19 April Friday

ഹിന്ദുത്വവാദികളെ പുളകം കൊള്ളിക്കാന്‍ വേണ്ടി രാജ്യമില്ലാതാക്കപ്പെട്ട നാല്‍പ്പത് ലക്ഷം പേര്‍

മന്‍സൂര്‍ പറമ്മേല്‍Updated: Wednesday Aug 1, 2018

മന്‍സൂര്‍ പറമ്മേല്‍

മന്‍സൂര്‍ പറമ്മേല്‍

 ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരുടെ എണ്ണം കൂടിയത് കാരണം ആസാമിന്റെ ഭാഷയും കള്‍ച്ചറും ഇല്ലാതാവുകയെന്ന കാരണം പറഞ്ഞ് ആസാം സ്റ്റുഡന്റ് യൂണിയന്റേയും ഓള്‍ ആസാം ഗണ സംഗ്രാം പരിഷത്തിന്റേയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ (കലാപത്തില്‍)  1979 മുതല്‍ 85വരെ  ആസാം കത്തിയെരിയുകയായിരുന്നു. ഏകദേശം മൂവായിരം  പേര്‍ക്ക് അതില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട് എന്നാണ് കണക്കുകള്‍. കലാപത്തിനൊടുവില്‍  അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ആസാം സ്റ്റുഡന്റ് യൂണിയനും തമ്മില്‍ ഒപ്പുവെച്ച ആസാം  അക്കോര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന  കരാറിലൂടെയായിരുന്നു അതിന് അറുതിയായത്.

കരാറിന്റെ ആകെ തുകയെന്നത് 1971 ന് ശേഷം രാജ്യത്തേക്ക് കുടിയേറിയ മുഴുവന്‍ ആളുകളെയും തിരിച്ചയക്കും എന്നതായിരുന്നു. ആസാം കലാപങ്ങള്‍ക്കും അവിടുത്തെ മുസ്ലിംകളെ രണ്ടാം തരം പൗരന്‍മാരായും കാണാന്‍ തുടങ്ങിയതിന്റെ ഔദ്യോഗികമായ ആദ്യ അനുമതിയായി ഈ കരാറിനെ വേണമെങ്കില്‍ പറയാം.

തുടര്‍ന്ന് ഇടക്കിടെ കലാപങ്ങളും സംഘര്‍ഷങ്ങളുമായി ആസാമികളുടെ വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. 1971 ന് മുമ്പ് വന്നവരെല്ലാം അവിടെ വേരുറച്ചു ചിലര്‍ എംഎല്‍എമാര്‍ വരെ ആയി. പണ്ട് കുടിയേറിയവരുടെ മക്കളെല്ലാം അവിടുത്തുകാരായി വളര്‍ന്ന് വലുതായി. 1979 ല്‍ ആണ് 1971ന് മുമ്പുള്ള  കുടിയേറ്റക്കാരെ നാടുകടത്തുന്നതെങ്കില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നെങ്കില്‍ ഇന്നത് ഒരു നാട്ടില്‍ ജനിച്ച് ആയുസ്സിന്റെ പകുതി ജീവിച്ച നാട്ടില്‍ നിന്നും ആട്ടിപ്പായിക്കുന്നതാവും.

ഇതിന്റെ  രണ്ടാം ഘട്ടം ആരംഭിക്കുന്നത് നരേന്ദ്ര മോഡി അധികാരത്തിലേറിയ ശേഷമാണ്. സംഘപരിവാരം വിദഗ്ധമായി കളി തുടങ്ങി. കുടിയേറ്റക്കാര്‍ക്കെതിരെ നിയമം പാസാക്കിയാല്‍ നേപ്പാളില്‍ നിന്നും ഭൂട്ടാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ കുടിയേറിയ ഹിന്ദുക്കളെയും കുടിയേറ്റക്കാരായി പുറന്തള്ളേണ്ടിവരും. അത് മനസ്സിലാക്കിയ സംഘപരിവാര്‍ 1955 ലെ കുടിയേറ്റ നിയമം  മാറ്റി മറിച്ചു.

