25 April Thursday

ബ്രാഹ്മണമേധാവിത്തത്തോട് പൊരുതിയ ഒരാളെന്ന നിലയിൽ മന്നത്തു പത്മനാഭനെ കാണാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും; അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

കേരളത്തിലെ അന്നത്തെ ബ്രാഹ്മണമേധാവിത്ത വ്യവസ്ഥയോട് ഇത്രകണ്ട് നേരിൽ പടപൊരുതിയ മറ്റൊരാൾ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഈവക പോരാട്ടങ്ങൾ ശ്രീനാരായണഗുരു തുടങ്ങി വെച്ച കേരളീയനവോത്ഥാനത്തിൻ്റെ തുടർച്ചയാണ്. അവയെ വിസ്മരിച്ചു കൊണ്ട് മുന്നോട്ടു പോകാൻ ഒരു പത്രത്തിനോ പ്രസ്ഥാനത്തിനോ കഴിയില്ല. അശോകൻ ചരുവിൽ എഴുതുന്നു.

മന്നത്ത് പത്മനാഭനും ദേശാഭിമാനി ലേഖനവും.

ശ്രി മന്നത്തു പത്മനാഭനെക്കുറിച്ച് അദ്ദേഹത്തിൻ്റെ ചരമവാർഷിക ദിനത്തിൽ ദേശാഭിമാനിയിൽ ഒരു ലേഖനം (വി.ശിവദാസൻ എഴുതിയത്) പ്രസിദ്ധീകരിച്ചത് വിവാദമാക്കാനാണ് ചിലരുടെ ശ്രമം. മന്നത്തിനെ സ്മരിച്ച് ദേശാഭിമാനി മുൻപും ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സഖാവ് സി.പി.നാരായണൻ എഴുതിയ ലേഖനം ഓർമ്മ വരുന്നു. അപ്പോഴൊന്നും ഇല്ലാത്ത പരിഭ്രാന്തി ഈ വർഷം ചിലർക്ക് ഉണ്ടാവുന്നത് എന്താണെന്നു മനസ്സിലാവുന്നില്ല.

മന്നം വിമോചനസമരം നയിച്ചയാളാണ് എന്നതാണ് വിവാദത്തിന് കാരണമായി ചിലർ പറയുന്നത്. മന്നത്തേപ്പോലെ വിമോചനസമരത്തിൻ്റെ മുന്നിൽ നിന്നയാളാണ് ഫാദർ വടക്കൻ. അദ്ദേഹത്തെ നമ്മൾ പിന്നീടു കാണുന്നത് സഖാവ് എ.കെ.ജി.യോടൊപ്പം മിച്ചഭൂമി പിടിച്ചെടുത്ത് ജനങ്ങൾക്ക് നൽകാനുള്ള സമരത്തിലെ ഉശിരനായ പോരാളിയായിട്ടാണ്.
വിമോചനസമരം കേരളത്തിൻ്റെ മുന്നേറ്റത്തെ സാരമായി തടസ്സപ്പെടുത്തിയ ഒരു നികൃഷ്ട നീക്കമാണ് എന്നതിൽ സംശയമില്ല. പക്ഷേ അതിൽ പങ്കെടുത്തതിൻ്റെ പേരിൽ അവർ അതിനു മുൻപും പിൻപും നടത്തിയ മഹത്തായ ജനസേവനങ്ങളെ വിസ്മരിക്കാൻ കഴിയില്ല. അടിമത്തത്തിലും അന്ധകാരത്തിലും ആചാരങ്ങളിലും ആണ്ടുകിടന്ന ഒരു സമുദായത്തെ മോചിപ്പിച്ച് പുരോഗതിയിലേക്ക് നയിച്ച സാമൂഹ്യപരിഷ്ക്കർത്താവാണ് മന്നത്ത് പത്മനാഭൻ.

