19 April Friday

കീമോതെറാപ്പിക്കു പകരം മഞ്ഞള്‍! ക്യാന്‍സര്‍ തടയാന്‍ മഞ്ഞള്‍ ഉപയോഗിക്കാമോ- സത്യമെന്ത്

ഡോ.ദീപു സദാശിവന്‍Updated: Monday Jan 27, 2020

വാര്‍ത്തകള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച് പിടിപ്പിക്കുമ്പോള്‍ പലപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വത്യസ്തമായ ചിത്രമായിരിക്കും പൊതു സമൂഹത്തിനു കിട്ടുക. ശാസ്ത്ര സംബന്ധമായ വാര്‍ത്തകളെ പോലും സെന്‍സേഷന്‍ ലക്ഷ്യമാക്കി അങ്ങനെ അവതരിപ്പിക്കുന്നത് തികച്ചും അനുചിതമാണ്. അത്തരം ഒരു വാര്‍ത്തയ്ക്കു ഉദാഹരണമാണ് അല്‍പ്പം നാള്‍ മുന്‍പ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത 'മഞ്ഞള്‍' വാര്‍ത്ത.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത drug delivery ചെയ്യാനുള്ള ഒരു സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വാര്‍ത്തയാണ് തികച്ചും തെറ്റിദ്ധാരണാ ജനകമായ തലക്കെട്ടും, സത്യത്തോടൊപ്പം അവയെ മറയ്ക്കും വിധം അവാസ്തവങ്ങളും ചേര്‍ത്തു മാധ്യമങ്ങള്‍ വിളമ്പിയത്. 'ക്യാന്‍സറിന് ഇനി കീമോ വേണ്ട', 'കീമോത്തെറാപ്പി ക്കു പകരം മഞ്ഞള്‍ ' എന്നിങ്ങനെ ഉള്ള തെറ്റായ തലക്കെട്ടുകളും, 'കീമോ തെറാപ്പി പോലെ ഇതിനു പാര്‍ശ്വഫലം ഇല്ല' എന്നുള്ള അവാസ്തവ മോഹന വാഗ്ദാനങ്ങളും നിറഞ്ഞതായിരുന്നു മിക്ക വാര്‍ത്താ അവതരണങ്ങളും.

എന്താണ് വസ്തുതകള്‍?

A) ക്യാന്‍സറിന് ഇനി കീമോ തെറാപ്പി വേണ്ട എന്നാണോ ?

ഇങ്ങനെ ഒരു പ്രസ്താവന ശ്രീചിത്രയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വാര്‍ത്ത അവതരിപ്പിച്ചവര്‍ സത്യങ്ങളെ വളച്ചൊടിച്ചും, പൊലിപ്പിച്ചും ആ രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് വാസ്തവം.

ക്യാന്‍സറുകള്‍ എന്നാല്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന പൊതു സ്വഭാവം ഉള്ള അനേകം രോഗങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ്. അനേകതരം ക്യാന്‍സറുകള്‍ ഉണ്ട്. അവയൊക്കെ വിഭിന്നമായ രീതിയില്‍ ശരീര വ്യവസ്ഥകളെ ബാധിക്കുന്നവ ആയതിനാല്‍ ഓരോ ക്യാന്‍സറിനും വ്യത്യസ്തങ്ങളായ ചികിത്സാരീതികളും മരുന്നുകളുമാണ് പ്രയോഗിക്കുന്നത്. ക്യാന്‍സര്‍ ചികിത്സയിലെ വിവിധ ചികിത്സാരീതികളില്‍ ഒന്ന് മാത്രമാണ് കീമോതെറാപ്പി, എല്ലാ ക്യാന്‍സര്‍ രോഗാവസ്ഥകള്‍ക്കും കീമോ തെറാപ്പി വേണ്ട താനും.

B) 'കീമോത്തെറാപ്പിക്കു പകരം മഞ്ഞള്‍' എന്ന് വാര്‍ത്തയില്‍ കണ്ടത് ശരിയോ?

