17 April Wednesday

'ഡോക്ടര്‍ ചോദിച്ചു എന്തേ ഇത്ര വൈകി.. അപ്പോഴാണ് തിരിച്ചറിഞ്ഞത് ഇതിലും വേഗത്തില്‍ ഞാന്‍ മുന്നിട്ടിറങ്ങേണ്ടതായിരുന്നു'

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

Photo: fb/juvairiya pk

കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയിലും പുറത്തും എല്ലാം. നിസാരമെന്ന് കരുതി ഒഴിവാക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചും, രോഗം വന്നാല്‍ നേരിടേണ്ടതെങ്ങനെയെന്നും അനുഭവസ്ഥരും ആരോഗ്യവിദഗ്ധരും വിവരിക്കാറുണ്ട്. ഇവിടെ, അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന കാന്‍സറിനെക്കുറിച്ച് എഴുതുകയാണ് ജുവൈരിയ പി കെ. അതിജീവനം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജൂവൈരിയ പങ്കുവെച്ച കുറിപ്പ് ചുവടെ.

നടി ശരണ്യ ശശിയുടെ വിയോഗതോടൊപ്പം കാന്‍സര്‍ ഒരു താരമായി  നിറഞ്ഞു  നില്‍ക്കുകയാണ്. പത്തു ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയിട്ടും ജീവിതം തിരിച്ചു പിടിക്കാന്‍ പടപൊരുതി ഒടുവില്‍ അവള്‍ കാന്‍സര്‍ എന്ന മഹാമാരിക് മുന്നില്‍ കീഴടങ്ങി.  സോഷ്യല്‍ മീഡിയയിലെ  സഹായഹസ്തങ്ങളില്‍ അധികവും വില്ലന്‍ കാന്‍സര്‍ തന്നെ. എന്നാല്‍ ഇതിന്റെ തുടക്കം എങ്ങനെ മനസിലാകാന്‍ സാധിക്കും... ചില അനുഭവങ്ങളിലൂടെ.. 

അനുഭവം 1

കഥാപാത്രം ഞാന്‍ തന്നെ.
മോനു 2 വയസ് 4 മാസം. മുലകുടിയുണ്ട്.. ജോലിക്ക് പോയി തിരിച്ചു വരുമ്പോള്‍ മുലപ്പാല്‍ നിറഞ്ഞു തുളുമ്പും. മോന്‍ കുടിച്ചു കഴിഞ്ഞാല്‍ കല്ലുപോലെയുള്ള മാറിടം പതിയെ അയയും..  എന്നാല്‍ ചെറിയ ഒരു ഭാഗത്തു മാത്രം അയയുന്നില്ല.. ഒരു ഉറപ്പ് പോലെ. ചിലപ്പോള്‍ തോന്നിയതാവും... ഒരാഴ്ച നിരീക്ഷിച്ചു.. തോന്നിയതല്ല. ഭര്‍ത്താവ് കൂടെയില്ല... ആര്‍കെങ്കിലും കാണിച്ചു കൊടുത്താല്‍ നിസ്സാരമായി തള്ളിക്കളയും.. അല്ലെങ്കില്‍ പറഞ്ഞു ചിരിക്കും. സ്തനാര്‍ബുദ ചികിത്സ തേടിയ ബന്ധുവിനെ ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞു. വേദന ഉണ്ടോ, ചുവപ്പ് ഉണ്ടോ, തോളില്‍ മുഴ പോലെ ഉണ്ടോ എന്നീ ചോദ്യങ്ങള്‍ക് അങ്ങനെ ഒന്നുമില്ല എന്ന ഉത്തരം. എങ്കില്‍ പാല്‍ കെട്ടികിടന്നത്, ചിലപ്പോള്‍ തോന്നല്‍ മാത്രം.. അങ്ങനെ അശ്വസിപ്പിച്ചു.. എന്നാല്‍ ആ ആശ്വാസവാചകം എന്നെ ഒട്ടും സാന്ത്വനിപ്പിച്ചില്ല.. അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ nurse നെ വിളിച്ചു കാര്യം പറഞ്ഞു.. അവരും പറഞ്ഞു അതെ വാക്കുകള്‍. ഇനി എന്ത് ചെയ്യും.. കൊറോണ യുടെ ഭയാനകത പേടിച്ചു വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കുന്ന കാലം... ഉമ്മനോട് പറഞ്ഞാല്‍ നേരിടാന്‍ പറ്റില്ല.. മനസ്സില്‍ ഉറപ്പിച്ച പോലെ ആയിരുന്നു പിനീടുള്ള നീക്കങ്ങള്‍.. ഭര്‍ത്താവും കാര്യം പറഞ്ഞപ്പോള്‍ നിസാരമായി തള്ളിക്കളഞ്ഞു. തുടര്‍ന്നു gynech നെ കണ്ടു.. സര്‍ജനെ കണ്ടു മാമോഗ്രാം ബയോപ്‌സി അങ്ങനെ അങ്ങനെ... ചികിത്സ തേടുമ്പോള്‍ 2 മാസം പിന്നിട്ടു സ്റ്റേജ് 3 യില്‍ എത്തിച്ചേര്‍ന്നു. Chemo ഡോക്ടര്‍ ചോദിച്ചു എന്തുകൊണ്ട് ഇത്ര വൈകി... അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഇതിലും വേഗത്തില്‍ ഞാന്‍ മുന്നിട്ടു ഇറങ്ങേണ്ടതായിരുന്നു.

