26 April Friday

കൈപ്പത്തിയല്ല, ഒരുകൂട്ടം കാല്‍പ്പത്തികളാണ് ബിജെപിയെ പിടിച്ചുകെട്ടിയത്

ജിതിന്‍ ഗോപാലകൃഷ്‌ണന്‍Updated: Sunday Dec 16, 2018

കര്‍ഷകരോഷത്തിലാണ് ബിജെപിക്ക് അടിതെറ്റിയത്. ഡീമോണിട്ടൈസേഷന്‍ കാരണം തകര്‍ന്നുതരിപ്പണമായ അസംഘടിത മേഖലയും നട്ടെല്ലൊടിഞ്ഞ റൂറല്‍ എക്കണോമിയും ബിജെപിയുടെ ശവക്കുഴി തോണ്ടുമെന്ന് പ്രതീക്ഷിച്ചതാണ്. ബിജെപി നയങ്ങളോടുള്ള ഗ്രാമീണ ഇന്ത്യയുടെ വിയോജനക്കുറിപ്പാണ് ഉത്തരേന്ത്യയിലെ വിധിയെഴുത്തില്‍ കാണാന്‍ കഴിയുന്നത്. ഭരണവര്‍ഗ്ഗത്തിന്റെ നയസമീപനങ്ങള്‍ക്കെതിരെ സിപിഐഎം നേതൃത്വത്തില്‍ ഉത്തരേന്ത്യയിലാകെ ഉയര്‍ന്നുവന്ന തൊഴിലാളി-കര്‍ഷക സമരങ്ങളും ബിജെപിക്കെതിരെയുള്ള ജനവികാരത്തിന്റെ ആക്കം കൂട്ടി. കര്‍ഷകപ്രക്ഷോഭങ്ങളിലും തൊഴിലാളി മുന്നേറ്റങ്ങളിലും അവര്‍ക്കൊപ്പമില്ലാതിരുന്ന, എന്നും അവരുടെ എതിര്‍പക്ഷത്തുനിലയുറപ്പിച്ചുപോന്ന കോണ്‍ഗ്രസ്സുകാര്‍ ഇവിടങ്ങളിലെ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയത് ഇലക്ട്രല്‍ പൊളിറ്റിക്‌സിന്റെ ഇന്‍ഹെറന്റായ ന്യൂനതകള്‍ കൊണ്ടുകൊണ്ടുമാത്രമാണ്. ആന്റി ഇന്‍കമ്പന്‍സി ഫാക്റ്റര്‍ കോണ്‍ഗ്രസ്സിനനുകൂലമായിട്ടും കൃത്യമായ മാന്‍ഡേറ്റ് അവര്‍ക്ക് ലഭിക്കാത്തത് ആ പാര്‍ടിയോടുള്ള ജനവികാരമായിക്കൂടി പരിഗണിക്കേണ്ടതുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് -ബിജെപി ഇതര പാര്‍ട്ടികള്‍ മുപ്പതോളം സീറ്റുകളാണ് നേടിയത്. എക്‌സിറ്റ്‌പോളുകള്‍ 140 സീറ്റ് പ്രവചിച്ചയിടത്താണ് കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനായി തപ്പിത്തടഞ്ഞുനില്‍ക്കേണ്ടി വന്നത്. പൊതുവേ രണ്ടുപാര്‍ട്ടിക്കും ഉപരിയായി ഒരു ബദലിനെ ജനം ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാണ്. മധ്യപ്രദേശില്‍ ബിഎസ്പിയുടെ മുന്നേറ്റവും ഇത്തരുണത്തില്‍ വിലയിരുത്തേണ്ടതാണ്. പ്രീ പോള്‍ അലയന്‍സിന് കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തിയ ബിഎസ്പിയെ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതൃത്വം അവഗണിക്കുകയായിരുന്നു എന്നോര്‍ക്കണം.

ബിജെപിക്കും കോണ്‍ഗ്രസ്സിനും എതിരായി ജയസാധ്യതയുള്ള ക്രെഡിബിള്‍ ബദലുള്ളയിടങ്ങളില്‍ രണ്ടുപാര്‍ട്ടികളെയും തള്ളിക്കളഞ്ഞാണ് വിധിയെഴുത്തുണ്ടായത്. ഛത്തീസ്ഗഡിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കപ്പെട്ടതിന് വിപരീതമായി അജിത് ജോഗിയുടെ സാന്നിധ്യം ബിജെപിയുടെ വോട്ടിലാണ് വിള്ളല്‍ വീഴ്ത്തിയത്. അതുവഴിയാണ് കോണ്‍ഗ്രസ്സ് അവിടെ രക്ഷപ്പെട്ടത്. തെലങ്കാനയിലായാലും മിസോറാമിലായാലും മറ്റ് മൂന്നാം കക്ഷികളുടെ സാന്നിധ്യം കാരണം കോണ്‍ഗ്രസ്സും ബിജെപിയും നിലംതൊടാതിരുന്നത് ശ്രദ്ധിക്കുക. പൊതുവേ, ശക്തമായ മൂന്നാം ബദലുള്ള സ്ഥലങ്ങളില്‍ ബിജെപി ഇടറിവീഴുന്ന പാറ്റേണാണ് വ്യക്തമാവുന്നത്. അഞ്ചുകര്‍ഷകരെ ബിജെപി ഭരണകൂടം വെടിവെച്ചുകൊന്ന മധ്യപ്രദേശിലും ഒട്ടനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാജസ്ഥാനിലും ബിജെപിയുടെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തിയത് പടര്‍ന്നുപിടിച്ച കര്‍ഷകരോഷം തന്നെയാണ്.