തികച്ചും തെറ്റിദ്ധാരണാജനകമാണിത്. മഞ്ഞളില്‍ നിന്നുള്ള കുര്‍കുമിന്‍ എന്ന രാസപദാര്‍ത്ഥത്തിനെ ഒരു മരുന്നായി ഇതുവരെയും വികസിപ്പിച്ചു എടുത്തിട്ടില്ല. ഇനി അഥവാ ഭാവിയില്‍ അത് സംഭവിച്ചാല്‍ പോലും അത് കീമോതെറാപ്പിയെ പൂര്‍ണ്ണമായും നിഷ്‌കാസിതമാക്കും എന്നാര്‍ക്കും പ്രവചിക്കാനാവില്ല. അനേകം മരുന്നുകളില്‍ ഒന്നായി അത് മാറിയേക്കും എന്ന് മാത്രം അനുമാനിക്കാം.

C) മഞ്ഞള്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ടോ?

നിലവില്‍ എവിടെയും ഉപയോഗിക്കുന്നില്ല, അത്തരം ഒരു മരുന്ന് ഇതുവരെ വികസിപ്പിച്ചു എടുത്തിട്ടില്ല.

എന്നാല്‍ മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന രാസഘടകത്തിനു പലവിധ ഔഷധ പ്രഭാവങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. 1850 ല്‍ വിദേശത്താണ് മഞ്ഞളില്‍ നിന്നും കുര്‍കുമിന്‍ എന്ന രാസഘടകം കണ്ടെത്തിയത്. അക്കാലം തൊട്ടേ അനേകായിരം ശാസ്ത്രീയ പഠനങ്ങള്‍ ഇതിന്റെ ഔഷധ പ്രഭാവങ്ങളെ പറ്റി നടന്നിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രഭാവങ്ങള്‍ 'ലാബില്‍' കണ്ടെത്തിയിട്ടുണ്ട്.

D) അങ്ങനെ എങ്കില്‍ എന്തുകൊണ്ട് ഇന്നുവരെ കുര്‍കുമിന്‍ ഒരു മരുന്നായി വികസിപ്പിക്കാനുള്ള പഠനങ്ങള്‍ ഫലപ്രദമായില്ല?

അങ്ങനെ ഒരു മരുന്ന് ഉണ്ടാക്കാന്‍ പറ്റാതിരുന്നതിനു പ്രധാന കാരണം കുര്‍ക്കുമിന്റെ ചില പ്രത്യേകതകള്‍ ആണ്.

മരുന്നുകള്‍ നമ്മള്‍ ശരീരത്തിലേക്ക് എത്തിക്കുന്ന മാര്‍ഗ്ഗങ്ങളെ സാങ്കേതികമായി ഡ്രഗ് ഡെലിവറി സിസ്റ്റം എന്ന് പറയാറുണ്ട്. ലളിതമായി ചില ഉദാഹരണങ്ങള്‍ പറഞ്ഞാല്‍, ചില മരുന്നുകള്‍ നമ്മള്‍ വായിലൂടെ ആമാശയത്തില്‍ എത്തുന്ന പ്രിപ്പറേഷന്‍സ് ആയി നല്‍കുന്നു ഉദാ: ടാബ്ലറ്റ്, സിറപ്പ് etc

ചിലവ കോശങ്ങളിലും രക്തത്തിലും നേരിട്ടെത്തും വിധം ഇഞ്ചക്ഷനുകള്‍ ആയി നല്‍കുന്നു. അവയില്‍ ചിലത് സിരകളില്‍ കുത്തി വെക്കുമ്പോള്‍ ചിലത് പേശികളില്‍ കുത്തി വെക്കുന്നു. കൂടാതെ ഇന്‍ഹേലറുകള്‍ വഴി ശ്വാസകോശത്തിലേക്കു നേരിട്ട് എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

പല മാര്‍ഗങ്ങളിലൂടെ നാം നല്‍കുന്ന മരുന്നുകള്‍ ഡോസിനു ആനുപാതികമായി രോഗം ഉള്ള കോശങ്ങളില്‍ എത്തിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന രോഗശമന പ്രക്രിയ നടക്കൂ.

