരു പ്രചരണം. ഇക്കാര്യം രാജന്‍ സര്‍ നേരിട്ട് പലരോടും പറഞ്ഞതായി ഞങ്ങളറിഞ്ഞു. സ്‌കൂള്‍ ലൈബ്രറിയിലെ രണ്ടുലക്ഷം രൂപയുടെ ബുക്ക് അടിച്ചു മാറ്റിയെന്ന് രാജന്‍ സര്‍ നേരിട്ട് പലരോടും പറഞ്ഞു. സ്‌കൂളില്‍ ക്യാമറ ഇരിപ്പുണ്ട്. അവിടെ നിന്ന് എങ്ങനെ പുസ്തകം എടുത്തു മാറ്റി എന്നാണ് അദ്ദേഹം പറയുന്നത്.

എല്ലാ സ്റ്റാഫും എന്നോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ബാലഭവന്‍ ലൈബ്രറി ഇരുട്ടുമുറിയില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റപ്പെട്ടു.
എന്നെ പീഡിപ്പിക്കാന്‍ ബാലഭവന്‍ കുട്ടികള്‍ക്ക് ലൈബ്രറി നിഷേധിച്ചു. ലൈബ്രറിയില്‍ ഞാന്‍ മാത്രമായിരുന്നു പിരിയോഡിക്കല്‍സ് വായിക്കാറുള്ളത്. 40 വര്‍ഷമായി അവ സബ്‌സ്‌ക്രിപ്ഷന്‍ ചെയ്തുവരികയായിരുന്നു. എന്നാല്‍ ഞാന്‍ വായിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ അത് നിര്‍ത്തി.

ലഞ്ച് ബ്രേക്കിന് പുറത്തു പോകുമ്പോള്‍, അനധികൃതമായി തോന്നിയ സമയത്ത് പുറത്ത് പോകുന്നുവെന്ന് പ്രചരണം. സ്‌കൂളിലെ ലേഡീസ് സ്റ്റാഫിന് മാത്രമായിരുന്നു ലഞ്ച് ബ്രേക്ക് നിരോധനം.

രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ അവധി ദിവസങ്ങളിലും കുട്ടികള്‍ക്ക് ക്ലാസില്ലാഞ്ഞിട്ട് പോലും അധ്യാപകരെ വൈകിട്ട് വരെ വെറുതെ ഇരുത്തുക, രക്ഷിതാക്കളില്‍ നിന്ന് പരാതി എഴുതി വാങ്ങിച്ച് ഇഷ്ടമില്ലാത്ത അധ്യാപകരെ അപമാനിക്കുക, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ യൂണിറ്റ് ടെസ്റ്റ് പേപ്പര്‍ പോലും കറക്ഷന്‍, ചെക്കിംഗ്, സൂപ്പര്‍ ചെക്കിംഗ് എന്നിങ്ങനെ 3 തവണ പരിശോധന നടത്തിക്കുക, പ്രസവാവധിയും മറ്റും കഴിഞ്ഞു വരുന്നവര്‍ക്ക് സര്‍വീസ് ബ്രേക്കാക്കി മാത്രം പുനര്‍ നിയമനം നല്‍കുക എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് ചിന്മയ വിദ്യാലയയില്‍ നടക്കുന്നത്. ഈ വര്‍ഷം തങ്ങളുടെ കണ്ണില്‍ കരടായ രണ്ട് അധ്യാപകരെ ഇവര്‍ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടമാവുമെന്ന ഭയം കാരണം ഇത്തരം നെറികേടുകളോട് ആരും പ്രതികരിക്കാതിരിക്കുകയാണ്.

ഡ്രസ് കോഡ് എന്ന പേരില്‍ ഒരുവര്‍ഷം 2 പട്ടുസാരി വാങ്ങാന്‍ പറയും. താങ്ങാനാവാത്ത വിലയുള്ള സാരി തന്നെ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കും. പ്രൈസ്സ് ടാഗിലെ അതേ വില തന്നെ ഈടാക്കും. സ്‌കൂള്‍ പരിപാടികള്‍ വരുമ്പോള്‍ രണ്ടോ മുന്നോ ദിവസം മാത്രമേ ഇത് ഉപയോഗിക്കാനാവൂ. മറ്റ് ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വന്നപ്പോള്‍ എന്നോട് കടുത്ത പകയായി.

യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ആയതോടെ എനിക്ക് പിരിച്ചുവിടല്‍ നോട്ടീസ് വന്നു. സിബിഎസ്ഇ നിര്‍ദേശാനുസരണം ഒരു തസ്തിക അധികമായി വന്നെന്നും അതിനാല്‍ ഒന്ന് നിര്‍ത്തേണ്ടിവന്നെന്നും പറഞ്ഞായിരുന്നു ആദ്യത്തെ പിരിച്ചുവിടല്‍. ഒരേ സ്‌കൂള്‍ ലൈബ്രറിയില്‍ രണ്ട് ലൈബ്രേറിയന്‍ തസ്തിക അനുവദനീയമല്ലെന്ന വാദമാണുയര്‍ത്തിയത്. മൂവായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ സിബിഎസ്ഇ നിയമപ്രകാരം എത്ര ലൈബ്രേറിയന്മാര്‍ വേണമെന്നത് പരിശോധിക്കാവുന്നതേയുള്ളൂ. എന്റെ ജൂനിയറായ ലൈബ്രേറിയനെ നിലനിര്‍ത്തിയായിരുന്നു പിരിച്ചുവിടല്‍.

ഇത്രയും വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ സിബിഎസ്ഇ റൂള്‍ പ്രകാരം ലൈബ്രേറിയന് പിജിടി സ്‌കെയില്‍ നല്‍കണമെന്നുണ്ട്. എന്നാല്‍ യൂണിയന്‍ പ്രവര്‍ത്തക ആയതിനാല്‍ എന്റെ അര്‍ഹതപ്പെട്ട പ്രൊമോഷന്‍ തടഞ്ഞു വെക്കുകയായിരുന്നു. അതിനുവേണ്ടി മാത്രം ജൂനിയര്‍ എന്നുപറഞ്ഞ് എന്നെ മാനസികമായി പീഢിപ്പിച്ച് പിരിച്ചുവിടുകയായിരുന്നു. പിരിച്ചു വിട്ടത് ചോദ്യം ചെയ്തപ്പോള്‍ എന്റെ ജൂനിയറായ രണ്ടുപേരില്‍ ഒരാളോട് ക്ലാസ് എടുത്തു കൊണ്ടിരിക്കെ നാളെ മുതല്‍ വരേണ്ടെന്ന് പറഞ്ഞു. സ്ഥിര നിയമനത്തില്‍ ഉണ്ടായിരുന്ന അദ്ദേഹത്തെ യുണിയന്‍ ഇടപെട്ടപ്പോള്‍ തിരിച്ചെടുക്കുകയാണുണ്ടായത്. യൂണിയന്‍ സമരം നടത്തുമെന്നായപ്പോള്‍ നിലവിലുള്ള എല്ലാ സര്‍വീസ് ആനുകൂല്യങ്ങളോടെയും ഓണ്‍ ഡെപ്യൂട്ടേഷനില്‍ തളാപ്പ് ചിന്മയ മിഷന്‍ കോളജില്‍ എന്നെ ലൈബ്രേറിയനായി നിയമിച്ചു.

നിലവിലുള്ള സേവനവേതന വ്യവസ്ഥ നിലനിര്‍ത്തിയെങ്കില്‍ ചിന്മയ സ്‌കൂളില്‍ എനിക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കോളേജിലും നല്‍കാന്‍ മാനേജ്‌മെന്റ് ബാധ്യസ്ഥരാണ്. എന്നാല്‍ കോളേജില്‍ എനിക്ക് മാത്രമായി പ്രത്യേക അക്വിറ്റന്‍സ് റോള്‍ വെച്ചു. അതിനെ ഞാന്‍ ചോദ്യം ചെയ്തു. പാരലല്‍ കോളേജിലെ ഹാജര്‍ പുസ്തകത്തില്‍ ഞാന്‍ കൃത്യമായി ഹാജര്‍ രേഖപ്പെടുത്താറുണ്ട്. ശമ്പളം തരുമ്പോള്‍ ഒപ്പിടാനായി പ്രത്യേക പുസ്തകം എനിക്ക് മാത്രമായി തയ്യാറാക്കിയത് നിയമപരമായി എന്നെ ചിന്മയ വിദ്യാലയ ജീവനക്കാരിയല്ല എന്ന് കാണിച്ച് നടപടിയെടുക്കാനാണെന്ന് ഇപ്പോള്‍ വ്യക്തമായി. കഴിഞ്ഞ ദിവസത്തെ പിരിച്ചുവിടല്‍ നോട്ടീസില്‍ സ്ഥലം മാറ്റ ഉത്തരവിന് വിരുദ്ധമായി, ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായിരുന്നു കോളേജിലേക്കുള്ള നിയമനം എന്നാണുള്ളത്.

