31 May Wednesday

"പ്രിയപ്പെട്ട സണ്ണി കപിക്കാട്, ജനങ്ങൾ നരകയാതന അനുഭവിക്കലാണ് ജനാധിപത്യം എന്ന്‌ പറയുന്നത് കടന്നകയ്യാണ്'; അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 25, 2021

ഞാൻ കൂടുതലൊന്നും എഴുതുന്നില്ല. പ്രിയപ്പെട്ട സണ്ണി കപിക്കാട്, യു.ഡി.എഫ്. അധികാരത്തിൽ വരണം എന്ന് ചിന്തിക്കാനും പ്രചരിപ്പിക്കാനും അങ്ങേക്ക്ക്ക് എല്ലാ അവകാശവുമുണ്ട്. പക്ഷേ ജനങ്ങൾ നരകയാതന അനുഭവിക്കലാണ് ജനാധിപത്യം എന്നൊക്കെ പറയുന്നത് കടന്നകയ്യാണ്. അശോകൻ ചരുവിലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ജനാധിപത്യവും സണ്ണി കപിക്കാടും:

ലേഖനത്തിനുള്ള പ്രതിഫലം വൈകിയപ്പോൾ പണ്ട് നമ്മുടെ സാക്ഷാൽ വി.കെ.എൻ. ദേശാഭിമാനി പത്രാധിപർക്ക് ഇങ്ങനെ ഒരു കത്തയച്ചതായി പറയപ്പെടുന്നു: "എഴുത്തുകാരന് കഞ്ഞി കുടിക്കാനുള്ള വക കിട്ടിയാൽ വിപ്ലവം വൈകും എന്നു കരുതരുത്."അങ്ങനെയൊരു ധാരണ പൊതുവെ ഉണ്ടല്ലോ. "പട്ടിണിയും കഷ്ടപ്പാടുമാണ് വിപ്ലവം ഉണ്ടാക്കുന്നത്. "എന്തായാലും കമ്യൂണിസ്റ്റ് പാർടിയും ദേശാഭിമാനിയും അങ്ങനെ കരുതുന്നുണ്ടാവില്ല. പട്ടിണി കിടക്കുന്നവൻ മരിച്ചു പോവുക എന്നതല്ലാതെ സാമൂഹ്യപരിവർത്തനം ഉണ്ടാക്കിയ ചരിത്രമില്ല. ന്യായമായ കൂലി ചോദിച്ചു വാങ്ങുന്ന, അതുകൊണ്ട് ഭക്ഷണം കഴിക്കുന്ന, പുസ്തകം വാങ്ങി വായിക്കുന്ന ആധുനിക തൊഴിലാളിയാണ് വിപ്ലവമുണ്ടാക്കുന്നത് എന്നാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പറയുന്നത്. ഈയൊരു ധാരണ ഉള്ളതുകൊണ്ടാണ് കമ്യൂണിസ്റ്റു പാർടികൾ കൂലി കൂടുതലിനു വേണ്ടി സമരം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ദേശാഭിമാനി വാരിക എക്കാലത്തും എഴുത്തുകാർക്ക് കൃത്യമായി പ്രതിഫലം കൊടുക്കാറുണ്ട്. അതിൻ്റെ ഒരനുഭവസ്ഥനാണ് ഈ ലേഖകൻ.

സംസ്ഥാനത്തെ ദളിത് ജനവിഭാഗങ്ങളെ കമ്യൂണിസ്റ്റ് ദുർഭൂതത്തിൽ രക്ഷിക്കാൻ വേണ്ടി അവതരിച്ച മിശിഹയാണത്രെ ശ്രി. സണ്ണി കപിക്കാട്. കമ്യൂണിസ്റ്റ് വിരുദ്ധനാണെങ്കിലും വിപ്ലവത്തിൽ കക്ഷിക്ക് വലിയ താൽപ്പര്യമുണ്ട്. അതുകൊണ്ട് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് യു.ഡി.എഫ്. ഭരണത്തിൽ വന്നു കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. എൽ.ഡി.എഫ്. വീണ്ടും വന്നാൽ പെൻഷനും ജനക്ഷേമ പ്രവർത്തനങ്ങളും വികസനവും തുടരും. അഴിമതി കുറയും. അതിൻ്റെ ഫലമായുണ്ടാകുന്ന സ്വസ്ഥമായ മനുഷ്യജീവിതം ജനാധിപത്യത്തിന് ഭൂഷണമല്ല. അദ്ദേഹം പറയുന്നു: "instability ആണ് വേണ്ടത്. പ്രശ്നങ്ങൾ ഉണ്ടാവണം. വീഴ്ചയില്ലാത്ത എല്ലാ കാര്യങ്ങളും ചെയ്തു തരുന്ന ഒരു ഭരണമല്ല ജനാധിപത്യത്തിൻ്റെ മുഖമുദ്ര. അതുകൊണ്ട് പിണറായി വിജയൻ വന്ന് ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് ജനാധിപത്യത്തിന് ഒരു ഭീഷണിയാണ്."
(സണ്ണിച്ചേട്ടൻ പറഞ്ഞതിൽ "ഭയങ്കര അർത്ഥണ്ട്" എന്നാണ് ഇവിടെ തൃശൂരിൽ ഹരിത ഗോപിയേപ്പോലുള്ള ആരാധകർ പറയുന്നത്.)

