03 June Saturday

'ഗുരുവിനെ ഇനി വെടിവെച്ചുകൊല്ലാൻ കഴിയില്ലല്ലോ'...നിശ്ചലദൃശ്യ വിവാദത്തിൽ അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

റിപ്പബ്ലിക്ക് പരേഡിനുള്ള കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിൽ നിന്ന് ശ്രീനാരായണഗുരുവിനെ ഒഴിവാക്കണം എന്ന കേന്ദ്രസർക്കാർ നിർദ്ദേശം പ്രധാനപ്പെട്ട പല സംഗതികളേയും വെളിവാക്കുന്നുണ്ട്. സംഘപരിവാർ ഗുരുവിനെ ശരിക്കും തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഇതിലൂടെ വെളിവാകുന്ന ഒന്നാമത്തെ കാര്യം. കൈക്കലാക്കാനുള്ള ശ്രമത്തിൽ കൈപൊള്ളിയതിൻ്റെ കെറുവിലാണ് ആർ.എസ്.എസ്. ഇനി ഗുരുവിനെ അവഗണിക്കാനും അപമാനിക്കാനുമുള്ള ശ്രമമാണ് അവരിൽ നിന്നുണ്ടാവുക. (ഗാന്ധിയെ ചെയ്തപോലെ വെടിവെച്ചു കൊല്ലാൻ ഇനി നിവർത്തിയില്ലല്ലോ.)

നാരായണഗുരുവിനെ ഹിന്ദുവാക്കാനും ഹിന്ദുസന്യാസിമാരുടെ ഗണത്തിൽപ്പെടുത്താനും ഇതരമതവിദ്വേഷ പ്രചരണത്തിനുള്ള ആയുധമാക്കാനുമുള്ള നീണ്ടകാലത്തെ കഠിനപരിശ്രമങ്ങളാണ് അവർ നടത്തിയത്. അതിലേക്കായി ആർ.എസ്.എസ്.സൈദ്ധാന്തികൻ പി.പരമേശ്വരൻ ഒരു ഗ്രന്ഥം തന്നെ രചിച്ചിരുന്നു. പക്ഷേ ഗുരുവിൻ്റെ ജീവിതവും കൃതികളും വിശകലനം ചെയ്തുവന്നപ്പോൾ പരമേശ്വരന് അടിതെറ്റി. അവസാനം പല പുസ്തകങ്ങളിൽ നിന്നുമായി ഗുരുവിൻ്റെ ജീവിതകഥ പകർത്തിവെച്ച് തടികയ്ച്ചലാക്കുകയാണ് പരമേശ്വരൻജി ചെയ്തത്.

ഇതരമതങ്ങളോടുള്ള വിദ്വേഷവും പകയും മനസ്സിൽ വെച്ച് ഗുരുവിനെ സമീപിച്ചാൽ സമീപിക്കുന്നവർ ഭസ്മമായി തീരുമെന്ന് കുറച്ചൊരു അലങ്കാരികമായിത്തന്നെ ഈ ലേഖകൻ മുൻപ് എഴുതിയിട്ടുണ്ട്. പ്രബുദ്ധകേരളം വിളംബരം, ദേശാഭിമാനി(ടി.കെ.മാധവൻ)യിൽ റിപ്പോർട്ടുചെയ്ത കൊല്ലം പ്രഭാഷണം, സി.വി.കുഞ്ഞുരാമനുമായി നടത്തിയ (രേഖപ്പെടുത്തപ്പെട്ട) ദീർഘസംഭാഷണം, ആലുവയിൽ വിളിച്ചു ചേർത്ത സർവ്വമതസമ്മേളനത്തിലെ സ്വാഗതപ്രസംഗം, സമാപനസന്ദേശം എന്നിവ മാത്രമല്ല; അനശ്വരകൃതികളായ ആത്മോപദേശശതകവും, അനുകമ്പാദശകവും വിഭജനവാദിയായ ഒരു വർഗ്ഗീയരാഷ്ട്രീയക്കാരനെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യും.

ഗുരുവിനെ തള്ളിക്കളഞ്ഞ് പകരം ശങ്കരാചാര്യരെ സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഗുരു?എന്നതിൻ്റെ കൃത്യമായ ഉത്തരം ശിവഗിരിമഠം ഇന്നലത്തെ പ്രതിഷേധപ്രസ്ഥാവനയിൻ നൽകിയിട്ടുണ്ട്. "ശങ്കരാചാര്യർ ഒരുവിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുമ്പോൾ ഗുരു കേരളത്തിലെ മുഴുവൻ മതങ്ങളേയും രാഷ്ട്രീയത്തേയും ജനതയേയും പ്രതിനിധീകരിക്കുന്നു." അതിനേക്കാൾ മനോഹരമായ ഉത്തരം ഗുരുതന്നെ ജീവിതകാലത്തു നൽകിയിട്ടുണ്ട്. അത് ഇങ്ങനെയാണ്:
"ജാതിസ്ഥാപിക്കാൻ ശങ്കരൻ ബുദ്ധികൊണ്ട് പറന്നിട്ടുണ്ട്."

ശങ്കരാചാര്യർ പ്രസിദ്ധനായ അദ്വൈതപണ്ഡിതനാണ് എന്നതിൽ സംശയമില്ല. ഉപനിഷത്തുകൾ ലോകത്തിനു നൽകിയ മഹത്തായ ചിന്താപദ്ധതിയാണ് അദ്വൈതം. ഗുരുവിൻ്റെ ദർശനങ്ങളുടേയും അടിസ്ഥാനം അദ്വൈതം തന്നെ. പക്ഷേ അദ്വൈതത്തിൽ സാങ്കേതികമായ കസർത്തു കാണിച്ച് ശങ്കരാചാര്യർ സമൂഹത്തിൽ ജാതിസ്ഥാപിക്കുകയാണ് ചെയ്തത്. ദുർവ്യാഖ്യാനം നടത്തി അടിമത്തത്തേയും തൊട്ടുകൂടായ്മയേയും ധാർമ്മികവ്യവസ്ഥയാക്കി മാറ്റി. ഗുരുവാകട്ടെ മനുഷ്യർക്കിടയിലെ ജാതിവ്യത്യാസത്തിനും മതഭ്രാന്തിനുമെതിരായ മരുന്ന് എന്നുകണ്ട് അദ്വൈതത്തെ ആത്മാവിൽ സ്വീകരിച്ചു. ഇതറിഞ്ഞാണ് ഇ.എം.എസ്. വർഷങ്ങൾക്കു മുമ്പ് ശങ്കരാചാര്യർ ഇന്ത്യയുടെ ആധുനികമുന്നേറ്റത്തേയും ശാസ്ത്രാവബോധത്തേയും നൂറ്റാണ്ടുകൾ മരവിപ്പിച്ചു നിറുത്തി എന്ന് വിമർശിച്ചത്.

മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും പ്രതീകമായ ഗുരുവിനെ മുന്നിൽ നിർത്തി മുന്നോട്ട് പോകാനുള്ള കേരളസർക്കാരിൻ്റെ ദൃഡനിശ്ചയത്തിൽ അഭിമാനിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top