25 April Thursday

തൃത്താലയിൽ ഇരമ്പുന്നത് എ കെ ജി സ്‌മരണ; നെറികേടിൻ്റെ സംസ്‌കാരത്തിന് വി ടി ഭട്ടതിപ്പാടിൻ്റെ നാട് മറുപടി പറയും

വെബ് ഡെസ്‌ക്‌Updated: Sunday Mar 14, 2021

എ.കെ.ജി.ക്കെതിരായ ബലറാമിൻ്റെ നീക്കം ചരിത്രം രൂപപ്പെടുത്തിയ ഒരു വക പ്രതികാരരാഷ്ട്രീയമാണ്. അത് കോൺഗ്രസ് പാർടിയുടേതാണെന്ന് ഞാൻ കരുതുന്നില്ല. 'പാവങ്ങളുടെ വലിയ പടത്തലവൻ' എന്ന് എ.കെ.ജി.യെ വിശേഷിപ്പിച്ചത് എ.കെ.ആൻ്റണിയാണ്. അശോകൻ ചരുവിലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

തൃത്താലയിൽ ഇരമ്പുന്നത് എ.കെ.ജി.സ്മരണ.

തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ സമരമായി കാണാനാണ് എനിക്കു താൽപ്പര്യം. അതുകൊണ്ട് സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ ഗുണദോഷങ്ങൾ ചർച്ചക്കു വിഷയമാക്കാറില്ല. എങ്കിലും ചില സന്ദർഭങ്ങളിൽ വ്യക്തികളെ പരാമർശിക്കേണ്ടി വരും. ഉദാഹരണത്തിന്, നാഥുറാം വിനായക് ഗോഡ്സെ എങ്ങനെയെങ്കിലും പുനർജീവിച്ച് വന്ന് രാജ്യത്ത് എവിടെയെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വോട്ടുതേടുകയാണ് എന്നു കരുതുക. "ഇയാൾ മാഹാത്മജിയെ കൊന്നവനാണ്" എന്നു വികാരവായ്പ്പോടെ വിളിച്ചു പറയാതിരിക്കാൻ ഇന്ത്യക്കാരനായി ജനിച്ച ഒരു മനുഷ്യന് കഴിയുമോ? ഇവിടെ ആ വിളിച്ചു പറയൽ സ്ഥാനാർത്ഥിക്കെതിരായ വ്യക്തിപരമായ പരാമർശനമല്ല. കാരണം നാഥുറാം ഗോദ്സെ വ്യക്തി എന്ന നിലയിലും ഒരു രാഷ്ട്രീയമാണ്.

രണ്ടോ മൂന്നോ വർഷം മുമ്പാണ് തൃത്താല എം.എൽ.എ. ശ്രീ.വി.ടി.ബലറാം സമുന്നതനായ സ്വാതന്ത്ര്യസമരസേനാനി സഖാവ് എ.കെ.ജി.യുടെ സ്മരണയെ അപമാനിച്ചുകൊണ്ട് തൻ്റെ ഫേസ്ബുക്ക് പേജിൽ എഴുതിയത്. വലിയ മട്ടിലുള്ള ജനകീയ പ്രതിരോധം അക്കാലത്ത് എം.എൽ.എ.ക്ക് നേരെ ഉണ്ടായി. നിൽക്കക്കള്ളിയില്ലാതെ കോൺഗ്രസ്സ് പാർടി തന്നെ അദ്ദേഹത്തോട് പോസ്റ്റ് പിൻവലിക്കാനും ഖേദം പ്രകടിപ്പിക്കാനും ആവശ്യപ്പെട്ടു. അദ്ദേഹം അതിനു തയ്യാറായില്ല. അത്തരം ഒരാൾ വീണ്ടും ജനവിധി തേടുമ്പോൾ "ഇയാളാണ് എ.കെ.ജി.സ്മരണയെ അപമാനിച്ചത്" എന്ന് മണ്ണിൽ ചവിട്ടിനിൽക്കുന്ന മലയാളിക്ക് പറയാതിരിക്കാനാവുമോ?.