1955ലെ പൗരത്വ നിയമപ്രകാരം രാജ്യത്തു ജനിക്കുന്നവരും ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്കു ജനിക്കുന്നവരും 11 വര്‍ഷം രാജ്യത്തു സ്ഥി
രതാമസമാക്കിയ വിദേശിയരും ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരാണ്. ഈ നിയമത്തില്‍ വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്. അതിന്റെ 2(1) ബി സെക്ഷനില്‍ അനധികൃത കുടിയേറ്റക്കാരെ നിര്‍വചിച്ചിക്കുന്നത് 'നിയമസാധുതയുള്ള പാസ്‌പോര്‍ട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെയും, പാസ്‌പോര്‍ട്ടും യാത്രാരേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നവര്‍ അനധികൃത കുടിയേറ്റക്കാരായിരിക്കും. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും നിയമം അനുശാസിക്കുന്നു'

ഈ നിയമം 2015ല്‍ നരേന്ദ്ര മോഡി ഗവണ്‍മെന്റ് മതപരമായി മാറ്റി തിരുത്തി. 1955 ല്‍ കുടിയേറ്റക്കാരെ നിര്‍വചിക്കുന്നതില്‍ മതപരമോയ നിര്‍വചനം ഇല്ലായിരുന്നുവെങ്കില്‍ 2015ല്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്കുള്ള ഇന്ത്യന്‍ പൗരത്വത്തിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി മുസ്ലിംകളെ മാത്രം മാറ്റി നിര്‍ത്തി. പൗരത്വം ലഭിക്കാന്‍  11 വര്‍ഷം രാജ്യത്തു സ്ഥിരതാമസമാക്കിയാല്‍  മതിയെന്നത് മുസ്ലിംകള്‍ക്ക് മാത്രമാക്കി ചുരുക്കുകയും മറ്റു മതക്കാരുടെ കാര്യത്തില്‍  ആറുവര്‍ഷമായി കുറയ്ക്കുകയും ചെയ്തു.

2015 സെപ്റ്റംബറില്‍ വരുത്തിയ ഭേദഗതി പ്രകാരം 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ  അനധികൃത കുടിയേറ്റക്കാരെ ശിക്ഷിക്കുന്നതും നാടുകടത്തുന്നതും വിലക്കിയിരുന്നു. എന്നാല്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിംകളെ മാത്രം അതില്‍ നിന്നും ഒഴിവാക്കി. ചുരുക്കി പറഞ്ഞാല്‍ 2015 ല്‍ നരേന്ദ്രമോഡി ഭേതഗതി വരുത്തിയ കുടിയേറ്റ നിയമപ്രകാരം ഹിന്ദുക്കള്‍ക്കും ജൈനര്‍ക്കും  ബുദ്ധര്‍ക്കും രാജ്യത്തേക്ക് കുടിയേറാന്‍ യാതൊരു പ്രശ്‌നവും ഇല്ല. മുസ്ലീംകള്‍ മാത്രം കുടിയേറാന്‍ പാടില്ല എന്ന നിലയിലാണ് ഭേദഗതി. ഒരു മതേതര ജനാധിപത്യ രാജ്യം മതപരമായി ജനതയെ തരം തിരിച്ച് നിയമങ്ങളുണ്ടാക്കുന്നത് എത്ര അപകടകരമാണെന്ന് ഊഹിച്ച് നോക്കൂ.

1985 ല്‍ രാജീവ് ഗാന്ധിയുമായി ഉണ്ടാക്കിയ കരാര്‍ പോലും അട്ടിമറിക്കുന്ന നിലയിലാണ് ഇന്ന് ബിജെപി ഭരിക്കുന്ന ആസാം ഗവണ്‍മെന്റും കേന്ദ്രവും കരുക്കള്‍ നീക്കുന്നത്. അന്ന് പറഞ്ഞിരുന്നത് 1971 ന് മുമ്പ് കുടിയേറിയവരെ നാടുകടത്തും എന്നായിരുന്നെങ്കില്‍ ഇന്ന് അതൊക്കെ അട്ടിമറിച്ച് ഇവിടെ ജനിച്ചവരെയൊക്കെ പൗരന്‍മാരല്ലാതാക്കുകയാണ് ചെയ്യുന്നത്.പൗരത്വ പട്ടികയിലേക്ക് അപേക്ഷിച്ച 3.29 കോടിയില്‍ അംഗത്വം നല്‍കിയത് 2.89 കോടിക്ക് മാത്രമാണ്. അതായത് ബംഗാളി ഭാഷ സംസാരിക്കുന്ന ആസാമി  ജനതയുടെ 12 ശതമാനം വരുന്ന നാല്‍പ്പത് ലക്ഷം പേര്‍ രാജ്യമില്ലാതായി തീരുന്നെന്ന് ചുരുക്കം. ഇവരില്‍ ബഹുഭൂരിപക്ഷവും മുസ്ലിംകള്‍.