ഞാൻ കൂടുതലൊന്നും എഴുതുന്നില്ല. പ്രിയപ്പെട്ട സണ്ണി കപിക്കാട്, യു.ഡി.എഫ്. അധികാരത്തിൽ വരണം എന്ന് ചിന്തിക്കാനും പ്രചരിപ്പിക്കാനും അങ്ങേക്ക്ക്ക് എല്ലാ അവകാശവുമുണ്ട്. പക്ഷേ ജനങ്ങൾ നരകയാതന അനുഭവിക്കലാണ് ജനാധിപത്യം എന്നൊക്കെ പറയുന്നത് കടന്നകയ്യാണ്. പ്രളയവും മഹാമാരിയും ഉണ്ടായപ്പോൾ തൊഴിൽ ചെയ്യാനാവാതെ പ്രതിസന്ധിയിൽ പെട്ട പാവങ്ങൾക്ക് പെൻഷനും സൗജന്യ ഭക്ഷണവും ചികിത്സയും പാർപ്പിടവും നൽകി എന്ന കുറ്റമാണല്ലോ അങ്ങ് എൽ.ഡി.എഫ്. സർക്കാരിനെതിരെ ആരോപിക്കുന്നത്. ഞാൻ ഒരു കാര്യം താങ്കളെ ഓർമ്മിപ്പിക്കട്ടെ. പ്രളയവും മഹാമാരിയും ലോകത്ത് ആദ്യമായി ഉണ്ടായതല്ല. ലോകയുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ആരും വന്ന് രക്ഷിക്കാനില്ലാതെ ജനകോടികൾ പട്ടിണി കിടന്ന് മരിച്ചിട്ടുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും അതതു പ്രദേശങ്ങളിലെ ദളിത് ജനവിഭാഗങ്ങളായിരുന്നു. അവരുടെ മൃതദേഹങ്ങൾ അന്ന് സംസ്ക്കരിക്കപ്പെട്ടിരുന്നില്ല. നാം നടക്കുന്ന മണ്ണിൽ അവരുടെ ജീവൻ്റെ നനവുണ്ട്.
മുൻ നക്സലൈറ്റ് നേതാവ് കെ.വേണു ശാസ്ത്രം പഠിച്ചയാളാണെന്നു കേട്ടിട്ടുണ്ട്.

നിരന്തര പരീക്ഷണങ്ങളായിന്നുവത്രെ അദ്ദേഹത്തിന് ജീവിതം. പിന്നീട് അദ്ദേഹം സമൂഹികരംഗത്തേക്ക് കടന്ന് അവിടെയും തൻ്റെ ഒറ്റയാൾ പരീക്ഷണങ്ങൾ കുറെ നടത്തി. സണ്ണി കപിക്കാടും ആ വഴിയിലാണെന്നു തോന്നുന്നു. ഗവേഷണവും പരീക്ഷണവും നല്ലതാണ്. പക്ഷേ ഒരു കാര്യം ഓർമ്മിക്കണം. ന്യായമായ വേലയും കൂലിയുമില്ലാത്ത കിടപ്പാടവും കൃഷിയിടവുമില്ലാത്ത ജനലക്ഷങ്ങൾ ദളിതരിൽ ബാക്കിയുണ്ട്. അവർ ആരുടേയും പരീക്ഷണ വസ്തുക്കളല്ല. ജീവിക്കാൻ അവർക്കും അവകാശമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top