19 April Friday

നിഷ്‌പക്ഷനാക്കാതിരിയ്‌ക്കണേ പടച്ചോനേ

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2016
ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ ആര്‍എസ്എസ് നടപടിയെ, കോഴിക്കോട് കുപ്പുദേവരാജിന്റെ സഹോദരന്റെ ഉടുപ്പില്‍ പിടിച്ച പൊലീസിന്റെ പ്രവൃത്തിയോട് താരതമ്യപ്പെടുത്തി ന്യായീകരിക്കാനുള്ള ചിലരുടെ ശ്രമം ശരിയല്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഇ സനീഷ്. അപാരമാം വിധം തലതിരിഞ്ഞ സമീകരണയുക്തിയാണിത്. ആര്‍ എസ് എസ് കാളകൂടവിഷമാണ്. സിപിഐ എമ്മിന്റെയും ആര്‍എസഎസിന്റെയും സംസ്കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ വ്യക്തമാക്കാന്‍ ഭാഷയിലുള്ള അജഗജാന്തരം എന്ന വാക്ക് പോലും പോരാതെ വരുമെന്നും സനീഷ് ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇവിടെ:

'സിപിഎമ്മിനും ആര്‍എസ്എസിനും ഒരേ സംസ്‌കാരമാണ്. അങ്ങനെ പോലുമല്ല, സിപിഎമ്മിന്റെ സംസ്‌കാരം ഭോപ്പാലിലെ പൊലീസിന്റെയും ആര്‍എസ്എസിന്റെയും സംസ്‌കാരത്തെക്കാള്‍ ഒരു പടി കൂടെ മോശമാണ്.'

ഭോപ്പാലില്‍ മുഖ്യമന്ത്രിക്കുണ്ടായ അനുഭവത്തെയും മാവോയിസ്റ്റുകളുടെ സംസ്‌കാരത്തിനിടെ ഉണ്ടായ സംഭവത്തെയും താരതമ്യം ചെയ്ത് നിഷ്പക്ഷരും നിഷ്‌കപടരുമായ ചിലര്‍ എഴുതിയ പോസ്റ്റുകളില്‍ ഇങ്ങനെയൊക്കെ വായിച്ചു. ഒരു കാലത്തും എന്നെ നിഷ്പക്ഷനാക്കാതിരിക്കണേ പടച്ചോനേ (അങ്ങ് ശരിക്കും ഉണ്ടെങ്കില്‍ ) എന്ന് പ്രാര്‍ത്ഥിക്കാന്‍ ഒന്ന് കൂടെ കാരണമായി ഈ പോസ്റ്റുകളുടെ വായന.

അപാരമാം വിധം തലതിരിഞ്ഞ സമീകരണയുക്തിയാണ് നിഷ്‌കപട്,നിഷ്‌കുക്കളുടെ ലോജിക്കിന്റെ സവിശേഷത. ഞങ്ങള്‍ ഒരു പക്ഷത്തിനൊപ്പവുമല്ല എന്ന് സ്ഥാപിക്കാന്‍ അവര്‍ മോരിനെ മുതിരയ്‌ക്കൊപ്പം ചേര്‍ത്ത് കളയും.പക്ഷെ ഒരു കാര്യമുണ്ട്, അവര്‍ എത്ര സമീകരിച്ചാലും ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും സംസ്‌കാരം ഒന്ന് പോലെയാകില്ല. സിപിഎമ്മും അതും കണക്ക് തന്നെ എന്ന് സമീകരിച്ച് വെച്ച് കൊടുക്കുന്ന നിഷ്‌ക്കുക്കള്‍ അറിഞ്ഞോ അറിയാതെയോ പറയുന്നത് ആര്‍എസ്എസും സിപിഎമ്മിനെപ്പോലെ മോശം കാര്യങ്ങള്‍ ചിലപ്പോഴൊക്കെ ചെയ്ത് പോകുന്ന നല്ലവരാണ് എന്നാണ്. പച്ചക്കള്ളമാണത്. ആര്‍ എസ് എസ് കാളകൂടവിഷമാണ്. ഇരുവരുടെയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ വ്യക്തമാക്കാന്‍ ഭാഷയിലുള്ള അജഗജാന്തരം എന്ന വാക്ക് പോലും പോരാതെ വരും.

പിന്നെ,സംസ്‌കാരസ്ഥലത്ത് കുപ്പു ദേവരാജിന്റെ സഹോദരന്റെ കോളറില്‍ പിടിച്ചത് സിപിഎം പ്രവര്‍ത്തകനല്ല, പൊലീസുകാരനാണ്. പൊലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ്. അതായത്, ആര് അധികാരത്തിലിരുന്നാലും ആ ഫോഴ്‌സ് വിചാരിക്കുന്നത് നാട്ടുകാരെ തല്ലാനുള്ള ഫോഴ്‌സാണ് ഞങ്ങളെന്നാണ്. അതിനായി ട്രെയിന്‍ ചെയ്യിപ്പിക്കപ്പെട്ട അച്ചടക്കമുള്ള കൂട്ടമാണത്.മനുഷ്യരെ ഉപദ്രവിക്കാന്‍ ട്രെയിന്‍ ചെയ്യിക്കപ്പെട്ട അച്ചടക്കമുള്ള കൂട്ടം, ഒരു മുതലാളിയുടെ മര്‍ദ്ദനോപകരണം എന്ന നിലയ്ക്ക് അതിന് ആറെസ്സെസ്സ് പോലുള്ള സംഘങ്ങളുമായി താരതമ്യമുണ്ട്. എന്നാല്‍ സിപിഎമ്മിനോട് ഇല്ല. സംസ്‌കാരസ്ഥലത്ത് പോലും നിലവിട്ട് പെരുമാറുന്ന ആ മര്‍ദ്ദനോപകരണത്തിന്റെ മേല്‍ ജനാനുകൂലമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് നമ്മളുയര്‍ത്തേണ്ട വിമര്‍ശത്തിന്റെ കാതല്‍. ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത്, തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടിയെ തടയുന്നതാണ് ഭോപ്പാലില്‍ കണ്ടത്. ഒന്നിന് ഒന്നോട് താരതമ്യമില്ല.

അതിന് പകരം, കിട്ടിയ ചാന്‍സ് മുതലെടുത്ത് ഇതാ ഇവരിരുവരും ഒന്നാണേ എന്ന് ആര്‍ക്കുന്നവര്‍ ആ ഹൂളിഗന്‍ സംഘത്തിന് ലെജിറ്റിമസി ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. അവരുടേത് മറ്റെന്തായാലും മനുഷ്യവകാശധ്വംസനം കണ്ടുണ്ടായ വ്യസനമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top