സുരി നമ്പൂരിത്തത്തിനെതിരെ നോവലിലെ ഇന്ദുലേഖയും മാധവനും തുടങ്ങി വെച്ച കലാപമാണ് മന്നം ഏറ്റെടുത്തത്. ചുരുക്കം ചില നാടുവാഴികളും ഭൂപ്രഭുക്കളും ഒഴിച്ചാൽ അന്നത്തെ നായർ സമുദായത്തിലെ ബഹുഭൂരിപക്ഷവും കഷ്ടപ്പെട്ടു പണിയെടുത്തു ജീവിക്കുന്നവരായിരുന്നു. ഭൂരഹിത കർഷകരും കൈവേലക്കാരും എന്ന നിലയിൽ പലമട്ടിലുള്ള അടിച്ചമർത്തലിനും ചൂഷണത്തിനും അവർ വിധേയരായിരുന്നു. സമുദായത്തിലെ ഈ ഭൂരിപക്ഷപക്ഷത്തുനിന്നാണ് മന്നം കടന്നു വരുന്നത്. ഭൂപ്രഭുക്കൾ മുതൽ അടിച്ചുതളിക്കാർ വരെയുള്ള ലക്ഷക്കണക്കിനു മനുഷ്യരെ സമുദായത്തിൻ്റെ പേരിൽ ജനാധിപത്യപരമായി അദ്ദേഹം പുന:സംഘടിപ്പിച്ചു.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയാൻ പോലും തയ്യാറാവാതെ വിഘടിച്ചു നിന്ന വിഭാഗങ്ങളെ പന്തിഭോജന പ്രസ്ഥാനത്തിലൂടെ ഒരുമിപ്പിച്ചു. കാലത്തിനു യോജിക്കാത്ത മരുമക്കത്തായം, നമ്പൂതിരി സംബന്ധം, താലികെട്ടുകല്യാണം, തിരണ്ടുകുളി, മരിച്ചാൽ പതിനാറു ദിവസത്തെ പുലയാചരണം തുടങ്ങിയ ആചാരങ്ങൾക്കെതിരെ അദ്ദേഹം പൊരുതി. അയിത്തത്തിനെതിരെ വൈക്കത്തും ഗുരുവായൂരും നടന്ന സമരങ്ങളിൽ പങ്കാളിയായി. ശ്രീമൂലം തിരുനാളിൻ്റെ ഭീഷണിയെ തള്ളിക്കളഞ്ഞു കൊണ്ടാണ് പതിനാറു ദിവസത്തെ പുലയാചരണത്തിനെതിരെ മന്നം മുന്നോട്ടു വന്നത്. കേരളത്തിലെ അന്നത്തെ ബ്രാഹ്മണമേധാവിത്ത വ്യവസ്ഥയോട് ഇത്രകണ്ട് നേരിൽ പടപൊരുതിയ മറ്റൊരാൾ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഈവക പോരാട്ടങ്ങൾ ശ്രീനാരായണഗുരു തുടങ്ങി വെച്ച കേരളീയനവോത്ഥാനത്തിൻ്റെ തുടർച്ചയാണ്. അവയെ വിസ്മരിച്ചു കൊണ്ട് മുന്നോട്ടു പോകാൻ ഒരു പത്രത്തിനോ പ്രസ്ഥാനത്തിനോ കഴിയില്ല.

ബ്രാഹ്മണമേധാവിത്തത്തോട് ധീരമായി പടപൊരുതിയ, അയിത്തത്തിനെതിരായ വൈക്കം ഗുരുവായൂർ സത്യഗ്രഹങ്ങളിൽ പങ്കാളിയായ, നിരന്തരം ആചാരങ്ങൾ ലംഘിച്ച ഒരാളെന്ന നിലയിൽ മന്നത്തു പത്മനാഭനെ കാണാൻ ഇപ്പോൾ അദ്ദേഹത്തിൻ്റെ അനുയായികൾ എന്നവകാശപ്പെടുന്നവരിൽ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും. അതിനു കാരണം സമൂഹത്തിൽ നടക്കുന്ന പുനരുത്ഥാന നീക്കങ്ങളും അതിൻ്റെ ഭാഗമായി ആർ.എസ്.എസ്. മനുഷ്യർക്ക് നൽകി കൊണ്ടിരിക്കുന്ന അടിമത്തബോധവുമാണ്. രാജ്യത്ത് വർണ്ണമേധാവിത്തവ്യവസ്ഥ (സുരി നമ്പൂരിത്തം) തിരിച്ചു കൊണ്ടുവരുവാനും മനുസ്മൃതി ഭരണഘടനയാക്കാനുമുള്ള ശ്രമമാണല്ലോ അവർ നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top