24 April Wednesday

വാട്‌‌‌സപ്പിലെ ചൈന കഥകളുടെ യാഥാര്‍ത്ഥ്യം; കേശവമാമന്മാരോട് ഫർസാന അലിയ്ക്ക് പറയാനുള്ളത്

ഫര്‍സാന അലിUpdated: Monday Mar 30, 2020

ഫര്‍സാന അലി

ഫര്‍സാന അലി

കോവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും പടര്‍ന്ന് ഭീതിജനകമായതും ചൈനയിലായിരുന്നു. ഇപ്പോള്‍ ചൈന കോവിഡിനെ തോല്‍പ്പിച്ച തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് ബാധിച്ച മറ്റു പല രാജ്യങ്ങള്‍ക്ക് ചൈന സഹായവും ചെയ്തുകൊടുക്കുന്നുണ്ട്.
എന്നാല്‍ ചൈന സൃഷ്ടിച്ചെടുത്ത വൈറസാണ്‌ കൊറോണ എന്ന തരത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഒരു സന്ദേശം പരക്കുന്നുണ്ട്. ഈ പ്രചരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് 12 കൊല്ലമായി ചൈനയില്‍ താമസിക്കുന്ന  ചെറുകഥാകൃത്ത്‌ ഫർസാന അലി.

ഫര്‍സാന അലിയുടെ കുറിപ്പ് ചൂവടെ

കുറച്ചു ദിവസങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന ഫോര്‍വേഡഡ് മെസ്സേജസ് ആന്‍ഡ് വിഡിയോസിലെ ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

*ചൈന കൊറോണയില്‍നിന്നും പൂര്‍ണ്ണമായും മുക്തിനേടി.
*ഇപ്പോള്‍ മാസ്‌ക് പ്രൊഡക്ഷനില്‍ അതീവശ്രദ്ധ പതിപ്പിച്ച് ലോകത്തേക്ക് മുഴുവന്‍ കയറ്റുമതി ചെയ്ത് കോടികള്‍ സമ്പാദിക്കാനായുള്ള തിടുക്കത്തിലാണ്.
*ഐ സി യു വില്‍ ആയിരുന്ന ചൈന ഇപ്പോള്‍ ലോകത്തെ മുഴുവന്‍ വെന്റിലേറ്ററിലാക്കി.

ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കേശവമാമന്മാര്‍ പറയുംപോലെ മാസ്‌ക് വലിച്ചൂരിയിട്ട് പാര്‍ക്കിലും ബീച്ചിലുമായി ആര്‍മാദിക്കുകയല്ല ചൈനീസ് ജനത. വൈറസിനെ തുരത്തുന്നതില്‍ അവരേറെക്കുറെ വിജയിച്ചിട്ടുണ്ട് എന്നത് ശരിതന്നെയാണ്. വുഹാന്‍ ഫുള്ളി വൈറസില്‍ നിന്നും മുക്തമായെന്നും പറയാം. അതിനര്‍ത്ഥം ഒരു കമ്പ്‌ലീറ്റ് ഇറാഡിക്കേഷന്‍ ആ രാജ്യത്ത് നടന്നുവെന്നല്ല. പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കിതപ്പിലാണ് ആ രാജ്യവും. ഇപ്പോഴും അത്യാവശ്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക് പുറത്തേക്ക് പോവുന്നുള്ളു, അതും മാസ്‌ക് ധരിച്ചുമാത്രം. ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ ഓപ്പണ്‍ ചെയ്തുവെങ്കിലും രാജ്യമൊട്ടാകെ അതും നടന്നിട്ടില്ല. ചില ഫാക്ടറികളും ഓഫിസുകളും തുറന്നുവെങ്കിലും പ്രവര്‍ത്തനം ഇനിയും ആരംഭിക്കാത്തവ നിരവധിയാണ്.

വിദേശികളെ-അവിടെ ജോലി ചെയ്തുപോന്നവരെയും അല്ലാത്തവരെയും-വീണ്ടും സ്വാഗതം ചെയ്തുവരികയായിരുന്നു ചൈന.(കര്‍ശനമായ 14 ദിവസത്തെ ഐസൊലേഷന്‍ നിര്‍ദ്ദേശിച്ചുകൊണ്ട്.) പക്ഷെ, കഴിഞ്ഞ രണ്ടാഴ്ചയില്‍ കൊറോണബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട് ചൈനയില്‍. അതില്‍ മിക്കതും വിദേശികളുടെ വരവ് കൊണ്ടുമാത്രം.

ഇപ്പോള്‍ മൂവായിരത്തോളം പോസിറ്റീവ് കേസുകള്‍ ഉണ്ട്. അതില്‍ എഴുനൂറ്റിമുപ്പതോളം കേസുകള്‍ വിദേശികള്‍ വഴി ചൈനക്കാരിലെത്തിയതാണ്. പല രാജ്യങ്ങളിലേക്ക് പറന്ന നൂറ്റി മുപ്പതോളം  വിമാനങ്ങളെ ഇന്നലെ ചൈനീസ് ഗവണ്‍മെന്റ് തിരിച്ചു വിളിച്ചു. അതായത് മറ്റേതൊരു രാജ്യത്തെപ്പോലെയും ആ ജനത ദുരിതത്തിലൂടെ തന്നെയാണ് നാളുകള്‍ കഴിക്കുന്നത്. അതിനിടയിലും ഫാക്ടറികളും ഓഫിസുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ അത്രയേറെ ജാഗ്രത പുലര്‍ത്തിയും ആയിരിക്കും. ഏതെങ്കിലും ഒരു രാജ്യമെങ്കിലും ഈ മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍പോലും സന്മനസ്സില്ലാത്ത ചിലരുടെ പടപ്പുകള്‍ വാട്ട്‌സ്ആപ്പ് വഴി വല്ലാതെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പലനാളുകള്‍ക്ക് ശേഷം നമ്മുടെ ജീവന്‍ ബാക്കിയുണ്ടെങ്കില്‍, അന്ന് നമുക്ക് കൂലങ്കുഷമായി ചിന്തിച്ക്കാം ചൈനയാണോ ഈ ദുരന്തത്തിന് പിന്നിലെന്ന്. ഇപ്പോ എല്ലാവര്‍ക്കും ഹാപ്പി ക്വാറന്റൈന്‍ ഡേയ്‌സ്!

ഫര്‍സാന അലി
(12 കൊല്ലമായി ചൈനയില്‍ ജീവിക്കുന്ന ഒരുവള്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top