നാം പ്രയോഗിക്കുന്ന ഒരു ഔഷധ പദാര്‍ത്ഥം രക്തത്തില്‍ ആഗിരണം ചെയ്യപ്പെട്ടു, എത്രത്തോളം അളവില്‍ ഔഷധ പ്രഭാവം ഉണ്ടാക്കാന്‍ പ്രാപ്തമായ രീതിയില്‍ ലഭ്യമാകുന്നു എന്നതിന്റെ അളവിനെയാണ് -'ബയോ അവെയിലബിലിറ്റി' എന്ന് സാങ്കേതികമായി പറയുന്നത്.

കുര്‍ക്കുമിന്റെ ഒരു പ്രധാന പ്രശ്‌നം (ഇതൊരു മരുന്നായി പരീക്ഷിക്കാന്‍ പോലും തടസ്സം നേരിടുന്നതിന് കാരണം) പല രൂപത്തില്‍ ഇതിനെ നമ്മള്‍ മരുന്നായി പ്രയോഗിക്കുമ്പോഴും ഇതിന്റെ ബയോ അവയിലബിലിറ്റി വളരെ കുറവാണെന്നതാണ്. അതായത് നമ്മള്‍ ഒരു ടാബ്ലറ്റ് ആയി കൊടുത്താല്‍ ആമാശയത്തില്‍ നിന്ന് ആഗിരണം ചെയ്തു രക്തത്തില്‍ എത്തുന്നത് വളരെ നേരിയ ഒരു അളവില്‍ മാത്രമായിരിക്കും, രക്തത്തിലേക്ക് നേരിട്ട് കുത്തി വെക്കാനുള്ള പ്രിപ്പറേഷന്‍സ് ഉണ്ടാക്കുന്നതിനും കുറെ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്, പ്രധാന കാരണം ഇത് വെള്ളത്തിലലിയില്ലാ എന്നത് തന്നെ.

അതിനാല്‍ തന്നെ കുര്‍കുമിന്‍ മരുന്നാക്കുന്നതില്‍ ശാസ്ത്ര ലോകത്തില്‍ തന്നെ രണ്ടു അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഉദ്ദേശിച്ച അളവില്‍ ശരീരത്തില്‍ പ്രയോഗിക്കാന്‍ ഉള്ള പ്രയാസങ്ങള്‍ കണക്കിലെടുത്തു മരുന്ന് വികസിപ്പിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായിരുന്നില്ല.

E) ശ്രീചിത്രയുടെ ശാസ്ത്രീയ കണ്ടു പിടുത്തം എന്താണ്?

ശ്രീചിത്ര കണ്ടെത്തിയത് പുതിയ ഒരു ഡ്രഗ് ഡെലിവറി സിസ്റ്റം ആണ്. മരുന്ന് അടങ്ങിയ ഒരു വേഫര്‍ പാളി നേരിട്ട് ശസ്ത്രക്രിയ നടന്ന അവയവ ഭാഗത്തു ഒട്ടിച്ചു വെച്ചാല്‍, മരുന്ന് അവിടെ നേരിട്ട് ആഗിരണം ചെയ്യുന്നു. അതിലൂടെ ഈ ബയോ അവെയിലബിലിറ്റി പ്രശ്‌നം പരിഹരിക്കാം. അതിലൂടെ കുര്‍കുമിന്‍ പോലുള്ളവയെ മരുന്നായി ശരീരത്തില്‍ പ്രയോഗിക്കാനും അവ ഫലപ്രദമാണോ എന്നുള്ള പരീക്ഷണങ്ങള്‍ നടത്താനും ഒരുപക്ഷെ ഭാവിയില്‍ ഒരു മരുന്ന് കണ്ടെത്താനും സാധ്യമായേക്കും എന്ന് മാത്രം.

F) ഈ സാങ്കേതിക വിദ്യയ്ക്ക് യു എസ് പേറ്റന്റ് ലഭിച്ചുവല്ലോ. അപ്പൊ അതിനു കിട്ടിയ അംഗീകാരം അല്ലെ?

