24 April Wednesday

ഗുരുവിനെ ജാതിയും മതവും തിരിച്ച്‌ ചാരായകച്ചവടത്തിനും വോട്ടുകച്ചവടത്തിനും ഉപയോഗിച്ചവർ ഇപ്പോൾ വിരണ്ടിരിക്കുന്നു ; അവർക്കിനിയും മാപ്പില്ല: അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020

 ചരിത്രത്തിൽ ആദ്യമായി ഖജനാവിലെ പണമെടുത്ത് ഗുരുസ്മാരകമായി തിരുവനന്തപുരത്ത് പ്രതിമ സ്ഥാപിക്കുകയും, കൊല്ലത്ത് സർവ്വകലാശാല തുടങ്ങുകയും ചെയ്തതിലൂടെ ഗുരു മനുഷ്യകുലത്തിനു മുഴുവൻ അവകാശപ്പെട്ടതാണെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം ചെയ്തിരിക്കുന്നത്‌ പുരോഗമനകലാസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. ഗുരുവിനെ തങ്ങളുടെ ജാതിയുടേയും മതത്തിൻ്റെയും മാത്രം ആളാക്കി, ചാരായക്കച്ചവടത്തിനും കോൺട്രാക്ട് പിടുത്തത്തിനും, വോട്ടുകച്ചവടത്തിനുമുള്ള അടയാളമാക്കി ഉപയോഗിച്ചിരുന്നവർ വിരണ്ടിരിക്കുന്നു. യൂണിവേഴ്സിറ്റിയിലെ നിയുക്ത വൈസ് ചാൻസലറുടെ ജാതിയും മതവും അന്വഷിക്കുന്ന ജന്തുക്കളേ ഗുരു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം നിങ്ങളുടെ ചെവിട്ടത്ത് അടിക്കുകയില്ലെന്നും ഒരു ജീവിയും കായികമായി വേദനിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും ഫേസ്‌ബുക്പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

ഗുരുവിൻ്റെ ജാതിയും മതവും
കൊല്ലത്ത് സ്ഥാപിതമായിരിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ നിയുക്ത വൈസ് ചാൻസലറുടെ ജാതിയും മതവും അന്വഷിക്കുന്ന ജന്തുക്കളോട് ഒരു വാക്ക്: ഗുരു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം നിങ്ങളുടെ ചെവിട്ടത്ത് അടിക്കുകയില്ല. കാരണം, ഒരു ജീവിയും കായികമായി വേദനിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. "അനുകമ്പാദശകം" നമ്മുടെ മുന്നിലുണ്ടല്ലോ:
"ഒരു പീഡയെറുമ്പിനും വരു
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും."

ചരിത്രത്തിൽ ആദ്യമായി ഖജനാവിലെ പണമെടുത്ത് ഗുരുസ്മാരകമായി തിരുവനന്തപുരത്ത് പ്രതിമ സ്ഥാപിക്കുകയും, കൊല്ലത്ത് സർവ്വകലാശാല തുടങ്ങുകയും ചെയ്തതിലൂടെ ഗുരു മനുഷ്യകുലത്തിനു മുഴുവൻ അവകാശപ്പെട്ടതാണെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം ചെയ്തിരിക്കുന്നത്. ഇത് ഗുരുചരിത്രത്തിലെ മഹത്തായ വഴിത്തിരിവാണ്. അതോടെ ഗുരുവിനെ തങ്ങളുടെ ജാതിയുടേയും മതത്തിൻ്റെയും മാത്രം ആളാക്കി, ചാരായക്കച്ചവടത്തിനും കോൺട്രാക്ട് പിടുത്തത്തിനും, വോട്ടുകച്ചവടത്തിനുമുള്ള അടയാളമാക്കി ഉപയോഗിച്ചിരുന്നവർ വിരണ്ടിരിക്കുന്നു.

ഗന്ധമറിയാതെ കുങ്കുമം ചുമന്നു നടന്ന ഈ കഴുതകളാണ് ഇത്രകാലവും ഗുരു എന്ന സൂര്യവെളിച്ചത്തെ മറച്ചു പിടിച്ചിരുന്നത്. ക്രിസ്തുമതം സ്നേഹത്തിൻ്റെ മതമാണെന്നും ഇസ്ലാം മതത്തിൻ്റെ ലക്ഷ്യം കരുണ സ്ഥാപിക്കലാണെന്നും കണ്ടെത്തിയ ഗുരു എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്ന് ഉദ്ഘോഷിച്ചു. എല്ലാ മതചിന്തകളും മറ്റ് മാനവിക ദർശനങ്ങളും പഠിച്ചശേഷം ഒരാളുടെ മനസ്സിൽ രൂപം കൊള്ളുന്ന ദർശനമായിരിക്കണം അയാളുടെ മതം എന്ന് ഗുരു പറഞ്ഞു. ഒരു വീട്ടിൽ വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഒരുമിച്ചു താമസിക്കാൻ കഴിയണം.  അനുനിമിഷം മനുഷ്യമനസ്സിൽ മതംമാറ്റം സംഭവിക്കുന്നുണ്ട്.

ലോകത്തിൻ്റെ മുറിവിന് ദിവ്യൗഷധമായ ഗുരുസന്ദേശത്തെ ഇത്രകാലവും തൻ്റെ ജാതിയുടേയും തൻ്റെ മതത്തിൻ്റേയും ചെപ്പിലടച്ചു വെച്ചു കച്ചവടം ചെയ്തവർക്ക് ഇനിയും മാപ്പു കൊടുക്കാൻ കേരളത്തിന് കഴിയില്ല.


അശോകൻ ചരുവിൽ
10 10 2020


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top