ഒമ്പത് വര്‍ഷമായി എനിക്ക് വെക്കേഷന്‍ കാലത്ത് ശമ്പളം ലഭിച്ചിരുന്നതാണ്. ചിന്മയ വിദ്യാലയത്തിലുളള എല്ലാ ആനുകൂല്യവും നല്‍കി കോളേജില്‍ അയച്ചുവെന്ന് പറയുന്ന മാനേജ്‌മെന്റ് വെക്കേഷന്‍ ശമ്പളം കൂടി തടഞ്ഞു. മുമ്പും അക്വിറ്റന്‍സ് റോള്‍ ഒപ്പിട്ടില്ല എന്ന് പറഞ്ഞ് മൂന്ന് മാസം ശമ്പളം തടഞ്ഞിരുന്നു. പിന്നീട് തരികയാണുണ്ടായത്. കോളേജിലേക്ക് മാറ്റിയപ്പോള്‍ ലൈബ്രേറിയന്റെ ക്യാബിനില്‍ ഇരിക്കാന്‍ വിടാതെ പുറത്ത് സെക്യൂരിറ്റിയും മറ്റും ഇരിക്കുന്നതു പോലെ മറ്റൊരു കസേര ഇട്ടു. ലൈബ്രേറിയന്‍ ക്യാബിന്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. ഇത്തരത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനവും മാനസിക പീഡനവും ആണ് ചിന്മയ മാനേജ്‌മെന്റ് എനിക്കെതിരെ നടത്തിക്കൊണ്ടിരുന്നത്.

മാസത്തില്‍ രണ്ട് തവണ എന്ന നിലയില്‍ മെമ്മോകള്‍.. മാനസികമായി തകര്‍ക്കാന്‍ പരമാവധി ശ്രമിച്ചിട്ടും തകരുന്നില്ല എന്നു കണ്ടതിനുശേഷം പ്രതികാര നടപടികള്‍ രൂക്ഷമായി. അക്വിറ്റന്‍സ് രജിസ്റ്റര്‍ സൈന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഏകപക്ഷീയമായ എന്‍ക്വയറി കമ്മീഷന്‍. നിരവധി തവണ മണിക്കൂറുകള്‍ നീളുന്ന വിസ്താരം.. കമ്മീഷനില്‍ ഹാജരാവാന്‍ എനിക്ക് വക്കീല്‍ ഇല്ലായിരുന്നു. മാനേജ്‌മെന്റ് പ്രതിനിധികളെ വിസ്തരിക്കാനോ എന്റെ സീനിയോറിറ്റി തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാനോ പറ്റില്ലെന്ന് രേഖാമൂലം കമ്മീഷന്‍ പറഞ്ഞു. ഇത്തരത്തിലുള്ള കമ്മീഷനോട് സഹകരിക്കാനാവില്ലെന്ന് മറുപടി നല്‍കി. തുടര്‍ന്ന് വെക്കേഷന്‍ ശമ്പളം തടഞ്ഞു വെച്ച അറിയിപ്പ്.

ഈ വിഷയത്തില്‍ കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ കത്ത് കൊടുക്കാന്‍ ചിന്മയ ബാലഭവന്‍ ഓഫീസില്‍ പോയി മടങ്ങുമ്പോള്‍ ജൂണ്‍ 1 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിന്മയ മിഷന്‍ സെക്രട്ടറി കെ. കെ രാജന്‍ പിടിച്ച് തള്ളുകയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയുകയുമായിരുന്നു. അദ്ദേഹത്തിനെതിരെ കേസ് കൊടുത്തതിന് പിന്നാലെ എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞായറാഴ്ചയായിട്ടും കൊറിയര്‍ വഴി രാവിലെ 8 മണിക്ക് മാനേജ്‌മെന്റ് പിരിച്ചു വിടല്‍ നോട്ടീസ് വീട്ടില്‍ എത്തിക്കാന്‍ കാണിച്ച ആവേശത്തെ സമ്മതിക്കണം.

എന്‍ക്വയറി കമ്മീഷനുമായി സഹകരിച്ചില്ലെന്നും പതിവായി ലേറ്റായി വരുന്നുവെന്നും അറ്റന്റന്‍സ് സൈന്‍ ചെയ്യുന്നില്ലെന്നുമായിരുന്നു പത്രത്തിലുടെയുള്ള മാനേജ്‌മെന്റ് ആരോപണം. ലേറ്റായാല്‍ രജിസ്റ്ററില്‍ മാര്‍ക്ക് ചെയ്യുകയും പഞ്ചിംഗ് സംവിധാനവും ഉള്ള സ്ഥാപനമാണിത്. 9 വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ദിവസം ഞാന്‍ ലേറ്റായെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. സര്‍വീസ് നിയമപ്രകാരം സീനിയറായ എന്നെ ജുനിയര്‍ എന്ന് പറഞ്ഞ് നടപടിയെടുത്തുവെന്നത് സര്‍വീസ് ബുക്കും ശമ്പള രേഖകളും പരിശോധിച്ചാല്‍ ബോധ്യമാവും.

പ്രതികരണ ശബ്ദങ്ങള്‍ പുറത്തു വരാതിരിക്കലാണ് ചിന്മയ മാനേജ്‌മെന്റിന്റെ ഉദ്ദേശ്യം. പ്രതികരിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എത്ര കാലം നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top