തീര്‍ച്ചയായും അതൊരു വളരെ നല്ല കാര്യമാണ്, എന്നാല്‍ ഈ പേറ്റന്റ് എന്നതിനെ പറ്റി പലരും വലിയൊരു തെറ്റിധാരണ വെച്ചു പുലര്‍ത്തുന്നു. പേറ്റന്റ് എന്നത് ഒരു ആശയത്തിന്റെ വാണിജ്യ കുത്തകാവകാശം മുന്‍കൂറായി സംരക്ഷിക്കല്‍ മാത്രമാണ്. ഈ ആശയത്തിന്റെ പ്രായോഗികതയോ ഫലപ്രാപ്തിയോ പരിശോധിച്ച് അംഗീകരിക്കുക അല്ല പേറ്റന്റ് കൊടുക്കുന്നതിലൂടെ ചെയ്യുക. പേറ്റന്റ് ലഭിച്ചു എന്നുപറയുന്നത് ശാസ്ത്രീയമായ ചികിത്സാ രീതിയുടെ മാനദണ്ഡമല്ല. വിചിത്രമായ പല കാര്യങ്ങള്‍ക്കും ആള്‍ക്കാര്‍ക്ക് പേറ്റന്റ് കിട്ടാറുണ്ട്.

G) ശ്രീചിത്ര ക്യാന്‍സറിനു എതിരെ ഉള്ള മരുന്ന് കണ്ടു പിടിച്ചോ?

ഇല്ല. അങ്ങനെ ഒരു അവകാശവാദവും അവര്‍ ഉന്നയിച്ചിട്ടില്ല, അത് വ്യക്തമായി പറയുകയും ചെയ്തിരുന്നു. മാത്രമല്ലാ, ശ്രീചിത്ര മരുന്ന് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനമേ അല്ല. അതിനുള്ള ടെക്‌നോളജി വികസിപ്പിക്കുക മാത്രമാണ് അവിടെ ചെയ്യുന്നത്.

H) കുര്‍ക്കുമിനില്‍ നിന്ന് മരുന്ന് കണ്ടെത്താനായാല്‍ അത് പൗരാണിക/പാരമ്പര്യ അറിവുകള്‍ക്ക് കിട്ടുന്ന അംഗീകാരം അല്ലെ?

'മഞ്ഞളില്‍ ഔഷധ ഗുണമുണ്ടെന്ന പൗരാണിക അറിവിനെ ഇതുവരെ അംഗീകരിക്കാതിരുന്ന ശാസ്ത്രം ഇപ്പോ അംഗീകരിച്ചല്ലോ?' എന്ന് ചോദിക്കുന്നവരോട്, ശാസ്ത്രത്തിന് അങ്ങനെ മുന്‍വിധികളോ, 'അറിവുകളോട്' വിമുഖതയോ ഇല്ല സുഹൃത്തുക്കളേ. എന്നാല്‍ വ്യക്തി അനുഭവങ്ങളെ ആസ്പദമാക്കിയല്ല ശാസ്ത്രം പ്രവര്‍ത്തിക്കുക, ശാസ്ത്രീയമായ നിരീക്ഷണ പരീക്ഷണ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്.

1850 കളില്‍ കണ്ടെത്തിയ കുര്‍ക്കുമിനെപ്പറ്റി നാളിതുവരെ വിപുലമായ പഠനങ്ങള്‍ നടത്തുകയും ഔഷധ പ്രഭാവങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ മരുന്നായി വികസിപ്പിക്കാനുള്ള തടസ്സമുണ്ടായിരുന്നത് മുകളില്‍ പറഞ്ഞിട്ടുണ്ട്.

പൊതുവില്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ആധുനിക വൈദ്യശാസ്ത്രം പ്രയോഗിക്കുന്ന മരുന്നുകള്‍ മുഴുവന്‍ കൃത്രിമമായി പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ചെടുക്കുന്ന രാസവസ്തുക്കള്‍ മാത്രം ആണെന്നാണ്. എന്നാല്‍ പ്രയോഗത്തില്‍ ഉള്ള പല പ്രമുഖ മരുന്നുകളും പ്രകൃതിജന്യമായ സൂക്ഷ്മജീവികളില്‍ നിന്നും സസ്യജന്തുജാലങ്ങളില്‍ നിന്നും ഒക്കെ വേര്‍തിരിച്ചെടുത്തിട്ടുള്ളവയാണ്.