അനധികൃത കുടിയേറ്റക്കാരെ തിരിച്ച് നാടുകടത്തുകയെന്നാണ് ആവശ്യമെങ്കില്‍ ഏകദേശം നാല്‍പ്പതോളം വര്‍ഷം മുമ്പ് കുടിയേറിയവരെയും അവരുടെ അടുത്ത തലമുറയെയും ഇപ്പോള്‍ നാട് കടത്തിയിട്ടെന്താണ്..?  പൗരത്വമില്ലാതായ നാല്‍പ്പത് ലക്ഷം വരുന്ന ആസാമി മുസ്ലിംകള്‍ ഇനി എവിടെ പോവും..? മനുഷ്യായുസിന്റെ മുക്കാല്‍ പങ്കും ജീവിച്ച രാജ്യത്താണ് പൗരനല്ലാതായി തീരുന്നതെന്ന് ഓര്‍ക്കണം. എല്ലാറ്റിനും പുറമെ കുടിയേറുന്ന അയല്‍രാജ്യത്തെ മറ്റു മതസ്ഥര്‍ക്ക് വേറൊരു നിയമവും മുസ്ലിംകള്‍ക്ക് വേറൊരു നിയമവും ആവുന്നതെങ്ങനെ അംഗീകരിക്കാനാവും..?

ആസാമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ പൗരത്വം നല്‍കാതെ രാജ്യമില്ലാതാക്കിയവരെ  പറ്റി പറയുമ്പോള്‍ കുറേ സംഘപരിവാര്‍ അനുഭാവികളും മുസ്ലിം വിരുദ്ധരുടെയുമൊക്കെ വാദം ഇന്ത്യയിലെ ദാരിദ്രത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബംഗ്ലാദേശി കുടിയേറ്റമാണെന്നാണ്. അതങ്ങനെ ഓളത്തില്‍ പറഞ്ഞു പോയാല്‍ പോരല്ലോ ചില കണക്കുകള്‍ കൂടി പരിശോധിക്കാം.

*ദിവസം 1.25 ഡോളര്‍ വരുമാനമില്ലാത്തവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ നിശ്ചയിച്ചിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ലോകത്ത് 872 മില്ല്യണ്‍ അത്തരക്കാരുണ്ടെന്നാണ് കണക്ക്. അതിന്റെ 20.6 ശതമാനം അതായത് 179.6 മില്ല്യണ്‍ ജനതയുള്ളത്  ഇന്ത്യയിലാണ്. ഇന്ത്യന്‍ ജനതയുടെ 23 ശതമാനവും ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരാണെന്നാണ് കണക്ക്. 2014 ലെ രങ്കരാജന്‍ കമ്മിറ്റി നിശ്ചയിച്ച കണക്ക് പ്രകാരം മാസ വരുമാനം വെറും 972 രൂപ (ദിവസം 32 രൂപ) ഇല്ലാത്തവരെയേ ബിപിഎല്‍ ലിസ്റ്റില്‍ പെടുത്തൂ.

*ലോകബാങ്ക് ദിവസം 3.20 ഡോളര്‍  ദിവസ വരുമാനമില്ലാത്തവരെ ലോവര്‍ മിഡില്‍ ക്ലാസ് എന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ആ സ്‌കെയില്‍ വെച്ച് അളന്നാല്‍ ഏകദേശം 60 ശതമാനം ഇന്ത്യന്‍ ജനതയും മാസം 4500 രൂപയില്‍ (ദിവസം 150 രൂപയില്‍) താഴെ വരുമാനം മാത്രമുള്ളവരാണ്.

*ഇനി മാസ വരുമാനം പതിനായിരം രൂപയെന്ന വളരെ ചെറിയ തുക (ദിവസം 330) സ്‌കെയിലായെടുത്താല്‍ ഇന്ത്യന്‍ ജനതയുടെ 95 ശതമാനവും അതിന് താഴെയേ വരൂ. 2015 ലെ കണക്ക് പ്രകാരം രാജ്യത്തെ 92 ശതമാനം ഭവനങ്ങളിലെയും വരുമാനം പതിനായിരം രൂപയില്‍ താഴെയാണ്.

*ഒന്ന് കൂടി തെളിച്ച് പറഞ്ഞാല്‍ നിങ്ങള്‍  മാസം 6300 രൂപ ചിലവഴിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലെ അതിന് കഴിയുന്ന അഞ്ച് ശതമാനം മാത്രം വരുന്നവരുടെ ലിസ്റ്റില്‍ പെട്ടതാണെന്ന് ചുരുക്കം...

