25 April Thursday

അമേരിക്കയിലെ ബാങ്കിങ് പ്രതിസന്ധിയും എലിസബത്ത് വാറന്റെ പ്രവചനവും... എ കെ രമേശ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

എലിസബത്ത് വാറൻ

കെ രമേശ്

കെ രമേശ്

അമേരിക്കയിലെ ബാങ്കിങ് രംഗത്തുണ്ടായ പ്രതിസന്ധി അതിരൂക്ഷമാവുകയാണ്. 2018 ൽ ട്രമ്പിന്റെ കാലത്ത്  ദുർബലമാക്കിയ ഡോഡ് ഫ്‌രാങ്ക് നിയമമാണ് പ്രതിസന്ധിയെ അതിരൂക്ഷമാക്കിയത്. ആ വിധത്തിൽ ഡോഡ് ഫ്‌രാങ്ക് നിയമം പാസായി ബാങ്കുകളെ അവരുടെ വഴിക്ക് വിട്ടാൽ വരുന്ന പത്തു കൊല്ലത്തിനകം, മറ്റൊരു ധനപ്രതിസന്ധി വന്നുചേരുമെന്ന അന്നത്തെ സെനറ്റർ എലിസബത്ത് വാറൻ നടത്തിയ പ്രവർചനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്- എ കെ രമേശ് എഴുതുന്നു



അർഹതയുണ്ട്; പറഞ്ഞോളൂ മാഡം !
വമ്പൻ കുത്തക ബാങ്കുകൾക്ക് കിട്ടിയ ലാഭമൊന്നും പോരെന്ന് തോന്നിയപ്പോൾ, പഴയ നിയമം പുതുക്കിയെഴുതിക്കൊണ്ട്  അവിടവിടെയായി ചില്ലറ പഴുതുകൾ തീർക്കുകയായിരുന്നു മുമ്പ് അമേരിക്കൻ പ്രസിഡണ്ട്  ട്രമ്പ്. 1930 ലെ മഹാമാന്ദ്യകാലത്താണ് ബാങ്കുകൾക്കും ഓഹരിച്ചന്തക്കും മധ്യേ ഒരു വലിയ ചൈനീസ് വൻമതിൽ പണിതത്. ഊഹക്കച്ചവടം നടത്താനായി സാധാരണ നിക്ഷേപകരുടെ സമ്പാദ്യമെടുത്ത് അമ്മാനമാടാനുള്ള അവസരമാണ് അതു വഴി ഇല്ലാതായത്. അതിന്റെ പേരാണ് ഗ്ലാസ് സ്ററീ ഗാൾ നിയമം.

80 കളുടെ മധ്യത്തോടെ ധന മൂലധനത്തിന് വന്നു ചേർന്ന മേൽക്കൈ കാരണം നിയമത്തിൽ ഇളവുകൾ വേണം എന്ന ആവശ്യത്തിന് ശക്തി കൂടി. ഓഹരിച്ചന്തയിലും നാണയച്ചന്തയിലും, എന്തിനേറെ ചരക്ക് വ്യാപാരമേഖലയിലുമൊക്കെ  വലിയ തോതിൽ ചൂതാട്ടം നടത്താൻ പറ്റിയ ഊഹക്കച്ചവടക്കാർക്ക് വേണ്ടി പുതിയ ധനോൽപ്പന്നങ്ങൾ വികസിപ്പിക്കപ്പെട്ടു. ഏത് വ്യതിയാനത്തെ മുൻ നിർത്തിയും, ഓഹരി വിലയിലെയാവാം, നാണയ വിനിമയ നിരക്കിന്റെതാ വാം, ചരക്ക് വിലയുടെതാവാം, കാലാവസ്ഥാ വ്യതിയാനത്തിന്റെതാവാം, വാതുവെപ്പ് നടത്താൻ പറ്റിയ തരത്തിൽ ഡെറിവേറ്റീവ് മാർക്കറ്റുകൾ പെരുകി വന്നു. ധനമേഖലയിൽ നിന്ന് നിമിഷാർദ്ധങ്ങൾ കൊണ്ട് മെയ്യനങ്ങാതെ കോടികൾ ഊറ്റിയെടുക്കാം എന്നായി. ബാങ്കുകളുടെ ലാഭം കുതിച്ചുയർന്നു. ചെറിയ പലിശക്ക് നിക്ഷേപം സ്വീകരിച്ച് അതിലും വലിയ പലിശക്ക് അതെടുത്ത് വായ്പ കൊടുത്തുണ്ടാക്കുന്നതല്ല ലാഭം, ഊഹക്കച്ചവടത്തിൽ കണ്ണുംനട്ട് സൂത്രവിദ്യകളിലൂടെ പടച്ചുണ്ടാക്കുന്നതാണ് ലാഭം എന്നു വന്നു. ബാങ്കുകളുടെ നിർവചനം തന്നെ മാറി ത്തീരുകയായിരുന്നു.