Newman and Cragg 2016 (A Review Article titled Natural Products as Sources of New Drugs from 1981 to 2014) നെ ഉദ്ധരിച്ചു പറഞ്ഞാല്‍ അവസാന 30 വര്‍ഷമെടുത്താല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ approved drugs ല്‍ 50% ത്തോളം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളില്‍/ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു എടുത്തവ ആണത്രേ! കാന്‍സര്‍ ചികിത്സയില്‍ 1940 തൊട്ടു ഇത് വരെ കണ്ടെത്തിയ 175 മരുന്നുകളില്‍ 85 എങ്കിലും ഇതേ പോലെ പ്രകൃതിജന്യമായ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചവയാണ്.

പെനിസിലിന്‍ എന്ന ആദ്യ ആന്റിബയോട്ടിക്കിന്റെ കണ്ടെത്തല്‍ തന്നെ ഒരു ഫംഗസില്‍ നിന്നാണ്. ആന്റിബയോട്ടിക്കുകളായ ക്ലോറംഫെനിക്കോള്‍, ടെട്രാസൈക്ലിന്‍, പോളിമിക്സിന്‍ എന്നിവയൊക്കെ ബാക്ടീരിയയില്‍ നിന്നാണ് വേര്‍തിരിച്ചു എടുത്തത്. മലേരിയയ്‌ക്കെതിരെ ഇന്നേറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ആര്‍ട്ടിമിസിനിന്‍ എന്ന മരുന്ന്, ചൈനയിലെ പാരമ്പര്യ വൈദ്യരുടെ മരുന്നു സങ്കേതത്തിലെ qinghaosu എന്ന ഹെര്‍ബല്‍ ചട്ടവട്ടങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണ്. ആ കണ്ടെത്തലിന് Tu Youyou എന്ന ചൈനീസ് ശാസ്ത്രജ്ഞയ്ക്ക് 2015-ല്‍ നൊബേല്‍ സമ്മാനവും ലഭിച്ചു.

അനേകം സസ്യങ്ങളില്‍ നിന്നും ആധുനിക വൈദ്യശാസ്ത്രം മരുന്നുകള്‍ കണ്ടെത്തി എടുത്തിട്ടുണ്ട് ഉദാ: ഡിജിറ്റാലിസ് ചെടിയില്‍ നിന്നും ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഡിജോക്‌സിന്‍, നമ്മുടെ വീടുകളില്‍ ഒക്കെ ഉള്ള Catharanthus roseus (ശവം നാറി) എന്ന ചെടിയില്‍ നിന്നും അര്‍ബുദത്തിനു ഉപയോഗിക്കുന്ന വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ലാസ്റ്റിന്‍ എന്നീ മരുന്നുകള്‍, ഒക്കെ അവയില്‍ ചിലത് മാത്രം. അതുപോലെ നമുക്ക് വളരെ സുപരിചിതമായ സര്‍പ്പഗന്ധിയില്‍ നിന്നുമാണ് അമിത രക്തസമ്മര്‍ദ്ദത്തിനു ഉപയോഗിച്ചിരുന്ന റിസര്‍പ്പിന്‍ എന്ന മരുന്നും വേര്‍തിരിച്ചെടുത്തത്. പക്ഷെ, കടുത്ത വിഷാദത്തിന് കാരണമാകുന്നതിനാല്‍ ഇപ്പോളത് ഉപയോഗിക്കാറില്ല, മോഡേണ്‍ മെഡിസിനില്‍.