ഇതാണ് ഇന്ത്യന്‍ ജനതയുടെ ഏകദേശ രൂപം.കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോം പുറത്ത് വിട്ട കണക്ക് പ്രകാരം കേവലം ഒരു ശതമാനത്തോളം വരുന്ന ശതകോടീശ്വരന്‍മാര്‍ ആണ് രാജ്യത്ത് ജനറേറ്റ് ചെയ്യുന്ന 73 ശതമാനം സമ്പത്തും ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ പട്ടിണിക്ക് കാരണം കുടിയേറ്റമോ മുസ്ലിംകളോ ഒന്നുമല്ല മറിച്ച് നിയോ ലിബറല്‍ നയങ്ങള്‍ മാത്രമാണ്. പത്തില്‍ ഒന്‍പത് പേരുടെ അധ്വാനവും സമ്പത്തും ഒരാള്‍ ആസ്വദിക്കുന്നത് തന്നെയാണ് കുഴപ്പം. ഈ മൂലകാരണം പറയാന്‍ സംഘികള്‍ക്ക് നൂറ് ജന്മം കഴിഞ്ഞാലും കഴിയില്ലെന്നതാണ് സത്യം. കാരണം ആ ഒരു ശതമാനത്തിലേക്ക് അടിഞ്ഞ് കൂടുന്ന കോര്‍പ്പറേറ്റ് മൂലധനമുപയോഗിച്ചാണ് ഇന്ത്യയില്‍ സംഘപരിവാരം ചീര്‍ത്ത് വന്നത് എന്നത് കൊണ്ട്തന്നെ.

നാല്‍പ്പത് ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത്..?? അവരെ എന്തായാലും ബംഗ്ലാദേശ് സ്വീകരിക്കാന്‍ പോവുന്നില്ല    അപ്പോള്‍ പിന്നെ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തുകയേ വഴിയുള്ളൂ. പൗരത്വം ഇല്ലാതായാല്‍ യാതൊരു സര്‍ക്കാര്‍ ആനുകൂല്ല്യങ്ങളും അവകാശമില്ലാതെ സ്വന്തമായി സ്ഥലം വാങ്ങാനോ ബാങ്ക് എക്കൗണ്ട് തുടങ്ങാനോ എന്തിന് ഒരു സിം കാര്‍ഡ് പോലും വാങ്ങാന്‍ കഴിയാത്ത ജനതയായി ഒരു സംസ്ഥാനത്തെ 12 ശതമാനത്തോളം വരുന്ന സമൂഹം മാറാന്‍ പോവുകയാണ്.  ഗതികേടിന്റെ അങ്ങേതലയിലെത്തുമ്പോള്‍ ആ ജനത എന്തൊക്കെയാണ് ചെയ്ത് കൂട്ടുക എന്ന് കൂടി പറയാന്‍ പറ്റില്ല. ആയുസിന്റെ മുക്കാലും ജീവിച്ച നാട്ടില്‍ പൗരനല്ലാതാവുക എന്നുവെച്ചാല്‍ താങ്ങാവുന്നതിലും അപ്പുറമാവും. തീവ്രവാദികളെ ഭരണകൂടം സൃഷ്ടിക്കുന്നതിന്റെ അള്‍ട്ടിമേറ്റ് ഉദാഹരണമായി കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആസാമിനെ ചൂണ്ടിക്കാട്ടാന്‍ ചിലപ്പോള്‍ പറ്റിയേക്കും.

ഏതായാലും ഇവരെ പുറത്താക്കാനോ ജയിലിലടക്കാനോ കഴിയില്ലെന്നിരിക്കെ പിന്നെ എന്തിനാവും സംഘപരിവാര്‍ സര്‍ക്കാര്‍ ഇത്ര തിടുക്കത്തില്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നത്..?? സംശയമെന്ത് 2019 ലെ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കാന്‍ പോവുന്ന പ്രധാന തുറുപ്പ്ചീട്ടുകളിലൊന്നാവും ആസാമിലെ നാല്‍പ്പത് ലക്ഷം മുസ്ലിം കുടിയേറ്റക്കാരെ അടിച്ചമര്‍ത്തിയ കഥ. പശു ബെല്‍ട്ടിലെ മുസ്ലിം വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാന്‍ രാമക്ഷേത്രത്തേക്കാളും  വലിയ പ്രചരണായുധം ഇത് തന്നെയാവും. ശത്രുവിനെ ആട്ടി പായിച്ച കഥ ഏതൊരു ഹിന്ദുത്വവാദിയുടെയും മനസ്  പുളകം കൊള്ളാന്‍ മാത്രമുള്ളതുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top