26 April Friday

രാജ്യം ഭരിക്കുന്ന ബ്രാഹ്മണിക് സ്വത്വരാഷ്ട്രീയത്തെ കാണാതിരിക്കരുത്: അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

കൊച്ചി>ജാതിയുടേയും മതത്തിൻ്റേയും അടിസ്ഥാനത്തിൽ സംഘടിക്കാൻ മലയാളിക്കു പോലും ഒരു മടിയുമില്ലാതായിരിക്കുയാണെന്നും അതേസമയം ബിജെപി എന്ന പേരിൽ രാജ്യത്ത് അധികാരത്തിൽ വന്നിരിക്കുന്നത് വ്യവസ്ഥാപിത പൗരോഹിത്യ സാംസ്കാരിക സ്വത്വവാദമാണ് എന്ന വസ്തുത പലപ്പാഴും മനസിലാക്കുന്നില്ലെന്നും സാഹിത്യകാരൻ അശോകൻ ചരുവിൽ പറഞ്ഞു.

ബ്രാഹ്മണിക് രാഷ്ട്രീയ ഹിന്ദുത്വത്തിൻ്റെ അധികാരലബ്ദി വലിയ മട്ടിലുള്ള ആവേശം യാഥാസ്ഥിതിക മേൽജാതി സമൂഹങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നു. അതിൻ്റെ ഭാഗമായി അവർ സംഘടിക്കുന്നു. ആയുധമെടുക്കുന്നു.അതിന്റെ ഭാഗമായി സംഘർഷങ്ങൾ ണ്ടാക്കുന്നു. എല്ലായിനം സ്വത്വവാദങ്ങളുടേയും ഉറവിടം അധികാരത്തിലിരിക്കുന്ന ബ്രാഹ്മണിക് സ്വത്വവാദമാണ്. സ്വത്വരാഷ്ടീയത്തെ കാടടച്ച് വിമർശിക്കുമ്പോൾ നാം ഇക്കാര്യം മറന്നു പോകരുതെന്നും അശോകൻ ചരുവിൽ എഫ് ബി പോസ്റ്റിൽ പറഞ്ഞു. 

പോസ്റ്റ് ചുവടെ

ഇന്ത്യയിലെ വിവിധ ജാതി, മത, ഭാഷാ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ തങ്ങളുടെ ഭക്ഷണം, വസ്ത്രം, ജീവിതരീതികൾ എന്നിവയെ സംബന്ധിച്ച് മുൻപില്ലാത്ത വിധം ആവേശഭരിതരായി കാണുന്നു. ജാതിയുടേയും മതത്തിൻ്റേയും അടിസ്ഥാനത്തിൽ സംഘടിക്കാൻ മലയാളിക്കു പോലും ഒരു മടിയുമില്ല. മറ്റൊരു ഭാഷയിൽ സ്വത്വവാദവും അതിൻ്റെ അതിർകടന്ന രൂപമായ സ്വത്വരാഷ്ട്രീയവും ശക്തിപ്പെടുന്നു എന്നു പറയാം. അതേ സമയം സ്വത്വരാഷ്ട്രീയത്തിൻ്റെ വളർച്ചക്ക് എന്തു സാഹചര്യമാണ് പുതുതായി രാജ്യത്തുണ്ടായിരിക്കുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്.

പൊതുവെ ന്യൂനപക്ഷ, പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങളിൽ ഉണ്ടാവുന്ന സാംസ്കാരിക കേന്ദ്രീകരണങ്ങളെയാണ് സ്വത്വവാദമായി നാം കാണുക. അവയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്യും. ഭരണവർഗ്ഗത്തിൻ്റേയും വ്യവസ്ഥാപിത സാംസ്കാരിക വിഭാഗങ്ങളുടെയും സ്വത്വരാഷ്ട്രീയനീക്കങ്ങളും സംഘടിതശക്തിയും കേന്ദ്രീകരണവും പലപ്പോഴും ശ്രദ്ധയിൽപ്പെടുന്നില്ല എന്ന അപകടമുണ്ട്. ബി.ജെ.പി. എന്ന പേരിൽ രാജ്യത്ത് അധികാരത്തിൽ വന്നിരിക്കുന്നത് വ്യവസ്ഥാപിത പൗരോഹിത്യ സാംസ്കാരിക സ്വത്വവാദമാണ് എന്ന വസ്തുത പലപ്പാഴും കാഴ്ചയിൽ വരുന്നില്ല. തങ്ങളെ ആക്രമിക്കുന്ന അടിച്ചമർത്തുന്ന ഒരു മേധാവിത്തസ്വത്വത്തിൻ്റെ അധികാരാരോഹണം പിന്നാക്കവിഭാഗങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ചെറുതും വലുതുമായ സാംസ്കാരിക സ്വത്വവാദങ്ങളെ സൃഷ്ടിക്കുന്നതും ശക്തിപ്പെടുത്തുന്നതും ഈ ഭീതിയാണ്. "ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷം ഉണ്ടാവുന്നത്; മറിച്ചല്ല" എന്ന് ഭരണഘടന അസംബ്ലിയിൽ അംബേദ്കർ നടത്തിയ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.