അനുഭവം 2

കല്യാണത്തിന് പോവാന്‍ ഒരുങ്ങുന്ന അമ്പത് വയസ് പ്രായമുള്ള അമ്മയും അവരുടെ മകളും. അമ്മ ബ്ലൗസ് ന്റെ ആദ്യ ബട്ടണ്‍ ഇടുന്നില്ല. പലപ്പോഴായി മകള്‍ അത് ശ്രദ്ധയില്‍ പെടുത്തി .. മകള്‍ അതിടാന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടി മാറ്റി. കാര്യം ചോദിച്ചപ്പോള്‍ ചെറിയ വേദന ഉണ്ടെന്നു പറഞ്ഞു.. കൂടുതല്‍ പറയുന്നില്ല.. മകള്‍ എളേമയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.. അവര്‍ ഇടപെട്ട് ശരീരം പരിശോധിച്ചു. മുഴുവന്‍ ചുവന്നു പൊട്ടിയിരിക്കുന്നു.. സ്റ്റേജ് നാല്. തുടര്‍ന്നു 6 മാസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.

അനുഭവം 3

എനിക്ക് Biopsy റിസള്‍ട്ട് ജില്ലാ ആശുപത്രിയില്‍ നിന്നും എത്തിച്ചു തന്നത് അവിടത്തെ നഴ്‌സിംഗ് അസിസ്റ്റന്റ് ആണ്.. എന്റെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ അവര്‍ പിനീട് എന്റെ ചികിത്സ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. റേഡിയേഷന്‍ ചെയ്ത്‌കൊണ്ടിരിക്കുമ്പോഴാണ് അവര്‍ ഒരു സംശയവുമായി എന്നെ തേടിയെത്തിയത്... ഒരു തടിപ്പ് അവരുടെ മാറിലും... എന്റെ അനുഭവം കേട്ടത് കാരണം സംശയം ആയിരിക്കുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്.. ആശുപത്രിയില്‍ ജോലി ചെയുന്ന അവരോട് സംശയം തീര്‍ക്കണം എന്ന് തന്നെ ഞാന്‍ പറഞ്ഞു.. സര്‍ജനെ കാണിക്കണം  അതെ.. കണ്ടു. ആദ്യപടി biopsy എടുത്തു.. കാന്‍സര്‍ തന്നെ.. തുടക്കം മാത്രം. ഇപ്പോള്‍  അഞ്ചാമത്തെ chemo പൂര്‍ത്തിയായി..     

