29 September Friday

'കേരളത്തിലിരുന്ന് മതേതരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസ്-ലീഗുകാര്‍ ഇപ്പോഴെങ്കിലും മഹാരാഷ്‌ട്രയിലേക്ക് നോക്കണം'

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

പൗരത്വ നിയമത്തിനെതിരെ ഇടതുപക്ഷ സംഘടനകള്‍ രാജ്യമാകെ ഓരോ മുക്കിലും മൂലയിലും ദിവസേന പ്രക്ഷോഭപരിപാടികല്‍ സംഘടിപ്പിച്ച് വരികയാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തനാണ് ബിജെപി ഭരണസംസ്ഥാനങ്ങളില്‍ പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തിലുള്ള മഹാരാഷ്ട്രയിലും ഇതേനയമാണ് നടപ്പാക്കപ്പെടുന്നത്. എന്‍പിആര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍, മാര്‍ച്ച് നടത്താന്‍ അനുവദിക്കാതെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് വര്‍ഷം മുന്‍പ് നടന്ന, ചരിത്രം സൃഷ്ടിച്ച കിസാന്‍ ലോംങ് മാര്‍ച്ചിന്റെ മുഖ്യസംഘാടകനും കിസാന്‍സഭയുടെ അഖിലേന്ത്യാ പ്രസിഡന്റുമായ അശോക് ധാവ്‌ളെയും അറസ്റ്റ് ചെയ്തു. 'മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കരുത്, വെറുപ്പും വിഭജനവുമല്ല, വിദ്യാഭ്യാസവും തൊഴിലും തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.

ഇടതുപക്ഷം എവിടെയെന്ന് കേരളത്തിലിരുന്ന് പ്രസംഗിക്കുന്ന കോണ്‍ഗ്രസുകാരും ലീഗുകാരും മഹാരാഷ്ട്രയിലേക്ക് ഇനിയെങ്കിലും നോക്കണമെന്ന് പറയുകയാണ് സച്ചു ഐഷ എന്ന വ്യക്തി ഫെയ്‌‌സ്‌ബുക്ക് കുറിപ്പിലൂടെ. കേരളത്തിലെ കോണ്ഗ്രസ്സിന്റെ മതേതര നിലപാടുകള്‍ ഇടതുപക്ഷത്തിന്റെ ചെലവിലാണ് എന്ന് കോണ്ഗ്രസ് ലീഗ് സഹയാത്രികര്‍ ഇനിയെങ്കിലും മനസിലാക്കണം. 100 കിലോമീറ്റര്‍ നടന്ന് യുവാക്കള്‍ ചൈത്യഭൂമിയില്‍ എത്തുമ്പോള്‍ കിസാന്‍ ലോങ് മാര്‍ച്ച് പോലെ ഇതും ചരിത്രം സൃഷ്ടിക്കുമെന്ന് സര്‍ക്കാരിന് അറിയാം. അനുകൂലിച്ചാലും അടിച്ചമര്‍ത്തിയാലും ഇടതുപക്ഷം പോരാടിക്കൊണ്ടേയിരിക്കും- സച്ചു ഫെയ്‌‌സ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം

കേരളത്തിന് പുറത്ത് ഇന്ത്യയില്‍ ഒരു ഇതര സംസ്ഥാനത്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളെ ആയുള്ളൂ. പക്ഷേ ഈ ചെറിയ ഒറീസ്സക്കാലം പലതും പഠിപ്പിക്കുന്നുണ്ട്. കേരളത്തില്‍ പുരോഗമന-മതേതര നിലപാട് എടുക്കും പോലെ അത്ര എളുപ്പമല്ല കേരളത്തിന് പുറത്ത് അങ്ങനെയൊരു രാഷ്ട്രീയം സൂക്ഷിക്കുക എന്നത്. ഇതിപ്പോ പറയാന്‍ കാരണം മുംബൈയില്‍ ഇന്ന് DYFI നടത്തിയ യൂത്ത് മാര്‍ച്ചിന്റെ ചില ഫോട്ടോകള്‍ അവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു സൃഹൃത്ത് അയച്ചു തന്നിരുന്നു. വളരെ സമാധാനപരമായി നടക്കുന്ന മാര്‍ച്ചിനെ പോലീസ് ബലപ്രയോഗം നടത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് കാണാം. ആ ഫോട്ടോയില്‍ DYFI നേതാക്കളുടെ കൂടെ കാണുന്ന ആ പ്രായം ചെന്ന മനുഷ്യനാണ്
ഡോ. അശോക്ധവളേ
രണ്ട് വര്‍ഷം മുന്‍പ് നടന്ന, ചരിത്രം സൃഷ്ടിച്ച, കിസാന്‍ ലോങ്ങ് മാര്‍ച്ചിന്റെ മുഖ്യസംഘാടകനും AIKS അഖിലേന്ത്യാ പ്രസിഡണ്ടുമാണ് അദ്ദേഹം.കിസാന്‍ ലോങ്ങ് മാര്‍ച്ച് പോലെ തന്നെ ചരിത്രത്തിന്റെ ഭാഗമാവാന്‍ പോവുന്ന ഈ മാര്‍ച്ചിന്റെ മുദ്രാവാക്യം 'മഹാരാഷ്ട്രയില്‍ NPR നടപ്പാക്കരുത്
വെറുപ്പും വിഭജനവുമല്ല, വിദ്യാഭ്യാസവും തൊഴിലും തരൂ' എന്നാണ്. ഈ മുദ്രാവാക്യത്തെയാണ് കോണ്‍ഗ്രസ്സുകൂടി പങ്കാളിയായ സര്‍ക്കാര്‍ ഭയക്കുന്നത്.

സര്‍ക്കാരിന് അറിയാം, ഈ മാര്‍ച്ച് 100km നടന്നു ചൈത്യഭൂമിയില്‍ എത്തുമ്പോള്‍ ചരിത്രം തിരുത്തുമെന്ന്. അതിനെ മുളയിലേ നുള്ളാനാണ് പോലീസ് ശ്രമിക്കുന്നത്. പക്ഷേ എന്തിനും പോന്ന ചെറുപ്പക്കാരുടെ സമരവീര്യത്തിനു മുന്നില്‍ പോലീസ് മുട്ടു മടക്കി. മാര്‍ച്ചു തുടങ്ങി എന്നാണ് അറിയുന്നത്. പക്ഷേ മാര്‍ച്ചിനെ ഇനിയും അവര്‍ പോലീസിനെ ഉപയോഗിച്ച് തടയും.

കേരളത്തിലിരുന്നു മതേതരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസ്സുകാരും ലീഗുകാരും ഇപ്പോഴെങ്കിലും മഹാരാഷ്ട്രയിലേക്ക് നോക്കണം. കേരളത്തിലെ കോണ്ഗ്രസ്സിന്റെ മതേതര നിലപാടുകള്‍ ഇടതുപക്ഷത്തിന്റെ ചെലവിലാണ് എന്ന് കോണ്ഗ്രസ് ലീഗ് സഹയാത്രികര്‍ ഇനിയെങ്കിലും മനസിലാക്കണം.
നിങ്ങള്‍ അനുകൂലിച്ചാലും അടിച്ചമര്‍ത്തിയാലും ഞങ്ങള്‍ പ്രതിഷേധിച്ചു കൊണ്ടേയിരിക്കും പോരാടിക്കൊണ്ടേയിരിക്കും.

നിങ്ങളുണ്ടേല്‍ നിങ്ങളെയും കൂട്ടി
നിങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഇല്ലാതെ
നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങളെയും എതിര്‍ത്ത്

പോരാട്ടം തുടരുക തന്നെ ചെയ്യും  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top