അനേകായിരം സസ്യങ്ങളില്‍ ഔഷധ പ്രഭാവം ഉള്ള ധാരാളം വസ്തുക്കളുണ്ടാവും. പക്ഷെ അവയൊക്കെ വെറുതെ ഇലയും കായും ഇടിച്ചു പിഴിഞ്ഞ് സത്ത് എടുത്ത് കുടിക്കുന്ന രീതി അപകടകരമാണ്. ഔഷധ പ്രഭാവം ഉള്ള രാസപദാര്‍ത്ഥം എന്താണെന്ന് കണ്ടെത്തി, മറ്റുള്ള പദാര്‍ത്ഥങ്ങളില്‍ നിന്നും വേര്‍തിരിച്ചു, ശുദ്ധീകരിച്ചു, അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി, മരുന്ന് പരീക്ഷണത്തിനായി ഉപയോഗിക്കുകയാണ് വേണ്ടത്. മരുന്ന് പരീക്ഷണങ്ങള്‍ ധാര്‍മ്മിക, നിയമപരമായ നിബന്ധനകള്‍ക്ക് വിധേയമായി വേണം നടത്താന്‍. ആദ്യം മൃഗങ്ങളില്‍ പരീക്ഷിച്ചു ഗുണങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ പാര്‍ശ്വഫലങ്ങള്‍, റിസ്‌കുകള്‍ പോലുള്ളവ കുറവാണെന്നും സ്ഥിരീകരിച്ചാല്‍ മാത്രമേ പരീക്ഷണങ്ങള്‍ മുന്നോട്ടു പോവൂ. അതിനു ശേഷം മനുഷ്യരില്‍ ചെറിയ ഡോസില്‍ പരീക്ഷിച്ചു ഘട്ടം ഘട്ടമായിട്ടാണ് ഔഷധത്തിന്റെ പ്രയോഗസാധ്യത ഉറപ്പു വരുത്തുന്നത്.

ഇനി ഗുണം ഉണ്ടായാല്‍ പോലും സഹിക്കാനാവാത്ത പാര്‍ശ്വഫലങ്ങള്‍, ശാരീരിക അവസ്ഥകള്‍ അനുസരിച്ചുള്ള മറ്റു പ്രഭാവങ്ങള്‍, മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തുമ്പോള്‍ കൂടുതല്‍ റിസ്‌കുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ പോലും പല മരുന്നുകളും പല ഘട്ടത്തില്‍ ഉപേക്ഷിക്കും.

I) പ്രകൃതിചികിത്സയുടെയും മറ്റും പേരു പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ചില വ്യാജന്മാര്‍ മഞ്ഞള്‍പ്പൊടി പാലിലിട്ട് കുടിച്ചാല്‍ ക്യാന്‍സര്‍ മാറുമെന്ന രീതിയില്‍ ഇതേത്തുടര്‍ന്ന് വാദം ഉന്നയിക്കുന്നുണ്ട്! എന്താണ് വസ്തുത ?

മഞ്ഞള്‍ കഴിച്ചാലോ ക്യാന്‍സറിന് ചുറ്റും മഞ്ഞള്‍ കെട്ടി വെച്ചാലോ ഒന്നും ക്യാന്‍സര്‍ മാറില്ല.

1) മഞ്ഞള്‍ എന്നല്ല കുര്‍ക്കുമിന്‍ മാത്രമായി വേര്‍തിരിച്ച് കഴിച്ചാലും അത് കുടലില്‍ നിന്ന് ആഗിരണം ചെയ്യപ്പെട്ട് രക്തത്തിലെത്തുന്നത് തുലോം കുറവാണെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളത്. ആയതിനാല്‍ മഞ്ഞള്‍ കലക്കി കുടിച്ചാല്‍ ക്യാന്‍സര്‍ തടയാനോ ഭേദമാവാനോ യാതൊരു സാധ്യതയുമില്ല.

കാന്‍സര്‍ ചികില്‍സയ്ക്കു ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ വിന്‍ക്രിസ്ടിന്‍ ശവംനാറി ചെടിയില്‍ നിന്നുള്ള വിന്‍കാ ആല്‍ക്കലോയിഡ് പദാര്‍ഥത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ ഇല കടിച്ചു തിന്നാന്‍ ആരും ശ്രമിച്ചതായി അറിയില്ല.

