01 December Friday

പരാതികളും വിവാദങ്ങളുമൊക്കെ കഴിഞ്ഞോ? ബെവ് ക്യു പൂട്ടിയെന്ന് വാർത്ത നൽകിയവർ തന്നെ ബാലൻസിംഗിന് ഇന്റർവ്യു ഒക്കെ എടുത്തുപോകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020

കൊച്ചി > വെർച്വൽ ക്യൂ മുഖേനെയുള്ള മദ്യവിതരണത്തിന് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയപ്പോൾ പ്രതിപക്ഷവും ചില മാധ്യമങ്ങളും അനാവശ്യ വിവാദളുമായി രംഗത്തെത്തിയിരുന്നു. സ്വാഭാവികമായ സാങ്കേതിക തടസ്സങ്ങളെപ്പോലും പർവതീകരിച്ച് യുവസംരഭകരുടെ മനോവീര്യം തകർക്കും വിധമായിരുന്നു പ്രചരണം. എന്നാൽ വിവാദങ്ങളിലൊന്നും പതറാതെ ബെവ് ക്യൂ ആപ്പിന്റെ അണിയറക്കാർ മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ അന്ന് വിവാദമുണ്ടാക്കിയവരെയൊന്നും ഇപ്പോൾ കാണാനുമില്ല. ബെവ് ക്യൂ കമ്പനി പൂട്ടിയെന്ന് വരെ വാർത്ത നൽകിയ മനോരമ, പിന്നീട് ബാലൻസിംഗിനു വേണ്ടി കമ്പനി മേധാവികളുടെ ഇന്റർവ്യു വരെ നൽകി. അപ്പോഴും മാധ്യമങ്ങളും പ്രതിപക്ഷവും തങ്ങൾ നടത്തിയ വ്യാജപ്രചരണങ്ങൾക്ക് മറുപടി നൽകാനോ യുവസംരഭകരോട് മാപ്പ് പറയാനോ ഇതുവരെ തയ്യാറായിട്ടില്ല.

സുഭാഷ് നാരായണൻ എഴുതുന്നു

വിചാരണയൊക്കെ കഴിഞ്ഞെങ്കിൽ ഒരു നിമിഷം.

ക്യാമ്പസ് ജീവിതം കഴിഞ്ഞ സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച ഒരു കൊച്ചു സംരഭം, ആ സംരഭം സർക്കാരിന്റെ ഒരു പ്രൊജക്റ്റിലേക്ക് പ്രൊപോസൽ അയക്കുന്നു. സർക്കാർ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ച ആ കമ്പനി വിദഗ്ധർ അടങ്ങിയ പാനൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നു.സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരാത്ത, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ക്വോട്ട് ചെയ്ത പ്രൊപോസൽ അംഗീകരിച്ച് അവർക്ക് കരാർ ലഭിക്കുന്നു.പിന്നീട് അങ്ങോട്ട് നേരിട്ടത് മാധ്യമങ്ങളുടെ ക്രൂരമായ വേട്ടയാടൽ തന്നെയായിരുന്നു.

BevQ ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട് അപ്പിന്റെ കാര്യമാണ് പറഞ്ഞു വന്നത്.

പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നില്ല, വിവാദമുണ്ടാക്കുക എന്നത് അവരുടെ ദൈനംദിന പ്രവർത്തനമാണ്.പക്ഷെ കൂട്ടത്തിൽ മനോരമ വാർത്തകൾ ആണ് ഏറെഅത്ഭുതപ്പെടുത്തിയത്. അത്രക്ക് ക്രൂരത ആണ് അവർ ആ സ്റ്റാർട്ട് അപ്പ് കമ്പനിയൊട് ചെയ്തത്.ആപ്ലിക്കേഷൻ ശരിയാക്കുക അസാധ്യം എന്ന് വരെ വെണ്ടയ്ക്ക നിർത്തി.കോഡിൽ തന്നെ വലിയ പിഴവ് ആണെന്ന് അവരുടെ വിദഗ്ദ്ധർ.രാത്രി പത്തുമണിക്ക് ഫോട്ടോഗ്രാഫറെ അയച്ച് അടച്ച കമ്പനിയുടെ ചിത്രമെടുപ്പിച്ച് നിരന്തരമായി കമ്പനി പൂട്ടിയെന്നും അതിന്റ ഉടമകൾ കടന്നു കളഞ്ഞു എന്ന് വരെ വാർത്ത കൊടുത്തു.

ഈ ചെറുപ്പക്കാരുടെ സ്വപ്നമായ സംരംഭത്തിന്റെ ഭാവി എന്താണ് എന്ന് നിങ്ങൾ ആലോചിച്ചിരുന്നോ?

ലോകത്ത് ഇന്നേവരെ ഒരു മൊബൈൽ ആപ്ലിക്കേഷനും പൂർണതയോടെ ആദ്യഘട്ടത്തിൽ അവതരിപ്പിച്ചിട്ടില്ല എന്നിരിക്കെ എന്തായിരുന്നു ആ ചെറുപ്പക്കാർ ചെയ്ത കൊടും പാതകം. അവർക്ക് രാഷ്ട്രീയ അനുഭാവം ഉള്ളതോ?? ഇവിടെ ഏത് മനുഷ്യനാണ് രാഷ്ട്രീയ അഭിപ്രായം ഇല്ലാത്തത്.നീതി നിർവണത്തലവൻ സർവീസിൽ നിന്ന് ഇറങ്ങി അടുത്ത ദിവസം തന്നെ തന്റെ വിഭജന രാഷ്ട്രീയാനുഭാവം തുറന്നു പറഞ്ഞ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.

ഇതൊക്കെ കഴിഞ്ഞിട്ട് അവരുമായി ഒരു ഇന്റർവ്യൂ, എന്നിട്ട് ഈ പരീക്ഷണം എങ്ങിനെ തരണം ചെയ്തു എന്ന ഒരു ചോദ്യവും..

ഇത്രയൊക്കെ ചെയ്ത നിങ്ങൾതന്നെ നാളെ പുതിയ ഒരു പരമ്പര തുടങ്ങുമായിരിക്കും. 'കേരളമെന്തുകൊണ്ട് സംരംഭകർക്ക് നല്ല അന്തരീക്ഷമൊരുക്കുന്നില്ല?' എന്ന്. ലജ്ജ തോന്നുന്നില്ലേ എന്ന് ചോദിക്കുന്നില്ല. ഇല്ലെന്ന് പതിറ്റാണ്ടുകൾ മുൻപെ തെളിയിച്ചിട്ടുണ്ട്.

ഇത്രയുമെങ്കിലും ഇപ്പോൾ പറഞ്ഞു പോയില്ലെങ്കിൽ ചിലപ്പോൾ പിന്നീട് പറയാൻ സാധിച്ചെന്ന് വരില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top