അത്തരമൊരവസരത്തിൽ ഗ്ലാസ് സ്റ്റീഗാൾ ആക്ട് അതിനൊക്കെ തടസ്സം നിൽക്കും. അതുകൊണ്ട് അത് ക്രമേണ മാറ്റണം. അയവേറിയതാക്കണം. ആക്കി. ആക്കിയതിന്റെ ഫലമാണ് 2008 ലെ വൻ തകർച്ചകളും അത് വഴിമരുന്നിട്ട മാന്ദ്യങ്ങളും. അത് ഒരു വൻകരയിലോ ഒരു മേഖലയിലോ മാത്രമായി ഒതുങ്ങിയില്ല. സമസ്ത മേഖലകളിലും അതിന്റെ മാരക ഫലങ്ങൾ പ്രകടമായി. അപ്പോഴാണ് അമേരിക്കൻ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അതിന് പരിഹാരങ്ങൾ തേടിയത്. ബാങ്കുകളെ കയറൂരി വിട്ടു കൂടാ എന്ന് തീരുമാനിക്കപ്പെട്ടു. ഗ്ലാസ് സ്റ്റീ ഗാളിനെ ദുർബലപ്പെടുത്തിയതാണ് തകർച്ചക്ക് കാരണം എന്ന് വിലയിരുത്തപ്പെട്ടു.

എന്നാൽ അതങ്ങ് കടുപ്പിച്ചു കളയാം എന്നായി കടുപ്പിച്ചു. അതാണ് ഡോ ഡ് ഫ്രാങ്ക് നിയമം' കുറച്ച് നിയന്ത്രണങ്ങൾ. കുറച്ച് പ്രതിവിധികൾ. നിയമം പാസ്സായി. പക്ഷേ ആ നിയമം കൊണ്ടുവന്നവരിലൊരാളായ ഫ്രാങ്ക് ബാങ്ക് ഡയരക്ടറായതോടെ താൻ കൊണ്ടുവന്ന നിയമത്തിൽ വെള്ളം ചേർക്കണമെന്നായി മൂപ്പരുടെയും അമ്മാതിരി ബാങ്കർമാരുടെയും ആവശ്യം. ട്രഷറി - വാൾസ്ടീറ്റ് കോംപ്ലക്സ് എന്ന വിശേഷണമുണ്ടല്ലോ, അതിന്റെ ശരിമ തെളിയിച്ചു കൊണ്ട് ഇന്ന് ട്രഷറിയിൽ കണ്ടവനെ നാളെക്കാണുക വാൾസ്ട്രീറ്റിലെ ബാങ്ക് തലവനായാണ്. ഇന്നലത്തെ ബാങ്ക് തലവനെയാണ് നാളെ നിങ്ങൾ ട്രഷറിയിൽ, എന്നു വെച്ചാൽ ധനകാര്യ മന്ത്രാലയത്തലവനായി കാണുക എന്നു വന്നു അതുകൊണ്ടു തന്നെ അവർക്കിണങ്ങിയ രീതിയിൽ നിയമത്തിൽ വീണ്ടും വെള്ളം ചേർത്തു. കണ്ടാലും കൊണ്ടാലും പഠിക്കില്ല മൂലധനം എന്ന് തെളിയിച്ചു കാട്ടി. അങ്ങനെയാണ് 2018 ൽ ട്രമ്പിന്റെ കാലത്ത് ഡോഡ് ഫ്‌രാങ്ക് നിയമത്തിന്റെ പല്ലും നഖവും ഊരിക്കൊണ്ട് പുതിയൊരു നിയമം വരുന്നത്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി.