ഇങ്ങനെ ഒക്കെ പ്രത്യേകം നല്‍കുന്നതിന് പിന്നിലും ചില ശാസ്ത്രീയ വശങ്ങള്‍ ഉണ്ട്. ഉദാ: വായിലൂടെ കഴിക്കേണ്ട ഗുളിക കലക്കി ഇന്‍ജെക്ഷന്‍ നല്‍കുകയോ, ഇന്‍ജെക്ഷന്‍ മരുന്ന് പൊട്ടിച്ചു കുടിക്കുകയോ ചെയ്യുന്നത് ആശാസ്യമാവില്ല.

2) ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം മഞ്ഞള്‍ എന്നല്ല ഏത് വസ്തുവും ഏതെങ്കിലും ഒക്കെ അളവില്‍ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ. മാത്രമല്ല അപകടകരമാവാനുമുള്ള സാധ്യതകളുണ്ട്.

കാരണം,

a) പാര്‍ശ്വഫലങ്ങളുണ്ടായേക്കാം
പ്രകൃതിജന്യമായ വസ്തുക്കള്‍ക്ക് മനുഷ്യ ശരീരത്തില്‍ പ്രയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളത് ശരിയല്ല. മനുഷ്യ ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമായ വസ്തുക്കളെല്ലാം തന്നെ ഗുണഫലങ്ങള്‍ പോലെ തന്നെ നമുക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളുമുണ്ടാക്കാനും സാധ്യതയുള്ളവയാണ്, എന്തിന് പച്ചവെള്ളം പോലും. പ്രത്യേകിച്ചും അളവ് കൂടിയാല്‍.

ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല 'മരുന്നുകള്‍ക്കും' പാര്‍ശ്വഫലം ഇല്ലയെന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്. പാര്‍ശ്വഫലം കണ്ടെത്തിയിട്ടില്ല, ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം. മരുന്നിന്റെ പ്രവര്‍ത്തനം ഓരോ രോഗിയുടെയും പ്രായം, ജനിതക പരമായ സവിശേഷതകള്‍, ശരീരഘടന, മറ്റു രോഗാവസ്ഥകള്‍, കൂടെ ഉള്ളില്‍ ചെല്ലുന്ന മറ്റു വസ്തുക്കള്‍ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണെന്നിതിനാല്‍ ഓരോ ഔഷധ വസ്തുവിനും ഒരു ന്യൂനപക്ഷത്തില്‍ എങ്കിലും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാന്‍ കഴിവുണ്ട്.

അതുകൊണ്ടു തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുന്‍പ് ഓരോ രോഗത്തിനും രോഗിക്ക് നല്‍കേണ്ട ഡോസ്, ആ വസ്തുവിന്റെ ഡോസ് അനുശ്രുതമായി ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, പാര്‍ശ്വഫലങ്ങള്‍, മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ശാസ്ത്രീയ പഠന വിധേയം ആക്കേണ്ടതുണ്ട്.

ഓര്‍ത്തു നോക്കൂ, മനുഷ്യ ശരീരത്തിന് ഹാനീകരവും മരണകാരകവും ആകാവുന്ന എത്രയോ സസ്യങ്ങള്‍ ഉണ്ട്! പുകയിലയും, കഞ്ചാവും, ഒതളങ്ങയും, ഉമ്മവും, മഞ്ഞ അരളിയും ഒക്കെ 'നാച്ച്വറല്‍' തന്നെയാണ്. ആവണക്കെണ്ണ കുടിക്കുമെങ്കിലും, അതിന്റെ കുരു കടുത്ത വിഷമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കും എന്ന ധാരണയില്‍ ഇലുമ്പന്‍ പുളി സ്ഥിരമായി ജ്യൂസാക്കി കുടിച്ച് വൃക്ക തകരാറിലായ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അടുത്തിടെ ഉണ്ടായതാണ്.

b) ഔഷധ ഘടകത്തോടൊപ്പം നമ്മള്‍ ആഗ്രഹിക്കാത്ത പ്രഭാവം ഉള്ള മറ്റു ഘടകങ്ങളും ഒരു ചെടിയിലോ കായിലോ കിഴങ്ങിലോ കണ്ടേക്കാം.
പല സസ്യങ്ങളിലും അനേകം പ്ലാന്റ് ആല്‍ക്കലോയിഡുകള്‍ കാണാം. നമ്മള്‍ക്ക് ആവശ്യമുള്ള ഗുണമുള്ള ഒന്ന് കൂടാതെ പ്രശ്‌നമുണ്ടാക്കുന്ന പല രാസഘടകങ്ങളും കണ്ടേക്കാം എന്ന് ചുരുക്കം. വെറുതേ എടുത്ത് അകത്താക്കിയാല്‍ ചിലപ്പോ വെളുക്കാന്‍ തേച്ചത് പാണ്ടായേക്കും.

