26 April Friday

യുപിയിലെ പരാജയം ജീവവായു കിട്ടാതെ പിടഞ്ഞുമരിച്ച പിഞ്ചോമനകൾക്കുള്ള കാലത്തിന്റെ കാവ്യനീതി: മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 15, 2018


ഗൊരഖ്‌പൂരിലെ ആശുപത്രിയിൽ  പ്രാണവായുകിട്ടാതെ പിടഞ്ഞുമരിച്ച പിഞ്ചുകുഞ്ഞുങ്ങൾക്ക്‌ കാലം നൽകിയ നീതിയാണ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്‌ഡലമായിരുന്നു ഗൊരഖ്‌പൂർ. മൂന്ന്‌ പതിറ്റാണ്ട്‌ കാലം ബിജെപിയുടെ ഉറച്ച സീറ്റ്‌ . മുഖ്യമന്ത്രി പദം ഏറ്റെടുത്തതോടെ യോഗി  രാജിവെച്ച ഒഴിവിൽ നടത്തിയ ഉപതെരെഞ്ഞടുപ്പിലാണ്‌ ബിജെപിക്ക്‌ ഗൊരഖ്‌ പുരിൽ അടിപതറിയത്‌.യോഗി അധികാരമേറ്റശേഷമാണ്‌ ഗൊരഖ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ നിരവധി കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ചത്‌. ആശുപത്രികളിൽ പോലും അടിസ്‌ഥാന സൗകര്യമൊരുക്കാത്ത യോഗി സർക്കാരിനും കേന്ദ്രത്തിലെ ബിജെപി ഭരണത്തിനും ജനം നൽകിയ കണക്കുതീർക്കലാണ്‌ ഈ പരാജയമെന്നും മുഹമ്മദ്‌ റിയാസ്‌.
പോസ്‌റ്റ്‌ ചുവടെ
“ജീവവായു കിട്ടാതെ പിടഞ്ഞ വീണ പിഞ്ചോമനങ്ങൾക്ക് കാലത്തിന്റെ കാവ്യനീതി”

ഗോരഖ്പൂരിലും ഫുൽ പൂരിലും കാവിക്കൊടി താഴെ വീഴുമ്പോൾ, യു.പി.യിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ദേശീയ തലത്തിൽ തന്നെ വലിയ പ്രസക്തിയുണ്ട്. നിലവിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മുൻ ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഏറ്റുവാങ്ങിയ പരാജയം മതേതര ജനകീയ രാഷ്ട്രീയ ബദലുകൾക്ക് നിർണായകം തന്നെ.

ഹിന്ദുത്വത്തിന്റെ പോസ്റ്റർ ബോയ് യോഗി അദിത്യനാഥ് നാല് തവണയായി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ഗോരഖ്പൂർ. 27 വർഷമായി ബി.ജെ.പി മാത്രം ജയിച്ചിരുന്ന സീറ്റ്. 2014ലെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിൽപ്പരം. ആ സീറ്റാണ് എസ്.പിബി.എസ്.പി സഖ്യത്തിനു മുന്നിൽ ബി.ജെ.പി.ക്ക് അടിയറവ് വെയ്ക്കേണ്ടി വന്നത്. ഗോരഖ്പൂർ പോലെ തന്നെ 2014ൽ പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനത്തിലേറെ നേടി ബി.ജെ.പി ജയിച്ച സീറ്റായിരുന്നു ഫുൽപ്പൂരും.
സംസ്ഥാന സർക്കാരിനു നേരേയുള്ള ശക്തമായ ജനവികാരം മാത്രമല്ല മറിച്ച് ദേശീയ തലത്തിൽ മോദി ഭരണത്തിനെതിരെ ഉയർന്നു വരുന്ന ജനരോഷത്തെയാണ് യു.പി ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യു.പി യിൽ കുറച്ചു മാസങ്ങൾക്കു മുൻപ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടിയുമായി കൂടി ഇപ്പോഴത്തെ ഫലങ്ങളെ കൂട്ടി വായിക്കേണ്ടതുണ്ട്.

നോട്ടു നിരോധനവും ജി.എസ്.ടിയും വില കയറ്റവും പൊറുതി മുട്ടിക്കുന്ന മോദി ഭരണത്തിന്റെ ജൂനിയർ ടീമായാണ് യു .പിയിലെ യോഗി സർക്കാർ പ്രവർത്തിക്കുന്നത്. ഓക്സിജൻ കിട്ടാതെ ഗോരഖ്പൂരിലെ സർക്കാർ ആശുപത്രികളിൽ പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു വീണ കാഴ്ച്ച നമ്മൾ കണ്ടതാണ്. ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ പോലും മെച്ചെപ്പെടുത്താതെ വർഗ്ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന മോദിക്കും അദ്ദേഹത്തിന്റെ ജൂനിയർ പങ്കാളികളോടുമുള്ള കണക്കു തീർക്കൽ കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top