അങ്ങനെ പറയുന്നത് സ്ഥാനാർത്ഥിക്കെതിരായ വ്യക്തിപരാമർശമായി കാണാനാവില്ല. കാരണം എ.കെ.ജി.ക്കെതിരായ ബലറാമിൻ്റെ നീക്കം ചരിത്രം രൂപപ്പെടുത്തിയ ഒരു വക പ്രതികാരരാഷ്ട്രീയമാണ്. അത് കോൺഗ്രസ് പാർടിയുടേതാണെന്ന് ഞാൻ കരുതുന്നില്ല. 'പാവങ്ങളുടെ വലിയ പടത്തലവൻ' എന്ന് എ.കെ.ജി.യെ വിശേഷിപ്പിച്ചത് എ.കെ.ആൻ്റണിയാണ്. സ്വാതന്ത്ര്യസമരത്തിലെ ഈ വീരനായകൻ മണ്ണിനു വേണ്ടി ഇന്ത്യൻ കർഷകൻ നടത്തിയ എല്ലാ സമരത്തിലും മുന്നിലുണ്ടായിരുന്നു. ബഹിഷ്കൃതൻ്റെ ശബ്ദം ഇന്ത്യൻ പാർലിമെൻ്റ് കേട്ടത് ഈ ജനനായകൻ്റെ ഹൃദയഭാഷയിലായിരുന്നു. അധസ്ഥിതന് വഴിനടക്കാൻ വേണ്ടി പയ്യന്നൂരിലും ക്ഷേത്രത്തിൽ കടക്കാനായി ഗുരുവായൂരിലും സമരം ചെയ്ത് ക്രൂരമായ മർദ്ദനങ്ങൾ  ഏറ്റുവാങ്ങിയ ഈ നവോത്ഥാന നായകൻ എക്കാലത്തും കക്ഷിഭേദമന്യേ കേരളീയ മനസ്സുകളിൽ തിളങ്ങി നിൽക്കുന്നു.

ഗുരുവായൂർ സത്യഗ്രഹത്തിൽ സമരഭടന്മാർക്കൊപ്പം ഭജന പാടി മുന്നോട്ടു നടന്ന എ.കെ.ജി.യെ സവർണ്ണ പൗരോഹിത്യത്തിൻ്റെ ഗുണ്ടകൾ അടിച്ചുവീഴ്ത്തി. ക്രൂരമായ മർദ്ദനത്തിന് വിധേയനായ അദ്ദേഹത്തിന് ഒരാഴ്ച കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. എ.കെ.ജി.യുടേയും പി.കൃഷ്ണപിള്ളയുടേയും ചോര ഗുരുവായൂർ നടയിൽ ഒഴുകിയെങ്കിലും പൗരോഹിത്യത്തിന് തോറ്റു പിൻമാറേണ്ടി വന്നു. കേരളത്തിലെ വഴികൾ അവർണ്ണർക്കായി തുറന്നു.

നവോത്ഥാന മുന്നേറ്റത്തിൽ പരാജയപ്പെട്ടു പിൻവാങ്ങിയ ജന്മി നാടുവാഴി പൗരോഹിത്യ പുരുഷമേധാവിത്തമാണല്ലോ ഇവിടെ ആർ.എസ്.എസ്. ആയി പുനരുത്ഥാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ്സിലെ ആർ.എസ്.എസുകാരിൽ ഒരാളാണ് ശ്രി.വി.ടി.ബലറാം എം.എൽ.എ.  ഗുരുവായൂരിലെ പഴയ പൗരോഹിത്യഗുണ്ടകൾ ബാക്കിവെച്ച പ്രതികാരത്തിൻ്റെ വ്രണമാണ് അദ്ദേഹത്തിലൂടെ പൊട്ടിയൊഴുകുന്നത്.

1977 ൽ മരിക്കുമ്പോൾ സഖാവ് എ.കെ.ജി. പാലക്കാട്ടുനിന്നുള്ള പാർലിമെൻ്റ് അംഗമായിരുന്നു. രണ്ടുവട്ടം പാലക്കാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച എം.ബി.രാജേഷ് തൃത്താലയിൽ ഇപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തൃത്താലയിൽ മത്സരിക്കുന്നു.

എ.കെ.ജി.യെ പിന്തുടരുന്ന ജനകീയ നേതാവാണ് എം.ബി.രാജേഷ്. ജ്ഞാനവും സമരവും സമ്മേളിക്കുന്ന സ്നേഹസമ്പന്നൻ. സംസ്കാരസമ്പന്നമായ വാക്കുകൾ കൊണ്ട് മുൻപ് പാർലിമെൻ്റിനെ എന്ന പോലെ ഇപ്പോൾ സമകാലിക രാഷ്ട്രീയ സംവാദങ്ങളെ പ്രകാശമാനമാക്കിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിലെ രണ്ട് സംസ്കാരങ്ങളാണ് തൃത്താലയിൽ ജനവിധി തേടുന്നത്. മഹാനായ എ.കെ.ജി.യെ അപമാനിച്ച നെറികേടിൻ്റെ സംസ്‌കാരത്തിന് രാജ്യത്തിനു വേണ്ടി വി ടി ഭട്ടതിപ്പാടിൻ്റെ നാട് മറുപടി പറയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top