ബ്രാഹ്മണിക് രാഷ്ട്രീയ ഹിന്ദുത്വത്തിൻ്റെ അധികാരലബ്ദി വലിയ മട്ടിലുള്ള ആവേശം യാഥാസ്ഥിതിക മേൽജാതി സമൂഹങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നു. അതിൻ്റെ ഭാഗമായി അവർ സംഘടിക്കുന്നു. ആയുധമെടുക്കുന്നു. അതിലൂടെ തങ്ങളുടെ പൗരോഹിത്യമേധാവിത്തത്തെ ഉദ്ഘോഷിക്കുക മാത്രമല്ല; ഉത്തരേന്ത്യയിലും മറ്റും ദളിതനെ തോട്ടിപ്പണിയെടുക്കാൻ നിർബന്ധിക്കുന്നുമുണ്ട്. അതിൻ്റെ ഭാഗമായി അവിടങ്ങളിൽ സംഘർഷമുണ്ടാകുന്നുണ്ട്. ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സവർണ്ണ സ്വത്വരാഷ്ടീയമാണ് കേരളത്തിൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ കലാപമുണ്ടാക്കിയത്. ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കുണ്ടായിരുന്ന നിരവധി സൗജന്യങ്ങളും സ്കോളർഷിപ്പുകളും കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾക്കിടയിൽ വെട്ടിക്കുറക്കപ്പെട്ടു.

നമ്മുടെ കേരളത്തിലേക്കു നോക്കൂ. അടുത്ത കാലത്ത് ഏതു വിഭാഗങ്ങളാണ് ഇവിടെ ജാതിയുടെ പേരിൽ സംഘടിച്ചു കൊണ്ടിരിക്കുന്നത്? ദളിത് പിന്നാക്ക സമുദായ സംഘടനകൾ സാമൂഹ്യമുന്നേറ്റത്തിൻ്റെ ഭാഗമായി സംഘടിക്കപ്പെട്ടത് ചരിത്രമാണ്. നവോത്ഥാനത്തിൻ്റെ ഭാഗമായി നടന്ന ജനാധിപത്യവൽക്കരണം അത്തരം സമൂഹങ്ങളിൽ നിന്ന് ജാതി ബോധത്തെ നിർമ്മാർജനം ചെയ്തു. അതു കൊണ്ടു തന്നെ പിന്നാക്ക സമുദായ സംഘടനകൾ ഇന്ന് ശക്തമല്ല. ദൗത്യം കഴിഞ്ഞ് നിലനിൽക്കുന്ന അവയിൽ പലതും ഇന്ന് ശിഥിലമായിക്കൊണ്ടിരിക്കുന്നു. പുലയ മഹാസഭ തമ്മിലടിച്ച് പിളരുന്ന കാലത്ത് പുഷ്പകസമാജം ശക്തിപ്പെടുന്നു എന്ന വസ്തുത കാണാതിരിക്കരുത്. പത്രമെടുത്തു നോക്കൂ: സവർണ്ണ ജാതി വിഭാഗക്കളുടെ സംഘടിത മുന്നേറ്റത്തിൻ്റെ ആഘോഷമാണ് കാണുന്നത്. വാര്യർ സമാജം, പിഷാരടി സമാജം. നായർ സംഘം. ദളിതനും സംവരണവുമാണ് ജാതിയുണ്ടാക്കുന്നത് എന്ന് പറയുകയും ഒപ്പം തങ്ങളുടെ കുഞ്ഞുങ്ങളെ അനുരാധവർമ്മയായും രാഹുൽ നമ്പീശനായും വാൽകെട്ടിച്ചു വിടുകയും ചെയ്യുന്നു. കുടുമ മുറിച്ച, പൂണൂൽ കരിച്ച, ഘോഷ ബഹിഷ്ക്കരിച്ച വി.ടി.യുടേയും ഇ.എം.എസിൻ്റേയും യോഗക്ഷേമസഭയല്ല ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യനെ വീണ്ടും ബ്രാഹ്മണനാക്കാനുള്ള ശ്രമങ്ങളാണ് അവരുടെ അജണ്ടയിലുള്ളത്. നാളെ സുരി നമ്പൂതിരിപ്പാടിൻ്റെ പേരിൽ കോളേജ് ആരംഭിച്ചാൽ അത്ഭുതപ്പെടാനില്ല. ഈ സവർണ്ണ പുനരുത്ഥാനം ദളിത്, പിന്നാക്ക, ന്യുനപക്ഷ സമുഹങ്ങളെ അപകടകരമായ സ്വത്വരാഷ്ട്രീയത്തിലേക്ക് നയിച്ചേക്കാം. ന്യൂനപക്ഷ വർഗീയത പോലെ പിന്നാക്ക സത്വരാഷ്ട്രീയവും ആ ജനവിഭാഗങ്ങൾക്കു തന്നെ ആപത്താണ്.

എല്ലായിനം സ്വത്വവാദങ്ങളുടേയും ഉറവിടം അധികാരത്തിലിരിക്കുന്ന ബ്രാഹ്മണിക് സ്വത്വവാദമാണ്. സ്വത്വരാഷ്ടീയത്തെ കാടടച്ച് വിമർശിക്കുമ്പോൾ നാം ഇക്കാര്യം മറന്നു പോകരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top