രാജസ്ഥാനിലെ സിപിഐഎമ്മിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ശക്തമായ കര്‍ഷക സമരത്തിനുവേദിയായ ഭൂമികയില്‍ രണ്ടുസീറ്റുനേടിയാണ് സിപിഐഎം കറുത്തറിയിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജയിക്കാന്‍ കഴിയാതെപോയ മറ്റു സീറ്റുകളില്‍ മുഖ്യധാരാ പാര്‍ടികളെ സിപിഐഎം നല്ലവണ്ണം വിറപ്പിച്ചിട്ടുമുണ്ട്. കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാക്കളായ സഖാക്കള്‍ അമ്രാ റാമും പേമാ റാമും നിയമസഭയില്‍ ഉണ്ടാവരുതെന്നത് കോണ്‍ഗ്രസ്സ് -ബിജെപി പാര്‍ടികളുടെ ആവശ്യമായിരുന്നു. സിപിഐഎമ്മിന്റെ ഒരൊറ്റ സ്ഥാനാര്‍ത്ഥിയും ജയിക്കാതിരിക്കാനുള്ള രഹസ്യ അണ്ടര്‍സ്റ്റാന്‍ഡിങ് കോണ്‍ഗ്രസ്സിനും ബിജെപിക്കുമിടയില്‍ ഉണ്ടായിരുന്നു. അതിനിടയിലും സിപിഐഎം രണ്ടു സീറ്റുകളില്‍ ജയിച്ചുകയറുകയാണുണ്ടായത്. സംഘടിത ഇടതുപക്ഷത്തിന്റെ സമരശേഷിയെ കോണ്‍ഗ്രസ് -ബിജെപി പാര്‍ടികള്‍ കൂടുതല്‍ ഭയത്തോടെ കാണുന്ന ദിനങ്ങളാവും ഇനി രാജസ്ഥാനില്‍. വരാനിരിക്കുന്ന നാളുകള്‍ ചെങ്കൊടിയുടേതാണെന്നാണ് ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള സഖാവ് ഗിരിധര്‍ ലാല്‍ മഹിയയുടെയും സഖാവ് ബല്‍വാന്‍ പൂനിയയുടെയും ത്രസിപ്പിക്കുന്ന വിജയം കുറിക്കുന്നത്.

ആത്യന്തികമായി കോണ്‍ഗ്രസ്സും ബിജെപിയും നിയോലിബറല്‍ നയങ്ങള്‍ നിര്‍വ്വഹിക്കാനാണ് ഭരണത്തിലേറുന്നത്. കോണ്‍ഗ്രസ്സ് പ്ലസ് പശു = ബിജെപി എന്ന തമാശപോലും ഇനിമേലില്‍ നിലനില്‍ക്കില്ലെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ മാനിഫെസ്റ്റോയും രാജസ്ഥാനിലെ അവരുടെ നേതാവ് സിപി ജോഷിയുടെ പ്രസ്താവനകളും കാട്ടിത്തന്നതാണ്. കോണ്‍ഗ്രസ്സിന്റെ പൊളിറ്റിക്കല്‍ ലൈന്‍ ക്ലിയറാണ്. ഭാവിയിലെ അവരുടെ റൂട്ട് നിയോലിബറലിസത്തിന്റേതും മൃദു ഹിന്ദുത്വത്തിന്റേതും ആണെന്ന് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതുമാണ്. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് വിധി എന്തുതന്നെയായാലും ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും ചെങ്കൊടിക്കീഴിലെ കര്‍ഷകജനസാമാന്യത്തിന്റെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പോരാട്ടങ്ങള്‍ ഉത്തരേന്ത്യയിലാകെ തുടരുക തന്നെ ചെയ്യും. നാളത്തെ ജീവിതസമരങ്ങളിലേക്കാണ് ഉത്തരേന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നോട്ടം. അതിപ്പോള്‍ തങ്ങളുടെ സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ്സായാലും ബിജെപിയായാലും അവര്‍ക്ക് ചെങ്കൊടിയുമേന്തി അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയേ മതിയാവൂ. ആ പോരാട്ടങ്ങളെ നിയമനിര്‍മ്മാണ സഭകളില്‍ നിന്നും പിന്തുണക്കാന്‍, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ശബ്ദം സഭയില്‍ മുഴങ്ങിക്കേള്‍പ്പിക്കാന്‍ ചെങ്കൊടി പാര്‍ടിയുടെ രണ്ടു പ്രതിനിധികള്‍ ഇനിമുതല്‍ രാജസ്ഥാന്‍ നിയമസഭയിലുണ്ടാവുമെന്നത് അത്യന്തം ആവേശകരമായ വാര്‍ത്തയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top