28 March Thursday

'വേണ്ട സാറെ, നയിച്ചുണ്ടാക്കിക്കോളാം' കഷ്ടപാടിലും നന്മയുടെ കണിക സൂക്ഷിച്ച് ഓട്ടോഡ്രൈവറുടെ കഥ

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2016

തിരുവനന്തപുരം > കഷ്ടപാടിലും പട്ടിണിയിലും രോഗപീഡയിലും നന്മയുടെ കണിക സൂക്ഷിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ പെരുമാറ്റം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. കാറുമായി ഓട്ടോ കൂട്ടിയിടിച്ച്  ഓട്ടോറിക്ഷയ്ക്ക് ഉണ്ടായ കേടുപാട് പരിഹരിക്കാന്‍ പണം നല്‍കിയ കാറുടമയോടുള്ള ഓട്ടോ ഡ്രൈവറുടെ പെരുമാറ്റമാണ് ഗൂഗിള്‍ പ്ളസിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നത്. തന്റെ കാറില്‍ ഇടിച്ച ഓട്ടോ ഡ്രൈവറുടെ അസാധാരണവും അമ്പരിപ്പിക്കുന്നതുമായ പെരുമാറ്റത്തെ കുറിച്ച് രഞ്ജിത്ത്ആന്റണി എന്നയാളുടെ കുറിപ്പാണ് ശ്രദ്ധ നേടിയത്. പാലക്കാട് ഒലവക്കോട് സ്റ്റേഷന് മുന്നില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറുമായുള്ള സംഭാഷണങ്ങളാണ് കുറിപ്പില്‍.

രഞ്ജിത്ത് ആന്റണിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ...

നന്മയുടെ കണിക!

കഴിഞ്ഞ ശനിയാഴ്ച പാലക്കാട് ഒലവക്കോട് സ്‌‌റ്റേഷനു മുന്നിൽ വച്ച് എൻറെ കാറിൽ ഒരു ഓട്ടോ വന്നിടിച്ചു. സ്‌‌റ്റേഷനിൽ നിന്ന് ഇറങ്ങി വരുകയായിരുന്ന ഓട്ടോ മെയിൻ റോഡിലൂടെ വന്ന എൻറെ കാർ കണ്ടില്ല. ആക്സിഡൻറ് കഴിഞ്ഞ് ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ ലേശം അമ്പരപ്പുണ്ടായിരുന്നു. നാട്ടുകാരു കൈവെയ്‌‌ക്കുമൊ എന്നുള്ള പേടി. തെറ്റ് ഓട്ടോക്കാരൻറെ ഭാഗത്താണെങ്കിലും ഞാൻ കാറിലാണ്, എതിർ കക്ഷി ഓട്ടോയുമാണ്. അതിനാൽ സംഭവം വർഗ്ഗ സമരമായി മാറാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.

ഞാൻ കാറിൽ നിന്നറങ്ങി ഓട്ടോക്കാരന് പരിക്കൊന്നുമില്ലെന്ന് അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി. കാറിൻറെ ഡോർ ചളുങ്ങി പോയിരിക്കുന്നു. ഓട്ടോയുടെ ഇൻറിക്കേറ്ററും പൊട്ടിയിട്ടുണ്ട്. അപ്പഴേയ്‌‌ക്കും ചുറ്റും ആൾക്കാർ കൂടിയിരുന്നു. എന്നെ അതിശയപ്പെടുത്തി വന്നവരൊക്കെ ഓട്ടോക്കാരനെയായി വിമർശനം. നാട്ടുകാർ ന്യായത്തിൻറെ ഭാഗത്തായിരുന്നു. ഓട്ടോക്കാരൻ അതിലും പാവം. പുള്ളിയും ക്ഷമാപണമായി നിൽക്കുന്നു. ഈ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചതല്ല.

ഇൻഷുറൻസ് ക്ലെയിമിന് സ്‌‌റ്റേഷനിൽ ഒരു ജി.ഡി എൻറ്‌‌റി ആവശ്യമുള്ളത് കൊണ്ട് ഞാനും ഓട്ടോക്കാരനും പോലീസ് സ്‌‌റ്റേഷനിലെത്തി. അവിടെ കാത്തു നിൽക്കുന്ന സമയത്ത് ഓട്ടോക്കാരൻ അവൻറെ കഥ പറഞ്ഞു. കാലൊടിഞ്ഞ് 20 മാസമായി ചികിത്സയിലായിരുന്നു പാവം. ഒടിഞ്ഞ ഭാഗത്ത് നാലു ഓപ്പറേഷനുകൾ നടത്തി. പണിക്കു പോകാൻ പറ്റാതെ വരുമാനമില്ലാതെ 2 കൊല്ലത്തോളമായി കിടപ്പായിരുന്നു. സുഹൄത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഒരു പുതിയ ഓട്ടോ വാങ്ങി പണിക്കു പോയി തുടങ്ങിയിട്ട് ഒരു മാസമെ ആയിട്ടുള്ളു. പോലീസ് സ്‌‌റ്റേഷനിൽ വെയിറ്റ് ചെയ്തിരുന്ന് രണ്ട് മണിക്കൂർ പോയി. രാവിലെ അഞ്ചു മണിക്ക് ഓട്ടം തുടങ്ങിയിട്ട് 200 രൂപയെ ഉണ്ടാക്കാനായുള്ളു.

വൈകുന്നേരം നാല് മണി ആയിരുന്നു അപ്പഴേയ്ക്ക്കും. ന്യായം എൻറെ ഭാഗത്താണെങ്കിലും ഒരു ചെറിയ കുറ്റബോധം തോന്നി. ഞാനൊരു 500 രൂപ പുള്ളിക്ക് നീട്ടി. അതു വരെ ദുഖഭാവത്തിലിരുന്ന ആ മുഖം ചുവന്നു. 'വേണ്ട സാറെ, നയിച്ചുണ്ടാക്കിക്കോളാം. ഒരാഴ്ച 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യണ്ടി വരും. എന്നാലും കുഴപ്പമില്ല. സാറിന് വന്നത്ര നഷ്ടം എനിക്കില്ലല്ലൊ' എന്നാണാ മനുഷ്യൻ പറഞ്ഞത്. ഇനിയും നിർബന്ധിച്ചാൽ അഭിമാനിയായ മനുഷ്യനെ നിന്ദിക്കുക ആയിരിക്കും എന്നു മനസ്സിലാക്കിയതിനാൽ ഞാൻ പൈസ തിരിച്ചു പോക്കറ്റിലിട്ടു.

എന്നെ ആ ഓട്ടോക്കാരൻറെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് കുറെ ആലോചിച്ചു നോക്കി. സമാനമായൊരു അവസ്ഥയിൽ ന്യായത്തിനൊപ്പം നിൽക്കാനും അർഹിക്കാത്ത പണം സ്വീകരിക്കാതിരിക്കാനുമുള്ള ആർജ്ജവം ഞാൻ കാണിക്കുമൊ ?. സംശയമാണ് !.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top