24 April Wednesday

അൽപത്തരത്തിനും വേണ്ടേ ബൽറാമേ ഒരു പരിധി.. ഇഎംഎസ്സിനെ അറിയാത്ത ബൽറാമിന് സി ബി ദേവദർശനന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

സി ബി ദേവദർശനൻ

സി ബി ദേവദർശനൻ

ഇഎംഎസിന്റെ പേരിൽ രമ്യ ഹരിദാസ് എംപിയെ ന്യായികരിച്ച വി ടി ബൽറാം എംഎൽഎക്ക് മറുപടിയുമായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി ബി ദേവദർശനന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. രമ്യ ഹരിദാസിന് കാർ വാങ്ങുന്നതിനായി യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയതിനെ ഇഎംഎസ് മകൾ മാലതിക്കായി സാരി വാങ്ങാൻ കൊടുത്തിവിട്ട കത്തിനെ ബന്ധപ്പെടുത്തിയാണ് ബൽറാം ന്യായികരിച്ചത്. രമ്യ ഹരിദാസ് കാർ വാങ്ങുന്നതിനെ ഇഎംഎസ്സിന്റെ ജീവിതവുമായി ബന്ധിപ്പിക്കുന്നത് അല്പത്തരമായി പോയി എന്നായിരുന്നു ദേവദർശനന്റെ പ്രതികരണം.

വാർത്തകളിൽ ശ്രദ്ധ നേടാൻ കുസൃതിത്തരം ഒപ്പിക്കുന്ന കലാപരിപാടി ബൽറാം ഇപ്പോഴും നിർത്താത്തതിൽ പരാതിയില്ല. പക്ഷെ സഖാവ് ഇഎംഎസിനെ അപമാനിക്കാൻ താങ്കൾക്ക് അവകാശമില്ല. സ്വന്തമായുള്ളതെല്ലാം പാർട്ടിക്ക് സമർപ്പിച്ച മഹാനാണ് ഇഎംഎസ്‌. തനിക്ക് കിട്ടുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും പാർട്ടിയ്ക്ക് നൽകുകയും പാർട്ടി നൽകുന്ന അലവൻസ് വാങ്ങുകയും ചെയ്തിരുന്ന സഖാവാണ് ഇഎംഎസ്. സി ബി ദേവദർശനൻ എഴുതുന്നു...

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മിസ്റ്റർ വി ടി ബൽറാം വാർത്തകളിൽ ശ്രദ്ധ നേടാൻ കുസൃതിത്തരം ഒപ്പിക്കുന്ന കലാപരിപാടി താങ്കൾ ഇപ്പോഴും നിർത്താത്തതിൽ പരാതിയില്ല. പക്ഷെ സഖാവ് ഇ എം എസിനെ അപമാനിക്കാൻ താങ്കൾക്ക് അവകാശമില്ല. സ്വന്തമായുള്ളതെല്ലാം പാർട്ടിക്ക് സമർപ്പിച്ച മഹാനാണ് ഇഎംഎസ്‌. തനിക്ക് കിട്ടുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും പാർട്ടിയ്ക്ക് നൽകുകയും പാർട്ടി നൽകുന്ന അലവൻസ് വാങ്ങുകയും ചെയ്തിരുന്ന സഖാവാണ് ഇഎംഎസ്. മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ ശമ്പളവും എംഎൽഎയുടെ പ്രതിമാസ വേതനവും മുൻ എംഎൽഎക്കുള്ള പെൻഷനും എല്ലാം സ്വകാര്യമാക്കാതെ പാർട്ടി അക്കൗണ്ടിലേക്ക് ആയിരുന്നു. അവിടെ നിന്ന് മിനിമം അലവൻസ് വാങ്ങും. ബലറാം ഇഎംഎസ്സിനെ ഇനിയും പഠിച്ചിട്ടില്ല. രമ്യ ഹരിദാസിന് കാറു വാങ്ങുന്നതും വാങ്ങാത്തതും നിങ്ങളുടെ കാര്യം. ഒരു സിപിഐ എം നേതാവും ഇതിൽ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങളുടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയാണ് പ്രതികരിച്ച് വിമർശിച്ചത്. അതിന് ഇഎംഎസിനെ അധിക്ഷേപിക്കുന്നത് അല്പത്തരമായി പോയി. മുപ്പത് വർഷം മുമ്പ് (1989) സ്വന്തം വസ്ത്രത്തിലെ കീറിയ ഭാഗം തുന്നാൻ സൂചിയും നൂലും ചോദിച്ച് ഉച്ചക്ക് എറണാകുളം ലെനിൻ സെന്ററിലെ വിശ്രമിക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങിയ സഖാവ് ഇഎംഎസ്സിനെ ഞാൻ ഇന്നും ഓർക്കുന്നു. അന്ന് 3 സംസ്ഥാനം ഭരിക്കുന്ന സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഇ എം എസ് എന്ന് ഓർമ്മിക്കണം. അത് കണ്ട് ഓഫീസിലെ സഖാക്കളുടെ കണ്ണ് നനഞ്ഞ് പോയി. തനിക്കുള്ളതെല്ലാം ലേഖനങ്ങൾക്കുള്ള പ്രതിഫലവും പുസ്തകങ്ങൾക്കുള്ള റോയൽറ്റിയും ഉൾപ്പെടെ പാർട്ടിക്ക് സമർപ്പിച്ച സഖാവ് ഇ എം എസ്സിനെ അപമാനിക്കുന്നവരെ ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top