ഇവിടെ എവിടെയാണ് എനിക്ക് ജാഗ്രത കുറവ് സംഭവിച്ചത്.. തുടക്കം മുതല്‍ ബാത്റൂമിലെ നീളമുള്ള വലിയ കണ്ണാടിയില്‍ നോക്കി ഞാന്‍ നിരീക്ഷിക്കുമായിരുന്നു.. എന്നിട്ടും ഒരു ഫിസിഷ്യനെ കാണാന്‍ മടിച്ചു.. നിസാരവത്കരണം ആവാം. ഇനി വിഷയത്തിലേക് കടന്നു വരാം... രണ്ടാമത്തെ അനുഭവമാണ് കൂടുതല്‍ ഭയക്കേണ്ടത്.. ഭര്‍ത്താവ് കൂടെയില്ലാത്ത 40-50 പ്രായം കഴിഞ്ഞവരില്‍ ഇത്തരം തടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക് കാണിച്ചു കൊടുക്കും.. ആരോട് പറയും... ഗര്‍ഭാശയ കാന്‍സനു ചികിത്സ തേടി വന്ന പ്രായമായ അമ്മയുടെ കൂടെ വന്നവര്‍ എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു... 60 വയസ് പ്രായം കാണും.. അമ്മ സ്വന്തം വസ്ത്രങ്ങള്‍ അലക്കി ഇടുമ്പോള്‍ ഒരു ചെറിയ കോട്ടണ്‍ തുണി അയലില്‍ കണ്ടെത്തി..  ആര്‍ത്തവം നിലച്ച അമ്മയ്ക്ക് എന്തിന് ഈ തുണി എന്ന ചോദ്യത്തില്‍ നിന്നാണ് അമ്മയ്ക്ക് ഇടയ്ക്കിടെ ചെറിയ ബ്ലീഡിങ് ഉണ്ടാവണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ കാന്‍സര്‍ ആണെനും അറിഞ്ഞു.
ഇങ്ങനെയുള്ള എത്രയോ മറച്ചുവെക്കലുകള്‍ ആയിരിക്കും നമ്മുടെ ഉറ്റവരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നത്.  ഇതില്‍ അഭ്യസ്ഥവിദ്യ എന്നോ തന്റേടം ഉള്ള ആള്‍ എന്നോ പ്രായം കുറവാണെന്നോ കൂടുതലെന്നോ വ്യത്യാസമില്ല..  

ജാള്യത, നാണക്കേട്, നിസാരവത്കരണം, പൊടിക്കൈ പ്രയോഗങ്ങള്‍ അങ്ങനെ നിരവധി വിഷയങ്ങള്‍ ഇതില്‍ കടന്നു കൂടിയിരിക്കുന്നുണ്ട്. ഇതൊക്കെ അതിജീവിച്ചു വേണം നാം രോഗലക്ഷണങ്ങളില്‍ നിന്നും കാന്‍സര്‍ നെ കണ്ടെത്താന്‍..

അനുഭവം 3 ല്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്. മുന്‍ അനുഭവങ്ങള്‍ കേട്ടറിയുകയും അവര്‍ പറഞ്ഞതനുസരിച്ചു കൃത്യമായി ചികിത്സ തേടുകയും ചെയ്തു.  എല്ലാ മുഴകളും തടിപ്പുകളും കാന്‍സര്‍ ആവണമെന്നില്ല. എന്നാല്‍ അവഗണിക്കരുത്.. സ്തനാര്‍ബുദം കൂടുതല്‍ പേരില്‍ കണ്ടു വരുന്നു എന്നത് തന്നെയാണ് ഈ കുറിപ്പിന് ആധാരം. നിങ്ങളുടെ ചുറ്റുപാടിലുമുള്ളവര്‍ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട് എന്നത് തെറ്റാണ്. ചുരുങ്ങിയത് ഏറ്റവും അടുത്തുള്ള phc യിലെ ഡോക്ടറെ മടി കൂടാതെ കാണിക്കുക. വിജയിക്കാന്‍ ഒരു മനസുണ്ടെങ്കില്‍ കാന്‍സര്‍നു മുന്നില്‍ തോല്‍വി അസാധ്യമാണ്. ഭയം വേണ്ട ജാഗ്രത മതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top