06 June Tuesday

സവര്‍ണ രാഷ്ട്രീയപാര്‍ടി രാജ്യത്ത് അധികാരത്തിലെത്തിയിരിക്കുന്നു എന്ന അഹങ്കാരമാണ് ആ കാര്‍ട്ടൂണിന്റെ വരകളിലും വരികളിലും: അശോകന്‍ ചരുവില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 25, 2018

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവില്‍. സവര്‍ണ പൗരോഹിത്യത്തിന്റെ രാഷ്ട്രീയപാര്‍ടി രാജ്യത്ത് അധികാരത്തിലെത്തിയിരിക്കുന്നു എന്ന അഹങ്കാരമാണ് ആ കാര്‍ട്ടൂണിന്റെ വരകളിലും വരികളിലുമെന്ന് അദ്ദേഹം കുറിച്ചു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം;


തെങ്ങുകയറ്റക്കാരന്റെ മകന്‍ മുഖ്യമന്ത്രിയായതിലുള്ള അമര്‍ഷം മുഖപത്രത്തിലൂടെ ബിജെപി എന്ന രാഷ്ട്രീയ പാര്‍ടി പ്രകടിപ്പിക്കുമ്പോള്‍ നാം നില്‍ക്കുന്നതയുടെ ചുട്ടുപൊള്ളല്‍ കാലുകളില്‍ അനുഭവപ്പെടുന്നുണ്ട്. ഇത് കേവലമൊരു രാഷ്ട്രീയപ്രശ്‌നമായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. നവോത്ഥാനകേരളം എന്ന മലയാളിയുടെ ജീവല്‍പ്രതീക്ഷ വെല്ലുവിളിക്കപ്പെടുകയാണ്. സവര്‍ണ പൗരോഹിത്യത്തിന്റെ രാഷ്ട്രീയപാര്‍ടി രാജ്യത്ത് അധികാരത്തിലെത്തിയിരിക്കുന്നു എന്ന അഹങ്കാരമാണ് ആ കാര്‍ട്ടൂണിന്റെ വരകളിലും വരികളിലും കൊടിപറത്തിയത്. വരേണ്യസമൂഹത്തിന്റെ അകത്തളങ്ങളില്‍ ചില പിറുപിറുപ്പുകള്‍ നേരത്തേ ഉയര്‍ന്നിരുന്നു: 'ഇനി ചോവന്റെയും പുലയന്റെയും മാപ്ലയുടേയും കളി പഴയ പോലെ നടക്കില്ല'.

'പോയി തെങ്ങു ചെത്തടാ' എന്നാക്രോശിച്ച് വൈദ്യബിരുദം നേടിവന്ന ഈഴവ യുവാവിനെ (ഡോ.പല്‍പ്പു) കൊട്ടാരത്തില്‍ നിന്ന് ആട്ടിയോടിച്ച കാലം തിരിച്ചു കൊണ്ടുവരുവാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന സത്യം മുന്നില്‍ ഉയരുന്നു. അതിനുള്ള മുന്നൊരുക്കമാണ് കല്‍ബുര്‍ഗ്ഗിയേയും ഗൗരിയേയും അവസാനിപ്പിച്ചു കൊണ്ട് ആരംഭിച്ചത്. ലക്ഷ്യം മുഹമ്മദ് അഖ്‌ലാക്ക് തുടങ്ങിയ നിരവധി ഇരകളിലും ഗുജറാത്തിലെ ഉന മുതല്‍ക്കുള്ള പള്ളിവേട്ടകളിലും നമ്മള്‍ കണ്ടു.

കേരളത്തില്‍ ഇത്ര പെട്ടെന്ന് സംഘപരിവാര്‍ തങ്ങളുടെ ജാത്യാധികാരത്തിന്റെ ഭീകരമുഖം പ്രദര്‍ശിപ്പിക്കും എന്നു കരുതിയില്ല. ദളിതുകളെയും പിന്നാക്കക്കാരെയും വരുതിയിലാക്കാനുള്ള അടവുനയത്തിലായിരുന്നുവല്ലോ അവര്‍. വര്‍ണവ്യവസ്ഥയില്‍ യജമാനന്മാര്‍ മാത്രം പോര. ദാസന്മാരും അടിമകളും അവശ്യമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അവര്‍ണ'ധാര്‍ഷ്ട്യ'മായിരിക്കും മുഖമൂടി വേഗം വലിച്ചെറിയാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ചരിത്രപ്രസിദ്ധമാണ് ആ ധാര്‍ഷ്ട്യം എന്ന് അവര്‍ തിരിച്ചറിയുന്നു.അത് കഴിഞ്ഞ നൂറ്റാണ്ടിന്റ രണ്ടാംഘട്ടത്തില്‍ അവരുടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ കൊട്ടാരക്കെട്ടുകളെ തകര്‍ത്തെറിഞ്ഞ ധാര്‍ഷ്ട്യമാണ്. തലേക്കെട്ടുകെട്ടി തലയുയര്‍ത്തി ബാലരാമപുരം ചന്തയിലൂടെ വില്ലുവണ്ടിയില്‍ സഞ്ചരിച്ച ധാര്‍ഷ്ട്ര്യം. കായിക്കരയിലെ നെയ്ത്ത് പെരുകുടിയുടെ മകനായി പിറന്ന് വന്ന് സമാനതകളില്ലാത്ത മഹാകവിത്വത്തിന്റെ സിംഹാസനത്തില്‍ പട്ടും വളയും ധരിച്ച് കയറിയിരുന്ന ധാര്‍ഷ്ട്യം. വൈക്കത്തെ ക്ഷേത്രഗോപുരങ്ങളെ വിറപ്പിച്ച ദേശാഭിമാനത്തിന്റെ ധാര്‍ഷ്ട്യം. മയ്യനാട്ടെ നെയ്ത്തുകുടിയില്‍ നിന്നും കയറി വന്ന് പൊന്നുതമ്പുരാക്കളെ പിടിച്ചുമാറ്റി തിരുവതാംകൂര്‍ കൊച്ചിയുടെ മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്ന കോഴഞ്ചേരി പ്രസംഗത്തിന്റെ ധാര്‍ഷ്ട്യം. തീ പകര്‍ന്ന ചരിത്രത്തിലൂടെ കടന്നു വന്ന ഈ ധാര്‍ഷ്ട്യം പിന്മാറുകയില്ല എന്ന് ഓര്‍ത്താല്‍ നന്ന്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top