അത് പോലെ മരുന്നിന്റെ അളവുമായി ബന്ധപ്പെട്ടു പലതരം പ്രഭാവമായിരിക്കാം ഓരോന്നിനും. ഉദാ: മുന്‍പ് പറഞ്ഞ സസ്യത്തില്‍ നിന്ന് തന്നെ വേര്‍തിരിക്കുന്ന ഡിജിറ്റാലിസ് മരുന്ന് പല ഡോസില്‍ പല പ്രഭാവങ്ങളാണുണ്ടാക്കുക. അല്പം ഡോസ് കൂടിയാല്‍ മരണം വരെ സംഭവിക്കാം!

ഡോസ് ഒക്കെ കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ലാത്തതിനാല്‍ ഇത്തരം ഒരു കലക്കി കുടിക്കലും ശാസ്ത്രീയമായി കണക്കാക്കാന്‍ കഴിയില്ല.

J) ഗുണം ഉണ്ട് എങ്കിലും ഉപയോഗിക്കാന്‍ പാടില്ല എന്നാണോ പറഞ്ഞു വരുന്നത്?

എന്തെങ്കിലും ഗുണഫലം ഉള്ളത് കൊണ്ട് മാത്രം ഒരു ഔഷധ വസ്തു രോഗിയില്‍ പ്രയോഗിക്കുന്നത് ശാസ്ത്രീയ രീതി അല്ല. നിശ്ചിത സുരക്ഷ ഉണ്ടെന്നു കണ്ടെത്തി ഫലപ്രദമായി ഉപയോഗിച്ച് പോന്ന മരുന്നുകളും പിന്നീട് നിരോധിക്കപ്പെട്ടിട്ടുള്ളത് അവയ്ക്ക് ഗുണം ഇല്ലാത്തത് കൊണ്ടല്ല. ആധുനിക വൈദ്യശാസ്ത്രം നിരന്തരം മരുന്നുകളെ പഠിക്കുന്നതിന്റെ ഭാഗമായി അപൂര്‍വമായ പുതിയ ദോഷങ്ങള്‍ പോലും കണ്ടു പിടിക്കപ്പെടുന്നു. ഭൂരിഭാഗം രോഗികള്‍ക്കും ഗുണം ഉണ്ടാക്കുന്ന മരുന്നുകള്‍ പോലും പിന്നീട് ഇക്കാരണത്താല്‍ ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്.

അതുകൊണ്ട് ചില രോഗങ്ങള്‍ക്ക് എതിരെ ഉപയോഗിക്കാന്‍ കൊള്ളാമെന്നതിനാലും, നാച്വറല്‍ ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടും മാത്രം മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും, തികച്ചും സുരക്ഷിതമാണെന്നും കരുതുന്നത് മൗഢൃം ആണ്.

ചുരുക്കി പറഞ്ഞാല്‍, ശ്രീചിത്ര കണ്ടെത്തിയ സങ്കേതിക വിദ്യ മരുന്നു ഗവേഷണങ്ങളില്‍ ഒരു മുതല്‍ക്കൂട്ടായേക്കും, എന്നാല്‍ കാന്‍സര്‍ ചികിത്സയില്‍ ഫലപ്രദമായ ഒരു മരുന്നായി മഞ്ഞളോ കുര്‍ക്കുമിനോ വികസിപ്പിച്ചെടുത്തില്ല. ക്യാന്‍സര്‍ പ്രതിരോധത്തിനും, രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കും വ്യവസ്ഥാപിത ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിക്കുക.

കടപ്പാട്: ഇന്‍ഫോ ക്ലിനിക്ക്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top