അന്ന് ആ നിയമം കൊണ്ടുവരുന്ന കാലത്ത് സെനറ്റർ എലിസബത്ത് വാറൻ നടത്തിയ പ്രസ്താവനയാണ് താഴെ.

"ഞാൻ ഒരു പ്രവചനം നടത്താം. ഈ ബില്ല് പാസ്സാവും. ബാങ്കുകളെ അവരുടെ വഴിക്ക് വിട്ടാൽ വരുന്ന പത്തു കൊല്ലത്തിനകം, മറ്റൊരു ധനപ്രതിസന്ധി വന്നുചേരും. തീർച്ചയായും. തകർച്ച നേരിടുമ്പോൾ വമ്പൻ ബാങ്കുകൾ കൈകളുയർത്തിപ്പറയും , അത് തങ്ങളുടെ കുറ്റമല്ലെന്ന് ! ആർക്കും ഇങ്ങനെയൊന്ന് വരുന്നത് കാണാനായിരുന്നില്ല എന്ന്! എന്നിട്ടവർ കോൺഗ്രസ്സിലേക്കോടും. തങ്ങളെ കരകയറ്റണമെന്ന് യാചിക്കും. നമുക്ക്  തുറന്നു പറയാം  , അവർക്ക് മിക്കവാറും കാര്യം നടന്നു കിട്ടുകയും ചെയ്യും. 2008 ലെ പോലെ തന്നെ, പണിയെടുത്ത് ജീവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കര കയറ്റലും ഉണ്ടാവില്ല. തൊഴിലുകൾ നഷ്ടപ്പെടും. ജീവിതങ്ങൾ തകരും. അമേരിക്കൻ ജനതയാണ്, ബാങ്കുകളല്ല, അതിന്റെ മുഴുവൻ ഭാരവും പേറേണ്ടി വരിക."

അവർ അന്ന് പറഞ്ഞതാണ് ഇന്ന് നടക്കുന്നത്. ഇന്ന് അവരാവശ്യപ്പെടുന്നത് ഈ തളർച്ചക്കും തകർച്ചക്കും കാരണക്കാരായവരുടെ പേരിൽ നടപടി വേണം എന്നാണ്. പക്ഷേ മാഡം, നിങ്ങൾക്ക് തെറ്റി. ഇത് അമേരിക്കയാണ്. വ്യവസ്ഥയുടെ ഓരോ കോശത്തിലുമുണ്ട് ജനവിരുദ്ധത, പതിനായിരങ്ങളെ തെരുവിലേക്കും ദുരിതത്തിലേക്കും വലിച്ചെറിഞ്ഞാലും, ഏതാനും ചില കുത്തകകൾക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമുണ്ടാക്കുകയാണ് മുതലാളിത്തത്തിന്റെ രീതി.

പക്ഷേ ആ കെട്ട വ്യവസ്ഥക്കകത്ത് നിന്നുകൊണ്ടു തന്നെ അതിനെതിരെ കലഹിക്കുന്ന ആ രീതിയുണ്ടല്ലോ, ആ ധീരതയുണ്ടല്ലാ, അത് ഏറെ അഭിനന്ദനീയമാണ്.
Hats off Madam Elizabeth Warren !


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top